- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം മോദി മന്ത്രിസഭയിൽ ഉള്ളത് തലയെടുപ്പുള്ള 'കൊമ്പന്മാൻ'
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭ ഇന്നലെ അധികാരമേറ്റു കഴിഞ്ഞു. രണ്ട് മലയാളികൾ അടക്കം മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇനി അറിയേണ്ടതെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചാണ്. മുതിർന്ന നിരവധി നേതാക്കൾ മന്ത്രിസഭയിലേക്ക് എത്തിയതിനാൽ ഇക്കുറി വകുപ്പുകൾ ആർക്കൊക്കെ നൽകും എന്നതിലും ആകാംക്ഷ നിലനിൽക്കുന്നുണ്ട്. പ്രതീക്ഷിച്ചതിന് വിപരീതമായി ഘടകകക്ഷി മന്ത്രിമാരെയും ഒതുക്കി കൊണ്ടാണ് ഇക്കുറി മന്ത്രിസഭ രൂപീകരിച്ചത്.
മുൻ മുഖ്യമന്ത്രി പദവിയിൽ നിന്നും കേന്ദ്രമന്ത്രി പദവിയിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ശിവരാജ് സിങ് ചൗഹാനും എച്ച്.ഡി.കുമാരസ്വാമി, മനോഹർ ലാൽ ഖട്ടറുമൊക്കെ ഇതിൽ പെടുന്നു. അതുകൊണ്ട് തന്നെ തലയെടുപ്പുള്ള ഒരു കൂട്ടം കൊമ്പന്മാർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ട്. അതേസമയം കഴിഞ്ഞ മന്ത്രിസഭയിൽ നിർണയ റോൾ വഹിച്ചവരൊക്കെ ഇക്കുറിയും മന്ത്രിമാരായുണ്ട്. ഇത് വികസന തുടർച്ച ലക്ഷ്യമിട്ടാണ്. എന്നാൽ, കഴിഞ്ഞ തവണ ഭരിച്ച വകുപ്പുകൾ തന്നെയാകുമോ പലർക്കും ലഭിക്കുക എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട. അമിത്ഷാ തന്നെയാകുമോ ആഭ്യന്തരം കൈയിലെടുക്കുക എന്നും അറിയണം. ഷാ ധനകാര്യം കൈകാര്യം ചെയ്യുമെന്ന വിധത്തിലും സൂചനകളുണ്ട്.
സഖ്യകക്ഷികളെ ആശ്രയിച്ചാണ് ഭരണഭൂരിപക്ഷം നേടിയതെങ്കിലും അവർക്കു കാര്യമായ തോതിൽ മന്ത്രിസ്ഥാനങ്ങൾ വിട്ടുനൽകാൻ ബിജെപി തയാറായില്ല. വകുപ്പു വിഭജനത്തിലും അത്തരമൊരു സമീപനം സാധ്യമാകുമോയെന്നാണു കാണേണ്ടത്. കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൻസിപി വിട്ടുനിന്നതൊഴിച്ചാൽ, ഘടകക്ഷികളെ കൈകാര്യം ചെയ്യുന്നതിൽ ബിജെപി വിജയിച്ചിരിക്കുകയാണ്. എൻസിപിയുമായുണ്ടായിരിക്കുന്ന അകൽച്ച മഹാരാഷ്ട്രയിലെ സമവാക്യങ്ങളിലും പ്രതിഫലിക്കാം.
