രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയിൽനിന്ന് രക്ഷപ്പെട്ട്, 27 വർഷംമുമ്പ് കണ്ണൂരിൽ അയാൾ അർധപ്രാണനായി വന്നിറങ്ങിയപ്പോൾ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ തടിച്ചുകൂടിയത് ആയിരങ്ങളാണ്. പതിനായിരങ്ങളുടെ ആശയും അവേശവുമായിരുന്നു ഇ പി ജയരാജൻ എന്ന നേതാവ്. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കഴുത്തിൽ കോളറിട്ട, വെടിയുണ്ടയുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിൽ ഇ പിയുടെ ജൈത്രയാത്രയായിരുന്നു.

ജയരാജന്റെ കൂസലില്ലായ്മയും, ചൊടിയും തൻേറടവം, വാക്ചാതുരിയും, അതിജീവനത്വരയും, കണ്ട് മലയാള മനോരമ പോലും എഴുതി ഇത് ശരിക്കും 'ഗജരാജനാ'ണെന്ന്. തിടമ്പേറ്റിയ ഒരു കൊമ്പന്റെ ശൈലിയായിരുന്നു അദ്ദേഹത്തിന് പ്രസംഗങ്ങളിൽ. പിന്നീടുള്ള സിപിഎം രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് വിജയ- ജയരാജന്മാർ ആയിരുന്നു. ഇ പി, എം വി, പി എന്നീ മൂന്ന് ജയരാജന്മാരും, പിണറായി വിജയനും ചേർന്നാൽ, കേരള സിപിഎം ആയി എന്ന ഒരു ചൊല്ല് അക്കാലത്ത് ഉണ്ടായിരുന്നു. പക്ഷേ മസിലുപിടിച്ചു നിൽക്കുന്ന സിപിഎം നേതാക്കളിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു ഇ പി. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവരുമായി സൗഹൃദം പങ്കിടും.അണികളുടെ തോളിൽ കൈയിട്ട് ലോഹ്യം ചോദിക്കുന്ന രാഷ്ട്രീയ മുഖം.

പക്ഷേ ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന് മാർക്സ് പറഞ്ഞത്, ഇവിടെയും ശരിയാവുകയാണ്. ഗജരാജന്റെ തലയെടുപ്പുണ്ടായിരുന്നു ഇ പി ഇന്ന് വിവാദരാജനാണ്. ഏറ്റവും ഒടുവിലായി ഇൻഡിഗോ എയർലൈസ് വിവാദവും, തുടർന്നുണ്ടായ കേസും, ഇൻഡിഗോ പൂട്ടിപ്പോകുമെന്ന അദ്ദേഹത്തിന്റെ വാക്കുകളുമൊക്കെ വിവാദവും പരിഹാസവുമായി സോഷ്യൽ മീഡിയയിൽ ആറാടുകയാണ്.

ഇന്ന് ട്രോളന്മാരുടെ പ്രിയ താരമാണ് ഇ പി. നാക്കെടുത്താൽ ട്രോളാവുന്ന അവസ്ഥ. ഒടുവിൽ ട്രോളന്മാർ ഭ്രാന്തന്മാരാണെന്ന് ഇ പി പറഞ്ഞതും, അതിനേക്കാൾ വലിയ ട്രോളായി. ആഗോളതാപനത്തെക്കുറിച്ച് ഇ പി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂമിയുടെ കറക്കം, മണ്ണിനടിയിലെ ചളി, ചൂട് എന്നതിനെക്കുറിച്ചൊക്കെ ഇ പി പറയുന്നതുകേട്ടാൽ ശരിക്കും ചിരി വരും.

പക്ഷേ മാറി ചിന്തിക്കുമ്പോൾ അയാളുടെ മനസ്സിലെ നിഷ്‌ക്കളങ്കതയും ബോധ്യപ്പെടും.
അതുതന്നെയാണ് ഇ പിയെ അനുകൂലിക്കുന്നവർ പറയുന്നതും. രാഷ്ട്രീയമോ ബന്ധങ്ങളോട നോക്കാതെ ആരെയും സഹായിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇപ്പോഴും നേരിട്ട് ഫോൺ എടുക്കുകയും, മിസ്സിഡ് കോൾ നോക്കി തിരിച്ച് വിളിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവ്. അതുകൊണ്ടുതന്നെയാണ് ഇ പിയുടെ ഐതിഹാസികമായ ചരിത്രവും അതിജീവനവും മറന്നുപോകരുതെന്നും, അയാൾ വെറുമൊരു ട്രോൾ കഥാപാത്രം മാത്രമല്ലെന്നുമാണ്, സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.

