ലക്‌നൗ: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങാനിരിക്കെ ഉത്തർപ്രദേശിൽ ഇപ്പോൾ സൗജന്യ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരുടെ മനസിൽ കയറി പറ്റാൻ ബഹുവിധ സൗജന്യ വാഗ്ദാനങ്ങളാണ് നൽകുന്നത്. യുപി തിരിച്ചുപിടിക്കാൻ കച്ചകെട്ടിയിറങ്ങിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ആദ്യ വെടി പൊട്ടിച്ചത്. പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണുകളും, ഇ-സ്‌കൂട്ടറുകളും, വൈദ്യുതി നിരക്കുകൾ വെട്ടി കുറയ്ക്കും, പത്ത് ലക്ഷം വരെയുള്ള ചികിത്സകൾ പൂർണമായി സൗജന്യമായിരിക്കും എന്നിങ്ങനെ പ്രിയങ്കയുടെ വാഗ്ദാനങ്ങൾ ഏറെ. യോഗി ആദിത്യനാഥ് സർക്കാർ ഇത് കണ്ട് വെറുതെ ഇരിക്കും എന്നുകരുതാനാവില്ല. യുവാക്കൾക്ക് സൗജന്യ ടാബ്ലറ്റുകളും, സ്മാർട്ട്‌ഫോണുകളും യോഗി സർക്കാർ പ്രഖ്യാപിച്ചുകഴഞ്ഞു.

അടുത്ത വർഷം മാർച്ച് വരെ ദരിദ്രവിഭാഗങ്ങൾക്ക് സൗജന്യ റേഷനും സർക്കാർ വാഗ്ദാനം ചെയ്യാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഇത് കോവിഡ് കാലത്ത് തുടക്കമിട്ട പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഭക്ഷ്യ വിതരണ പദ്ധതിയുടെ തുടർച്ചയാണ്. നവംബർ വരെയാണ് നേരത്തെ ഈ കേന്ദ്രപദ്ധതിയുടെ കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇത് സംസ്ഥാന തലത്തിൽ ദീർഘിപ്പിക്കാനാണ് ആലോചന. കേന്ദ്ര പദ്ധതി പ്രകാരം നൽകുന്ന മൂന്നുകിലോ ഗോതമ്പിനും, രണ്ട് കിലോ അരിക്കും പുറമേ, ഒരുകിലോ പയർവർഗ്ഗങ്ങളും, ഒരു ലിറ്റർ ഭക്ഷ്യ എണ്ണയും, ഒരു പാക്കറ്റ് ഉപ്പും കൂടി ചേർക്കാനാണ് പദ്ധതി. ജനങ്ങളിൽ മികച്ച പ്രതികരണം ഉണ്ടാക്കിയ സൗജന്യ റേഷൻ നീട്ടാൻ തീരുമാനിച്ചാൽ അത് എൻഡിഎയ്ക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു.

പ്രിയങ്കയുടെ അടവുകൾ

കോൺഗ്രസ് അധികാരത്തിൽ വന്നാൽ, പത്ത് ലക്ഷം വരെയുള്ള ചികിത്സകൾ സൗജന്യമായിരിക്കും എന്നതാണ് പ്രിയങ്കയുടെ മുഖ്യവാഗ്ദാനം. കോവിഡ് കാലത്ത് യുപിയിലെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയാവസ്ഥ കണ്ടാണ് ഈ വാഗ്ദാനമെന്ന് പ്രിയങ്ക ട്വിറ്ററിൽ വ്യക്തമാക്കി.

തിരഞ്ഞടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബരാബങ്കിയിൽനിന്ന് പ്രതിജ്ഞാ യാത്രയ്ക്ക് തുടക്കം കുറിച്ച പ്രിയങ്ക നേരത്തേ ഏഴ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകും, കാർഷിക കടങ്ങൾ എഴുതിത്ത്ത്ത്തള്ളും, ക്വിന്റലിന് 2500 രൂപ നൽകി ഗോതമ്പും, 400 രൂപ നിരക്കിൽ കരിമ്പും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നിവയായിരുന്നു അവ.

12-ാം ക്ലാസ് പാസാകുന്ന പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ബിരുദ തലത്തിലുള്ള പെൺകുട്ടികൾക്ക് ഇ-സ്‌കൂട്ടറും നൽകുമെന്ന വാഗ്ദാനവും പ്രിയങ്ക നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക സ്ത്രീകൾക്കുവേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തിൽ ഏറെ പ്രധാന്യമർഹിക്കുന്നുണ്ട്. 403 അംഗ യുപി നിയമസഭയിലേക്ക് അടുത്ത വർഷം ആദ്യമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ 105 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 312 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷത്തിലൂടെയാണ് ബിജെപി അധികാരം പിടിച്ചത്. ബിഎസ്‌പിക്ക് 61 സീറ്റും എസ് പിക്ക് 19 സീറ്റും ലഭിച്ചു.

എന്തുവിലകൊടുത്തും ഉത്തർപ്രദേശിൽ ഭരണം പിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് ഉത്തർപ്രദേശിന്റെ ചുമതല പ്രിയങ്കാ ഗാന്ധിക്ക് നൽകിയത്. കർഷക സമരം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചത് ജനങ്ങൾക്കിടയിൽ മതിപ്പ് ഉയർത്തിയിട്ടുണ്ട്. ഇതിനെ വോട്ടാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് പാർട്ടി. എന്നാൽ സംസ്ഥാനത്ത് ബിജെപി ഭരണം നിലനിറുത്തുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്താക്കുന്നത്. കോൺഗ്രസ് നിലമെച്ചപ്പെടുത്തിയേക്കും എന്നും സർവേകൾ പറയുന്നുണ്ട്.

യുപി മോഡൽ തന്ത്രം മറ്റുസംസ്ഥാനങ്ങളിലും കോൺഗ്രസ് പയറ്റും

യുപിയിൽ മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലും സമാനതന്ത്രങ്ങൾ കോൺഗ്രസ് നടപ്പാക്കാൻ ആലോചിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ സമിതികൾ എന്തൊക്കെ വാഗ്ദാനങ്ങളാണ് മുന്നോട്ട് വയ്ക്കാനാകുക എന്ന ആലോചനയിലാണ്. ഒക്ടോബർ 26 ന് ഇക്കാര്യം തീരുമാനിക്കാൻ യോഗവും വിളിച്ചിട്ടുണ്ട്.

യുപിയിൽ ഇതാദ്യമായി കോൺഗ്രസ് ഗൗരവമായ ഒരു വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണ്. യുപിയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി അല്ലെങ്കിലും, പഞ്ചാബിൽ ഭരണകക്ഷിയും, മറ്റുമൂന്നു സംസ്ഥാനങ്ങളിൽ മുഖ്യപ്രതിപക്ഷകക്ഷിയുമാണ്. പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി 52 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഗോവയിൽ വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ട് വയ്ക്കുന്നത് ഫലം ചെയ്യില്ലെന്ന് മാനിഫെസ്റ്റോ കമ്മിറ്റി വിലയിരുത്തുന്നു. കോൺഗ്രസ് ദീർഘകാലം ഭരണത്തിൽ ഇരുന്ന സംസ്ഥാനം ആയതുകൊണ്ടാണിത്.