- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെസഹാ ദിനത്തിൽ അച്ഛനെ ചതിച്ചത് സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയ ഇലക്ഷന് ഡാറ്റാ അനാലിസിസ്റ്റ്; ഏറ്റവും ശ്രദ്ധേയമായ പണം കൈമാറ്റാനുള്ള ആപ്ലിക്കേഷനായ ചില്ലറിന് പിന്നിലെ ബുദ്ധി കേന്ദ്രം; തരൂരിന്റെ പിന്തുണയും കൂട്ടായി; ആന്റണിയെ വിട്ട് ബിജെപിക്കാരനായി അനിൽ ആന്റണി
ന്യൂഡൽഹി: വി കെ കൃഷ്ണമേനോനുശേഷം ഏറ്റവും ഉന്നതിയിലെത്തിയ മലയാളിയായ രാഷ്ട്രീയ നേതാവ്, അറക്കപ്പറമ്പിൽ കുര്യൻ മകൻ ആന്റണി. കേരള രാഷ്ട്രീയത്തിലെ ആദർശത്തിന്റെ പ്രതിരൂപം. അധികാരത്തിന് വേണ്ടി എന്തും ചെയ്യാത്ത നേതാവ്. അഴിമതി തൊട്ടു തീണ്ടാത്ത രാഷ്ട്രീയക്കാരൻ. കേരളത്തിലെ ഏറ്റവും പ്രധാന കോൺഗ്രസ് നേതാവ് ഈ പെസഹാ വ്യാഴത്തിന്റെ ദിനത്തിൽ ദുഃഖത്തിലാണ്. യേശുക്രിസ്തുവിനെ ചതിച്ച അതേ പെസഹ വ്യാഴത്തിൽ ആൻണിക്കും സ്വന്തം കുടുംബത്തിൽ നിന്ന് രാഷ്ട്രീയ ചതിയെന്ന 'കുത്തേൽക്കുകയാണ്'. മൂത്തമകൻ അനിൽ ആന്റണി ഇനി ബിജെപിയിൽ. അങ്ങനെ 82 വയസ്സുള്ള ആന്റണിക്ക് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നൽകുകയാണ് അനിൽ ആന്റണി.
കേരളത്തിൽ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കോഡിറേറ്ററായിരുന്നു ആന്റണിയുടെ മകൻ അനിൽ. അനിലിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി തന്നെ വിശ്രമജീവിതത്തിലേക്ക് നീങ്ങുന്ന ഈ സമയത്ത് എ കെ ആന്റണി ബ്ലഡ് പ്രഷർ തെല്ലൊന്നുമല്ല ഉയർത്തിയത്. ബിബിസിയുടെ 'മോദി: ദ ക്വസ്റ്റിയൻ' എന്ന ഡോക്യൂമെന്റി, യൂത്ത് കോൺഗ്രസുകാർ അടക്കം ആവേശത്തോടെ പ്രചരിപ്പിക്കവേ, അതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയ അനിൽ ആന്റണി, ഷാഫി പറമ്പിലും, വി ടി ബൽറാമും, രാഹുൽ മാങ്കൂട്ടത്തിലും അടക്കമുള്ള യുവ നിരയിൽനിന്ന് കണക്കിന് വാങ്ങുകയും ചെയ്തു. അതിനോടെല്ലാം കരുതലോടെ പ്രതികരിച്ച അനിൽ ആന്റണി ബിജെപിയുടെ ഭാഗമായി.
ബിബിസി വിവാദത്തിൽ ഒറ്റരാത്രി ഇരുട്ടിവെളുക്കുന്നതിന് മുമ്പ് അനിൽ കോൺഗ്രസിൽ വെറുക്കപ്പെട്ടവനായി. പ്രാദേശിക യൂത്തന്മാർപോലും അയാളെ പൊങ്കാലയിട്ട് പോസ്റ്റ് ഇട്ടു. കെപിസിസിയുടെ ഡജിറ്റിൽ മീഡിയ കോർഡിറേറ്റർ എന്ന നിലയിൽ എന്ത് പ്രവർത്തനമാണ് അനിൽ ആന്റണി കാഴ്ചവെച്ചതെന്ന് ഇവർ ചോദിച്ചു. മകൻ ബിജെപിയിൽ എത്തിയതോടെ എ കെ ആന്റണി എന്ന ആദർശത്തിന്റെ പേരിൽ, ഏത് നിമിഷവും രാജി സന്നദ്ധ അറിയിച്ചിരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വെള്ള ഖദറിൽ കൂടിയാണ് ചളി പുരളുന്നത്. പ്രായപൂർത്തിയായ മകന്റെ ചെയ്തികൾക്ക് പിതാവ് എങ്ങനെ ഉത്തരവാദിയാവും എന്നത് ശരിയാണ്് പക്ഷേ അങ്ങനയല്ല കോൺഗ്രസ് രാഷ്ട്രീയം. അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയും, കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. അജിത്തിനും ഇനി കോൺഗ്രസ് രാഷ്ട്രീയത്തിൽ റോളുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
എതിരാളികൾ പ്രചരിപ്പിക്കുന്നപോലെ മൂക്കാതെ പഴുത്ത നേതാവോ, വെറും കൂപമണ്ഡുകമോ അല്ല, അനിൽ. അമേരിക്കയിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ ഡിജിറ്റൽ മാധ്യമ രംഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവുള്ളൻ തന്നെയാണ്. ഏതാണ്ട് ഒരു ദശാബ്ദം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പഠനകാലത്ത് അനിലും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മൊബൈൽ ടെക്നോളജി സംരംഭം ഏറെ ചർച്ചയായിരുന്നു. രാജ്യവ്യാപകമായി 1000, 500 നോട്ടുകൾ പിൻവലിക്കപ്പെടുമ്പോൾ, ഏറ്റവും ഉപഭോക്താക്കളുടെ ഡിമാൻഡ് വർധിക്കുന്നത് നോ-കറൻസി വ്യവഹാരങ്ങൾക്കായി രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷനുകൾക്കായിരുന്നു.
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും ശ്രദ്ധേയമായ പണം കൈമാറ്റാനുള്ള ആപ്ലിക്കേഷനുകളിൽ ഒന്നാണ് അനിലും സുഹൃത്തുക്കളും കൂടി ഏതാനും വർഷങ്ങൾക്കു മുൻപ് രൂപം കൊടുത്ത ചില്ലർ. ഇത്തരം ആപ്പുകളുമായി അമേരിക്കയിലും അനിൽ നേട്ടമുണ്ടാക്കി. ചിദംബരത്തിന്റെ മകൻ കാർത്തിയും ഒപ്പമുണ്ടായിരുന്നു. നിരവധി അഴിമതി കേസുകളിൽ കുടുങ്ങിയ കാർത്തിയുടെ വിശ്വസ്തരിൽ ഒരാളാണ് ആന്റണിയുടെ മകൻ. ഈ സൗഹൃദവലയങ്ങളെല്ലാം ഉപയോഗിച്ചാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായും അനിൽ മാറുന്നത്.
സ്റ്റാൻഡ്ഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് ആൻഡ് എഞ്ചിനീയറിങിൽ മാസ്റ്റർ ബിരുദമുള്ള വ്യക്തിയാണ് അനിൽ. പക്ഷേ മകൻ രാഷ്ട്രീയത്തിൽ വരുന്നതിന് ആന്റണിക്ക് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. കെ കരുണാകരനെപ്പോലെയൊക്കെ മക്കളെ പ്രമോട്ട് ചെയ്യാൻ അദ്ദേഹം ഒട്ടും ശ്രമിച്ചിരുന്നില്ല. സ്വ പ്രയത്നത്തിലുടെ തന്നെയാണ് അനിൽ വളർന്നുവന്നത്. അധികാരത്തിന്റെ ഒരു ഇടനാഴികളിലും മക്കളെ ആന്റണി അടുപ്പിച്ചിരുന്നുമില്ല. കഴിഞ്ഞതിന് മുമ്പത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത് .സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സൈബർ തന്ത്രങ്ങളൊരുക്കിയത്. ഇത് പാർട്ടിക്ക് ഗുണം ചെയ്തെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് പ്രയോജനപ്പെട്ടത്രേ. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാൻ അനിൽ ആന്റണി നടത്തിയ പ്രവർത്തനവും വാർത്തായായിരുന്നു. ഇതോടെ ഗുജറാത്തിനു പിന്നാലെ കർണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും ഫൈസൽ പട്ടേലിനെയും ഏൽപ്പിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല. അമേരിക്കൻ സർവകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കേതിക വിദ്യയെയാണ് അനിലും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിൽ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിനു പിന്നിലും ഡിജിറ്റൽ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും സംഘവും ഇന്ത്യൻ രാഷ്ട്രീയത്തിൽ പരീക്ഷിക്കുന്നത് എന്നായിരുന്നു അന്ന് വന്ന വാർത്തകൾ പറയുന്നത്.
കേരളത്തിലേക്കുള്ള അനിലിന്റെ എൻട്രിയിലും എ കെ ആന്റണിക്ക് യാതൊരു പങ്കും ഇല്ലായിരുന്നു. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ, കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ സെൽ അധ്യക്ഷക്കാൻ ശശി തരൂരാണ്, നാലുവർഷം മുമ്പ് നിർദ്ദേശിച്ചത്. അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന് പിന്തുണ കൊടുത്തു. ഇതോടെ അനിലിന്റെ വരവിനു തടസങ്ങളൊന്നുമില്ലാതായി. പക്ഷേ അപ്പോഴും ചങ്കിടിപ്പ് ഉയർന്നത് കോൺഗ്രസിലെ യുവ നേതാക്കൾക്ക് ആയിരുന്നു. തങ്ങളുടെ അവസരം കളയാനായി ഡൽഹിയിൽനിന്ന് കെട്ടിയെടുത്ത ഒരു പടപ്പ് എന്ന രീതിയിലായിരുന്നു അവർക്ക് തുടക്കം മുതലേ അനിലിനോടുള്ള സമീപനം. ഒരു അവസരം കിട്ടിയപ്പോൾ അവർ അത് ഇപ്പോൾ നന്നായി വിനിയോഗിക്കയും ചെയ്യുന്നു.
പക്ഷേ മക്കൾ രാഷ്ട്രീയത്തെ എക്കാലവും എതിർത്തുവന്ന ആദർശധീരൻ എ കെ ആന്റണിയുടെ മകൻ പതുക്കെ കേരള രാഷ്ട്രീയത്തിലും എത്തിയത് മാധ്യമങ്ങൾ എഴുതി പൊലിപ്പിച്ചു. ഇനി കോൺഗ്രസിന്റെ പ്രചരണ വേദികളിൽ അനിൽ സ്ഥിരം സാന്നിധ്യം ആവുമെന്നും, എ കെ ആന്റണി രാജ്യസഭയിൽനിന്ന് ഒഴിയുമ്പോൾ മകനെ പിൻഗാമിയാക്കി ഡൽഹിക്ക് അയക്കുമെന്ന്വരെ അഭ്യൂഹങ്ങൾ വന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ബിബിസി വിവാദ്ത്തിൽ മോദിയെ അനുകൂലിച്ച് അനിൽ പരിവാറിനൊപ്പം പോകുന്നു.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)
മറുനാടന് മലയാളി ബ്യൂറോ