- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ കൂടിയത് അമ്പതിലേറെ സീറ്റ്; രാജസ്ഥാനിൽ മുപ്പത്തി അഞ്ച് സീറ്റിന്റെ ഉയർച്ച; ചത്തീസ് ഗഡിൽ സ്വന്തമാക്കിയത് 40 എണ്ണം കൂടുതൽ; തെലുങ്കാനയിൽ ഏഴു സീറ്റും കൂടി; നാലിടത്തും വോട്ട് ഷെയറിലും ഉയർച്ച; തെലുങ്കാനയിൽ രണ്ടക്കം കടക്കാത്തപ്പോഴും പ്രതീക്ഷ; എന്തുകൊണ്ട് മോദി-അമിത് ഷാ കൂട്ടുകെട്ട് തരംഗമായി?
ന്യൂഡൽഹി: 2023 ഡിസംബർ 3ന് വോ്‌ട്ടെണ്ണിയ നാല് സംസ്ഥാനത്തും ബിജെപിക്ക് വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണവും കൂടുന്നു. അതിൽ മൂന്നിടത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം. കോൺഗ്രസിന് തെലുങ്കാനയിൽ മാത്രമാണ് നേട്ടം. ബാക്കി എല്ലായിടത്തും സീറ്റും വോട്ട് ഷെയറും കുറഞ്ഞു. തെലുങ്കാനാ രാഷ്ട്രീയത്തിൽ പരിവാറുകാർ ഒരിക്കലും ശക്തിയായിരുന്നില്ല. ഇവിടെ എട്ട് സീറ്റുകൾ ബിജെപി നേടുന്നു. നേരത്തെ നിയമസഭയിലുണ്ടായിരുന്നത് ഒരു സീറ്റും. അതായത് ആറു പേർ കൂടുതൽ. ബി ആർ എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തിരിച്ചടി ഭാവിയിൽ ബിജെപിക്ക് വോട്ട് കൂട്ടാം. അങ്ങനെ വന്നാൽ തെലുങ്കാന രാഷ്ട്രീയത്തെ ഉയർത്തി മുമ്പോട്ട് കുതിച്ച നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ സ്ഥാനത്തേക്ക് ബിജെപിക്ക് കുതിച്ചെത്താനാകും. അതിന് വേണ്ടത് മുമ്പിൽ നിർത്താൻ ഒരു നേതാവിനെ മാത്രമാണ്. വിജയശാന്തിയെ പോലെ തെലുങ്കു മനസ്സുകളിൽ ഇടം നേടിയ സൂപ്പർ നായികയെ പിണക്കിയത് മാത്രമാണ് ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ തെലുങ്കാനയിലുണ്ടാകുന്ന തിരിച്ചടി.
മധ്യപ്രദേശിൽ 109 സീറ്റുമായാണ് ബിജെപി ഭരണം നടത്തിയത്. ഇത് അൻപത്തി രണ്ട് സീറ്റ് കൂടി 161 ആകുന്നതിന്റെ ഫല സൂചനകളാണ് രണ്ട് മണിയോടെ പുറത്തു വന്നത്. 48.73 ശതമാനം വോട്ടുകൾ ബിജെപി നേടിക്കഴിഞ്ഞു. കോൺഗ്രസിന്റെ വോട്ട് വിഹിതം 40.36 ശതമാനവും. മധ്യപ്രദേശിലെ ഗ്രാമങ്ങളും ബിജെപിയ്‌ക്കൊപ്പമായി. പട്ടണങ്ങളിലും അതു തന്നെയാണ് അവസ്ഥ. മധ്യപ്രദേശിന്റെ മധ്യ മേഖലയിൽ സമ്പൂർണ്ണ ആധിപത്യം ബിജെപി നേടുന്നു. ഒറ്റപ്പെട്ട പോക്കറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങുകയും ചെയ്തു. പ്രചരണ കാലത്ത് ഇത്രയും വലിയ മുൻതൂക്കം ബിജെപിക്ക് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് കൂടിയാണ് കോൺഗ്രസിന് ഈ തോൽവി ഞെട്ടലാകുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികം സീറ്റ് നേടിയാണ് വീണ്ടും ബിജെപി അധികാരത്തിലെത്തുന്നത്.