എസ്എഫ്ഐയിലൂടെ സിപിഎമ്മിൽ

ഇപ്പോൾ ഈ 72ാം വയസ്സിൽ ഇടതുമുന്നണിയുടെ കൺവീനറായും അദ്ദേഹം നിറഞ്ഞ് നിൽക്കയാണ്. അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തിയത്.

1950 മെയ് 28ന് കണ്ണൂർ ജില്ലയിലെ ഇരിണാവിൽ ബി.എം കൃഷ്ണൻനായരുടെയും ഇ.പി പാർവതിയമ്മയുടെയും മകനായാണ് ജയരാജൻ ജനിച്ചത്. പ്രീഡിഗ്രിയും ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും നേടി. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി. പിന്നീട് കെഎഎസ്് വൈഎഫ് നേതൃനിരയിലെത്തി. അടിയന്തരാസസ്ഥക്കാലത്തെ തീക്ഷ്ണാനുഭവങ്ങളിൽ ഉരുകി തെളിഞ്ഞതാണ് ഇപി ജയരാജന്റെ രാഷ്ടീയ ജീവിതം. 1980ൽ ഡിവൈഎഫ്‌ഐ രൂപം കൊണ്ടപ്പോൾ സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റായി. ഈ സമയത്തെ ഒരു അനുഭവം പിന്നീട് ഇ പി പങ്കുവെച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും, ഇംഗ്ലീഷും ഹിന്ദിയും നന്നായി അറിയില്ലെന്നും അതിനാൽ ഈ പദവിയിൽ നിന്ന് ഒഴിവാക്കണമെന്നും താൻ ഇഎംഎസിനോട് ആവശ്യപ്പെട്ടുവെന്നാണ് ഇ പി പറയുന്നത്. പക്ഷേ ഭാഷയിലെ പ്രാവീണ്യമല്ല, സംഘടനാ മികവാണ് ഈ സ്ഥാനത്തിന് വേണ്ടത് എന്നായിരുന്നു ഇഎംഎസിന്റെ മറുപടി. ആ വാക്കുകൾ പൊന്നായി. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല സംഘാടകൻ എന്നാണ് ഇപി അറിയപ്പെടുന്നത്.

ദീർഘകാലം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയാായും അദ്ദേഹം പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 1992 ൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ ഇ പി തുടർന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി. ദേശാഭിമാനി ജനറൽ മാനേജർ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. 1991ൽ അഴീക്കോടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തി. 2011 ലും 2016 ലും മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

വെടിയേറ്റ് തല ചിതറിയിട്ടും

പിണറായി വിജയനെ ലക്ഷ്യമിട്ട് എതിരാളികൾ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇ പി ജയരാജന്റെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. ഈ വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോൾ കഴുത്തിൽ തന്നെ അത് സൂക്ഷിച്ചാണ് താൻ ജീവിക്കുന്നത് എന്നാണ് ഈ നേതാവ് പറയുന്നത്.

1995 ഏപ്രിൽ 12നു ന്യൂഡൽഹി-ചെന്നൈ രാജധാനി എക്സ്പ്രസിൽ മുഴങ്ങിയ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢിൽ സിപിഎം പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായത്. അഴീക്കോട് മണ്ഡലം എം എൽ എ കൂടിയായിരുന്നു ഇ പി അന്ന്. ട്രെയിനിൽ വച്ച് കൊന്ന് പുറത്തേക്ക് തള്ളാനായിരുന്നു പദ്ധതി. സഹയാത്രക്കാരുടെ സമയോചിതമായ ഇടപെടലും ദീർഘനാൾ മദ്രാസിലും പിന്നീട് ലണ്ടനിലുമുള്ള ചികിത്സയ്ക്കും സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്കും ശേഷമാണ് ജയരാജൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. എം വി രാഘവനും കെ സുധാകരനും ആർ എസ് എസും ചേർന്ന് നടത്തിയ അവിശുദ്ധ കൂട്ടുകെട്ടായിരുന്നു കൊലപാതക ശ്രമത്തിനു പിന്നിലെന്നാണ് അന്നു പാർട്ടി പ്രവർത്തകർ ആരോപിച്ചിരുന്നത്.

