- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകനും ഭാര്യയും ബിജെപി പക്ഷത്ത്; 'എ' ഗ്രൂപ്പിനെ അനാഥമാക്കി ഉമ്മൻ ചാണ്ടിയുടെ മടക്കം; സതീശനേയും സുധാകരനേയും ശാസിച്ച് ആന്റണി നൽകുന്നത് ഇനി കൂടുതൽ ശ്രദ്ധ പാർട്ടിയിൽ എന്ന സൂചന; ഗ്രൂപ്പ് നേതാവാകാൻ വീണ്ടും എകെ എത്തുമോ?
തിരുവനന്തപുരം: സാധാരണ വലിയ അഭിപ്രായങ്ങൾ കേരളത്തിലെ കോൺഗ്രസ് വേദിയിൽ എകെ ആന്റണി പറയാറുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ അതു മാറ്റി പിടിച്ചു കോൺഗ്രസ് പ്രവർത്തക സമിതി അംഗം. കോൺഗ്രസ് നേതൃയോഗത്തിൽ ചിലത് പറഞ്ഞു. തന്റെ വാക്കുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിക്കുകയായിരുന്നു ആന്റണി. മൂത്ത മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് കൂടുമാറി. ഭാര്യയും മകനൊപ്പമാണ് രാഷ്ട്രീയ മനസ്സ് എന്ന് പ്രഖ്യാപിച്ചത് കേരളം കേട്ടു. ഇതിന് പിന്നാലെയാണ് കെപിസിസിയിലെ ആന്റണിയുടെ ഉപദേശം ചർ്ച്ചകളിൽ എത്തുന്നത്.
'കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അവസാനവാക്ക് കെപിസിസി. പ്രസിഡന്റും പ്രതിപക്ഷനേതാവുമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, നിങ്ങൾ എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകണം. നിങ്ങൾ തമ്മിലുള്ള തർക്കങ്ങളും അവസാനിപ്പിക്കണം. ഞാനിങ്ങനെ പറയുന്നതിൽ നിങ്ങൾക്കെന്ത് തോന്നിയാലും എനിക്ക് പ്രശ്‌നമില്ല'. കെപിസിസി. എക്‌സിക്യുട്ടീവിൽ നേതൃത്വത്തിലെ അകൽച്ചയ്‌ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു ആന്റണി. രാഷ്ട്രീയകാര്യസമിതിയിൽ ഉയർന്ന അഭിപ്രായങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ആന്റണിയുടെ വാക്കുകൾ.
ലോക്സഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണെന്നും ഒരുമിച്ചുനിന്ന് അത് നേരിടണമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശിച്ചതിനു പിന്നാലെയായിരുന്നു ആന്റണിയുടെ പ്രസംഗം. ഏവരേയും ഞെട്ടിച്ചു, സതീശനെതിരായ ഒളിയമ്പായിരുന്നു അതെന്നാണ് വിലയിരുത്തൽ. ആന്റണിയുടെ പേരിലാണ് കോൺഗ്രസിലെ എ ഗ്രൂപ്പ്. എന്നാൽ കുറേ നാളായി ഈ ഗ്രൂപ്പിനെ നയിച്ചത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന നാഥനില്ലാതെയായി. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് നേതൃത്വം ആന്റണി ഏറ്റെടുക്കുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഏതായാലും ഇനി കേരളത്തിലെ കോൺഗ്രസിൽ താൻ അഭിപ്രായം പറയുമെന്നതിന്റെ സൂചനയാണ് ആന്റണിയുടെ വാക്കുകൾ.
