കോട്ടയം: തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽകൂടി ആധികാരിക വിജയം നേടിയതോടെ മധ്യകേരളത്തിൽ കോൺഗ്രസിന് വീണ്ടും പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ട ക്രൈസ്തവ വോട്ടുകൾ വീണ്ടും കോൺഗ്രസിലെത്തുന്നു. ഇതിനൊപ്പം ഹൈന്ദവ വോട്ടുകളും. ഈ വോട്ടുകളെ ഭിന്നിപ്പിച്ച് മധ്യ കേരളത്തിൽ കോൺഗ്രസിനെ തളർത്തിയാണ് സിപിഎം തുടർഭരണമുണ്ടാക്കിയത്. പുതുപ്പള്ളിയിലെ വിജയത്തോടെ കോൺഗ്രസിന്റെ കഥ കേരളത്തിൽ കഴിഞ്ഞില്ലെന്ന് കൂടി വ്യക്തമാകുകയാണ്.

പുതുപ്പള്ളിയിൽ ഘടകകക്ഷികൾക്കു കാര്യമായ വോട്ടില്ല. പോൾ ചെയ്ത 1.31 ലക്ഷത്തിൽ എൺപതിനായിരത്തിലേറെ വോട്ട് ഒരു നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നേടി. തദ്ദേശത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം ഉണ്ടാക്കിയെടുത്ത വോട്ട് ബാങ്കുകൾ തകർന്നിരിക്കുന്നു. പുതുപ്പള്ളിയിലെ 182 ബൂത്തുകളിൽ ഒരേയൊരു ബൂത്തിലാണ് എൽഡിഎഫിനു ലീഡ്. എട്ടിൽ ആറു പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും കൈവശം വച്ചിരിക്കുന്ന എൽഡിഎഫിനെയാണ് കോൺഗ്രസ് തോൽപ്പിച്ചത്. ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹത്തിനൊപ്പം ഭരണവിരുദ്ധതയും ആഞ്ഞടിച്ചു. സിപിഎം പരസ്യമായി ഇത് സമ്മതിച്ചില്ലെങ്കിലും ആ വസ്തുത പാർട്ടിയും മനസ്സിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടു വ്യക്തമാക്കേണ്ട വാർത്തകളിലെ അദ്ദേഹത്തിന്റെ മൗനം പുതുപ്പള്ളിയിൽ ചർച്ചയായി. നികുതിവർധനയ്ക്കും വിലക്കയറ്റത്തിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനത്തിനും എതിരെയുള്ള വോട്ടെഴുത്തായി സിപിഎമ്മിലെ പലരും ഫലത്തെ കാണുന്നുണ്ട്. കെ.എം.മാണിയുടെ പാലാ എൽഡിഎഫിന് അട്ടിമറിക്കാമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന സിപിഎം കേന്ദ്രങ്ങളിലെ ആത്മവിശ്വാസവും വിനയായി. ശക്തമായ പ്രവർത്തനത്തിലൂടെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ കോൺഗ്രസ് ജയിപ്പിച്ചെടുത്തു.

2021 ലെ തെരഞ്ഞെടുപ്പിൽ മണർക്കാട് മേഖലയിലുൾപ്പെടെ സിപിഎം നേട്ടം കൈവരിച്ചത് സഭാ വിശ്വാസികൾക്കിടയിലെ ഭിന്നത മുതലെടുത്തായിരുന്നു. വിശ്വാസിയല്ലാത്ത ജയ്ക്ക് സി.തോമസ് വോട്ടുലക്ഷ്യമിട്ട് പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാൽ ഇത്തവണ അത്തരം മുതലെടുപ്പിന് വഴങ്ങി കൊടുക്കാൻ വിശ്വാസികൾ തയ്യാറായില്ല. മണർക്കാട് ഉൾപ്പെടെ യുഡിഎഫ് നേടിയ വലിയ കുതിപ്പ് അതിന്റെ തെളിവാണ്. വിവിധ സഭകളെ തമ്മിൽ തെറ്റിക്കാനുള്ള എൽഡിഎഫ് തന്ത്രം ദയനീയമായ് പാളി. മിത്ത് വിവാദത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടും എൽഡിഎഫിന് തിരിച്ചടിയായി.