തനിക്കു നേരെ ട്രെയിനിലുണ്ടായ ആക്രമണത്തെക്കുറിച്ചു ജയരാജൻ തന്നെ പിന്നീട് ഒരു അഭിമുഖത്തിൽ വിവരിച്ചത് ഇങ്ങനെ:- ''പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നിസാമുദ്ദീനിന്നാണ് ഞങ്ങൾ രാജധാനി എക്പ്രസ്സിൽ കയറുന്നത്. കൂടെ ഭാര്യ ഇന്ദിരയും കുട്ടികളും. മൂത്തമകൻ ജയ്സണിന് അന്ന് പന്ത്രണ്ട് വയസാണ്. ജിജിത്തിന് പത്തും. പി കെ ശ്രീമതിയും അവരുടെ ഭർത്താവും ഞങ്ങളോടൊപ്പതന്നെയുണ്ട്. തൊട്ടടുത്ത മുറിയിൽ എം വിജയകുമാർ, പിരപ്പൻകോട് മുരളി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ സഖാക്കളുമുണ്ടായിരുന്നു. രാവിലെ അവരൊക്കെ അടുത്തു വന്ന് കുറേനേരം സംസാരിച്ചിരുന്നാണ് പോയത്. ആന്ധ്രപ്രദേശിലെ ചിരാല പൊലീസ്സ്റ്റേഷൻ അതിർത്തിയിലുള്ള ഓംകോൾ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡൽഹിയിൽ നിന്ന്തന്നെ സ്പെഷ്യൽ ഗുണ്ടകളായിട്ടുള്ള രണ്ടുപേർ ആയുധങ്ങളുമായിട്ട് വണ്ടിയിൽ കയറിയിരുന്നു. വാഷ് ബേയ്സിനടുത്തുള്ള ചെറിയ സീറ്റിൽ അവർ ഇരിക്കുന്നുണ്ടായിരുന്നു.

ചിരാലയിലെത്തിയപ്പോൾ മുഖം കഴുകുന്നതിനുവേണ്ടി ഞാൻ വാഷ്ബേയിസിന്റെ അടുത്തേക്ക് പോയതായിരുന്നു. മുഖം കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് വെടിവച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ട്രെയിൻ അട്ടിമറിയുകയാണെന്നാണ് അപ്പോൾ തോന്നിയത്. രണ്ട് തവണവെടിവച്ചു. ചുറ്റും പുകമൂടിയിരുന്ന. ശരീരം കുഴഞ്ഞുപ്പോകുന്നപോലെ. ഞാൻ നിലത്തു വീണു. കൂടെയുള്ളവർ ഓടിയെത്തി. ഭാര്യയും ശ്രീമതിയും ചേർന്ന് എഴുന്നേൽപ്പിച്ച് മടിയിൽ കിടത്തി. എം വിജയകുമാറും പിരിപ്പൻകോട് മുരളിയും കടകംപള്ളി സുരേന്ദ്രനും മറ്റു യാത്രക്കാരും ഓടിയെത്തി. കൂട്ടത്തിൽഅമേരിക്കയിൽ പ്രാക്റ്റീസ് ചെയ്യുന്ന തഞ്ചാവൂർ സ്വദേശിയായ ഒരു ലേഡി ഡോക്ടർ അപ്പോൾതന്നെ പ്രാഥമിക ചികിത്സതന്നു.

ഓകോർ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ഡോക്ടർമാരുടെ സഹായത്തോടെ മദ്രാസിലെത്തി. ദീർഘകാലം അവിടെ ചികിത്സിച്ചു. പലതരത്തിലുള്ള ശസ്ത്രക്രിയകൾ അവിടെനിന്ന് നടത്തി വെടിയുണ്ട പുറത്തെടുത്തു. അതിന് ശേഷം വിദദ്ധചികിത്സയ്ക്കാണ് ലണ്ടനിൽ പോയത്. വെടിയുണ്ട മദ്രാസ് ഹോസ്പിറ്റലിൽ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടായിരുന്നു. ലണ്ടനിൽ നിന്ന് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് അത് കണ്ടെത്തിയത്. അത് മജ്ജയിൽ കലർന്ന്പോയിട്ടുണ്ട്. അത് നീക്കം ചെയ്യണമെങ്കിൽ മജ്ജയെടുത്ത് മാറ്റണം. അപ്പോൾ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് അങ്ങിനെ റിസ്‌ക്ക് എടുത്ത് ഓപ്പറേഷൻ നടത്തണ്ടായെന്ന് അവിടെത്തെ ഡോക്ടർമാർ പറഞ്ഞു.

രക്ഷപ്പെട്ടത് തന്നെ അത്യപൂർവ്വമായ സംഭവമാണ്. ഇനി ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ സഹിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ബ്ലെഡിൽ ലെഡിന്റെ അംശം കൂടുമ്പോൾ അപ്പോൾ ചികിത്സിക്കണം. അതങ്ങിനെ തുടരുക മാത്രമെ ഇനി നിർവാഹമുള്ളു. ചികിത്സയുടെ ഭാഗമായ മരുന്നുകൾ തുടർച്ചയായി ഇപ്പോഴും കഴിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായിട്ടാണ് ഉറങ്ങാൻ കഴിയാത്ത പ്രശനം ഉണ്ടായത്. കിടന്ന് ഉറക്കം തുടങ്ങുമ്പോഴേക്കും ശ്വാസം കിട്ടില്ല. അപ്പോൾ എഴുന്നേറ്റിരിക്കണം.

