- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാക്കിയിട്ടവന്റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല; കൂട്ടത്തിലൊരുത്തൻ ചങ്കുകീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല! ഡ്യൂട്ടിക്കിടെ അപകടം പറ്റിയ പൊലീസുകാരൻ ചികിത്സയ്ക്ക് അപേക്ഷിച്ചാൽ നിരസിക്കും; നേതാവിന്റെ അമ്മയുടെ ചികിത്സയ്ക്ക് കാൽ ലക്ഷം നൽകും. പൊലീസ് വെൽഫെയർ ഫണ്ട് വിനിയോഗത്തിൽ വിവാദം
തിരുവനന്തപുരം : ഡ്യൂട്ടിക്കിടെ പരിക്കുപറ്റിയ പൊലീസുകാരൻ ചികിത്സയ്ക്കും കുടുംബചെലവ് കഴിക്കാനുമായി ധനസഹായത്തിന് നൽകിയ അപേക്ഷ നിരസിക്കുകയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവിന്റെ മാതാവിന്റെ ചികിത്സക്ക് വേണ്ടിയുള്ള അപേക്ഷയിൽ കാൽ ലക്ഷം രൂപ വെറുതേ നൽകിയതും പൊലീസിൽ ചർച്ചയാകുന്നു. പൊലീസിലെ രാഷ്ട്രീയം ആർക്കും നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലായിരിക്കുകയാണിപ്പോൾ എന്നതാണ് ഉയരുന്ന വാദം.
ജില്ലാ പൊലീസ് മേധാവികളുടെ നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലും പൊലീസിന് വെൽഫെയർ ഫണ്ടുമുണ്ട്. കേരള പൊലീസ് വെൽഫയർ ആൻഡ് അമിനിറ്റി ഫണ്ട് എന്നാണ് പേര്. രോഗബാധിതരായ പൊലീസുകാർക്കും അപകടം പറ്റുന്നവർക്കുമൊക്കെ സഹായം നൽകാനും കുടുംബ ചെലവിനുമൊക്കെ ഈ ഫണ്ടിൽ നിന്ന് വായ്പയായും ഗ്രാന്റായും കാൽലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഗ്രാന്റായി നൽകുന്ന തുക തിരിച്ചടയ്‌ക്കേണ്ടതില്ല. ഡ്യൂട്ടിക്കിടെ അപകടം പറ്റിയ ഗ്രേഡ് എഎസ്ഐ ചികിത്സയ്ക്കായി ഗ്രാന്റിന് അപേക്ഷിച്ചെങ്കിലും നിഷേധിച്ചു.
എന്നാൽ നേതാവിന്റെ മാതാവിന്റെ അർബുദ ചികിത്സയ്ക്കായി അപേക്ഷിച്ചപ്പോൾ കാൽ ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുകയും ചെയ്തു. ഫണ്ടിൽ നിന്നും നൽകുന്ന വായ്പകൾ തുല്യ ഗഡുക്കളായി തിരിച്ചടക്കണം. എന്നാൽ ഗ്രാന്റുകൾ തിരിച്ചടക്കേണ്ടതില്ല. ഇതാണ് വിവാദമാകുന്നത്. പൊലീസ് സംഘടനാ നേതാക്കൾ സമിതിയിലെ അംഗങ്ങളാണ്. സാധാരണ പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ് സംഘടനാ നേതാക്കൾ സ്വന്തം കാര്യം നേടിയെടുക്കുകയാണെന്ന് വ്യക്തമായതോടെ പൊലീസിൽ അസംതൃപ്തി പുകയുകയാണ്.
പൊലീസുകാരുടെ ശമ്പളത്തിൽ നിന്നാണ് വെൽഫെയർ ഫണ്ടിലേക്ക് വാർഷികമായി തുക സമാഹരിക്കുന്നത്. യൂണിഫോം ധാരികളായ ഉദ്യോഗസ്ഥരിൽ നിന്നുമാണ് ഫണ്ടിലേക്ക് കൂടുതൽ തുക ലഭിക്കുന്നത്. എന്നാൽ വായ്പയും ഗ്രാന്റും കൂടുതലായി നേടുന്നത് എണ്ണത്തിൽ കുറവായ മിനിസ്റ്റീരിയൽ വിഭാഗം ഉദ്യോഗസ്ഥരാണെന്ന ആക്ഷേപവുമുണ്ട്.
