- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർ ഇവാനിയസിൽ നിന്ന് സെന്റ് സ്റ്റീഫനിലെത്തി യൂണിയൻ ഭാരവാഹിയായി; ചരിത്രത്തിൽ ബിരുദാന്തര ബിരുദവും നിയമ പഠനവും പൂർത്തിയാക്കി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു; 37-ാം വയസ്സിൽ അച്ഛൻ ഒഴിച്ചിട്ട പുതുപ്പള്ളിയിലെ വിജയ നായകൻ; ഇത് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ ജീവിതം
തിരുവനന്തപുരം: പുതുപ്പള്ളിക്ക് പുതുചരിത്രം; ഉമ്മൻ ചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻ ചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം.
അഞ്ച് പതിറ്റാണ്ടുകളായി ഉമ്മൻ ചാണ്ടിയുടെ പര്യായമായി മാറിയ പുതുപ്പള്ളി നിയോജക മണ്ഡലം. 27-ാം വയസ്സിലാണ് പുതുപ്പള്ളിയെ ഉമ്മൻ ചാണ്ടി സ്വന്തമാക്കിയത്. വിയോഗം വരെ അത് അങ്ങനെ തുടർന്നു. അതിന് ശേഷം മകൻ പുതുപ്പള്ളിയിലെ ജനനായകനാകുന്നു. 37-ാം വയസ്സിലാണ് ചാണ്ടി ഉമ്മൻ എംഎൽഎയാകുന്നത്. അച്ഛന്റെ താങ്ങും തണലുമായി പുതുപ്പള്ളിയിൽ നിറഞ്ഞ വ്യക്തി കൂടിയാണ് ചാണ്ടി ഉമ്മൻ.
ചാണ്ടി ഉമ്മൻ കോളേജ് കാലം മുതൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാണ്. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അംഗവുമാണ്. 2013ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയ പങ്കാളിയായിരുന്നു ചാണ്ടി ഉമ്മൻ.
വിദ്യാർത്ഥിയായിരിക്കെ ഡൽഹിയിലെ പ്രവർത്തനത്തിലൂടെയാണ് ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിന്റെ ഭാഗമായത്. എൻ എസ് യുവിന്റെ നേതൃത്വത്തിലും എത്തി. പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ചാണ്ടി ഉമ്മൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും പേരുയർന്നു കേട്ടു. പക്ഷേ അന്നൊന്നും മകന് വേണ്ടി ഉമ്മൻ ചാണ്ടി വാദം ഉന്നയിച്ചില്ല. അതുകൊണ്ട് തന്നെ മത്സരം നടക്കാതെ പോയി. ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ ചാണ്ടി ഉമ്മനെ പാർ്ട്ടിയും കുടുംബവും മുന്നോട്ട് വച്ചു. അത് ജനവും അംഗീകരിച്ചു.
ചാണ്ടി ഉമ്മൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലാണ് പഠിച്ചത്. പിന്നീട് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കാൻ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്ക് പോയി. അവിടെ കോളേജ് യൂണിയൻ ഭാരവാഹിയായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് എൽഎൽബിയും ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം ക്രിമിനോളജിയും ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎം ഭരണഘടനാ നിയമവും പൂർത്തിയാക്കി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സമ്മർ കോഴ്സും ചെയ്തു.
2016 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ (അമിറ്റി യൂണിവേഴ്‌സിറ്റി) അനുബന്ധ ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. 2010 ലെ കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടക സമിതി അംഗമായും ചാണ്ടി ഉമ്മൻ പ്രവർത്തിച്ചു്. പുസ്തകങ്ങളും യാത്രകളുമാണ് ഉമ്മന്റെ വ്യക്തിപരമായ താൽപ്പര്യമുള്ള രണ്ട് മേഖലകൾ. അവിവാഹിതനാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോൾ എതിരാളി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് നേടിയത് 54,328 വോട്ടുകളാണ്. 1970ലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ആദ്യമായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ ആയിരുന്ന ഇ.എം. ജോർജ്ജിനെയാണ് പരാജയപ്പെടുത്തിയത്. 7288 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് ഉമ്മൻ ചാണ്ടി വിജയിച്ചുകയറി. പിന്നീട് നടന്ന 11 തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കൊപ്പമായിരുന്നു.
ഇത്തവണ 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 63,372 വോട്ടാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എൻ. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എൽഡിഎഫിന് 12,684 വോട്ട് ഇത്തവണ കുറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്‌നേഹം പുതുപ്പള്ളിക്കാർ വോട്ടായി നൽകി. പുതുപ്പള്ളിയിൽ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് ടീം കരുത്ത് കാട്ടി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളിയെന്നാണ് കരുത്തുറ്റ ജയം തെളിയിക്കുന്നത്. സജീവമായി പാർട്ടി പരിപാടികളിൽ ഉണ്ടായിട്ടില്ലെങ്കിലും പാർട്ടി പ്രവർത്തകൻ തന്നെയാണ് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടേയും മറിയാമ്മയുടേയും രണ്ടാമത്തെ മകനായി 1986 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ആണ് ചാണ്ടി ഉമ്മന്റെ ജനനം. മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരാണ് സഹോദരങ്ങൾ. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂൾ, ലയോള സ്‌കൂൾ ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രാഥമിക വിദ്യാഭ്യാസം.
2006-2007 കാലയളവിൽ സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഡൽഹി പ്രസിഡന്റായിരുന്നു. 2007 ൽ എൻ എസ് യു ഐ സംസ്ഥാന സെക്രട്ടറിയായി. 2009-2010 ൽ എൻ എസ് യു ഐ ഇലക്ഷൻ കമ്മിറ്റി അംഗം, 2010 ൽ കോമൺവെൽത്ത് ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി അംഗം 2013 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു. 2022 മുതൽ കെ പി സി സി അംഗമാണ്.




