- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്ക് പുറത്തേക്ക് സ്വയം വഴി വെട്ടുന്നുവോ പി.ജയരാജൻ?
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് ആരോപിച്ചതോടെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ വെട്ടിലായി. മനു തോമസ് ഒരു പ്രമുഖപത്രത്തിന് നൽകിയ ആരോപണമാണ് പാർട്ടിക്കുള്ളിൽ കത്തി പടരുന്നത്. അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ് സ്വർണ കടത്ത് സംഘത്തിന്റെ സംരക്ഷകനെന്നാണ് മനു തോമസ് തുറന്നടിച്ചത്. ഇതിൽ പ്രകോപിതനായ പി.ജയരാജൻ മനു തോമസിന്റെ തലശേരിയിലെയും തളിപ്പറമ്പിലെയുംബിസിനസ് ബന്ധങ്ങളെ കുറിച്ചു പരാമർശിച്ചതോടെ വിവാദങ്ങൾ കത്തിപടരുകയായിരുന്നു.
ഇതിന് മറുപടിയായാണ് സ്വർണക്കടത്ത് -സൈബർ ക്വട്ടേഷൻ സംഘങ്ങളായ ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കി മാരെയും കാറിൽ കയറ്റിക്കൊണ്ടു നടന്ന് സംരക്ഷിച്ചതും വൻ വൃക്ഷങ്ങളായി വളർത്തിയതും പി.ജയരാജനാണെന്ന് മനു തോമസ് തുറന്നടിച്ചത്. 2019ൽ പി.ജയരാജെനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് വ്യക്തി പൂജാ വിവാദം മാത്രമല്ല കാരണമെന്നാണ് പുറത്തുവരുന്ന വിവരം പോരാളി ഷാജി, റെഡ് ആർമി ചെങ്കതിർ, ചെങ്കോട്ട തുടങ്ങിയ ഇടതു അനുകൂല സൈബർ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ കോർഡിനേറ്റ് ചെയ്യുന്നത് പി.ജയരാജന്റെ ഗൾഫിൽ ജോലി ചെയ്യുന്ന മകൻ ജയ്ൻ രാജാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.
ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും നടത്തുന്ന സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റായി പ്രവർത്തിക്കുന്നതും ജയിൻ രാജാണെന്ന ആരോപണം പി.ജയരാജനെ ആരാധിക്കുന്ന പാർട്ടിയിലെ സൈബർ ക്വട്ടേഷൻ സംഘങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പി.ജയരാജന്റെ അടുത്ത അനുയായി അറിയപ്പെടുന്ന യുവജന കമ്മിഷൻ അധ്യക്ഷൻ എം. ഷാജറിനതിരെ മനുതോമസ് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ നൽകിയ പരാതികളാണ് നടപടിയെടുക്കാതെ മാറ്റിവെച്ചത്. ഇതേ തുടർന്നാണി മനു തോമസ് പാർട്ടി അംഗത്വം പുതുക്കാതെ മാറി നിന്നത് എന്നാൽ മനു തോമസ് ഇപ്പോൾ പി ജയരാജനും കുടുംബത്തിനെതിരെയും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിൻതുണയുമായി പാർട്ടി നേതാക്കളിൽ ചിലർ അണിയറയിൽ കളിക്കുന്നുണ്ട്.
തെറ്റു തിരുത്തൽ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ വിമർശനമുയർത്തുകയെന്നതാണ് ലക്ഷ്യം. 2021ൽ ചേർന്ന പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തലമുതർന്ന നേതാവും ട്രേഡ് യൂനിയൻ സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന നേതാവ് പി.ജയരാജനെ വിമർശിച്ചിരുന്നു. സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളെ പി.ജയരാജൻ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം ഇതിനെ തുടർന്ന് പി.ജയരാജൻ പ്രകോപിതനാവുകയും ചാടിയെഴുന്നേറ്റ് ആരോപണം ഉന്നയിച്ച തലമുതിർന്ന നേതാവിനെ ചോദ്യം ചെയ്യുകയുമായിരുന്നു വാക്കേറ്റത്തിനും കൈയാങ്കളിയുടെ വക്കത്ത് എത്തിയ ഈ സംഭവം പാർട്ടിക്കുള്ളിൽ വൻ വിവാദമായി മാറിയിരുന്നു.
