ന്യൂഡൽഹി: ഡൽഹി മദ്യനയ കേസ് കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇഡി അന്വേഷിക്കുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഇഡി വളറെ ധൃതി പിടിച്ചാണ് അദ്ദേഹത്തിന്റെ പിന്നാലെ കൂടി ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്. ഹിന്ദി ബെൽറ്റിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്ന നേതാവാണ് കെജ്രിവാൾ, തന്ത്രങ്ങളുടെ ബുദ്ധിരക്ഷസൻ. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ പൂട്ടാൻ കേന്ദ്രസർകക്കാൽ പലവഴിയും പയറ്റിയത്. നേരത്തെ ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ചു അടക്കം ഡൽഹി സർക്കാറിന്റെ അധികാരങ്ങൾ കേന്ദ്രം കവർന്നിരുന്നു. ഇതെല്ലാം ഫെഡറൽ നിയമങ്ങളുടെ ലംഘനമാണെന്ന് ആം ആദ്മി ആവർത്തിച്ചിട്ടും കേന്ദ്രം കുലുങ്ങിയില്ല.

ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കവേയാണ് കെജ്രിവാൾ അറസ്റ്റു ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ മൗനത്തെ ബിജെപിയും ഭയക്കുന്നുണ്ടോ എന്ന് സംശയിക്കണം. കാരണം പൂജ്യത്തിൽ നിന്നും വളർന്നു ഡൽഹിക്കാരുടെ ഹൃദയം നേടിയ നേതാവാണ് കെജ്രിവാൾ. ഡൽഹിയിൽ നിന്നും പഞ്ചാബിൽ അധികാരം പിടിച്ചതും കെജ്രിവാളിന്റെ ബുദ്ധിയിലാണ്. ഇഡിയെ ഉപയോഗിച്ചു തെരഞ്ഞെടുപ്പു അടുത്തതിന് ശേഷം അദ്ദേഹത്തെ അറസ്റ്റു ചെയ്തതിൽ സുപ്രീംകോടതി ഇടപെടലും നിർണായകമാകും.

കോടതി കെജ്രിവാളിന് ജാമ്യം നൽകിയാൽ പുറത്തുവരുന്ന കെജ്രിവാൾ ഇരട്ടക്കരുത്തനാകുമെന്ന് ഉറപ്പാണ്. ഒമ്പതുവട്ടം സമൻസുമായി ഇ.ഡി. വട്ടംകറങ്ങിയത് അറസ്റ്റിന്റെ കരുക്കൾ നീക്കിയാണെന്ന സൂചന ആപ്പിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും അണിയറയിൽ നേരത്തേ പരന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കി നിൽക്കെയുണ്ടായ അറസ്റ്റ് രാജ്യംകണ്ട വ്യത്യസ്തമായ രാഷ്ട്രീയപരീക്ഷണത്തിന്റെ ചരിത്രത്തിലും ദേശീയരാഷ്ട്രീയത്തിലും മായാനെളുപ്പമല്ലാത്ത ദിവസം.

ഇ.ഡി.യെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന ആരോപണം ആവലാതിയായി ഉയർത്തുന്നതിനിടയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാവിനെത്തന്നെ അഴിക്കുള്ളിലാക്കി സൃഷ്ടിച്ച ആഘാതം പ്രതിപക്ഷ ക്യാമ്പിനെ അമ്പരപ്പിലാഴ്‌ത്തിയിട്ടുണ്ട്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അറസ്റ്റിലായതിനുശേഷം കെജ്രിവാളും തിരഞ്ഞെടുപ്പ് കളത്തിൽനിന്നും രാഷ്ട്രീയത്തിൽനിന്നും താത്കാലികമായെങ്കിലും മാറിനിൽക്കേണ്ടി വരുന്നത് ഇന്ത്യസഖ്യത്തിന് തിരിച്ചടിയാകും.