ഡോക്ടർമാർ നിദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു എക്യുപ്മെന്റെ് ഉപയോഗിച്ചാണ് ഇപ്പോൾ ഉറങ്ങുന്നത്. അത് വൈദ്യുതിയിൽ ഉപയോഗിക്കുന്നതാണ്. ട്രെയിനിലൊക്കെ യാത്രചെയ്യുമ്പോൾ പ്ലഗ്ഗ് സൗകര്യം ഉള്ളസ്ഥലത്ത് തന്നെ കിടക്കണം. കടുത്ത ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ തളർച്ച അനുദിനം കൂടിവരുകയാണ്. തുടച്ചയായി യാത്ര ചെയ്യാൻ കഴിയാതെയായിട്ടുണ്ട്. ഇപ്പോൾ പോകുന്നിടത്തെല്ലാം ഈ യന്ത്രവും കൊണ്ടാണ് പോകുന്നത്. കേൾവിക്കുറവും കാഴ്‌ച്ചക്കുറവും കൂടിക്കൊണ്ടിരിക്കുകയാണ്. അധികകാലം ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയണമെന്നില്ല''.- ഇ പി പറയുന്നു.

രണ്ട് ബോംബാക്രമണങ്ങൾ അതിജീവിച്ചു

ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽ നിന്ന് ഇ പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകൾ തൊട്ടുമുന്നിൽ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്.

വെടിയേറ്റതിന്റെ അസ്വസ്ഥതകൾ ഇപ്പോഴുമുണ്ടെന്ന് ഇ പി ജയരാജൻ ഇയിടെയും ഒരു അഭിമുഖത്തിൽ ആവർത്തിച്ചിരുന്നു. ''കുറേ കാലം രാത്രി ഉറങ്ങാനാകില്ലായിരുന്നു. ഉറക്കം വരുമ്പോൾ തന്നെ ഉഞെട്ടുന്നതിന്റെ പ്രശ്‌നമുണ്ടായിരുന്നു. പിന്നീട് ഡോക്ടറെ കണ്ടു. ഒരു പാട് നെർവുകൾ കട്ട് ചെയ്ത് പോയതിനാൽ അതിന്റെ പ്രവർത്തനം കാര്യമായി നടക്കുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയത്തിന്റെ പ്രവർത്തനം നോർമലാകാൻ നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അതിന് വേണ്ടി മെഷിൻ വരുത്തിയാണ് പിന്നീട് ഉറങ്ങിയിരുന്നത്. ഇപ്പോഴും ആ മെഷിൻ സൂക്ഷിക്കുന്നുണ്ട്. ഇടക്കിടെ കാലിന്റെ മസിൽ ടൈറ്റ് ആകും. ഇപ്പോഴും നീര് വരും.''-ഏഷ്യാനെറ്റ് ന്യൂസ് ഓണം സ്‌പെഷ്യൽ പ്രോഗ്രാമിലാണ് ഇ.പി ജയരാജൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ ജയരാജനും കുറേക്കാലമായി ഒരു നുണ പല തവണ ആവർത്തിച്ച് ജനങ്ങളെ കബളിപ്പിക്കുകയാനെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറയുന്നത്. വെടിയുണ്ട പോയിട്ട് അതിന്റെ ഒരു താരോ തരിമ്പോ ജയരാജന്റെ തലയിലുണ്ടെന്ന് ഒരു മെഡിക്കൽ ബോർഡ് മുമ്പാകെ തെളിയിക്കുകയാണെങ്കിൽ ഞാൻ എന്റെ പൊതുജീവിതവും രാഷ്ട്രീയജീവിതവും അവസാനിപ്പിക്കാമെന്ന് സുധാകരൻ പറഞ്ഞിരുന്നു. അതുപോലെ കേസിൽ തനിക്ക് യാതൊരു യാതൊരു പങ്കുമില്ലെന്നാണ് സുധാകരന്റെ വാദം.