കേരള കോൺഗ്രസിനു വോട്ടുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലത്തിൽ അവർകൂടി മുന്നണിയുടെ ഭാഗമായിട്ടും 2016 നെ അപേക്ഷിച്ചുപോലും ഇടതുമുന്നണിക്കു വോട്ടു കുറയുകയാണ് ചെയ്തത്. കേരള കോൺഗ്രസ് സ്വാധീന പഞ്ചായത്തുകളിൽ മന്ത്രി റോഷി അഗസ്റ്റിനും മറ്റും തുടർച്ചയായി ഇറങ്ങിയിട്ടും ചലനമുണ്ടായില്ല.
ജനവിരുദ്ധ സർക്കാരിനെതിരെ പോരാടാനും മുന്നോട്ടു കുതിക്കാനുമുള്ള ഇന്ധനമാണ് വിജയമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ഏതു കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തിരഞ്ഞെടുപ്പു പ്രവർത്തനം നടത്താനും വിജയത്തിൽ എത്തിക്കാനുമുള്ള സംഘടനാശേഷി യുഡിഎഫിനുണ്ടെന്ന് തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയും തെളിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നു. ജയിച്ചതു പുതുപ്പള്ളിയിലാണെങ്കിലും പ്രതിഫലിച്ചതു കേരളത്തിന്റെ പൊതുമനസ്സാണെന്നാണ് സതീശന്റെ വിലയിരുത്തൽ.

എൽഡിഎഫിനെതിരെയുള്ള ജനങ്ങളുടെ പ്രതികാരമാണു പ്രതിഫലിച്ചത് എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. സിപിഎം വോട്ടുകളും ചാണ്ടി ഉമ്മനു ലഭിച്ചു. സഹതാപ തരംഗത്തിൽ ഒരിക്കലും സിപിഎം പാർട്ടി വോട്ടുകൾ യുഡിഎഫിനു ലഭിക്കില്ല. പിണറായി വിജയന്റെ ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനുമെതിരെയുള്ള വിധിയെഴുത്തുമാണെന്ന് സുധാകരൻ പറയുന്നു.

സാമുദായിക സംഘടനകളിലെ ഭിന്നിപ്പും കേരളാ കോൺഗ്രസിന്റെ ഇടപെടലും മുഖേന മധ്യകേരളത്തിൽ യുഡിഎഫ് കോട്ടയിൽ വിള്ളലുണ്ടാക്കാനുള്ള എൽഡിഎഫിന്റെ ദീർഘകാല പദ്ധതിക്കേറ്റ തിരിച്ചടിയാണ്, തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും കാണുന്ന കൂറ്റൻ വിജയം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക എന്നതിനൊപ്പം കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് അധികകാലം എൽഡിഎഫിൽ നിലനിൽപ്പില്ലെന്നതിന്റെ മുന്നറിയിപ്പ് കൂടിയായ് പുതുപ്പള്ളി മാറുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

വേട്ടക്കാർക്ക് ശിക്ഷ: ജീവിച്ചിരിക്കെ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സിപിഎം, മരണ ശേഷവും അദ്ദേഹത്തെയും കുടുംബത്തെയും പിന്തുടർന്ന് അക്രമിക്കുന്നത് പുതുപ്പള്ളിക്കാരെ സംബന്ധിച്ച് കണ്ടിരിക്കാനാവുന്ന കാര്യമായിരുന്നില്ല. സോളാർ കേസുപോലുള്ളവ സിബിഐയും കോടതിയും തള്ളിയിട്ടും ഉമ്മൻ ചാണ്ടിയെയും മക്കളായ ചാണ്ടിയെയും മറിയത്തിനെയും അച്ചുവിനെയും സിപിഎമ്മിന്റെ സൈബർ പോരാളികൾ വെറുതെവിട്ടില്ല. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാവുന്ന സിപിഎം ബുദ്ധിജീവികൾ വരെ അച്ചു ഉമ്മനെ വളഞ്ഞിട്ട് അക്രമിച്ചു. അപവാദ പ്രചാരണവും വ്യക്തിഹത്യയും തുടർന്നതോടെ ആ കുടുംബത്തിന് വേണ്ടി പുതുപ്പള്ളിക്കാർ മറുപടി നൽകുകയായിരുന്നുവെന്നും കോൺഗ്രസ് വിലയിരുത്തുന്നു.