ക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 3.15ന് എം1ൽ ന്യൂപോർട്ട് പാഗ്നലിൽ രണ്ട് ലോറികളും ഒരു മിനിബസും കൂട്ടിയിടിച്ച് രണ്ട് മലയാളികളടക്കം ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ച സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ബെന്നിയുടെയും ഋഷിയുടെയും മറ്റുള്ളവരുടെയും ജീവൻ എടുക്കാനിടയാക്കിയത് ഭാര്യ ഇറക്കി വിട്ടതിനെ തുടർന്ന് കാറിൽ ഉറങ്ങിയിരുന്ന പോളിഷ് ഡ്രൈവറാണെന്ന് വ്യക്തമായിട്ടുണ്ട്. റിസാർഡ് മസിയെറാക്ക് ( 31) എന്നാണിയാൾ അറിയപ്പെടുന്നത്. ഇയാളുടെ ലോറി മോട്ടോർവേയിലെ സ്ലോ ലൈനിൽ നിർത്തിയിട്ടിരുന്നത് കണ്ട് മിനിബസ് ഡ്രൈവർ സിറിയക്ക് ജോസഫ് അഥവാ ബെന്നി തന്റെ മിനിബസ് പെട്ടെന്ന് വലത്തേക്ക് വെട്ടിച്ച് അത് മറ്റൊരു ലോറിക്ക് ഇടിച്ചതിനെ തുടർന്നുമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സെക്കൻഡ് ലൈനിലൂടെ വന്ന രണ്ടാമത്തെ ലോറി സഡൻ ബ്രേക്ക് ഇട്ടെങ്കിലും ബെന്നി ഓടിച്ചിരുന്ന മിനിബസൽ ശക്തിയിൽ ഇടിക്കുകയായിരുന്നു. ഇത്തരത്തിൽ രണ്ട് ലോറികൾക്കും ഇടയിൽ പെട്ട മിനി വാനിൽ നിന്നും മൂന്നു പേർ രക്ഷപ്പെട്ടത് അവിശ്വസനീയമാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

അപകടത്തിൽ കൊല്ലപ്പെട്ട രണ്ട് മലയാളികളിൽ ഒരാൾ മിനിബസ് ഓടിച്ചിരുന്ന പാല ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫ് അഥവാ ബെന്നി(50)യാണ്. രണ്ടാമത്തെ മലയാളി വിപ്രോയിൽ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പുഴ സ്വദേശി ഋഷി രാജീവ് (27) ആണ്. മരിച്ചവരിൽ ബാക്കി ആറ് പേർ വിപ്രോയിലെ മൂന്ന് എൻജിനീയർമാരും അവരുടെ കുടുംബാംഗങ്ങളുമാണ്. ഇവർ തമിഴ്‌നാട് സ്വദേശികളാണ്. യൂറോപ്യൻ പര്യടനത്തിനിടെയായിരുന്നു ഇവരെ അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തിരിക്കുന്നത്.

മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നതിനുള്ള പരിധി ലംഘിച്ച് ഇരട്ടി മദ്യം അകത്താക്കിയതിനെ തുടർന്ന് ഒരടി മുന്നോട്ട് നീങ്ങാൻ സാധിക്കാത്തതിനെ തുടർന്നാണ് പോളിഷ് ഡ്രൈവർ മസിയെറാക്ക് അപകടം നടക്കുന്നതിന് വെറും 12 മിനുറ്റ് മുമ്പ് തന്റെ ലോറി സ്ലോലൈനിൽ നിർത്തിയിട്ടിരുന്നതെന്ന് ഇന്നലെ ഇത് സംബന്ധിച്ച വിചാരണയിൽ കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. വോർസെസ്റ്റർഷെയറിലെ ഇവെഷാമിൽ താമസിക്കുന്ന ഈ പോളിഷ്‌ ഡ്രെവർ ഹൈ വൈകോംബെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലെത്തിയപ്പോൾ തേങ്ങിക്കരഞ്ഞിരുന്നു.

