കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനാണ് അന്വേഷണ സംഘം തിരഞ്ഞെടുത്തത്. ഇവിടെ രാവിലെ 10 മണിയോടെ ബിഷപ്പ് എത്തുമെന്നാണ് കരുതുന്നത്. ഇവിടെ ഹാജരാകാനാണ് അന്വേഷണ സംഘം ബിഷപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാൻ സൗകര്യമുള്ള ഹൈടെക്ക് ചോദ്യം ചെയ്യൽ മുറി തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇവിടം തന്നെ അന്വേഷണ സംഘം തിരഞ്ഞെടുത്ത്ത. അന്വേഷണ ഉദ്യോഗസ്ഥർ കോട്ടയത്തു നിന്നും തൃപ്പുണിത്തുറയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

ഇന്നലെ രാത്രിയോടെയാണു ചോദ്യംചെയ്യൽ തൃപ്പൂണിത്തുറയിലാക്കാൻ തീരുമാനിച്ചത്. ഇന്നലെ കൊച്ചിയിൽ ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തിയ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അവിടെ തങ്ങുകയാണ്. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ട്. സ്വകാര്യ സുരക്ഷാഭടന്മാർക്കൊപ്പമാണ് ഫ്രാങ്കോ എത്തിയിട്ടുള്ളത്. തൃശ്ശൂരിൽ നിന്നും അദ്ദേഹം തൃപ്പൂണിത്തുറയിലേക്ക എത്തുമെന്നാണ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.

തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്. ബിഷപ്പിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് പൊലീസ് കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ വ്യക്തമാക്കി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് അറസ്റ്റിന് തടസ്സമല്ല. ചോദ്യം ചെയ്യലിന്റെയും, തെളിവിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്.

പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സ്വാഭാവിക സുരക്ഷ ബിഷപ്പിന് നൽകും. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ രണ്ടാം തവണയാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജലന്തറിലെത്തി ചോദ്യം ചെയ്തിരുന്നു. ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമാണു അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. നൽകിയ മൊഴികൾ പരിശോധിക്കാൻ സമാന്തര അന്വേഷണവും നടക്കും.

ചോദ്യംചെയ്യൽ പൂർത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനായേക്കില്ല. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിരുന്നു. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തി. ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനും പൊലീസ് സുരക്ഷ ശക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് തടയാതിരുന്നതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവിരോധമാണു പരാതിക്കു പിന്നിലെന്നും താൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിഷപ് ഹർജി നൽകിയത്.

അതേസമയം, കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നലെ ഈ മാസം 25 ലേക്ക് മാറ്റിവച്ചിരുന്നുു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി ഹർജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയിൽ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയത് എന്നുമാണ് ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കൽ ഉന്നയിച്ചിരിക്കുന്നത്.

കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇതിന്റെ തെളിവുകൾ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങൾക്കെതിരെ താൻ ഉൾപ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു. കന്യാസ്ത്രീയെ ചുമതലകളിൽ നിന്നും നീക്കി. ഇതിനു പിന്നിൽ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണം എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.