- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇന്നലെ സിഎഎ നടപ്പിലാക്കി കൊണ്ട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്. അതുകൊണ്ട് തന്നെ ഇന്ന് മാധ്യമങ്ങളിൽ എന്തു ചർച്ചയാകണം എന്ന അജണ്ട ബിജെപി വീണ്ടും തീരുമാനിച്ചു. പതിവുപോലെ ഈ തെരഞ്ഞെടുപ്പിന്റെയും അജണ്ട മോദിയും കൂട്ടരും തന്നെ നിശ്ചയിക്കുന്ന. ആ തീരുമാനത്തിന്റെ പിന്നാലെ പോകാനാണ് രാഹുലിന്റെയും കൂട്ടരുടെയും വിധി.
അതാണ് ഇന്നലത്തെ തീരുമാനത്തിലൂടെ ബിജെപി നടപ്പാക്കിയിരിക്കുന്ന കാര്യം. സിഎഎ നടപ്പിലാക്കിയതിനെ തുടർന്ന് ഉണ്ടാകുന്ന പ്രതിഷേധങ്ങളെയും വോട്ടാക്കുന്ന മോദീ തന്ത്രം. കേരളത്തിൽ തിരിച്ചടി ആണെങ്കിലും ഹിന്ദി ബെൽറ്റിലെ ഹിന്ദു വോട്ട് ഏകീകരണത്തിലൂടെ ബിജെപി വൻ വിജയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യാ മുന്നണിക്കും താങ്ങാൻ സാധിക്കാത്ത വിധത്തിലാണ് തന്ത്രങ്ങൾ. അടുത്തകാലത്തെ ബിജെപിക്ക് തെരഞ്ഞെടുപ്പുകളിൽ നേരിയ തിരിച്ചടി എങ്കിലും നേരിട്ടത് വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കം ചർച്ചയായ തെരഞ്ഞെടുപ്പുകളിലാണ്. എന്നാൽ, ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന തീരുമാനം തന്നെയാണ് ബിജെപി കൈക്കൊണ്ടിരിക്കുന്നത്.
2019-ൽ പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ തിങ്കളാഴ്ച വിജ്ഞാപനം ചെയ്തതോടെ വിവാദങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും അധ്യായം കൂടിയാണ് സർക്കാരും ബിജെപി.യും തുറന്നത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കൽ, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, മുത്തലാഖ് നിരോധനം തുടങ്ങിയവയ്ക്കുപിന്നാലെയാണ് പൗരത്വനിയമം നടപ്പാക്കാനുള്ള തീരുമാനവും. ഏകസിവിൽ കോഡാണ് ഇനി ഈ അജൻഡകളിൽ ബാക്കിയുള്ളത്. സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങൾ ദേശീയ തലത്തിൽ ഏറ്റെടുത്തിട്ടില്ലെങ്കിലും ചർച്ചയിൽ അതും സജീവമാണ്.
2019ൽ പാസാക്കിയെങ്കിലും പ്രതിഷേധമുയർന്നതോടെ പൗരത്വനിയമം നടപ്പാക്കുന്നത് കേന്ദ്രസർക്കാർ നീട്ടി. അസം, ഡൽഹി, യു.പി. എന്നിവിടങ്ങളിലാണ് കടുത്ത പ്രതിഷേധമുയർന്നത്. പൗരത്വ ഭേദഗതി നിയമത്തിൽനിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയത് ആ വിഭാഗത്തോടുള്ള വിവേചനമാണെന്നായിരുന്നു ആക്ഷേപം.
പൗരത്വനിയമം നടപ്പാക്കുമെന്ന് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വേദികളിൽ ബിജെപി. പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ബിജെപി. ലക്ഷ്യമിടുന്നത്. നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാൾ സർക്കാരുകൾ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിൽ എൻഡിഎ മുന്നണിക്ക് 400 സീറ്റിലേറെ ലക്ഷ്യമിടുന്ന ബിജെപി അതിനായി കയ്യിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കുകയാണ് എന്നാണു രാഷ്ട്രീയ നിരീക്ഷണം.
2014ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പൗരത്വ ഭേദഗതി ബിൽ. 2016 ജൂലൈ 19-നാണ് ആദ്യമായി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റ് 12ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു കൈമാറി. 2019 ജനുവരി ഏഴിനാണു സമിതി റിപ്പോർട്ട് നൽകിയത്. 2019 ജനുവരി എട്ടിനു ബിൽ ലോക്സഭ പാസാക്കി. എന്നാൽ രാജ്യസഭയിൽ പാസാക്കാതിരുന്ന സാഹചര്യത്തിൽ പതിനാറാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ അസാധുവായി. വീണ്ടും ഡിസംബർ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ ഒൻപതാം തീയതി ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു. 311 വോട്ടുകൾക്കു ലോക്സഭയിൽ ബിൽ പാസായി.
