ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ബിജെപി ഭരണം. വീണ്ടും മുഖ്യമന്ത്രിയായി പേമ ഖണ്ഡു ഉടൻ അധികാരമേൽക്കും. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ് 37കാരനായ പെമ ഖണ്ഡു. മുഖ്യമന്ത്രി കസേരിയൽ പേമ ഖണ്ഡുവിന്റെ ഹാട്രിക് സത്യപ്രതിജ്ഞയാകും അടുത്തത്. അരുണാചൽ പ്രദേശിൽ ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചതിന് പിന്നിൽ ഖണ്ഡുവിന്റെ മികവ് വളരെ വലുതാണ്. അതുകൊണ്ടാണ് വീണ്ടും ഖണ്ഡു അധികാരത്തിൽ തുടരുമെന്ന വിലയിരുത്തൽ എത്തുന്നത്. 60 അംഗ നിയമസഭയിൽ 46 സീറ്റുകളിൽ ബിജെപി ഒറ്റയ്ക്ക് ജയിക്കും. ബിജെപി സഖ്യകക്ഷിയായ കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ആറു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. അതായത് അറുപതിൽ 52 സീറ്റിലും മേൽകോയ്മ നേടിയാണ് ബിജെപിയുടെ അധികാരത്തിലേക്കുള്ള തിരിച്ചു വരവ്.

അരുണാചലിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതിയിലും മറ്റാരും പത്രിക നൽകിയില്ല. ഇതോടെ ഖണ്ഡുവും മറ്റ് ഒമ്പത് സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിലും അവർ മുൻതൂക്കം നേടി. 2019-ലാണ് അരുണാചലിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി സർക്കാർ അധികാരമേൽക്കുന്നത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 41 സീറ്റായിരുന്നു നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എൻ.പി.പി അഞ്ച് സീറ്റിലും കോൺഗ്രസ് നാല് സീറ്റിലും പീപ്പിൾ പാർട്ടി ഓഫ് അരുണാചൽ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. പിന്നീട് ജെ.ഡി.യു ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്നുള്ള ഏഴ് എംഎൽഎമാർ ബിജെപിയോടൊപ്പം ചേർന്നു.

കോൺഗ്രസ് വിട്ട് പീപ്പിൾസ് പാർട്ടിയിലെത്തിയ മുഖ്യമന്ത്രി ഖണ്ഡു, 2016-ൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കിയിരുന്നു. പിന്നീട് പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു. അടുത്തിടെ രണ്ട് നാഷണൽ പീപ്പിൾസ് പാർട്ടി എംഎൽഎമാരും മൂന്ന് കോൺഗ്രസ് എംഎൽഎമാരും ബിജെപി ക്യാമ്പിലെത്തിയിരുന്നു. ഇതെല്ലാം കരുത്താക്കിയാണ് അരുണാചലിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്. അപ്പോഴും വിജയത്തിൽ നിറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖണ്ഡുവുമാണ്. അരുണാചലിലെ ജനങ്ങൾ വീണ്ടും ഡബിൾ എഞ്ചിന് ഭരണത്തിൽ വിശ്വാസം അർപ്പിക്കുന്നതിന് തെളിവാണ് ഖണ്ഡുവിന്റെ വിജയം. ഇതോടെ അരുണാചലിലെ രണ്ട് ലോക്‌സഭാ സീറ്റും ജയിക്കുമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പിൽ കൂടുകയാണ്.

കോൺഗ്രസിന് അരുണാചലിൽ വലിയ തിരിച്ചടിയാണുണ്ടായത്. അരുണാചലിൽ സീറ്റില്ലാ പാർട്ടിയായി കോൺഗ്രസ് 2024ൽ മാറുന്നു. അറുപതംഗ നിയമസഭയിലേക്കു 42 പേരുടെ ഭൂരിപക്ഷവുമായാണു 2014 ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്കു കിട്ടിയത് 11 സീറ്റ്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ അഞ്ചു പേരും രണ്ടു സ്വതന്ത്രരുമായിരുന്നു സർക്കാർ രൂപീകരണ സമയത്തെ കക്ഷിനില. 2011 മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള നബാം തുക്കി തന്നെ ആ സ്ഥാനത്തു തുടർന്നു. ഡിസംബറിൽ, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതോടെയാണ് കോൺഗ്രസിന് കഷ്ടകാലം തുടങ്ങിയത്. 2015 ഏപ്രിലിൽ പുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതോടെ ഉൾപ്പാർട്ടി കലഹം പൊട്ടിത്തെറിയിലെത്തി. കലിഖോ പുലിനൊപ്പം നിന്ന 21 കോൺഗ്രസ് എംഎൽഎമാർ വിമത ശബ്ദമുയർത്തി. നാടകീയ സംഭവങ്ങൾക്കു പിന്നാലെ ഇവർ പാർട്ടി വിട്ടു. വിമതരിൽ 14 പേരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നോട്ടിസ് നൽകി. നോട്ടിസ് റദ്ദാക്കിയ സ്പീക്കർ നിയമസഭാ മന്ദിരം പൂട്ടാൻ ഉത്തരവിട്ടു.

ബിജെപി, വിമതർക്കൊപ്പം ചേർന്നു. കോൺഗ്രസ് വിമതരും 11 ബിജെപി അംഗങ്ങളും നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹോട്ടൽ മുറിയിൽ സഭ ചേർന്നു പുതിയ നേതാവിനെ തിരഞ്ഞെടുത്തു. സർക്കാരിനു ഭൂരിപക്ഷമില്ലെന്നു പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ 2016 ജനുവരിയിൽ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. സുപ്രീംകോടതി ഇടപെടലിന് പിന്നാലെ കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കോൺഗ്രസ് വിമതരും ബിജെപി അംഗങ്ങളും ചേർന്നു സർക്കാർ രൂപീകരിച്ചു. കലിഖോ പുൽ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ, പുലിനെ മുഖ്യമന്ത്രിയാക്കിയ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ജൂലൈയിൽ സുപ്രീംകോടതി വിധിച്ചു. ഗവർണർ ജ്യോതി പ്രസാദ് രാജ്‌ഖോവയുടെ ഭരണഘടനാവിരുദ്ധമായ ഇടപെടലുകളെ കോടതി നിശിതമായി വിമർശിച്ചു.

നബാം തുക്കി വീണ്ടും മുഖ്യമന്ത്രി. വിമതരെ അനുനയിപ്പിക്കാൻ രൂപീകരിച്ച ഒത്തുതീർപ്പു ഫോർമുലയനുസരിച്ച് നബാം തുക്കി സ്ഥാനമൊഴിയുകയും വിമതരിൽനിന്നുള്ള പേമ ഖണ്ഡുവിനെ പുതിയ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. പേമ ഖണ്ഡു അധികാരമേറ്റ് ഒരു മാസം തികയുംമുൻപ് മുൻ മുഖ്യമന്ത്രി കൂടിയായ പുൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ജീവനൊടുക്കി. ഒരു മുന്മുഖ്യമന്ത്രി ആത്മഹത്യ ചെയ്യുന്നത് രാജ്യത്ത് ആദ്യസംഭവമായി മാറി. സംസ്ഥാനത്തു വ്യാപക അക്രമം നടന്നു. മുഖ്യമന്ത്രിയെ ഉപരോധിച്ചു. ഉപമുഖ്യമന്ത്രിയുടെ വീടിനു തീയിട്ടു. കലിഖോ പുലിന്റെ മരണത്തിനു പിന്നാലെ സെപ്റ്റംബർ 16ന് മുഖ്യമന്ത്രി പേമ ഖണ്ഡു, നബാം തുക്കി ഒഴികെയുള്ള എംഎൽഎമാരുമായി കോൺഗ്രസ് വിട്ടു പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. അവിടുന്നു നേരെ ബിജെപിയിലേക്കും. ബിജെപി സർക്കാർ രൂപീകരിച്ചു.

അന്ന് മുതൽ അരുണാചലിൽ ബിജെപി ഭരണമാണ്. പേമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വൻ വികസനമാണു സംസ്ഥാനത്തു നടപ്പാക്കിയതെന്നും പാർട്ടി അവകാശപ്പെടുന്നു. 2019ൽ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റ് നേടി അധികാരത്തിലേറിയപ്പോൾ രണ്ട് ലോക്സഭാ സീറ്റും തൂത്തുവാരി. 1980 മുതൽ ആധിപത്യം പുലർത്തിയ കോൺഗ്രസിനെ തളർത്തിയാണ് അവരുടെ തേരോട്ടം. പേമ ഖണ്ഡുവിന്റെ സംഘടനാ മികവാണ് ഇതിന് കാരണമെന്ന് ബിജെപി ദേശീയ നേതൃത്വത്തിനും അറിയാം. അതുകൊണ്ട് തന്നെ വീണ്ടും പേമ ഖണ്ഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.