പാർട്ടിയുടെ സാമ്പത്തിക നാഡി

പക്ഷേ യാഥാർഥത്തിൽ ഇ പി ജയരാജന്റെ പ്രസക്തി സിപിഎമ്മിൻെ സാമ്പത്തിക വരുട്ടുവാദത്തിൽനിന്ന് മോചിപ്പിച്ച് ആധുനിക കാപ്പിറ്റലിസത്തിന്റെ രീതിയിലേക്ക് കൊണ്ടുവന്നു എന്നിടത്താണ്. വികസനത്തിന്റെയും കോർപറേറ്റിസത്തിന്റെയുമൊക്കെ കാര്യം തന്നെ എടുക്കാം. എന്തായിരുന്നു പാർട്ടി ലൈൻ എന്ന് എല്ലാവർക്കുമറിയാം. രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടർവത്കരണത്തിനെതിരെ സമരം ചെയ്തകാലത്ത് ചിന്ത പബ്ലിക്കേഷൻ പുറത്തിറക്കിയ 'തൊഴിൽ തിന്നുന്ന ബകൻ' തൊട്ട് എക്സ്പ്രസ് ഹൈവേയുമായും മറ്റും ബന്ധപ്പെട്ട് പാർട്ടി തയാറാക്കിയ ലഘുലേഖകൾ വരെ പറയും ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട്.

അതോടെ വികസന വിരോധികൾ എന്ന ചീത്തപ്പേരും സിപിഎമ്മിന് വന്നു. ഇത് മാറ്റിയെടുക്കാനുള്ള സൈദ്ധാന്തികരുടെയും ബുദ്ധിജീവികളുടെയും സകലശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് സഖാവ് ഇപി. ജയരാജൻ സംഗതി ലളിതമായി വിവരിച്ചത്: പാർട്ടിയിൽ കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നു! ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഇ.പി നവമാർക്സിസത്തിന് കേരളത്തിൽ ഇത്തരമൊരു സൈദ്ധാന്തിക അടിത്തറ പാകിയപ്പോൾ പാർട്ടി ബുദ്ധിജീവികൾ പുച്ഛിച്ചു. കോർപറേറ്റ് ചാരൻ എന്ന് പരിഹസിച്ചു. പക്ഷേ, ഇ.പിയുടെ സിദ്ധാന്തമാണ് ശരിയെന്ന് കാലം തെളിയിച്ചു. അന്ന് ഇ.പിക്കെതിരെ ഉറഞ്ഞുതുള്ളിയവരെല്ലാമിപ്പോൾ സിൽവർ ലൈനിനുവേണ്ടി ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുകയാണ്.

്പാർട്ടിക്കും മുതലാളിമാർക്കും ഇടയിലുള്ള പാലമാണ് ഇ പി എന്ന്, അധിനിവേശ പ്രതിരോധ സമിതിയും, അതിന്റെ നേതാക്കളായ കെ സി ഉമേഷ് ബാബുവിനെപ്പോലുള്ളവരും ആരോപിക്കുന്നണ്ട്. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിന്റെ ആശയം ഇ പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്‌നേഹാർദ്രമായ കൈയൊപ്പു കാണാം. പാർട്ടിയുടെ കൃത്യമായ ഫണ്ട് റെയ്സറുമാണ് ഇ പി. നായനാർ ഫുട്ബോളിൽ ഫാരീസ് അബൂബക്കറിൽനിന്ന് അടക്കം ലക്ഷങ്ങളുടെ സംഭാവന ഇ പി നേടിയെടുത്തു.

ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണൽ മികവിലേക്ക് നയിച്ചതിൽ ഇ.പിയുടെ പങ്ക് വലുതാണ്. ഇ പി മാനേജർ ആയിരിക്കുന്ന സമയത്ത് ദേശാഭിമാനി സാമ്പത്തികമായി മെച്ചപ്പെട്ടു. പക്ഷേ ലോട്ടറി പരസ്യങ്ങളുടെ പേരിൽ സാന്റിയാഗോ മാർട്ടിനിൽനിന്ന് രണ്ടുകോടി വാങ്ങിയെന്നത്, വലിയ ചർച്ചയായി. വി എസ് പക്ഷം ആഞ്ഞടിച്ചതോടെ, പണം മാർട്ടിന് തിരികെകൊടുത്തു. ഇ പിയുടെ സ്ഥാനവും പോയി. അതുപോലെ സിപിഎം പ്ലീനത്തിന് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജിൽ കൊടുപ്പിച്ചതിന്റെയും സുത്രധാരൻ ഇ പിയാണെന്ന് ആരോപണമുണ്ട്. എന്തായാലും യൂസഫലി മുതൽ രവിപിള്ളവരെയുള്ള വ്യവസായികൾ അദ്ദേഹത്തിന്റെ അടുപ്പക്കാരാണെന്നതിൽ സംശയമില്ല.