സിഎഎ ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്നു കേന്ദ്ര തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ ജനുവരി അവസാനം പറഞ്ഞിരുന്നു. പറഞ്ഞ സമയത്തു പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും തീരുമാനം നടപ്പായിക്കഴിഞ്ഞു. "അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമായി. ഉടൻ പൗരത്വ ഭേദഗതി നിയമം ബംഗാളിൽ മാത്രമല്ല, രാജ്യം മുഴുവൻ നടപ്പാക്കും" എന്നായിരുന്നു ശന്തനുവിന്റെ വാക്കുകൾ. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും നിയമം നടപ്പാവുമെന്നതു തന്റെ ഗാരന്റിയാണെന്നും മന്ത്രി പിന്നീടു മാധ്യമങ്ങളോടും പറഞ്ഞു.
2019ൽ പാർലമെന്റ് പാസാക്കിയ നിയമം ചട്ടങ്ങൾ തയാറാവാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപു ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്നു നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. സിഎഎ ചട്ടങ്ങൾ രൂപീകരിക്കാനുള്ള പാർലമെന്റ് സമിതികളുടെ കാലാവധി 2020 മുതൽ പലതവണ നീട്ടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സിഎഎയോടു വലിയ എതിർപ്പുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രകടന പത്രികകളിലും ബിജെപി രണ്ടു നിലപാടാണ് എടുത്തിരുന്നത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയമായി നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണു തിരക്കിട്ടു വിജ്ഞാപനം ചെയ്തത്.
സിഎഎ വിജ്ഞാപനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. ഇലക്ടറൽ ബോണ്ട് വിഷയത്തിലെ തിരിച്ചടി മറികടക്കാനാണു ബിജെപിയുടെ ശ്രമമമെന്ന പ്രതിപക്ഷ വിമർശനത്തെ ചെറുക്കുകയാണു ലക്ഷ്യം. ഈ വിജ്ഞാപനത്തോടെ ജനങ്ങൾക്കു നൽകിയ ഒരു വാഗ്ദാനം കൂടി നരേന്ദ്ര മോദി യാഥാർഥ്യമാക്കിയെന്ന് അമിത് ഷാ പറഞ്ഞു. ചരിത്രപരമായ തീരുമാനമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. മോദിയുടെ ഗ്യാരന്റി എന്നാൽ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഗ്യാരന്റിയാണെന്നു രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാന പ്രഖ്യാപനം നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു സിഎഎ നടപ്പാക്കുമെന്നായിരുന്നു അമിത് ഷായുടെ അറിയിപ്പ്. "സിഎഎയുടെ പേരിൽ നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പലരും. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു പീഡനത്തെത്തുടർന്ന് ഇന്ത്യയിലെത്തിയവർക്കു പൗരത്വം നൽകാൻ മാത്രമാണു സിഎഎ ഉദ്ദേശിക്കുന്നത്. ഇതാരുടെയും ഇന്ത്യൻ പൗരത്വം തട്ടിയെടുക്കാനുള്ളതല്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘടനാപരമായ കാര്യമാണിത്. എന്നാൽ പ്രീണനം മൂലം കോൺഗ്രസ് അത് അവഗണിച്ചു." അമിത് ഷാ പറഞ്ഞു.
കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകൾ നിലനിൽക്കെയാണു സിഎഎ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം. വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി പ്രതികരിച്ചു. കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പൗരത്വം നൽകുന്നതിൽ മതവിശ്വാസത്തിന്റെ പേരിൽ വിവേചനമുണ്ടാക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തിലും ഇത്തരത്തിൽ മതത്തിന്റെ പേരിൽ വിവേചനം നടത്തുന്ന നിയമങ്ങളില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള അവസാനത്തെ അടവാണിതെന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാട്ടി.
ന്മ ഒറ്റക്കെട്ടായി എതിർക്കുമെന്ന് നേതാക്കൾ
സിഎഎ എതിർക്കുന്നതിൽ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. "ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്താനുമുള്ളതാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജൻഡയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
ധ്രുവീകരണം ലക്ഷ്യമിട്ടാണു കേന്ദ്ര സർക്കാർ സിഎഎ വിജ്ഞാപനം ഇറക്കിയതെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. കേന്ദ്രത്തിൽ ഇന്ത്യ മുന്നണി വരുന്നതോടെ സിഎഎ നിയമം അറബിക്കടലിൽ എറിയുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച കേരളത്തിൽ യുഡിഎഫ് മണ്ഡലതലങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
എന്താണു പൗരത്വ ഭേദഗതി നിയമം?
1955-ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയതാണു സിഎഎ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണു നിയമം. മുൻപ് കുറഞ്ഞതു 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണു പൗരത്വം നൽകിയിരുന്നത്. നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വർഷമായി ചുരുക്കും.
വീസ, പാസ്പോർട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളിൽനിന്നു വന്ന് ഇന്ത്യയിൽ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്പോർട്ട് എൻട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാർഹമാണ്. മേൽപറഞ്ഞ ഗണത്തിൽപെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വർഷങ്ങളിൽ കേന്ദ്ര സർക്കാർ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളിൽനിന്ന് ഒഴിവാക്കി രാജ്യത്തു തുടരാൻ അനുവദിച്ചു. അവർക്കു പൗരത്വാവകാശം നൽകാനുള്ളതാണു പുതിയ പൗരത്വനിയമ ഭേദഗതി.