രാജസ്ഥാനിലും 114 സീറ്റുകളിൽ അധികം ബിജെപി നേടുമെന്നാണ് ഉച്ചയ്ക്കുള്ള ഫല സൂചന. നിലവിലുള്ളതിനേക്കാൾ 41 സീറ്റുകളിൽ അധികം കൂടുതൽ. വോട്ട് ഷെയറും ഉയരുന്നു. 42 ശതമാനത്തിൽ അധികം വോട്ട് ഇവിടെ കിട്ടുന്നു. കോൺഗ്രസിന് 39ഉം. രാജസ്ഥാനിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി പോലും ഉണ്ടായിരുന്നില്ല. വസുന്ധരാ രാജ സിന്ധ്യയ്ക്ക് അതിൽ പരിഭവവും ഉണ്ടായിരുന്നു. ആർക്കും രാജസ്ഥാനിൽ മുഖ്യമന്ത്രിയാകാനുള്ള അവസരമൊരുക്കിയ ബിജെപി തന്ത്രം പാളുമെന്നും വിലയിരുത്തലുണ്ടായി. എന്നാൽ ഇതെല്ലാം അപ്രസക്തമാക്കുന്നതാണ് അന്തിമ ഫലം. ബിജെപി ഒറ്റയ്ക്ക് രാജസ്ഥാനും ഇനി ഭരിക്കും. ഗെലോട്ടും പെലറ്റും മുമ്പോട്ട് വച്ച കോൺഗ്രസ് രാഷ്ട്രീയം താൽകാലികമായി തള്ളുകയാണ് രാജസ്ഥാനിലെ ജനങ്ങൾ. എല്ലാ അർത്ഥത്തിലും ബിജെപിക്ക് നില മെച്ചപ്പെട്ട അവസ്ഥ.
ഛത്തീസ് ഗഡിലേത് ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ്. 40 സീറ്റിന് മുകളിൽ എക്‌സിറ്റ് പോളുകൾ പോലും ബിജെപിക്ക് സാധ്യത നൽകിയില്ല. തൂക്ക് മന്ത്രിസഭ പ്രവചിച്ചവരുമുണ്ട്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ 40 സീറ്റ് കൂടുതൽ നേടി ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. നാൽപ്പത്തിയാറ് ശതമാനമാണ് വോട്ട് വിഹിതം. ആദിവാസി മേഖലകളിലേക്കാണ് ബിജെപി പടർന്ന് കയറിയത്. കോൺഗ്രസിന് ശക്തി ദുർഗ്ഗങ്ങളിൽ പോലും അടിതെറ്റി. ഇവിടേയും ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ സർവ്വ സമ്മത മുഖ്യമന്ത്രി മുഖമായ ഭൂപേഷ് ബാഗലിനെയാണ് 2023ൽ ബിജെപി തകർക്കുന്നത്. തീർത്തും അപ്രതീക്ഷിതമാണ് കോൺഗ്രസിന് ഈ തോൽവി. വോട്ട് വിഹിതവും സീറ്റുകളും കുത്തനെ ബിജെപിക്ക് ഉയരുകയും ചെയ്യുന്നു.
ഹിന്ദി ഹൃദയഭൂമി പൂർണമായി കൈയടക്കുമ്പോഴും ദക്ഷിണേന്ത്യ ബാലികേറാമലയായി തുടർന്നതായിരുന്നു ബിജെപി കേന്ദ്രനേതൃത്വത്തെ വിഷമിപ്പിച്ചിരുന്നത്. തെക്കേ ഇന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബിജെപിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാനായിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെയും ഭരണം നഷ്ടമായി. നിലവിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മാത്രമാണ് ബിജെപി സഖ്യം അധികാരത്തിലുള്ളത്. ഇതിനൊപ്പം ഗോവയിലും. എന്നാൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ ബിജെപിക്ക് ശുഭകരമാണ്. കർണാടകത്തിന് പുറത്ത് മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് കൂടി ബിജെപി വേരുറപ്പിക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രം വിജയിച്ച ബിജെപി, ഇപ്പോൾ തെലങ്കാനയിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. തെലങ്കാന രൂപീകരണത്തിനുശേഷം, 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി മത്സരിച്ചത്. അന്ന് ബിജെപി 5 സീറ്റുകൾ നേടി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു. 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. 2019 ലോക്സഭയിൽ ബിജെപി 17 സീറ്റിൽ 4 എണ്ണം നേടി. ആകെ വോട്ടിന്റെ 19.45% ബിജെപിക്ക് ലഭിച്ചു. 2018ൽ ഗോഷാമഹൽ നിയമസഭാ മണ്ഡലത്തിൽ ജയിച്ച രാജാസിങ് ആയിരുന്നു ബിജെപിയുടെ ഏക എംഎൽഎ.
എന്നാൽ പിന്നീട് ദുബ്ബക, ഹുസുറാബാദ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടി ബിജെപി തെലങ്കാന നിയമസഭയിലെ അംഗബലം മൂന്നായി ഉയർത്തി. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അംഗബലം അതിന് അപ്പുറത്തേക്ക് എത്തുന്നു. തെലുങ്കാനയിലും സീറ്റ് കൂടുകയാണ്. ഇത്തവണ രാജാസിങ് സിറ്റിങ് മണ്ഡലത്തിൽ വലിയ വിജയമാണ് നേടുന്നത്. എന്നാൽ ഹുസുറാബാദ്, ദുബ്ബക മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടായി.