മന്ത്രിയായപ്പോൾ ഇമേജ് നശിച്ചു

അധികാരം നേതാക്കളെ ദുഷിപ്പിക്കുമെന്ന് ലെനിൻ പറഞ്ഞതിന്റെ ഏറ്റവും നല്ല ഉദാഹരണം ആയിട്ടാണ്, ആർഎംപി അടക്കമുള്ള സിപിഎം വിമർശകർ ഇ പി ജയരാജന്റെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുന്നത്. ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായി ജയരാജൻ എത്തിയപ്പോൾ പ്രതീക്ഷകൾ ഏറെ ആയിരുന്നു. എറ്റവും ഡൗൺ ടു എർത്തായ ഒരു മനുഷ്യന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് കരുതിയത്. 2016 മെയ്‌ 25നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റത്. മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ഇ പി. പിണറായി കഴിഞ്ഞാൽ അടുത്ത തലവൻ.

പക്ഷേ അദ്ദേഹവുമായി ബന്ധപ്പെട്ട ആദ്യ മാധ്യമ വാർത്തതന്നെ, അന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു, പ്രശസ്ത അത്ലറ്റ് അഞ്ജു ബോബി ജോർജിനെ വാക്കുകൾകൊണ്ട് അപമാനിച്ചു എന്നാതായിരുന്നു. പിന്നീടാണ് ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോൾ, അനുസ്മരണം ചോദിച്ച് വിളിച്ച ചാനൽ റിപ്പോർട്ടറോട്, 'മലയാളിയായ മുഹമ്മദലി' എന്നൊക്കെ തട്ടിവിട്ട് ട്രോൾ ആയത്. അന്നു മുതൽ കേരളത്തിലെ ട്രോളന്മാരുടെ പ്രധാന വേട്ടമൃഗവും വലിയ ശരീരത്തിൽ ചെറിയ മനസ്സുള്ള നേതാവ് തന്നെ!

അങ്ങനെയിരിക്കെയാണ് ബന്ധു നിയമന വിവാദത്തിൽ ഇ പിക്ക് പടിയിറങ്ങേണ്ടി വന്നത്. 2016 ഒക്ടോബർ 14ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു. എന്നാൽ ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിന്നില്ല. ആർക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതോടെയാണ് ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്. വീണ്ടും മന്ത്രിയായി. പക്ഷേ അപ്പോഴും ട്രോളന്മാർ ഇട്ട 'ചിറ്റപ്പൻ' എന്ന പേര് മാത്രം മാറിയില്ല!

വിവാദമായി മകന്റെ റിസോർട്ട്

കോടിയേരിയുടെ മകനെപ്പോലെ ഇ പിയുടെ മകനും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിർമ്മിച്ച ആയുർവേദ റിസോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇപിയുടെ മകൻ ജെയ്‌സൺ വിവാദത്തിലായിരുന്നു. ജയരാജന്റെ മകനും വൻ വ്യവസായികളും ചേർന്നാണ് റിസോർട്ട് നിർമ്മിച്ചത്. ആന്തൂർ നഗരസഭയാണ് നിർമ്മാണത്തിന് അനുമതി നൽകിയത്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയം നിർമ്മാണം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചുവപ്പുനാടയിൽ കുരുക്കി ആത്മഹത്യയിലേക്ക് നയിച്ച നഗരസഭയാണ് അനധികൃത റിസോർട്ടിന് അനുമതി നൽകിയതെന്നത് മാധ്യമങ്ങൾ കുത്തിപ്പൊക്കി.

കോടികൾ മുടക്കി കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട് നിർമ്മിച്ചത്. ഏഴു പേരാണ് കമ്പനി ഡയറക്ടർമാർ. സ്വർണക്കടത്തു കേസിൽ അന്വേഷണപരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വിസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർ സുജാതനും റിസോർട്ടിൽ നിക്ഷേപമുണ്ട് എന്നാണ് അന്ന് വാർത്തകൾ പുറത്തുവന്നത്.

ഭരണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും തണലിൽ കോടിയേരിയുടെയും, ഇ.പി. ജയരാജന്റെയും, മുഖ്യമന്ത്രിയുടേയും മക്കൾ ബിസിനസ് വിപുലപ്പെടുത്തുകയാണെന്ന് ഇതോടെ ആരോപണം ഉയർന്നു. ആർഎംപി നേതാക്കൾ പറയുന്നത് പ്രകാരം, റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല ബിസിനസുകളിലും ഇവർക്ക് പങ്കാളിത്തമുണ്ട്. ഗൾഫിലും ബെംഗളൂരുവിലുമടക്കം ഇവരെല്ലാം നിരവധി ബിസിനസ്സുകളിൽ വ്യാപൃതരാണ്.പാർട്ടിയെ ഹൈജാക്ക് ചെയ്താണ് ഇതെല്ലാം നേടിയെടുക്കുന്നത് എന്നാണ് വിമർശനം. എന്നാൽ എല്ലാം നിയമാനുസൃതമാണെന്നും, തന്റെ മക്കൾ ഒരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല എന്നുമാണ് ഇ പി പറയുന്നത്.

