തിരുവനന്തപുരം: ഇപ്പോൾ ശരിയാക്കാമെന്ന് പറഞ്ഞാണ് തമ്പാനൂർ പൊലീസ് വണ്ടി കയറിയത്. തീവണ്ടിയിൽ ഝാർഖണ്ഡിലെത്തിയപ്പോഴാണ് കളിയിലെ കാര്യം പിടികിട്ടിയത്. ഒടുവിൽ തോൽവി സമ്മതിച്ച് മടക്കവും.

കോവളം മുത്തൂറ്റ് ശാഖയിലെ കവർച്ചയുമായി ബന്ധപ്പെട്ടു കള്ളന്മാരെ പിടിക്കാൻ ഝാർഖണ്ഡിൽ പോയ പൊലീസ് സംഘം വെറുംകയ്യോടെ മടങ്ങിയെത്തി. ജാർഖണ്ഡ് പൊലീസിന്റെ നിസ്സഹകരണവും കള്ളന്മാരുടെ കോളനിയിൽ നിന്നുള്ള കല്ലേറും ചെറുത്തുനിൽപും കാരണത്താലാണ് ആരെയും പിടിക്കാൻ കഴിയാത്തതെന്നു സംഘത്തെ നയിച്ച തമ്പാനൂർ സിഐ: സുരേഷ് വി. നായർ കമ്മിഷണറെ അറിയിച്ചു. അതേസമയം 12 അംഗ കവർച്ച സംഘത്തിന്റെ പൂർണ വിവരവും ചിത്രങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണർ എച്ച്. വെങ്കിടേഷ് കള്ളന്മാരെ പിടിക്കാൻ സഹായം അഭ്യർത്ഥിച്ച് അവിടുത്തെ ഡിഐജിയോടു നേരിട്ടു സംസാരിച്ചിരുന്നു. എന്നാൽ സ്ഥലം സിഐയും എസ്‌ഐയുമെല്ലാം കള്ളന്മാരുടെയും ആ പ്രദേശത്തെ കോളനി നിവാസികളുടെയും ഒപ്പമായിരുന്നു. അതിനാൽ കേരള പൊലീസിന്റെ നീക്കമെല്ലാം അവർ ചോർത്തിക്കൊടുത്തു. ഇതിനൊപ്പം രക്ഷിക്കാൻ എല്ലാ സഹായവും ചെയ്തു. ഝാർഖണ്ഡിലെ സർക്കിൾ ഇൻസ്‌പെക്ടർ പ്രതികളെ പിടികൂടേണ്ട സ്ഥലത്തു നേരിട്ടെത്തി തങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും തമ്പാനൂർ സിഐ കമ്മിഷണറോടു പരാതിപ്പെട്ടു.

ഇതിനൊപ്പമാണ് കള്ളന്മാരുടെ വീട്ടുകാർ നടത്തിയ പാരാക്രമം. കേരളത്തിൽ നിന്നുള്ള പൊലീസുകാരെ കള്ളന്മാരുടെ ബന്ധുക്കളും ഭാര്യമാരും ചേർന്ന് നേരിട്ടു. വീട്ടുപകരണങ്ങൾ വലിച്ചെറിഞ്ഞായിരുന്നു കേരളാ പൊലീസിനെ നേരിട്ടത്. ഇതോടെ ഓപ്പറേഷൻ അവസാനിപ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ കവർച്ചാ സംഘത്തെ പിടികൂടാൻ സിറ്റി പൊലീസ് ബദൽ മാർഗം ആവിഷ്‌കരിച്ചിട്ടുണ്ട്. ഝാർഖണ്ഡിലുള്ള കള്ളന്മാരെ നിരീക്ഷിക്കാനും അവരുടെ നീക്കം ചോർത്തി നൽകാനും അവിടെ കേരള പൊലീസ് ആളെ നിയോഗിച്ചു.

മാത്രമല്ല ഈ പ്രതികളെ പിടികൂടാൻ ഇവിടുത്തെ കോടതിയിൽ നിന്ന് അറസ്റ്റു വാറണ്ട് സമ്പാദിച്ചു അവിടെ ഹാജരാക്കാനും നിയമനടപടി ആരംഭിച്ചു. അങ്ങനെ മാത്രമെ ഝാർഖണ്ഡിൽ നിന്നു പ്രതികളെ പിടിക്കാൻ കഴിയൂ എന്നാണ് അവിടെ പോയ സംഘം അറിയിച്ചിരിക്കുന്നത്. കോവളത്തെ മുത്തൂറ്റ് ശാഖയുടെ ലോക്കർ പൊളിച്ചു സ്വർണം പണവും അപഹരിച്ച കേസിലെ പ്രതികളാണു ഝാർഖണ്ഡിലേക്കു രക്ഷപ്പെട്ടത്.