- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി; കൊടുംതണുപ്പത്ത് ബിസ്ക്കറ്റും കഴിച്ച് പാറപ്പുറത്ത് കഴിഞ്ഞുകൂടിയത് ഒന്നരദിവസം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെന്നുചാടിയത് ആനക്കൂട്ടത്തിന് മുന്നിലും; ആദിവാസികളുടെ സഹായത്തോടെ വനംവകുപ്പ് പൊലീസ് സംഘത്തെ രക്ഷിച്ച കഥ
പാലക്കാട്: കഞ്ചാവുവേട്ടയ്ക്കിറങ്ങിയ ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് സംഘം വഴിയറിയാതെ ഉൾവനത്തിൽക്കുടുങ്ങി. ഒരുരാത്രിനീണ്ട ആശങ്കകൾക്കൊടുവിൽ പൊലീസ് സംഘത്തിലെ 14 പേരെയും തിരിച്ചെത്തിച്ചത് ആദിവാസികളുടെ സഹായത്തോടെ. മലമ്പുഴവനത്തിൽ പരിശോധന നടത്താനിറങ്ങിയ പാലക്കാട് നർക്കോട്ടിക് ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെയാണ് ഒന്നരദിവസത്തിനുശേഷം ആദിവാസികളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഒരുരാത്രി മുഴുവൻ പാറപ്പുറത്ത് ഇരിക്കയായിരുന്നെന്നാണ് പുറത്തെത്തിയശേഷം നർക്കോട്ടിക് ഡിവൈഎസ്‌പി ശ്രീനിവാസൻ പറഞ്ഞു. കനത്തമഴയും കോടമഞ്ഞും മൂലം വഴി വ്യക്തമായി കാണാൻ സാധിക്കാത്തത് മൂലമാണ് കാട്ടിനുള്ളിൽ ഒറ്റപ്പെട്ടുപോയത്. കൈയിൽക്കരുതിയിരുന്ന ബിസ്‌ക്കറ്റ് അടക്കമുള്ള ലഘുഭക്ഷണങ്ങളായിരുന്നു രാത്രിയിലെ ഭക്ഷണം. വന്യമൃഗങ്ങളുടെ ശല്യമുണ്ടായില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യം സൂക്ഷിക്കാൻ രഹസ്യമായി കാടുകയറി കുടുങ്ങി
വനംവകുപ്പിനെ ഒപ്പം കൂട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥർ കാട് കയറേണ്ടതെങ്കിലും ചില അടിയന്തര സാഹചര്യങ്ങളിൽ അതിന് സാധിക്കാറില്ല. കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വിളവെടുപ്പ് നടക്കുന്നുവെന്ന വിവരം കിട്ടിയത്. പെട്ടെന്ന് കഞ്ചാവ് നശിപ്പിക്കേണ്ടതിനാലും വിവരം രഹസ്യമാക്കി സൂക്ഷിക്കേണ്ടതിനാലും ആണ് പെട്ടെന്ന് കാട് കയറിയത്. ജില്ലാ പൊലീസ് മേധാവിയെ വിവരമറിയിച്ചിരുന്നു. ലഭിച്ച രഹസ്യവിവരം പൂർണമായും ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ ഉൾവനത്തിലേക്ക് കടന്നതും മഴ കനത്തു... നിലയ്ക്കാതെ പെയ്ത മഴയിൽ വഴികളിൽ ചെളിനിറഞ്ഞു. മെല്ലെ മുന്നോട്ട് നീങ്ങിയെങ്കിലും ഫോണിൽ റെയിഞ്ച് പോയതോടെ ഇന്റർനെറ്റ് കിട്ടാതായി. ഒന്ന് ഫോൺവിളിക്കാൻ പോലും കഴിയാത്ത സ്ഥിതി. വൈകാതെ കാട് മുഴുവൻ കോടമഞ്ഞിൽ മുങ്ങി. ഇതോടെ മുന്നിലുണ്ടായ വഴികൾ കാണാതായി.'- ഡിവൈഎസ്‌പി ശ്രീനിവാസനും മലമ്പുഴ ഇൻസ്പെക്ടർ സുനിൽ കൃഷ്ണനും ഭീതിജനകമായ ആ നിമിഷങ്ങൾ ഓർത്തെടുക്കുന്നു.
