- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവൂരിനെ തഴയുന്നത് പാർട്ടിക്ക് മതിയായ സംഘടനാ കരുത്തില്ലാത്തതിനാൽ; എൽജെഡിക്ക് വിനയാകുന്നത് ജെഡിഎസുമായുള്ള ലയനം; ഗണേശിനും കടന്നപ്പള്ളിക്കുമുള്ള മന്ത്രിസ്ഥാനം ധാരണകൾ തെറ്റിക്കില്ലെന്ന് വ്യക്തമാക്കാൻ; പുനഃസംഘടന നവംബറിൽ?
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു സീറ്റിൽ വിജയിച്ച നാല് ഘടകകക്ഷികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നൽകാനായിരുന്നു ധാരണ. എൽ.ജെ.ഡിക്കും, ആർ.എസ്‌പി ലെനിനിസ്റ്റിനും മന്ത്രിസ്ഥാനമുണ്ടാകില്ലെന്നും വ്യക്തമായിരുന്നു. കേരള കോൺഗ്രസ് എം, ജെ.ഡി.എസ്, എൻ.സി.പി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം നൽകാനായിരുന്നു തീരുമാനം. ഈ ധാരണ അതേ പടി പാലിക്കുന്നുവെന്ന് വരുത്താനാണ് ഇപ്പോൾ സിപിഎം പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നത്. എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി ലെനിനിസ്റ്റിനെ ഇനിയും ഇടതു പക്ഷത്തെ ഘടകകക്ഷിയാക്കിയിട്ടില്ല. അതുകൊണ്ട് കോവൂരിന് ഒരു പരിഗണനയും ഉണ്ടാകില്ല.
കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേശ്‌കുമാർ, ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ തുടങ്ങിവർക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നൽകാനാണ് സിപിഎം തീരുമാനിച്ചിരുന്നത്. ജെ.ഡി.എസിനും എൻ.സി.പിക്കും ഒരോ മന്ത്രിസ്ഥാനം നൽകി. എൽജെഡിയും ജെഡിഎസും ലയിക്കണമെന്നതായിരുന്നു സിപിഎമ്മിന്റെ ആഗ്രഹം. അത് ഇനിയും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം ഇനിയും അവർക്ക് നൽകാൻ സാധ്യതയില്ലെന്നാണ് സൂചന. അതിനിടെ ഇടത് യോഗത്തിൽ സമ്മർദ്ദം ചെലുത്താനാണ് എൽജെഡിയുടെ തീരുമാനം. ദേശീയ തലത്തിൽ ആർജെഡിയുമായി ലയിക്കാൻ ഒരുങ്ങുകയാണ് അവർ. 21 മന്ത്രിമാർ നിലവിൽ ഉണ്ട്. അതുകൊണ്ട് തന്നെ എൽജെഡിക്ക് മന്ത്രിയെ നൽകുക എന്നതിൽ പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയാണ്.
സിപിഎമ്മിന് 67ഉം സിപിഐക്ക് 17ഉം എംഎൽഎമാരുണ്ട്. രണ്ട് പാർട്ടികളും ചേരുമ്പോൾ കേവലഭൂരിപക്ഷമായി. അവർ ചേർന്ന് കൈക്കൊള്ളുന്ന നിലപാടാകും നിർണായകം.നൂറ് സീറ്റുകൾ നേടി അധികാരത്തിലെത്തിയ 2006ലെ ഇടതുസർക്കാരിൽ ഒറ്റ എംഎൽഎ മാത്രമുണ്ടായിരുന്ന കക്ഷികൾക്ക് ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം നൽകിയിരുന്നില്ല. അവസാനഘട്ടത്തിൽ ഒരു വർഷത്തേക്ക് കോൺഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രനെ മന്ത്രിയാക്കി. ഇത്തവണ ഒറ്റ എംഎൽഎയുള്ള കക്ഷികളുടെ എണ്ണം അഞ്ചാണ്. ലോക് താന്ത്രിക് ജനതാദൾ, ഐ.എൻ.എൽ, കേരള കോൺഗ്രസ്-ബി, കോൺഗ്രസ്-എസ്, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവ. ജനതാദൾ-എസിനും എൻ.സി.പിക്കും രണ്ട് പേർ വീതവും,. കേരള കോൺഗ്രസ്-എമ്മിന് അഞ്ച് പേരുമുണ്ട്.
ഒന്നാം പിണറായി സർക്കാരിലും തഴയപ്പെട്ടെന്ന പരിഗണനയിലാണ് കേരള കോൺഗ്രസ്-ബിയിലെ ഗണേശ് കുമാറിന് ഒരവസരം നൽകാനുള്ള തീരുമാനം. ആദ്യത്തെ വനിതാസ്പീക്കറെന്ന പരിവേഷത്തോടെ വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതകളും പ്രചരിക്കുന്നുണ്ട്. നവംബറിലേ രണ്ടവർഷം സർക്കാർ പൂർത്തിയാക്കൂ. അതുകൊണ്ട് തന്നെ രണ്ടു മാസത്തിന് ശേഷം മതി പുനഃസംഘടന. അതുകൊണ്ട് തന്നെ അടുത്ത ഇടതു മുന്നണി യോഗത്തിലെ ചർച്ചകൾ നിർണ്ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അസംബ്ലി തിരിഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിൽ വച്ചാണ് ഇപ്പോൾ പുനഃസംഘടനയെന്ന ചർച്ചയിലേക്ക് സിപിഎം കടക്കുന്നത്.
സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കെ.ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിൽ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോർജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽതന്നെ ഒറ്റ എംഎൽഎമാരുള്ള പാർട്ടികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമിൽ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരായത്. അവർക്ക് പകരം ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം.
മന്ത്രിസഭാ പുനഃസംഘടനയ്ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. എ.എൻ.ഷംസീർ സ്പീക്കർ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചാൽ അവർ സ്പീക്കർ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കിൽ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കൽകൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സർക്കാർ ഒരുങ്ങുന്നത്.
എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകാൻ എൽഡിഎഫ് തീരുമാനിച്ചാൽ ഷംസീറിന്റെ സാധ്യതകൾ അടയുകയും കെ.പി മോഹനന് ചിലപ്പോൾ വഴിയൊരുങ്ങാനും സാധ്യതയുണ്ട്. ഈ മാസം 20 ന് ചേരുന്ന എൽഡിഎഫ് യോഗത്തിലും അതിനോടനുബന്ധിച്ച് നടത്തുന്ന സിപിഎം നേതൃയോഗങ്ങളിലാകും പുനഃസംഘടന എങ്ങനെ വേണമെന്ന് അന്തിമ ധാരണയാകുക. എ.കെ ശശീന്ദ്രനിൽ നിന്ന് വനംവകുപ്പ് ഗണേശിന് നൽകി പകരം ഗതാഗതം എൻസിപിക്ക് നൽകുന്നതും ആലോചനയിലുള്ളതായാണ് സൂചന. സിപിഎം മന്ത്രിമാരിൽ ചിലരുടെ വകുപ്പുകളിലും മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളാനാവില്ല