25 വർഷത്തിനിടെ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ റോഡപകടത്തിന് കാരണമായത് അയാളെ കടുത്ത പശ്ചാത്തപത്തിലേക്ക് തള്ളി വിട്ടുവെന്ന് സൂചനയുണ്ട്. ഭാര്യയുമായി കലഹമുണ്ടായതിനാൽ അവർ ഇറക്കി വിട്ടതിനെ തുടർന്ന് മിസിയെറാക്ക് കാറിലാണ് കഴിയുന്നതെന്ന് ഇയാളുടെ മുൻ ഫ്ലാറ്റ് മേറ്റ് വെളിപ്പെടുത്തുന്നു. അപകടകരമായ ഡ്രൈവിങ് നിർവഹിച്ച് മരണത്തിന് കാരണക്കാരനായതിന്റെ പേരിൽ ഇയാളുടെ മേൽ എട്ട് കൗണ്ടുകളും ഗുരുതരമായ പരുക്കേൽപ്പിക്കുന്നതിന് കാരണമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് നാല് കൗണ്ടുകളും പരിധി ലംഘിച്ച് മദ്യപിച്ച് ശ്രദ്ധയില്ലാതെ വണ്ടിയോടിച്ചതിന് എട്ട് കൗണ്ടുകളും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്.

അപകടത്തിൽ മരിച്ച കാർത്തികേയൻ രാമസുബ്രഹ്മണ്യം പുഗലൂർ, റിഷി രാജീവ് കുമാർ, വിവേക് ഭാസ്‌കരൻ എന്നിവർ നോട്ടിങ്ഹാമിലെ ഐടി സ്ഥാപനമായ വിപ്രോ ലിമിറ്റഡിലെ ജീവനക്കാരാണ്. വിവേക് തന്റെ പഴയ സ്‌കൂൾ സുഹൃത്തുക്കളെ കാണാൻ വേണ്ടി ഋഷിക്കൊപ്പം ജർമനിയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം ഇവരെ തേടിയെത്തിയത്. ഇവർക്ക് ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളും സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇവർക്കൊപ്പം സഹപ്രവർത്തകനായ മനോ രഞ്ജൻ പനീർസെൽവവും കുടുംബവും ചേരുകയായിരുന്നു.

ഫ്രാൻസ് സന്ദർശിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഏപ്രിലിലായിരുന്നു വിവേക് യുകെയിലെത്തിയിരുന്നത്. ഇതിന് മുമ്പ് ചെന്നൈയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മനോരഞ്ജനൊപ്പം ഭാര്യ സംഗീത, അച്ഛനമ്മമാർ,അമ്മായി തമിൾമണി, അമ്മാവൻ അരചെൽവൻ അരുണാചലം എന്നിവരുമുണ്ടായിരുന്നു. സംഗീത അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നുവെങ്കിലും തമിൾമണിയും അരചവേലനും മരിച്ചിരുന്നു. ഓഗസ്റ്റ് 18ന് യുകെയിലെത്തിയ അവർ അവസാന നിമിഷത്തിലായിരുന്നു ഫ്രാൻസ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് വയസുകാരി ബാലിക ഉൾപ്പെടെയുള്ള മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. തകർന്ന വാഹനത്തിടയിൽ നിന്നും ഈ ബാലികയെ വലിച്ചെടുക്കുകയായിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കളും അപകടത്തിൽ മരിച്ചിരുന്നു.

തനിക്ക് അന്ന് രാത്രി എട്ടരക്ക് പൊലീസിൽ നിന്നും ഫോൺ കാൾ ലഭിക്കുകയും തന്റെ അച്ഛനമ്മമാരായ അരചവേലനും തമിൾ മണിയും മരിച്ചുവെന്ന വിവരം ലഭിക്കുകയുമായിരുന്നുവെന്ന് ഇവരുടെ പുത്രൻ ഡോ. അരുൺ അരചവേലൻ വെളിപ്പെടുത്തുന്നു. ബെന്നിയുടെ ഭാര്യ ആൻസിയും മകൻ ബെൻസനും മകൾ ബെന്നിറ്റയും ഇന്നലെ ലെന്റൻ ബൗലെവാർഡിലെ സെന്റ് പോൾസ് റോമൻ കത്തോലിക്കാ പള്ളിയിൽ വച്ച് നടന്ന മെമോറിയൽ സർവീസിൽ പങ്കെടുത്തിരുന്നു. തന്റെ പിതാവിന്റെ ആഘാതം താങ്ങാവുന്നതിൽ അപ്പുറമാണെന്നാണ് ബെൻസൻ പ്രതികരിച്ചിരിക്കുന്നത്.