ജില്ല കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇരു നേതാക്കളെ പിടിച്ചു മാറ്റുകയും അനുനയിപ്പിക്കുകയുമായിരുന്നു. ഇതു പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇരു നേതാക്കളെയും ശാസിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടു തുടങ്ങിയ പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദനുമായി അടുപ്പം സ്ഥാപിച്ചു വീണ്ടും പാർട്ടി മെയിൻ സ്ട്രീമിലേക്ക് കടന്നു വരാൻ ശ്രമിക്കുകയായിരുന്നു ഇതിന്റെ ഭാഗമായാണ് ഗോവിന്ദനെ നിരന്തരം വെല്ലുവിളിക്കുന്ന ഇ.പി ജയരാജനെതിരെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടുയർത്തിയ വിമർശനങ്ങൾ.
എന്നാൽ കണ്ണൂരിൽ പി.ജയരാജനെതിരെ പൂർണമായും നേതാക്കൾ തിരിഞ്ഞിരിക്കുകയാണ്. കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. ശൈലജ മാത്രമേ പാർട്ടിക്കുള്ളിൽ പി.ജയരാജനെ പിൻതു കയ്ക്കുന്നുള്ളു. തെറ്റു തിരുത്തൽ നടപടിയുടെ ഭാഗമായി അതീവ ഗുരുതരമായ ആരോപണങ്ങൾക്കിരയായ പി.ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടി ഏരിയാ അവലോകന യോഗങ്ങളിൽ ഉയർന്നിട്ടുണ്ട് വരും ദിനങ്ങളിൽ ലോക്കൽ ബ്രാഞ്ച് തലങ്ങളിലും ഇതു ശക്തമാകാനാണ് സാധ്യത. ഇതോടെ പാർട്ടിക്ക് പുറത്തേക്ക് സ്വയം വഴി വെട്ടുകയാണ് പി. ജയരാജനെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് എതിരെ നടക്കുന്ന സൈബർ യുദ്ധത്തിന്റെ ഭാഗമായി പോരാളി ഷാജിയും രംഗത്തെത്തി. തന്റെഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി രംഗത്തെത്തിയത്. മനു തോമസ് മാധ്യമങ്ങളിൽ നടത്തുന്ന പ്രതികരണത്തിനെതിരെയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. സിപിഐഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ മാധ്യമങ്ങൾ വാർത്തയാക്കുന്നുവെന്നും ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും പോരാളി ഷാജി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പാർട്ടിയിൽ നിന്നും പുറത്തുപോയ മുൻ പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു, കോൺഗ്രസ് പ്രതിസ്ഥാനത്ത് വന്നാൽ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച ആരോപണം വാർത്തയാക്കിയില്ലെന്നും പോരാളി ഷാജി പറയുന്നുണ്ട്. പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പ് അതേപടി പങ്കുവെച്ച് റെഡ് ആർമിയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു.
'എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട' എന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. മാധ്യമങ്ങൾക്കും ബിസിനസ്സ് പങ്കാളികൾക്കും സംരക്ഷിക്കാൻ കഴിയില്ലെന്നും ആകാശ് തില്ലങ്കേരി പോസ്റ്റിൽ പറഞ്ഞിരുന്നു. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്ന് അർജുൻ ആയങ്കിയും വിമർശിച്ചിരുന്നു.
മനു തോമസിനെതിരെ പി ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും വീണ്ടുംതലപ്പൊക്കിയത്. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന മുന്നറിയിപ്പുമായി റെഡ് ആർമിയും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തുൾപ്പടെ ജയരാജൻ കച്ചവടങ്ങൾ നടത്തിയന്നുമാണ് കഴിഞ്ഞ ദിവസം മനു തോമസ് ആരോപിച്ചത്.
നേരത്തെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ പോരാളി ഷാജി അടക്കമുള്ള സോഷ്യൽ മീഡിയ പേജുകൾക്കെതിരെ സിപിഎം നേതാവ് എം വി ജയരാജൻ പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പണം വാങ്ങി ചിലർ കോൺഗ്രസിന് ജോലി ചെയ്യുന്നു എന്ന ആരോപണമാണ് എം വി ജയരാജൻ അന്ന് ഉന്നയിച്ചിരുന്നത്. എന്നാലിപ്പോൾ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തലിൽ പാർട്ടിയും പി ജയരാജനും പ്രതിരോധത്തിലായപ്പോൾ ഇതേ പേജുകൾ തന്നെ പാർട്ടിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.