- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിജെ ആർമിക്ക് പിന്നിൽ തില്ലങ്കേരി ഗ്യാങ്; റിസോർട്ട് വിവാദം ആളിക്കത്തിച്ച 'പിജെ'യ്ക്ക് അണികളെ ഇല്ലാതാക്കാൻ തില്ലങ്കേരിയിലെ പൊതു യോഗം; ആകാശിനേയും കൂട്ടരേയും തള്ളി പറയേണ്ട ഉത്തരവാദിത്തം ചെന്താരകത്തിന്; അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കണമെന്ന് ആവശ്യം; ഇപി-എംവി നീക്കം ഫലിക്കുമ്പോൾ
കണ്ണൂർ: സിപിഎമ്മിനെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാൻ സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെ രംഗത്തിറക്കുമ്പോൾ ജയിക്കുന്നത് ഇപി ജയരാജ തന്ത്രം. പി ജയരാജനെ അണികൾക്കിടയിൽ അനഭിമതനാക്കുകയാണ് ലക്ഷ്യം. തില്ലങ്കേരിയെ പോലുള്ളവരുടെ ഉറച്ച പിന്തുണയാണ് പിജെയെ കണ്ണൂരിലെ ചെന്താരകമാക്കിയത്. തില്ലങ്കേരിമാരെ ഒതുക്കിനിർത്തി വിവാദം അവസാനിപ്പിക്കാൻ പി.ജയരാജൻ തന്നെ വേണമെന്നു തീരുമാനിക്കാൻ കാരണം പിജെ ആർമിയെ ഇല്ലായ്മ ചെയ്യലാണ്.
പി.ജയരാജന്റെ തണലിൽ വളർന്നവരാണ് തില്ലങ്കേരിയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണ യോഗത്തിൽ പി.ജയരാജൻ പങ്കെടുക്കണമെന്നു സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്. ഇപി ജയരാജനെതിരെ പിജെ റിസോർട്ട് വിവാദം ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ ഇപിയെ തള്ളിക്കളയാത്തവരാണ് പിജെയെ ഇറക്കി തില്ലങ്കേരിയെ തളയ്ക്കുന്നത്. തില്ലങ്കേരിയിൽ നാളെ വൈകിട്ട് 5ന് പൊതുയോഗത്തിൽ പി.ജയരാജൻ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിക്കും. നേരത്തേ ജില്ലാ സെക്രട്ടറി എം വിജയരാജൻ പങ്കെടുക്കാനായിരുന്നു തീരുമാനം. പിന്നീട് പി ജയരാജൻ എന്ന പിജെയെ സമ്മേളനത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പരസ്യമായി തന്നെ തില്ലങ്കേരി ഗ്യാങിനെ പിജെയ്ക്ക് തള്ളി പറയേണ്ടി വരും.
ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്ക് പി.ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. പി.ജയരാജനു വേണ്ടിയുള്ള പ്രചാരണവുമായി ആകാശും കൂട്ടരും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. ആകാശ് ക്യാംപ് ആരാധിക്കുന്ന പി.ജയരാജനെ തന്നെ തില്ലങ്കേരിയിൽ എത്തിച്ച് ഈ ടീമിനെ പാർട്ടി വീണ്ടും തള്ളി പറയാനാണ് ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ വനിത നേതാവിനെ അപമാനിച്ച കേസിൽ ആകാശിന്റെ ടവർ ലൊക്കേഷൻ പോലും കണ്ടെത്താനാവുന്നില്ലെന്ന് പൊലീസ് പറഞ്ഞത് നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപണം.
രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.ജയരാജനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതോടെ പ്രചാരണ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തുകയായിരുന്നു. എം വിജയരാജനും യോഗത്തിൽ പങ്കെടുക്കും. വിവാദം ഒതുക്കി മുഖം രക്ഷിക്കാൻ, കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിക്കുകയെന്ന തന്ത്രമാണ് സിപിഎം സ്വീകരിക്കുന്നത്. കണ്ണൂരിൽ പിജെയെ പിന്തുണയ്ക്കുന്നവരെ പാർട്ടിയിൽ നിന്ന് അകറ്റുകയാണ് ഇതിലൂടെ ലക്ഷ്യം. തില്ലങ്കേരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി മട്ടന്നൂരിൽ സിപിഎം യോഗം ചേർന്നിരുന്നു. പാർട്ടിക്കെതിരെ പരസ്യമായി വെല്ലുവിളിയുയർത്തുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരുമായി ചങ്ങാത്തം വേണ്ടെന്ന നിർദ്ദേശമാണ് എം വിജയരാജൻ നൽകിയത്. പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം.
ആകാശ് തില്ലങ്കേരി, സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരുമായി സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടാൻ പോയ പാർട്ടി അംഗങ്ങളെ സിപിഎം വിലക്കിയതിനെ തുടർന്ന് അവർ പിൻവാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമത്തിൽ നടന്ന ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു പാർട്ടി നിർദ്ദേശപ്രകാരമാണ് കൊല നടത്തിയതെന്ന തരത്തിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്. പാർട്ടിക്ക് കൊലയിൽ ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് പൊതു യോഗം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ യോഗത്തിൽ പിജെ എത്തണമെന്ന തീരുമാനമെടുത്തത്. പിന്നാലെ യോഗത്തിൽ പങ്കെടുക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി.ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
ആകാശിന് മറുപടി പറയേണ്ടതില്ലെന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. പിന്നീട് അത് പിജെ പറയട്ടേ എന്നാക്കി. ഫലത്തിൽ ഇപി ജയരാജനും എംവി ജയരാജനുമാണ് വിജയിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ ഒഴിവു വന്ന പാർട്ടി സെക്രട്ടറിയേറ്റ് അംഗമെന്ന പദവിയിലേക്ക് പിജെയെ പരിഗണിക്കുമെന്ന സൂചനയും ഉണ്ട്. ഇത് നൽകിയാണ് യോഗത്തിന് പിജെയെ എത്തിക്കുന്നത്. എന്നാൽ അവസാന നിമിഷം ഈ പദവി പിജെയ്ക്ക് കൊടുക്കില്ലെന്ന് കരുതുന്നവരുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദം തീർക്കാനാണ് ശ്രമം.
ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന വിവരത്തെത്തുടർന്ന് തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