ഘടകക്ഷികളുടെ അംഗബലത്തിന് ആനുപാതികമായാണ് അവർക്കുള്ള മന്ത്രിസ്ഥാനവുമെന്നാണ് ആദ്യ നോട്ടത്തിൽ ലഭിക്കുന്ന സൂചന. എൻഡിഎയുടെ മൊത്തം അംഗബലത്തിന്റെ 18 ശതമാനമാണ് ഘടകക്ഷികൾ. മന്ത്രിസഭയിൽ ഇപ്പോൾ നൽകിയിരിക്കുന്ന പ്രാതിനിധ്യവും ഏതാണ്ട് അത്രതന്നെയാണ്. എന്നാൽ, അവർക്ക് ഇടം നൽകിയപ്പോൾ, തങ്ങളുടെ ക്വോട്ടയിൽ കുറവുവരുന്നില്ലെന്നും ബിജെപി ഉറപ്പാക്കി. 2019ൽ ഘടകക്ഷികളുടെ രണ്ടു പേരുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരായിരുന്നു. ഇത്തവണ ഘടകക്ഷികളിൽനിന്ന് 5 പേരെ ഉൾപ്പെടുത്തിയപ്പോൾ കാബിനറ്റിന്റെ അംഗബലം 30 ആക്കി.
ഓരോ സംസ്ഥാനത്തെയും ബിജെപിയുടെ പ്രകടനത്തിന് ആനുപാതികമായാണ് മന്ത്രിസ്ഥാനങ്ങളുടെ എണ്ണമെന്നു തീർത്തുപറയാനാവില്ല. ഒരു സീറ്റ് മാത്രം ലഭിച്ച കേരളത്തിൽനിന്നു രണ്ടു പേർ സഹമന്ത്രിമാരായതും ആരും ജയിക്കാത്ത തമിഴ്നാടിന് കാബിനറ്റിലുള്ള പ്രാതിനിധ്യം തുടരുന്നതും ഉദാഹരണം. യുപിയിൽനിന്നു കഴിഞ്ഞതവണ 14 മന്ത്രിമാരുണ്ടായിരുന്നു; ഇപ്പോഴത് ഒൻപതായി. ബിജെപി 5 സീറ്റ് മാത്രം ജയിച്ച ഹരിയാനയിൽനിന്നു മൂന്നു മന്ത്രിമാരുണ്ട്; 7 സീറ്റും നിലനിർത്തിയ ഡൽഹിയിൽനിന്ന് ഒരാൾമാത്രം. ആകെ നാലു സീറ്റുള്ള ഹിമാചലിൽനിന്നു രണ്ടു മന്ത്രിമാർ വേണ്ടെന്നതാണ് അനുരാഗ് ഠാക്കൂർ ഒഴിവാക്കപ്പെട്ടതിനു സൂചിപ്പിക്കുന്ന കാരണം. സ്മൃതി ഇറാനി ഉൾപ്പെടെ പുറത്താവുന്ന പലർക്കും സംഘടനയിൽ ചുമതലകൾ നൽകിയേക്കും.
ജെ പി നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോൾ പകരം ആരു വരും എന്നതും ചോദ്യമായി ഉയരുന്നു. ശിവരാജ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ധർമേന്ദ്ര പ്രധാൻ എന്നിവരുടെ പേരാണ് നേരത്തെ ഉയർന്നത്. മൂന്നുപേരും മന്ത്രിമാരായി. ബിജെപി അധ്യക്ഷസ്ഥാനത്തേക്കു മറ്റൊരാളെ പരിഗണിക്കുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ തുടങ്ങിയ പേരുകൾ സൂചിപ്പിക്കപ്പെടുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷർ മന്ത്രിസഭയിലെത്തിയതിനാൽ ബംഗാൾ, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലും നേതൃതല അഴിച്ചുപണിക്കു വഴിയൊരുങ്ങി. ഒഡീഷയിൽ മുഖ്യമന്ത്രിസാധ്യത സൂചിപ്പിക്കപ്പെട്ടിരുന്നയാളാണ് ധർമേന്ദ്ര പ്രധാൻ. അദ്ദേഹം മന്ത്രിയായതോടെ, ബൈജയന്ത് പാണ്ഡ, ലോക്സഭാംഗം പ്രതാപ് സാരംഗി, കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ ജി.സി.മുർമു, നിയമസഭാംഗം മോഹൻ ചരൺ മാജി തുടങ്ങിയ പല പേരുകൾ ചർച്ചയിലുണ്ട്.