ഉൾവനത്തിൽ ഒന്നരദിവസം
പാറപ്പെട്ടിയെന്ന സ്ഥലത്ത് കഞ്ചാവുചെടി വളർത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കാടുകയറിയ മലമ്പുഴ സ്പെഷ്യൽ ബ്രാഞ്ച് എസ്എച്ച്ഒ ബി.സുനിൽ കുമാർ, വാളയാർ സബ് ഇൻസ്‌പെക്ടർ രാജേഷ്, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്‌ഐ ജലീൽ എന്നിവരടക്കമുള്ള പൊലീസുദ്യോഗസ്ഥരും മാവോവാദിവിരുദ്ധ സേനാംഗങ്ങളുമാണ് കാട്ടിനകത്ത് കുടുങ്ങിപോയത്. മലമ്പുഴയിൽനിന്ന് അയ്യപ്പൻപൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി 15 കിലോമീറ്ററിലധികം സഞ്ചരിച്ച് ഉൾക്കാട്ടിലേക്ക് പ്രവേശിച്ച സംഘം, കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും വഴിയറിയാതെ കുടുങ്ങി. ഇന്റർനെറ്റ് സംവിധാനം പൂർണമായി നിലച്ചതും വഴികണ്ടെത്താൻ പ്രയാസമുണ്ടാക്കി.
'മലമ്പുഴ വനമേഖലയിൽ ഉൾക്കാട്ടിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. പാറപ്പെട്ടി കോളനിയെന്ന സ്ഥലത്ത് പുൽമൈതാനത്ത് കഞ്ചാവ് വിളവെടുക്കാൻ തയ്യാറായിട്ടുണ്ടെന്നായിരുന്നു വിവരം. ഇത് കണ്ടെത്തി നശിപ്പിക്കാൻ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ പുറപ്പെടുന്നതും അങ്ങനെയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ സ്ഥലത്തെത്തി. ഉയരമുള്ള സ്ഥലത്തുനിന്ന് താഴേക്ക് നോക്കിയെങ്കിലും കഞ്ചാവ് ചെടികളൊന്നും കണ്ടില്ല. ചെടികൾ നശിപ്പിച്ച് തിരിച്ച് മടങ്ങാമെന്നാണ് കരുതിയത്. എന്നാൽ, കഞ്ചാവ് കാണാത്തതിനാൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ യാത്രതിരിച്ചു.
സാധാരണ വനത്തിലേക്ക് ഗൂഗിൾ എർത്ത് മാപ്പ് ഉപയോഗിച്ചാണ് പോകാറ്. കാട്ടിലെത്തുന്നതുവരെ പോയതും അങ്ങനെ തന്നെയായിരുന്നു. എന്നാൽ, പ്രതികൂല കാലവസ്ഥമൂലം ഇന്റർനെറ്റ് ലഭിക്കാതായതോടെ വഴി കണ്ടെത്താൻ പ്രയാസമായി. ഞങ്ങൾ ഒരുപാട് ദൂരം വനത്തിന്റെ താഴ്ചയുള്ള ഭാഗത്തേക്ക് പോയി. വഴിതെറ്റിയെന്ന് മനസ്സിലാക്കി തിരികെ വരുമ്പോഴേക്കും വൈകുന്നേരം നാലുമണി കഴിഞ്ഞു. ഇതോടെ മുന്നിൽ കോടമഞ്ഞ് മൂടി. തീർത്തും വഴി കാണാൻ വയ്യാതായി. ഒപ്പം മഴയും ശക്തിപ്പെട്ടതോടെ മുന്നോട്ട് നീങ്ങാനാവില്ലെന്നായി. ഇടയ്ക്ക് ബിഎസ്എൻഎൽ ഫോണിൽ റെയിഞ്ച് കിട്ടിയതോടെ വഴിതെറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.' ശ്രീനിവാസൻ പറയുന്നു.