നേരത്തേ കോവിഡ് കാലത്ത് വെൽഫെയർ ബ്യൂറോയിൽ നിന്ന് പൊലീസുകാർക്ക് ധനസഹായം അനുവദിച്ചിരുന്നത് സംഘടനാ നേതാക്കളുടെ ഇടപെടീലിനെത്തുടർന്ന് നിർത്തിയിരുന്നു. രോഗബാധിതർക്ക് പതിനായിരം രൂപയാണ് ആദ്യം നൽകിയിരുന്നത്. പിന്നീട് അയ്യായിരമാക്കി. രണ്ടായിരം പേർക്ക് ആനുകൂല്യം അനുവദിച്ചു. മുന്നൂറ് അപേക്ഷകൾ പരിഗണനയിലിരിക്കെ ചികിത്സയ്ക്കും വീട്ടുചെലവിനുമായി നൽകിയിരുന്ന സഹായം, കുറേപ്പേർക്ക് മാത്രം നൽകിയ ശേഷം പൊടുന്നനെ നിറുത്തിയതിൽ സേനാംഗങ്ങൾ അമർഷം പ്രകടിപ്പിച്ചിരുന്നു.
രോഗബാധിതരെ ചികിത്സിക്കാൻ എഫ്.എൽ.ടി.സിയും ക്വാറന്റൈൻ സൗകര്യങ്ങളും ഒരുക്കണമെന്നായിരുന്നു വെൽഫെയർ ബ്യൂറോയുടെ ആദ്യതീരുമാനം. സൗജന്യ ചികിത്സയും ക്വാറന്റൈൻ സൗകര്യവും ഉറപ്പാക്കാനും കൂടുതൽ തുക വേണമെങ്കിൽ ചികിത്സാ ചെലവ് പൂർണമായി വഹിക്കാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്തെ നേതാവിന്റെ ശുപാർശയിൽ പതിനായിരം രൂപ വീതം നൽകി. പിന്നീടത് അയ്യായിരം ആക്കി. ആയിരമാക്കി കുറയ്ക്കാനുള്ള ആലോചനയ്ക്കിടെയാണ് സഹായം നിറുത്തലാക്കിയുള്ള ഉത്തരവ്. കൊടുത്ത സഹായം വായ്പയാക്കി ഗഡുക്കളായി തിരിച്ചുപിടിക്കാനും നിർദ്ദേശം ഉയർന്നിട്ടുണ്ട്. സഹായം നൽകാനായി സർക്കാർ പണം നൽകുന്നില്ല. അംഗങ്ങളുടെ പണമുപയോഗിച്ചാണ് സഹായം നൽകുന്നത്.
''കാക്കിയിട്ടവന്റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കുകീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല''- കമ്മിഷണർ സിനിമയിലെ സുരേഷ് ഗോപിയുടെ വിഖ്യാതമായ ഈ ഡയലോഗ് പൊലീസ് സംഘടനാ നേതാക്കളെക്കുറിച്ചാണെന്നാണ് പൊലീസുകാർ ഇപ്പോൾ പറയുന്നത്. ഡ്യൂട്ടിക്കിടെ പരിക്കുപറ്റിയ പൊലീസുകാരൻ ചികിത്സയ്ക്കും കുടുംബചെലവ് കഴിക്കാനുമായി ധനസഹായത്തിന് നൽകിയ അപേക്ഷ നിരസിക്കുകയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവിന്റെ മാതാവിന്റെ ചികിത്സക്ക് വേണ്ടിയുള്ള അപേക്ഷയിൽ കാൽ ലക്ഷം രൂപ വെറുതേ നൽകിയതും പൊലീസിൽ ചർച്ചയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്