- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യങ്ങൾ വാഗ്ദാനങ്ങൾ വോട്ടർമാരിൽ പ്രതികൂല സ്വാധീനം ചെലുത്തും; രാഷ്ട്രീയ പാർട്ടികളെ വിലക്കണം; സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നും കേന്ദ്ര സർക്കാർ; വിദഗ്ദ്ധ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അശ്രദ്ധമായി ജനങ്ങൾക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവയ്ക്കുമെന്നും രാഷ്ട്രീയ പാർട്ടികളെ ഇതിൽ നിന്നും വിലക്കണമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തെരെഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.
രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും, ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതും വോട്ടർമാരിൽ പ്രതികൂലമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക ദുരന്തത്തിന് വഴിവെക്കും. അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷൻ, നീതി ആയോഗ്, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാർട്ടികൾ എന്നിവയുടെ പ്രതിനിധികൾ കൂടി ഉൾപെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചു.
സോളിസിറ്റർ ജനറലിന്റെ വാദത്തോട് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് യോജിച്ചു. നികുതിയായി ലഭിക്കുന്ന പണം വികസനത്തിന് ഉപയോഗിക്കുന്നില്ല എന്ന തോന്നൽ ചിലർക്കുണ്ട്. അതിനാൽ തന്നെ ഈ വിഷയം വിശദമായി ചർച്ച ചെയ്യേണ്ടതാണ്.
സാമ്പത്തിക മേഖലയെ ദോഷമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾ തടയാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന ശുപാർശ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ധനകാര്യ കമ്മീഷൻ, നീതി ആയോഗ്, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ, നിയമ കമ്മീഷൻ, പ്രതിപക്ഷ പാർട്ടികൾ എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങൾ ആയിരിക്കും. സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതിക്കും, കേന്ദ്ര സർക്കാരിനും, തെരെഞ്ഞെടുപ്പ് കമ്മീഷനും കൈമാറട്ടെയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
സമിതിയുടെ ഘടന, പരിഗണന വിഷയങ്ങൾ എന്നിവ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് കേസിലെ വിവിധ കക്ഷികളോട് നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷം അടുത്ത തിങ്കളാഴ്ച ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയും സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് തടയാൻ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപെട്ടു.