വനവാസം ദുഷ്‌കരം
സംഘത്തിലുള്ളവർ വെള്ളിയാഴ്ച രാത്രിതന്നെ മറ്റ് പൊലീസുകാരെ ഫോണിൽ വിവരമറിയച്ചതോടെയാണ് ഇവർ കാട്ടിൽക്കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്. പൊലീസുകാർ അപ്പോൾ തന്നെ വനംവകുപ്പിന്റെ സഹായം തേടിയെങ്കിലും രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായതിനാൽ ദൗത്യം ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
'വഴിതെറ്റിയതോടെ നേരം വെളുക്കുംവരെ കാട്ടിൽ തങ്ങാൻ എല്ലാവരും തീരുമാനിച്ചു. അടുത്തുള്ള അരുവിയോട് ചേർന്നുള്ള ഒരു പാറപ്പുറത്തിരിക്കാനായിരുന്നു തീരുമാനം. കാട്ടിൽ പോയി പരിചയമുള്ള, മാവോവാദി ഓപ്പറേഷനിൽ പങ്കെടുത്തിട്ടുള്ള ആളുകളും അല്ലാത്തവരും ഞങ്ങളുടെ സംഘത്തിലുണ്ട്. ഒരുദിവസത്തിനകം തിരിച്ചുവരാമെന്ന് കരുതി പോയതിനാൽ, ആരുടെ കൈയിലും ടെൻഡ് കെട്ടി താമസിക്കാനുള്ള സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പലരും കൈയിലുണ്ടായിരുന്ന റെയിൻകോട്ട് ഉപയോഗിച്ചായിരുന്നു തണുപ്പിൽ നിന്ന് രക്ഷനേടിയത്. വനത്തിലേക്ക് റെയ്ഡിന് പോകുമ്പോഴെല്ലാം രണ്ട് ദിവസത്തേക്കുള്ള ലഘുഭക്ഷണം കരുതാറുണ്ട്. ബിസ്‌കറ്റ്, ഡ്രൈഫ്രൂട്ട്‌സ് പോലുള്ളവ ഇത്തവണയും കൈയിലുണ്ടായിരുന്നു. ഇത് പങ്കിട്ടായിരുന്നു വിശപ്പടക്കിയത്. അരുവിയോട് ചേർന്ന് താമസിച്ചതിനാൽ അട്ടശല്യം രൂക്ഷമായിരുന്നു. അട്ടകൾ കാലുകളിലെ ചോര ഊറ്റിക്കുടിക്കുന്നതിനാൽ ഒന്ന് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല. പലരും പാറപ്പുറത്ത് ഉറങ്ങാതെ ഇരുന്നാണ് നേരം വെളുപ്പിച്ചത്.'
കാട്ടാന ഉൾപ്പെടെ, വന്യമൃഗങ്ങൾ ഏറെയുള്ള കാടാണെങ്കിലും ഭാഗ്യംകൊണ്ട് അവയുടെ ശല്യമുണ്ടായിരുന്നില്ല. ശനിയാഴ്ച നേരം വെളുത്തതോടെ ഞങ്ങൾ വീണ്ടും കാടിന് പുറത്തെത്താനുള്ള ശ്രമം തുടങ്ങി. കാലാവസ്ഥ അനുകൂലമായതോടെ, ഇന്റർനെറ്റ് ലഭിച്ചു. ഗൂഗിൾമാപ്പ് ഉപയോഗിച്ച് ഒന്നാംപുഴയുടെ സമീപത്തെത്തിയെങ്കിലും നിർഭാഗ്യവശാൽ ഇന്റർനെറ്റ് കിട്ടാതായി. ഇതോടെ പുറത്തെത്താൻ കഴിഞ്ഞില്ല. പിന്നീട് വനംവകുപ്പിന്റെ രക്ഷാദൗത്യസംഘം എത്തിയതോടെയാണ് ഞങ്ങൾക്ക് കാടിന് പുറത്തേക്കെത്താൻ വഴിതുറന്നത്.'
രക്ഷാപ്രവർത്തനം സാഹസം
വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് വഴിതെറ്റിയവരെ കണ്ടെത്താൻ പുറപ്പെട്ടത്. പുതുശ്ശേരി നോർത്ത് വനംവകുപ്പ് സെക്ഷൻ ഓഫീസിൽനിന്ന് എട്ടംഗസംഘവും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് 11 അംഗങ്ങളുള്ള മറ്റൊരു സംഘവും പുലർച്ചെ അഞ്ചരയോടെ തിരച്ചിലിനിറങ്ങി. കുടുങ്ങിപ്പോയ പൊലീസ് സംഘത്തെ ഉച്ചയ്ക്ക് 12.30 ഓടെ ആട്ടുമലചോലയെന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്.
പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുന്നത് എവിടെയാണെന്നുപോലും അറിയാതെയായിരുന്നു വനപാലകർ 15 കിലോമീറ്ററിലധികം കാൽനടയായി കാടുകയറിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു യാത്ര. പുലർച്ചെ അഞ്ചരയോടെ പുതുശ്ശേരി നോർത്ത് വനംവകുപ്പ് സെക്ഷൻ ഓഫീസിൽനിന്നുള്ള ഒരു സംഘവും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽനിന്ന് 11 അംഗങ്ങളുള്ള മറ്റൊരു സംഘവുമാണ് തിരച്ചിലിനിറങ്ങിയത്. വനംവകുപ്പ് വാച്ചർമാരും ആദിവാസികളും ഒപ്പമുണ്ടായിരുന്നു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തിൽ പുതുശ്ശേരിസംഘം വാളയാർ കാട്ടിലെ പണ്ടാരത്തുമലയിലെ ചുണ്ണാമ്പുഖനിയുടെ ഭാഗം ലക്ഷ്യമാക്കിയും കൊട്ടേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മലമ്പുഴ കവ ഭാഗത്തുനിന്ന് ചാക്കോള എസ്റ്റേറ്റ് ഭാഗത്തുകൂടിയും നീങ്ങി. കാടിനകത്തേക്ക് പ്രവേശിച്ച പുതുശ്ശേരിസംഘം ആദ്യം ചെന്നുപെട്ടത് കാട്ടാനകൾക്ക് മുന്നിലായിരുന്നു. ഏറെ പണിപ്പെട്ട് ഇവർ കാട്ടാനകളെ ദിശ മാറ്റിവിട്ടു. പാറയും അരുവിയുമുള്ള സ്ഥലത്ത് നിൽക്കുന്നുണ്ടെന്നായിരുന്നു കാട്ടിലകപ്പെട്ട പൊലീസുകാർ നൽകിയ ഏക വിവരം. ഇത് പ്രകാരം അരുവികളായിരുന്നു വനപാലകർ ആദ്യം തേടിയത്. പൊലീസുകാർക്ക് കേൾക്കാൻ പാകത്തിൽ വിസിലടിച്ച് ശബ്ദമുണ്ടാക്കി മുന്നോട്ടുനീങ്ങി. ഇടയ്ക്ക് മഴയും അട്ടശല്യവും തിരച്ചിൽ ദുഷ്‌കരമാക്കി. ആട്ടുമല ചോലയുടെ ഭാഗത്തെത്തിയപ്പോഴാണ് അരുവികണ്ടത്.
കടന്നുപോകുന്ന വഴികളിലെ മരത്തിലെല്ലാം ചെറിയ വെട്ടുകളുണ്ടാക്കിയായിരുന്നു പൊലീസ് സംഘം കടന്നുപോയത്. തിരിച്ചുവരാനുള്ള അടയാളമായായിരുന്നു ഇത്. ഈ അടയാളങ്ങളും കണ്ടതോടെ വനപാലകർ സൂക്ഷിച്ച് മുന്നോട്ടുനീങ്ങി. വഴികളിൽ കാൽപ്പാടുകളും ഇതിനിടെ കണ്ടു. ഇതോടെ ശബ്ദത്തിൽ വിസിൽമുഴക്കി. വിസിൽശബ്ദംകേട്ട് പൊലീസുകാരും പ്രതികരിച്ചതോടെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രണ്ട് സംഘവും കണ്ടുമുട്ടി. ക്ഷീണിതരായ പൊലീസുകാർക്ക് വനപാലകർ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണവും നൽകി.
പിന്നീട് കാൽനടയായി മലമ്പുഴ കവവഴി വൈകുന്നേരം അഞ്ചുമണിയോടെ തിരിച്ചിറങ്ങുകയായിരുന്നു. ഇബ്രാഹിം ബാദുഷയ്ക്ക് പുറമേ ബി.എഫ്.ഒ. കെ. രജീഷ്, റിസർവ് ഫോറസ്റ്റ് വാച്ചർ അബ്ദുൾസലാം, താത്കാലിക വാച്ചർമാരായ രംഗപ്പൻ, ബാബു ചടയൻ, മണികണ്ഠൻ, ജേക്കബ്, ആറുചാമി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