പിണറായിയുടെ 'സുഗ്രീവൻ'

സിപിഎമ്മിൽ പിണറായി ഭക്തിയിൽ സുഗ്രീവനാണ് ഇ പിയെന്നാണ് അഡ്വ ജയശങ്കറിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ലാവ്ലിൻ കേസിൽ പിണറായി വിജയന് നേരെയുണ്ടായ ആക്രമണത്തെ ഏറ്റവും ശക്തമായി നേരിട്ടത് ഇ പിയാണ്. പൊതുയോഗങ്ങളിൽ നെഞ്ചത്തെ രോമം പറിച്ച്, ആകാശത്തേക്ക് ഊതിവിട്ട് അദ്ദേഹം സിബിഐയെ വെല്ലുവിളിച്ചു. ലാവലിൻ കേസിൽ ഒരു കാലിച്ചായ പിണറായി കുടിച്ചോ എന്ന് ചോദിച്ച് ആഞ്ഞടിച്ചു. അതുകൊണ്ടുതന്നെ വി എസ് അച്യുതാനന്ദന്റെ കണ്ണിലെ കരടായിരുന്നു ഇ പി. അദ്ദേഹം ദേശാഭിമാനിയിൽ ഇരിക്കുമ്പോൾ ഉണ്ടായ പല വാർത്തകൾക്കും പിന്നിൽ വി എസ് പക്ഷം തന്നെ ആയിരുന്നു.

ഓരോതവണയും ഇ പി കുടുങ്ങുമ്പോൾ രക്ഷിച്ചതും പിണറായി തന്നെ. ബന്ധു നിയമനത്തിൽ മന്ത്രിസ്ഥാനം പോയത് തിരിച്ചികിട്ടിയത് തൊട്ട്, ദേശാഭിമാനി വിവാദത്തിലെ നടപടി ഒഴിവായത് അടക്കമുള്ള എത്രയോ ഉദാഹരണങ്ങൾ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം രണ്ടുടേം നിബന്ധ കർശനമാക്കിയതോടെ ഇ പിക്കും സീറ്റ് കിട്ടിയില്ല. അതിൽ അൽപ്പം അതൃത്പിയുള്ളപോലെ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന, കടുത്ത രാഷ്ട്രീയ പ്രസ്താവന നടത്തിയപ്പോൾ, ഈ നേതാവിന്റെ വനവാസമാണ് പലരും പ്രവചിച്ചത്. പക്ഷേ പിണറായി ഇ പിയെ കൈവിട്ടില്ല. അദ്ദേഹം എൽഡിഎഫ് കൺവീനർ എന്ന സുപ്രധാന ചുമതലയുമായി വൈകാതെ തിരുവനന്തപുരത്ത് എത്തി. ചുമതലയേറ്റതും ഇ പി വീണ്ടും വിവാദത്തിൽ പെട്ടു. പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗിനെ, എൽഡിഎഫിലേക്ക് എത്തിക്കാനുള്ള ചൂണ്ട എന്ന രീതിയിലുള്ള ഇ പിയുടെ മുന്നണി വിപുലീകരണ പ്രസ്താവനകൾ വൻ വിവാദമായി. ട്രോളുമായി.

പിണറായിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഇ പി ഇങ്ങനെ പറയുന്നു. ''ഒരു ജ്യേഷ്ഠ സഹോദരനായി കാണുന്ന അദ്ദേഹത്തോട് ആഴമേറിയ ആത്മബന്ധമാണുള്ളത്. രാഷ്ട്രീയ രംഗത്ത് അദ്ദേഹം നൽകിയ പ്രോത്സാഹനവും പിന്തുണയും എനിക്ക് പറഞ്ഞറിയിക്കാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി, സഹോദരതുല്യനായി കൂടെ നിന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ അടുപ്പമുണ്ട്. തിരിച്ചും അങ്ങനെ തന്നെ. പിണറായിലെ വീട്ടിലെത്തിയപ്പോഴെല്ലാം ഒരു കുടുംബാംഗത്തിന്റെ സ്നേഹവും സ്വാതന്ത്ര്യവും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ എന്നെ സ്വന്തം മകനെ പോലെയാണ് കണ്ടിരുന്നത്. ജ്യേഷ്ഠനുമായുമൊക്കെ ബന്ധമുണ്ടായിരുന്നു.