ഭരണം നടത്താൻ പ്രാപ്തരെന്നു നമ്മൾ പറയുന്നവർ കുട്ടികളെക്കാളും മോശമാകുന്നുവെന്ന് ആന്റണി വിമർശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മൈക്കിനു വേണ്ടി സുധാകരനും സതീശനും തമ്മിൽ നടന്ന പോരിനെ സൂചിപ്പിച്ചായിരുന്നു ആന്റണിയുടെ വിമർശനം. പാർട്ടിയുടെ പുനഃസംഘടന എന്നത് യോഗ്യരായവരെ വച്ചാകണമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. പാർട്ടിയെ ഒന്നായി നയിക്കേണ്ടവർ തന്നെ പരസ്പരം പരസ്യമായി പോരടിക്കുന്നത് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ പ്രതീക്ഷ നൽകുന്നത് എ ഗ്രൂപ്പുകാർക്കാണ്. എ ഗ്രൂപ്പിനെ നയിക്കാൻ വീണ്ടും ആന്റണി എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
പാർട്ടിയിൽ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി. പ്രസിഡന്റും പ്രതിപക്ഷനേതാവുമാണ്. അവർ തമ്മിലാണ് പരസ്പരം നേർക്കുനേർ നിൽക്കുന്നത്. ഇത് ജനം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓർക്കുന്നത് നല്ലതാണ്. നാട് ഭരിക്കാൻ യോഗ്യരാണെന്ന് നമ്മൾ പറയുമ്പോഴാണ് കുട്ടികളെക്കാളും ചെറുതായികൊണ്ട് ഇവർ പരസ്പരം ഏറ്റുമുട്ടുന്നത്. അത് ഗുണകരമാവില്ല. പരസ്പരം ഒന്നിച്ചുപോകാനാവില്ലെങ്കിൽപോലും ഐക്യമുണ്ടെന്ന് അണികളെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വരുന്ന തെരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് പ്രയോജനപ്പെടുത്തേണ്ടതെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു. എന്നാൽ, അത് ശരിയായ രീതിയിൽ ഉപയോഗിക്കാൻ വേണ്ട സംഘടനാസംവിധാനമോ മുന്നൊരുക്കമോ പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്ന, തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന സുനിൽ കനഗാലുവിന്റെ നിരീക്ഷണവും യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. അതിനു വേണ്ട ഒരു പ്രവർത്തനവും പാർട്ടി തലത്തിൽ നടക്കുന്നില്ലെന്ന വിമർശനവും ഉണ്ടായി. മിക്കവാറും ഡി.സി.സി. പ്രസിഡന്റുമാർക്കെതിരേയായിരുന്നു വിമർശനം. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തനം ശക്തമാക്കാൻ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം അനിവാര്യമാണെന്ന പൊതുവികാരമാണ് എല്ലാവരും പ്രകടിപ്പിച്ചത്.
ഏറ്റവും കഴിവുള്ളവരെയാകണം ആ സ്ഥാനത്തേക്ക് വയ്ക്കേണ്ടത്. എന്നാൽ യോഗ്യതയില്ലാത്തവരെയാണ് പലേടത്തും പരിഗണിക്കുന്നത്. നിയമനം വൈകിക്കുന്ന തരത്തിൽ വലിയ പരാതികൾക്ക് ഇത് വഴിവയ്ക്കുന്നുണ്ട്. പല ജില്ലകളിലും ഡി.സി.സി. പ്രസിഡന്റുമാരുടെ പ്രവർത്തനം പ്രതീക്ഷിക്കുന്ന രീതിയിൽ ഉയരുന്നില്ലെന്നും പരാതിയുണ്ടായി. പലരും ഏകാധിപത്യപ്രവണതയുമായി മുന്നോട്ടുപോകുകയാണ്. എന്നാൽ യുവാക്കളായ ചിലർ പ്രതീക്ഷകൾ നൽകുന്നുണ്ട്. പക്ഷേ, പരിണിതപ്രജ്ഞരെന്ന് അവകാശപ്പെടുന്നവരുടെ പ്രവർത്തനം വേണ്ട രീതിയിൽ ഉയരുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
പ്രവർത്തിക്കാൻ കഴിയാത്ത ഭാരവാഹികൾ സ്വയം സ്ഥാനം ഒഴിയണമെന്ന് കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ കടുപ്പിച്ചു. ചില ഡി.സി.സി.കളെ പേരെടുത്തും സുധാകരൻ പരാമർശിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഏറ്റെടുത്ത വലിയ പരിപാടിയായ 'ഹാഥ് സെ ജോഡോ യാത്ര' സംസ്ഥാനത്ത് വേണ്ട രീതിയിലല്ല നടന്നതെന്ന് വേണുഗോപാൽ പറഞ്ഞു. നമ്മെക്കാൾ സമർഥർ പുറത്തുണ്ടെന്ന കാര്യം ഭാരവാഹികൾക്ക് ഓർമവേണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പുനഃസംഘടനയിൽ എംപി.മാരെ കക്ഷിയാക്കേണ്ടെന്നും വിവാദത്തിൽപ്പെടുത്തരുതെന്നും കെ.മുരളീധരൻ പറഞ്ഞു. പ്രസ്താവനകളിലൂടെ എംപി.മാരും വിവാദത്തിൽപ്പെടരുതെന്ന് സുധാകരൻ പറഞ്ഞു. വിവാദമുണ്ടാകുന്നത് തെളിവുസഹിതം ചാനലുകളിലൂടെ വരുന്നുണ്ടല്ലോയെന്ന് മുരളീധരൻ മറുപടി നൽകി. സർക്കാരിനെതിരേ ശക്തമായ വികാരമാണ് നിലനിൽക്കുന്നതെന്ന വിലയിരുത്തലുമുണ്ടായി. ബിജെപി. ഇതര സർക്കാർ എന്നതിനൊപ്പം സർക്കാരിനെതിരേ ഉയരുന്ന അഴിമതിയാരോപണങ്ങളും മറ്റും ശക്തമായി ഉന്നയിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