ശ്ചിമ ബംഗാളിൽ സിപിഎമ്മുമായി ചേർന്ന് സ്വന്തമാക്കിയ സീറ്റുകൾ കൈവിട്ടുപോകുമോ എന്ന പേടി സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാൻഡിനെയും ഒരുപോലെ ഉലയ്ക്കുന്നു. എംഎ‍ൽഎമാർ മറുകണ്ടം ചാടാതിരിക്കാൻ സോണിയാഗാന്ധിയോടും രാഗുൽ ഗാന്ധിയോടും കൂറുപുലർത്തുമെന്ന സാക്ഷ്യപത്രം മുദ്രപ്പത്രത്തിൽ എഴുതി വാങ്ങിക്കുകയാണ് ബംഗാൾ കോൺഗ്രസ് ഘടകം.

എന്നാൽ, ഈ രേഖയിൽ എംഎ‍ൽഎമാർ സ്വമേധയാ ഒപ്പുവെക്കുകയാണെന്നും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ലെന്നും കോൺഗ്രസ് ബംഗാൾ അധ്യക്ഷൻ ആധിർ ചൗധരി പറഞ്ഞു. നിരുപാധികമായ കൂറാണ് സോണിയയോടും രാഹുൽ ഗാന്ധിയോടും എംഎൽഎമാരിൽനിന്ന് എഴുതി വാങ്ങിക്കുന്നത്.

100 രൂപയുടെ മുദ്രപ്പത്രത്തിലുള്ള കരാർ അനുസരിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന ഉറപ്പും എംഎൽഎമാർ നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എംഎൽമാരും പാർട്ടിയുടെ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും ചേർന്ന യോഗത്തിലാണ് ഇത്തരത്തിലൊരു കരാർ വേണമെന്ന ആശയം പൊന്തിവന്നത്.

ഇതൊരു നിർബന്ധിത ബോണ്ടല്ലെന്നും സ്വമേധയാ ചെയ്യുന്ന പ്രതിജ്ഞയാണെന്നും ആധിർ ചൗധരി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പാർട്ടിവിരുദ്ധമായി യാതൊന്നും ചെയ്യില്ലെന്ന സ്വയമേവയുള്ള പ്രതിജ്ഞയാണിതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയത്തിനെതിരെയോ തീരുമാനത്തിനെതിരെയോ പ്രവർത്തിക്കില്ലെന്നും എഴുതി ഒപ്പിട്ടുനൽകുന്നുണ്ട്.

പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തില്ലെന്നും എംഎൽഎമാർ സത്യവാങ്മൂലത്തിൽ സമ്മതിക്കുന്നു. കരാറിനെതിരെ പ്രവർത്തിക്കുന്ന പക്ഷം എംഎൽഎ സ്ഥാനം രാജിവച്ചുകൊള്ളാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇത്തരമൊരു സത്യവാങ്മൂലത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പാർട്ടി അധ്യക്ഷൻ പറയുന്നുണ്ടെങ്കിലും ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് പല എംഎൽഎമാരും രഹസ്യമായി പറയുന്നു.