തിരുവനന്തപുരം: കേരള നിയമസഭയിലെ ഒറ്റയാനാണ് പിസി ജോർജ്. എല്ലാ രാഷ്്ട്രീയ മുന്നണികളേയും വെല്ലുവിളിച്ച് സഭയിലേക്ക് വിജയിച്ചെത്തിയ നേതാവ്. ജോർജും കൂടെ സിപിഎം എംപിയായ പികെ ശ്രീമതിയും ബിജെപി എംപിയായ സുരേഷ് ഗോപിയും കൂടെ കോൺഗ്രസിന്റെ തീപ്പൊരി നേതാവ് കെ സുധാകരനും ഒരുമിച്ച് സിനിമാ സെറ്റിൽ എത്തിയാലോ? അതും അനുശ്രീ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന 'ഓട്ടോർഷാ' എന്ന സുജിത് വാസുദേവ് സിനിമയുടെ സെറ്റിൽ.

സെറ്റിൽ ഇത്തരത്തിൽ അപ്രതീക്ഷിത അതിഥികൾ എത്തിയതോടെ അതിന്റെ വീഡിയോ വലിയ തരംഗമായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഓട്ടോറിക്ഷ റോഡരികിലെ കൂനയിലേക്ക് അനുശ്രീയുടെ പിടിവിട്ടുപോയി ഓടിക്കയറുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളിലേയും ജനപ്രതിനിധികളുടെ ഒരുമിച്ചെത്തലിനും 'ഓട്ടോർഷ'യുടെ സെറ്റ് വേദിയായത്.

ഷൂട്ടിങ് ലൊക്കേഷനടുത്തുള്ള പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ നേതാക്കളാണ്
'ഓട്ടർഷ' സെറ്റിൽ അതിഥികളായി എത്തിയത്. നേതാക്കന്മാരും അതിഥികളും സെറ്റിൽ എത്തുന്നതും അനുശ്രീയുമായി വിശേഷങ്ങൾ പങ്കിടുന്നതും നടി ഡ്രൈവറായി ഇരിക്കുന്ന ഓട്ടോയിൽ കയറുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെട്ടതാണ് സിനിമയുടെ അണിയറക്കാർ തന്നെ പുറത്തുവിട്ട വീഡിയോയിൽ ഉള്ളത്.