- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് തീരുമാനത്തിൽ 45 കൊല്ലം മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അച്ഛൻ; ഇടത്തേക്ക് കൂറുമാറിയെങ്കിലും 82ൽ തിരിച്ചെത്തി സീനിയറായ കോൺഗ്രസിന്റെ ദേശീയ മുഖം; 2023ൽ ഇന്ദിരയുടെ കൊച്ചുമകൻ രാഹുലിനെ തള്ളി പറഞ്ഞ് മകൻ പോകുന്നത് ബിജെപിയിലേക്ക്; അഞ്ജനത്തിൽ 'ആന്റണി' തനിച്ചാകുമ്പോൾ
തിരുവനന്തപുരം: മൂത്ത മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരുമ്പോൾ അച്ഛൻ എകെ ആന്റണി മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തെ അഞ്ജനത്തിൽ. ഈശ്വരവിലാസം റോഡിലെ വീട്ടിലെത്തിയ മാധ്യമ പ്രവർത്തകരോട് മൂത്ത മകനോട് രാഷ്ട്രീയം സംസാരിച്ചിട്ട് കുറച്ചു കാലമായെന്ന് പറഞ്ഞ് ഒഴിഞ്ഞ അച്ഛൻ. കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വ്യക്തിയായിരുന്നു എകെ ആന്റണി. പ്രതിരോധ മന്ത്രിയായിരുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി. സോണിയാ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷയായതോടെ കോൺഗ്രസിലെ ദേശീയ രാഷ്ട്രീയത്തിൽ പ്രധാന വാക്കായ നേതാവ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം അടക്കം പ്രഖ്യാപിച്ച വ്യക്തി. സീനിയോറിട്ടിയിൽ കോൺഗ്രസിലെ മൂന്നാമൻ. ഇങ്ങനെ കോൺഗ്രസിൽ വിശേഷണം ഏറെയുള്ള എകെ ആന്റണിയുടെ മകനാണ് കോൺഗ്രസിനെ വിട്ട് ബിജെപിയിലേക്ക് വരുന്നത്.
ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. വീട്ടിൽ നാലു പേരുണ്ട്. നാലുപേർക്കും വ്യത്യസ്തമായ അഭിപ്രായമുണ്ട്. അച്ഛനും അമ്മയും പഠിപ്പിച്ചത് മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനാണ്. സ്വന്തം ഇഷ്ടത്തിന് തീരുമാനം എടുക്കാനും അനുവാദം നൽകിയിരുന്നു. ഇത് അനുസരിച്ചാണ് തീരുമാനം-അനിൽ ആന്റണി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. അച്ഛൻ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചെന്നും സജീവ രാഷ്ട്രീയത്തിൽ ഇല്ലെന്നും പറഞ്ഞ അനിൽ ആന്റണി അച്ഛനുമായി ഒരിക്കലും രാഷ്ട്രീയത്തിലും സംസാരിച്ചിട്ടില്ലെന്നും വിശദീകരിക്കുന്നു. അച്ഛന്റെ വിശ്വാസ്യതയ്ക്ക് തന്റെ ബിജെപി പ്രവേശനം കോട്ടമൊന്നും ഉണ്ടാക്കില്ലെന്ന് പറയുകയും ചെയ്യുന്നു മകൻ. എന്നാൽ ആന്റണിയെന്ന അച്ഛന് ഇതൊരു വലിയ പ്രതിസന്ധിയാണ്. സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടെങ്കിലും ഇനി കോൺഗ്രസിൽ ആന്റണിയുടെ വാക്കുകൾ ആരെങ്കിലും കേൾക്കുമോ എന്നതാണ് നിർണ്ണായകം. അഞ്ജനത്തിൽ ആന്റണി തനിച്ചാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വൈക്കം സത്യാഗ്രഹത്തിന്റെ ആഘോഷങ്ങൾ കോൺഗ്രസ് വിപുലമായി നടത്തി. ഈ വേദിയിൽ നിന്ന് പോലും ആന്റണി വിട്ടു നിന്നിരുന്നു. ഇതിന് കാരണം മകന്റെ ബിജെപി അനുകൂല മനോഭാവവും മറ്റും തിരിച്ചറിഞ്ഞ സാഹചര്യത്തിലായിരുന്നു. മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോൺഗ്രസിൽ നിന്നടക്കം രൂക്ഷമായ വിമർശനം നേരിട്ട അനിൽ ആന്റണി പാർട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം ഒഴിഞ്ഞിരുന്നു. അന്ന് മുതൽ തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് അച്ഛനായ ആന്റണിയും കൂടുതൽ അകലം പാലിച്ചു. പിന്നീട് പാർട്ടി വിടുകയും ചെയ്തു. അടുത്തിടെ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും അനിൽ ആന്റണി പുകഴ്ത്തുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി പരിഹസിച്ചതിന് പിന്നാലെ സവർക്കറെ പിന്തുണച്ചും അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബിജെപിയിലേക്ക് അനിൽ ആന്റണി ഔദ്യോഗിക പ്രവേശം നേടിയിരിക്കുന്നത്.
പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്നറിയപ്പെടുന്ന എ.കെ.ആന്റണി. 2006 മുതൽ 2014 വരെ പ്രതിരോധ വകുപ്പ് മന്ത്രി. 1977-1978, 1995-1996, 2001-2004 കാലയളവുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രി. 1996 മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1977-ൽ ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. 2022 ഏപ്രിൽ രണ്ടിന് രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവമായി തുടർന്നിരുന്ന ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആന്റണി തിരുവനന്തപുരത്ത് വഴുതക്കാട് ഉള്ള വീട്ടിൽ വിശ്രമജീവിതത്തിലാണ്.
1977 ഏപ്രിൽ 27 ന് ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ ആന്റണിക്ക് വെറും 37 വയസു മാത്രമായിരുന്നു പ്രായം. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആന്റണിയാണ്. ആദ്യമായി മുഖ്യമന്ത്രിയായ ശേഷം നടന്ന 1977-ലെ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായി. എന്നാൽ തൊട്ടടുത്ത വർഷം അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978-ൽ അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ച്ചു. ഏറെ വൈകാതെ തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു. അതായത് ഇന്ദിരാ ഗാന്ധിക്കെതിരെ വിയോജിച്ച് കോൺഗ്രസ് വിട്ട നേതാവിന്റെ മകനാണ് അനിൽ ആന്റണി.
അന്ന് യു.ഡി.എഫ് വിട്ട കേരള കോൺഗ്രസിലെ കെ.എം. മാണി വിഭാഗത്തിനേറെയും കോൺഗ്രസ് പാർട്ടിയിലെ (എ) ഗ്രൂപ്പിന്റെയും പിന്തുണയോടെ 1980-ൽ കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തി ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. എന്നാൽ അടുത്ത വർഷം 1981-ൽ മാണി വിഭാഗവും കോൺഗ്രസ് (എ) ഗ്രൂപ്പും ഇടതുമുന്നണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ഐക്യ ജനാധിപത്യ മുന്നണിയിലേയ്ക്ക് ചേക്കേറി. ഇതോടെ ഇ.കെ. നായനാർ രാജിവയ്ച്ചു. 1982 ഡിസംബറിൽ എ.കെ. ആന്റണിയുടെ (എ) ഗ്രൂപ്പും കെ. കരുണാകരൻ നേതൃത്വം നൽകിയ (ഐ) ഗ്രൂപ്പും തമ്മിൽ ലയിച്ചതോടെ കെ. കരുണാകരനു ശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ രണ്ടാമത്തെ സീനിയർ നേതാവായി എ.കെ. ആന്റണി മാറി. പിന്നീട് കരുണാകരനെ മാറ്റി മുഖ്യമന്ത്രിയായി. പിന്നെ കേരളത്തിലെ കോൺഗ്രസിന്റെ ദേശീയ മുഖമായും മാറി.
1978ൽ ആൻണി ഇന്ദിരാ ഗാന്ധിയെ തള്ളി പറഞ്ഞു. 45 കൊല്ലത്തിന് ശേഷം 2023ൽ മകൻ അനിൽ ആന്റണി രാഹുൽ ഗാന്ധിയേയും. ഇന്ദിരയെ തള്ളി പറഞ്ഞ ആന്റണി പുതിയ പാർട്ടിയാണ് അന്നുണ്ടാക്കിയതെങ്കിൽ മകൻ ബിജെപിയിൽ ചേരുന്നുവെന്നതാണ് വസ്തുത.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)
മറുനാടന് മലയാളി ബ്യൂറോ