- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് ഏറ്റത് പരിവാർ ഷോക്കോ?
ന്യൂഡൽഹി: ആർ.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്ത് നിന്ന് ബിജെപി ഒരുപാട് വളർന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്ന വിലയിരുത്തലിൽ ബിജെപി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു നദ്ദയുടെ പരാമർശം. ബിജെപിക്ക് ഇപ്പോൾ ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആർഎസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ഫലത്തിൽ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ പോലും ബിജെപി തോറ്റു. സംഘപരിവാർ ശക്തിയുള്ള യുപിയിൽ വലിയ തിരിച്ചടിയുണ്ടായി. ഇതിനൊപ്പം രാജസ്ഥാനിലും തോറ്റു. ഇതിനെല്ലാം വഴിയൊരുക്കിയത് നദ്ദയുടെ ആ പ്രസ്തവാനയാണെന്ന വാദം ബിജെപിയിലെ ആർഎസ്എസ് അനുകൂലികൾ ഉയർത്തും. ആർ എസ് എസിന് ഇനിയും വിധേയമാകേണ്ട സാഹചര്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലൂടെ ബിജെപി ദേശീയ നേതൃത്വത്തിനുണ്ടാകുന്നത്.
ഏതായാലും ഇനി ആർ എസ് എസിന്റെ പിന്തുണ ബിജെപിക്ക് അനിവാര്യമായി മാറും. അല്ലെങ്കിൽ ഉത്തർപ്രദേശിൽ അടക്കം ബിജെപിക്ക് കടുത്ത തിരിച്ചടികൾ വരും. മോദിയുടെ പിൻഗാമിയായി അമിത് ഷായെ കൊണ്ടു വരാനുള്ള ശ്രമമാണ് നദ്ദയുടെ ആർഎസ്എസ് വിരുദ്ധ പ്രസ്താവനയെന്ന വാദവും ശക്തമായിരുന്നു. അമേഠിയിൽ മോദിയുടെ സ്വന്തം സ്ഥാനാർത്ഥിയായ സ്മൃതി ഇറാനി പോലും തോറ്റു. ബിജെപിയുടെ നേതാവ് ആരെന്ന് ഇനിയും ആർഎസ്എസ് തന്നെ നിശ്ചിയിക്കും. എൽ കെ അദ്വാനിയെ മാറ്റി നരേന്ദ്ര മോദിയുടെ ബിജെപിയുടെ ദേശീയ നേതാവാക്കിയത് ആർഎസ്എസ് ആയിരുന്നു. അന്ന് അദ്വാനിയെ പ്രധാനമന്ത്രിയാക്കണമെന്ന് സുഷമാ സ്വരാജ് പോലും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആർഎസ്എസ് പിന്തുണയിൽ വളർന്ന നിലവിലെ ബിജെപി നേതൃത്വം ഇനി ആർഎസ്എസ് പിന്തുണ വേണ്ടെന്ന് പറഞ്ഞത് സംഘപരിവാറിന്റെ നാഗ്പൂർ നേതൃത്വത്തെ ഞെട്ടിച്ചു. അങ്ങനെ വീണ്ടും എല്ലാവർക്കും വഴങ്ങേണ്ട പാർട്ടിയായി ബിജെപി മാറുന്നു. ഇനി ഏകപക്ഷീയമായ തീരുമാനങ്ങൾ മോദിക്കും സംഘത്തിനും എടുക്കാനാകില്ല. ചെറിയ തിരിച്ചടി നൽകി ആർഎസ്എസ് നേതൃത്വം ഉറപ്പിക്കുന്നത് അതാണ്.
'തുടക്കത്തിൽ, ഞങ്ങൾക്ക് ശക്തി കുറവായിരുന്നു.അന്ന് ആർ.എസ്.എസിന്റെ ആവശ്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങൾ വളർന്നു.ബിജെപി ഇന്ന് സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ളവരാണ്.അതാണ് വ്യത്യാസം'. നദ്ദ പറഞ്ഞത് ഇങ്ങനെയാണ്. ബിജെപിക്ക് ഇപ്പോൾ ആർഎസ്എസ് പിന്തുണ ആവശ്യമില്ലേ എന്ന ചോദ്യത്തിന്, പാർട്ടി വളർന്നു, എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആർഎസ്എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്... ആർഎസ്എസ് പ്രത്യയശാസ്ത്ര മുന്നണിയാണ്. ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ കൈകാര്യം ചെയ്യുന്നു. അതാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്.'-ഇതാണ് നദ്ദ പറഞ്ഞത്. നദ്ദക്ക് മറുപടിയുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ അന്നു തന്നെ രംഗത്തെത്തി. ആർ.എസ്.എസിനെ ബിജെപി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് താക്കറെ കളിയാക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നിലെ നാഗ്പൂരിലെ താൽപ്പര്യം ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലും ശിവസേനയ്ക്ക് മികച്ച വിജയം കിട്ടി.
ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും. മഹാരാഷ്ട്രയിലെ റാലികളിൽ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും. മോദിയുടെ പ്രതിസന്ധി ഘട്ടത്തിൽ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആർ.എസ്.എസിനെ വ്യാജമെന്ന് വിളിക്കാൻ അവർ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു വച്ചു. ഇതിൽ പ്രതിഫലിച്ചത് ആർ എസ് എസിന് നദ്ദയോടുള്ള അനിഷ്ടമാണെന്ന് വിലയിരുത്തലും എത്തി. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ ആർഎസ്എസ് അതൃപ്തി ചർച്ചായവുകായണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയരാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏകാധിപത്യമനോഭാവ'മാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്‌മണ്യം സ്വാമി പ്രതികരിച്ചു കഴിഞ്ഞു.. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് മോദിക്കെതിരേ ഗുരുതരവിമർശനവുമായി സുബ്രഹ്‌മണ്യം സ്വാമി രംഗത്തെത്തിയത്. തന്റെ കണക്കുകൂട്ടലുകൾക്ക് ഏകദേശം സമീപത്താണ് ബിജെപിയുടെ സീറ്റ് നേട്ടമെന്നും താൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ പാർട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ബിജെപി. 300 സീറ്റ് നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടേയും മോദിയുടെ ഏകാധിപത്യമാണ് ചർച്ചയാകുന്നത്. സുബ്രഹ്‌മണ്യം സ്വാമിയിലൂടെ പ്രതിഫലിച്ചത് ആർഎസ്എസ് മനസ്സാണെന്നും വിലയിരുത്തലുണ്ട്.
'ബിജെപി. 220 സീറ്റ് നേടുമെന്നുള്ള എന്റെ കണക്കുകൂട്ടൽ ബിജെപി. തിരഞ്ഞെടുപ്പിൽ നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. ഞാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ബിജെപിക്ക് 300 സീറ്റ് നേടാൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ, മോദിയുടെ ഏകാധിപത്യമനോഭാവം ബിജെപിയെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്, ആ കുഴിയിൽനിന്ന് പാർട്ടി ഇനി കരകയറേണ്ടതുണ്ട്', സുബ്രഹ്‌മണ്യം സ്വാമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇത്തരം വാദങ്ങൾ ഇനിയും പരിവാറിൽ ശക്തമാകും. എക്സിറ്റ്പോളുകളുടെ പ്രവചനത്തെ കാറ്റിൽപ്പറത്തി.ാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലം. ഇന്ത്യമുഴൂവൻ ആകാംഷയോടെ കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ്പോളുകളെ അമ്പരപ്പിച്ച് ബിജെപിക്ക് തിരിച്ചടി ഉണ്ടായി. എൻഡിഎ സഖ്യം ഈ തിരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകൾ നേടിയെങ്കിലൂം 400 പ്ലസ് സീറ്റുകൾ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ അവരുടെ പ്രതീക്ഷകൾക്ക് നിറം പകരുന്നതായിരുന്നില്ല തെരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലങ്ങൾ.
ഇനി നരേന്ദ്ര മോദിക്ക് ഭരണം നടത്തണമെങ്കിൽ മറ്റു പാർട്ടികളുടെ സഹായം വേണ്ടി വരും. ഇതിനകം നരേന്ദ്ര മോദി മറ്റു കക്ഷികളുമായി ചർച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചനകൾ. 543 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോൾ ഭരണത്തിൽ മൂന്നാം ഊഴം കാക്കുന്ന നരേന്ദ്ര മോദിയുടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. ജയിച്ചെങ്കിലും വാരണാസിയിൽ നരേന്ദ്ര മോദിയുടെ വോട്ടുഷെയറിൽ വലിയ ഇടിവ് വന്നപ്പോൾ രാഹുൽഗാന്ധി മത്സരിച്ച വയനാട്ടിലും റായ്ബറേലിയും വിജയം നേടി. രാഹുൽഗാന്ധി എവിടെ മത്സരിച്ചാലും തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ കോൺഗ്രസിന്റെ ശർമ്മയോട് കൂറ്റൻ തോൽവി ഏറ്റുവാങ്ങി. ഒരുലക്ഷം വോട്ടുകൾക്കായിരുന്നു തിരിച്ചടി. ഇതെല്ലാം ആർഎസ്എസ് സ്വാധീനമില്ലായ്മയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.
സ്മൃതി ഉൾപ്പെടെ അനേകം കേന്ദ്രമന്ത്രിമാർക്കാണ് തിരിച്ചടിയേറ്റത്. രാമക്ഷേത്രം നിർമ്മിക്കപ്പെട്ട അയോദ്ധ്യയിൽ പോലും ബിജെപിക്ക് തോൽവി ഏറ്റുവാങ്ങി. അയോദ്ധ്യ വരുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപിയുടെ ലല്ലുസിംഗിനെ സമാജ്വാദി പാർട്ടിയുടെ ആവാദേശ് പ്രസാദ് തോൽപ്പിച്ചു. ബിജെപിക്ക് ശക്തമായ മേൽക്കോയ്മയുള്ള ഉത്തർപ്രദേശിലും ബിജെപിക്ക് അനേകം സീറ്റുകൾ നഷ്ടമായി. ഇതിന് പിന്നിലും ആർഎസ്എസ് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ.