തിരുവനന്തപുരം: കോൺഗ്രസിൽ കേരളം തിളങ്ങുകയാണ്. കോൺഗ്രസിന് കിട്ടിയ 99 സീറ്റിൽ 14 പേർ കേരളത്തിലെ എംപിമാർ. അതായത് കൂടുതൽ സീറ്റ് ഇത്തവണയും കോൺഗ്രസിന് നൽകിയത് കേരളമാണ്. ഇതിനൊപ്പം രണ്ട് മലയാളികളും കോൺഗ്രസ് നേട്ടത്തിൽ അതിനിർണ്ണായകമായി. എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെസി വേണുഗോപാൽ രാജ്യമാകെ തന്ത്രമൊരുക്കുന്നതിൽ നിറഞ്ഞു. ഇതിന് കാരണം രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെന്ന പദവിയാണ്. ഇതിനൊപ്പം കോൺഗ്രസിന്റെ നേട്ടങ്ങളിൽ രമേശ് ചെന്നിത്തലയും അതിനിർണ്ണായകമായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ തോറ്റു. അപ്പോഴും പ്രതിപക്ഷ നേതൃസ്ഥാനം തനിക്കായിരിക്കുമെന്ന് ചെന്നിത്തല കരുതി. എന്നാൽ ചെന്നിത്തലയെ ഹൈക്കമാണ്ട് വെട്ടി. രാജ്യത്ത് ബിജെപി ഭരണം ഒഴിവാക്കുന്നിതിൽ നിർണ്ണായക വ്യക്തിയായി മാറിയത് ആ ചെന്നിത്തലയാണ്. മഹാരാഷ്ട്രയിൽ ചെന്നിത്തല പകർന്ന ഊർജ്ജമാണ് ബിജെപി സഖ്യത്തെ തകർത്തത്. മഹാരാഷ്ട്രയിൽ ബിജെപിയുടെ വിജയം അവർ പ്രതീക്ഷിച്ചതിലും പകുതിയാക്കി. എൻസിപിയേയും ശിവസേനയേയും ചേർത്തു നിർത്തിയ ചെന്നിത്തലയുടെ നയതന്ത്രമാണ് ഈ വിജയത്തിന് കാരണം. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ വിജയശില്പികളിൽ പ്രധാനിയാണ് രമേശ് ചെന്നിത്തല.

'നാലുമാസം മുമ്പ് മഹാരാഷ്ട്രയുടെ ചുമതല ഏറ്റെടുത്തപ്പോൾ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ശ്രമം, ഞാൻ അക്കാര്യത്തിൽ വിജയിച്ചു. അതാണ് ഈ തിരഞ്ഞെടുപ്പുവിജയം വ്യക്തമാക്കുന്നത്'- രമേശ് ചെന്നിത്തല പറഞ്ഞു. 'പാർലമെന്ററി തിരഞ്ഞെടുപ്പുമാത്രമല്ല, ഉടൻ നിയമസഭാ തിരഞ്ഞെടുപ്പും വരും. നമ്മുടെ നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കുകയും ഉത്തരവാദിത്വത്തോടെ പെരുമാറുകയുംചെയ്യും. കോൺഗ്രസിന് ശക്തമായ പാരമ്പര്യമുണ്ട്, ഞങ്ങൾ മഹാരാഷ്ട്രയിൽ ശക്തമായി തിരിച്ചുവരും'- ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയിലെ എൻഡിഎ ഭരണത്തിന് അവസാനമുണ്ടാക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുക്കുമെന്ന് പറയുകയാണ് ചെന്നിത്തല. മഹാരാഷ്ട്രയിൽ എങ്ങനേയും നേട്ടമുണ്ടാക്കുമെന്നായിരുന്നു ബിജെപി പറഞ്ഞത്. അതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആവുന്നതെല്ലാം ചെയ്തു. ഈ പദ്ധതികളെയാണ് ചെന്നിത്തല തകർത്തത്.

കേരളത്തിൽ കോൺഗ്രസിന് 14 സീറ്റെങ്കിൽ തൊട്ടു പിന്നിൽ മഹാരാഷ്ട്രയുമുണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയ 12 സീറ്റുകൾ എന്ന ഉജ്ജ്വലനേട്ടം രമേശ് ചെന്നിത്തലയ്ക്കും അവകാശപ്പെട്ടതാണ്. മഹാരാഷ്ട്രയുടെ ചുമതലയേറ്റെടുത്തശേഷമാണ് കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, മിലിന്ദ് ദേവ്റ എന്നിവർ കോൺഗ്രസ് വിട്ടത്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു അത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി. അംഗമെന്നനിലയിൽ കോൺഗ്രസ് പ്രവർത്തകയോഗങ്ങളിൽ പങ്കെടുത്ത് ബാക്കിയുള്ളവരെ ചേർത്തു നിർത്തി. മുമ്പ് എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു ചെന്നിത്തല. എൻ എസ് യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും പഴയ ദേശീയ അധ്യക്ഷൻ.

ഹിന്ദിയും നല്ല പോലെ വഴങ്ങും. എല്ലാ പാർട്ടിയിലും അടുത്ത സുഹൃത്തുക്കളുമുണ്ട്. പവാറുമായി പണ്ടേ മുതൽ നല്ല ബന്ധം. ഇതെല്ലാം മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണിയുടെ കരുത്ത് കൂട്ടാൻ ചെന്നിത്തലയ്ക്ക് സഹായകമായി. ആരേയും പിണക്കാതെ ചേർത്തു നിർത്തി. സ്ഥാനാർത്ഥി നിർണ്ണയം അടക്കം പാളാതെ നോക്കിയതും ചെന്നിത്തലയുടെ കരുത്താണ്. മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങളിൽ കോൺഗ്രസ് ഹൈക്കമാണ്ടിന് പോലും തലവേദനയുണ്ടായില്ല. ഒരു ഘട്ടത്തിൽ ശരത് പവാറിനെ പോലും അടർത്തിയെടുക്കാൻ ബിജെപി ശ്രമിച്ചു. എന്നാൽ പഴയ കോൺഗ്രസുകാരനെ ബിജെപി പാളയത്തിലെത്താതെ നോക്കാൻ ചെന്നിത്തല അതിവേഗ ഇടപെടൽ നടത്തി. ഇതെല്ലാം മഹാരാഷ്ട്രയിൽ മഹാ അഘാഡി സഖ്യത്തിന് തുണയായി. ഇതിനൊപ്പം കേരളത്തിലെ കോൺഗ്രസിനേയും ഗ്രൂപ്പിസം തളർത്തുന്നില്ലെന്ന് ചെന്നിത്തല ഉറപ്പിച്ചു. ആലപ്പുഴയിൽ കെസി വേണുഗോപാൽ തന്നെ മത്സരിക്കണമെന്ന നിർബന്ധവും ചെന്നിത്തലയുടേതായിരുന്നു.

ആലപ്പുഴയിലെ കോൺഗ്രസിൽ വോട്ട് ചോർച്ചയില്ലെന്ന് ഉറപ്പിച്ച് കെസിക്ക് വലിയ വിജയം നൽകിയതും ചെന്നിത്തലയാണ്. ഈ പ്രവർത്തനത്തിനൊപ്പമായിരുന്നു മഹാരാഷ്ട്രയിലെ ചെന്നിത്തലയുടെ മഹാ ഇടപെടലും. പ്രവർത്തകരെ സജ്ജമാക്കിയതോടൊപ്പം ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നീ സഖ്യനേതാക്കളെ വീട്ടിൽ സന്ദർശിച്ച് അവരോട് സൗഹൃദബന്ധം ഉണ്ടാക്കിയെടുക്കാനും രമേശ് ചെന്നിത്തലയ്ക്കായി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കാലയളവിൽ വിദർഭ, മറാത്ത് വാഡ, പശ്ചിമ മഹാരാഷ്ട്ര, വടക്കൻ മഹാരാഷ്ട്ര, മുംബൈ ഉൾപ്പെടെയുള്ള മേഖലകളിൽ കേഡർമാർക്ക് ആവേശമാകാൻ ചെന്നിത്തല എത്തി.

ഈ കഠിനാധ്വാനമാണ് മഹാരാഷ്ട്രയിലെ കോൺഗ്രസിനെ വീണ്ടും ശക്തരാക്കുന്നത്. ഇവിടെ എൻസിപിക്കും ശിവസേനയ്ക്കും മുകളിൽ സീറ്റുകൾ കോൺഗ്രസ് ജയിച്ചു. ബിജെപിയെ എല്ലാ അർത്ഥത്തിലും മഹാരാഷ്ട്രയിൽ കോൺഗ്രസ് തോൽപ്പിച്ചു. അങ്ങനെ മഹാരാഷ്ട്രയിലെ ഒന്നാം നമ്പർ പാർട്ടിയായി കോൺഗ്രസ് മാറുകയാണ്.