അതിനിടെ എൻഡിഎ മുന്നണിയിൽ ചില പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. മൂന്നാം നരേന്ദ്ര മോദിസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പേ പിണങ്ങി സഖ്യകക്ഷിയായ എൻ.സി.പി. അജിത് പവാർ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നാണ് എൻ.സി.പി. നിലപാട്. എന്നാൽ, സത്യപ്രതിജ്ഞാചടങ്ങിൽ അജിത് പവാർ പങ്കെടുത്തു. മുൻ വ്യോമയാനമന്ത്രിയായ പ്രഫുൽ പട്ടേലിന് കാബിനറ്റ് പദവി വേണമെന്നാവശ്യമാണ് എൻ.സി.പി. മുന്നോട്ടുവെച്ചത്. അതുനൽകാനാവില്ലെന്നും സ്വതന്ത്രചുമതലയുള്ള സഹമന്ത്രിപദം നൽകാമെന്നായിരുന്നു ബിജെപി. നിലപാട്. അതോടെയാണ് അജിത് പവാറിന്റെ എൻ.സി.പി. കേന്ദ്രമന്ത്രിസഭയിലേക്കില്ലെന്ന തീരുമാനമെടുത്തത്.
എന്നാൽ, ബിജെപി.യും അജിത് പവാർപക്ഷ എൻ.സി.പി.യും തമ്മിൽ ആശയക്കുഴപ്പമില്ലെന്ന് പാർട്ടിനേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു. മുമ്പ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ളതിനാൽ സഹമന്ത്രിസ്ഥാനം വിസമ്മതിച്ചെന്നും അത് തരംതാഴ്ത്തലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി. നേതൃത്വത്തെ ഇക്കാര്യമറിയിച്ചു. കുറച്ചുദിവസം കാത്തിരിക്കാൻ അവർ പറഞ്ഞിട്ടുണ്ട്. പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഫുൽ പട്ടേൽ പറഞ്ഞു.
ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് താനാണെന്നും അതിനാൽ മന്ത്രിസ്ഥാനം വേണമെന്നും എൻ.സി.പി. സംസ്ഥാന അധ്യക്ഷനായ സുനിൽ തത്കരെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പ്രഫുൽ പട്ടേൽ നിലനിൽക്കെ സുനിൽ തത്കരെയുടെ ഈയാവശ്യം ആരും ചെവിക്കൊണ്ടിട്ടില്ല. എൻ.സി.പി. നേതാക്കൾക്കിടയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നുണ്ടെന്ന കാര്യമാണ് തത്കരെയുടെ നിലപാടിലൂടെ വ്യക്തമാകുന്നത്. എൻ.സി.പി.യുടെ ഏക എംപി. സുനിൽ തത്കരെയുടെ ഡൽഹിയിലെ വസതിയിലെത്തി പ്രഫുൽ പട്ടേലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും കൂടിക്കാഴ്ച നടത്തിയിരുന്നു. തത്കരെയും പട്ടേലും തമ്മിൽ ചൂടേറിയ ചർച്ച നടന്നതായാണ് വിവരം. ഛഗൻ ഭുജ്ബലും യോഗത്തിലുണ്ടായിരുന്നു.
അജിത് പവാറിന്റെ ശക്തികുറഞ്ഞെന്ന് ശരദ്പവാർ എൻ.സി.പി. വിഭാഗം നേതാവ് രോഹിത് പവാർ പറഞ്ഞു. നിങ്ങൾ കാരണം ഞങ്ങൾക്ക് നേട്ടമുണ്ടായില്ല എന്ന സന്ദേശം ബിജെപി. നൽകിക്കഴിഞ്ഞു. അജിത് പവാർ വിഭാഗത്തിൽനിന്ന് 19 എംഎൽഎ.മാർ, ശരദ് പവാറിനൊപ്പം ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്സഭാതിരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകാതെ അജിത് പവാറിനെ പ്രതിസന്ധിയിലാക്കിയ ബിജെപി. ഈ നിലപാട് തുടർന്നാൽ അജിത് പവാർ വിഭാഗത്തിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ ആഴംകൂടും.