പിണറായി വിജയൻ അതിധീരനാണ്, കരുത്തൻ, അദ്ദേഹം നല്ല നീന്തൽ വിദഗ്ധനാണ്, നല്ല കായികാഭ്യാസിയാണ്. അത് പക്ഷേ നിങ്ങളിൽ പലർക്കും അറിയില്ല. അദ്ദേഹം നല്ല ഫിസിക്കൽ പരിശീലകൻ. ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് കീഴിൽ നീന്തൽ പരിശീലിച്ചിട്ടുണ്ട്. അദ്ദേഹം നന്നായി തമാശ പറയും. രസകരമായി തമാശകൾ പറയും. പാട്ട് പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എംഎൽഎ ആയി ഞങ്ങൾ തിരുവനന്തപുരത്ത് വന്ന കാലത്ത് ഒന്നിച്ച് സിനിമക്ക് പോകാറുണ്ടായിരുന്നു. ഇടക്ക് വൈകുന്നേരം നമ്മുക്ക് ഇന്ന് ഒരു സിനിമക്ക് പോയാലെന്താ എന്ന് ചോദിക്കും. നമ്മളൊന്നും നോക്കണ്ട. ടിക്കറ്റ് ഒക്കെ അദ്ദേഹം തന്നെ എടുത്തിട്ടുണ്ടാകും. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കുന്ന സമയത്ത് രാവിലെ ചിലപ്പോൾ ഇടാൻ ഷർട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ ഷർട്ട് ഇട്ട് ഞാൻ പോകും.''- ഇത് പറയുമ്പോഴുള്ള ഇ പിയുടെ മുഖഭാവത്തിൽനിന്നുതന്നെ അവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാവും.

അങ്ങനെയുള്ള ഇ പി പിണറായി വിജയനെ നേരെ, വിമാനത്തിൽ രണ്ടുപേർ വിരൽചൂണ്ടിയാൽ വെറുതെ ഇരിക്കുമോ. സിനിമാ സ്റ്റെലിൽ ഒറ്റത്തട്ടിന് രണ്ടിനെയും തള്ളി താഴയിട്ടത് കണ്ടില്ലേ. അവർ പിണറായിയെ വധിക്കാൻ എത്തിയവർ ആണെന്നാണ് ഇ പി പറയുന്നത്. ഒരു ആയുധവുമില്ലാതെ എങ്ങനെയാണ് അവർ കേരളാ മുഖ്യമന്ത്രിയെ വധിക്കുക, ഇത് ഒരു സമാധാനപരമായ പ്രതിഷേധം മാത്രം ആയിരുന്നില്ലേ എന്നൊന്നും ചോദിക്കരുത്. പിണറായിയുടെ ഒരു രോമത്തിൽ തൊടാൻ പോലും ഇ പി ജീവിച്ചിരിക്കുമ്പോൾ കഴിയില്ല!

എന്നിട്ട് അതിന്റെ പേരിൽ ഇൻഡിഗോ എയർലൈസ് മൂന്നാഴ്്ചത്തേക്ക് വിലക്കിയപ്പോൾ, ഇൻഡിഗോയെ ആജീവനാന്തം വിലക്കിയാണ് ഇ പി തിരിച്ചടിച്ചത്. ഇൻഡിഗോയുടെ ബസുകൾ പിടിച്ചെടുത്തുകൊണ്ട് സർക്കാറും പ്രതികാര നടപടി തുടങ്ങിക്കഴിഞ്ഞു. അങ്ങനെ എന്തു ചെയ്താലും വിവാദമായി, ഗജരാജനിൽനിന്ന് വിവാദരാജനിലേക്കുള്ള ഇ പിയുടെ യാത്ര തുടരുകയാണ്.

വാൽക്കഷ്ണം: വിമർശകർ എന്തൊക്കെപ്പറഞ്ഞാലും, ഇ പിയെ അടുപ്പമുള്ളവർ പറയുന്നത് ഇത്രയും ഹൃദയശുദ്ധിയുള്ള നേതാവ് വേറെ ഇല്ലെന്നാണ്. കാസർകോട് എം പിയും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾ തന്നെ ഏറ്റവും നല്ല ഉദാഹരണം. മകന് ഒരു വാഹനാപകടത്തിൽ പരിക്കേറ്റുവെന്ന വാർത്ത അറിഞ്ഞ് പരിഭ്രാന്തനായി കാസർകോട് നിന്ന് രാജ്‌മോഹൻ തീവണ്ടി കയറുമ്പോൾ അടുത്ത ഇ പി ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വിളിച്ച് എല്ലാ സഹായവും ചെയ്ത ഇ പി, പിറ്റേന്ന് മെഡിക്കൽ കോളജിലേക്ക് നേരെ വന്ന് എല്ലാകാര്യങ്ങളും നോക്കിയപ്പോൾ തന്റെ കണ്ണു നിറഞ്ഞുപോയി എന്നും ഉണ്ണിത്താൻ പറയുന്നു.