ബിജെപിയെ നേരിടാൻ കോൺഗ്രസുമായി കൈകോർത്ത് സുഗമമായ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കളത്തിലിറങ്ങുമ്പോഴാണ് തിരിച്ചടി. ഡൽഹിയിൽ മാത്രമല്ല, പഞ്ചാബിന്റെ രാഷ്ട്രീയത്തിലും കെജരിവാളിന്റെ അഭാവം നിഴലിക്കും. എന്നാൽ പുറത്തുനിൽക്കുന്നതിനെക്കാൾ കരുത്ത് അഴികൾക്കകത്ത് കിടക്കുമ്പോഴാണെന്ന ചരിത്രത്തിന്റെ ആവർത്തനം അടിയന്തരാവസ്ഥയിലെന്ന പോലെ ഓർമപ്പെടുത്തിയാൽ തിരഞ്ഞെടുപ്പ് ഫലം ഡൽഹിയിൽ മറ്റൊന്നാകാം.

തങ്ങളുടെ ജനകീയനായ മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തതിനോട് ഡൽഹി ജനത എങ്ങനെ പ്രതികരിക്കും എന്നതും നിർണയകമാണ്. ഇ.ഡി.യും അന്വേഷണവും അറസ്റ്റും ജനപിന്തുണയുടെ അളവേറ്റിയാൽ വിധി മാറി മറിഞ്ഞേക്കാമെന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. ഡൽഹിയിൽ കോൺഗ്രസും ആപ്പും കൈകോർത്തതിന്റെ ആശങ്കയാണ് തിടുക്കപ്പെട്ടുള്ള നീക്കത്തിന്റെ ഉള്ളടക്കമെന്നും അവർ സംശയിക്കുന്നു.

തെലങ്കാനയിലെ ബി.ആർ.എസ്. നേതാവ് കെ. കവിതയെ മദ്യനയക്കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ട് ദിവസങ്ങളായില്ല. ടി.എം.സി നേതാവും മുൻ ലോക്സഭാംഗവുമായ മഹുവ മൊയ്ത്രക്കെതിരെ ചോദ്യക്കോഴക്കേസിൽ സിബിഐ അന്വേഷണം മുറുകുന്നു. ഡൽഹിയിലെ ആപ് രാഷ്ട്രീയത്തിലെ രണ്ടാം മുഖവുമായ മനീഷ് സിസോദിയ മദ്യനയക്കേസിൽ 14 മാസമായി ജയിലിലാണ്. അതേ കേസിൽ ആപ്പിന്റെ രാജ്യസഭാംഗം സഞ്ജയ് സിങ് അഞ്ചുമാസമായി ജയിലഴിക്കുള്ളിൽ.

കള്ളപ്പണക്കേസിൽ മുൻ ആപ് മന്ത്രി സത്യേന്ദ്ര ജയിൻ രണ്ടുവർഷമായി തിഹാർ ജയിലിനുള്ളിൽ. ഇ.ഡി.യുടെ തിരച്ചിൽ വാഹനം പ്രതിപക്ഷത്തിന്റെ റോഡ്മാർഗം വീണ്ടും യാത്ര തുടരുമ്പോൾ, തിരഞ്ഞെടുപ്പ് രാഷ്ട്രീയം വീണ്ടും പൊള്ളുന്നു. കെജ്രിവാളിന്റെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി ഒരുങ്ങുകയാണ്. എല്ലാ ബിജെപി ഓഫിസുകളിലേക്കും മാർച്ച് സംഘടിപ്പിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു. ഇതേത്തുടർന്ന്, ഡൽഹിയിൽ ഉൾപ്പെടെ ബിജെപി ഓഫിസുകൾക്ക് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

കെജ്രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമുയരുകയാണ്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ വേട്ടയാടലിന്റെ ഭാഗമാണെന്നും ആരോപിച്ച് ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികൾ രംഗത്തെത്തി. ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കെജ്രിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും.