- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി ബിജെപിയെ കൊണ്ടു പോകുന്ന കെട്ടുറപ്പോടെ പാർട്ടിയെയും മുന്നണിയെയും കൊണ്ടുപോവാൻ കോൺഗ്രസിന് കഴിയുന്നില്ല; രാഹുലിനേക്കാൾ എത്രയോ ഭേദം പ്രിയങ്കയെന്ന ചർച്ച സജീവമാക്കി തെലുങ്കാനയിലെ വിജയം; ദുർബലനായി രാഹുലും; നമോ തരംഗം 'ഇന്ത്യാ' മുന്നണിയെ തകർക്കുമോ?
ന്യൂഡൽഹി: 2023 ഡിസംബർ മൂന്ന് പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലം നൽകുന്ന കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്. അത് നരേന്ദ്ര മോദി തരംഗം തന്നെയാണ്. ഈ നാലു സംസ്ഥാനങ്ങളിലും ആരെയും മുഖ്യസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതെയുള്ള ബിജെപി മത്സരിച്ചത്. ആരുവേണമെങ്കിലും മുഖ്യമന്ത്രി ആയേക്കാം എന്ന് ജനവും വിലയിരുത്തി. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. മോദി പ്രചാരണത്തിലുടനീളം ജനങ്ങളിലെത്തി. ഫലം കോൺഗ്രസിന്റെ കൈയിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളും ബിജെപിയുടെ അക്കൗണ്ടിലെത്തി.
മോദി ബിജെപിയെ കൊണ്ടു പോകുന്ന കെട്ടുറപ്പോടെ പാർട്ടിയെയും മുന്നണിയെയും കൊണ്ടുപോവാൻ കോൺഗ്രസിന് കഴിയുന്നില്ല. ആ അർത്ഥത്തിൽ മോദിക്കു മുന്നിൽ എത്രയോ ദുർബലനാണ് രാഹുൽ ഗാന്ധി. രണ്ടുനേതാക്കളെയും പരസ്പരം താരതമ്യം ചെയ്യാൻ പോലും കഴിയില്ല. അതിലും എത്രയോ ഭേദം പ്രിയങ്കാഗാന്ധിയാണെന്ന് തെലങ്കാനയിലെ ഒക്കെ അവരുടെ പ്രചാരണം തെളിയിക്കുന്നുണ്ട്. ഇതോടെ, പ്രിയങ്കയെ വിളിക്കൂ എന്ന കാമ്പയിനും കോൺഗ്രസിൽ ശക്തമവാൻ ഇടയുണ്ട്. പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കങ്ങളും പ്രശ്നങ്ങളും കൃത്യമായി പരിഹരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. എന്നാൽ മികച്ച സംസ്ഥാന നേതൃത്വം ഉള്ളിടത്ത് അവർ ജയിക്കുന്നുമുണ്ട്. കർണ്ണാടകയും, തെലങ്കാനയും ഉദാഹരണം.
ഈ തിരഞ്ഞെടുപ്പ് 2024ലെ പൊതുതിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ സൂചകമാണ്. സെമി ഫൈനൽ മോദിയും കുട്ടുരും വൻ ഭൂരിപക്ഷത്തിന് ജയിച്ചിരിക്കുന്നു. അടുത്ത പത്തുവർഷത്തേക്ക് ഇന്ത്യയിൽ അജയ്യശക്തികൾ തങ്ങൾ തന്നെ ആയിരിക്കുമെന്ന് മോദിയും കൂട്ടരും തെളിയിക്കുന്നു. മറുഭാഗത്തുകൊട്ടിഘോഷിച്ച് തുടങ്ങിയ ഇന്ത്യ മുന്നണിയോ. തമ്മിൽതല്ലും, കശപിശയും ഒഴിഞ്ഞ നേരമില്ല. ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. കഴിഞ്ഞമാസം ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസിനെ വിമർശിച്ചിരുന്നു.
ഇപ്പോഴിതാ സംസ്ഥാനങ്ങളിലെ തോൽവിയുടെ പശ്ചാത്തലത്തിൽ, ചൊവ്വാഴ്ച യോഗം വിളിച്ചിരിക്കയാണ് ഇന്ത്യാ മുന്നണി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് എൻഡിഎ ഭരണത്തെ മാറ്റുന്നതിന് വേണ്ടി, തങ്ങളുടെ പദ്ധതികൾ പൂർണ്ണമായും ഇന്ത്യ മുന്നണിക്ക് പുതുക്കിപ്പണിയേണ്ടിവരും. അടുത്ത ഇന്ത്യാ മുന്നണി യോഗത്തിൽ കോൺഗ്രസിനും രാഹുലിനുമെതിരെ വിമർശനങ്ങളും ഉയരും. മുന്നണിയിലെ മറ്റ് പാർട്ടികളുടെ സാധ്യത പോലും കോൺഗ്രസിന്റെ കെട്ടുറപ്പില്ലായ്മ തകർക്കുമെന്ന ആശങ്ക ചർച്ചകളിൽ സജീവമാണ്.
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ 'ഇന്ത്യ' മുന്നണി യോഗം വിളിച്ച് കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടുന്നുണ്ട്. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെയുള്ള സഖ്യ പങ്കാളികളെ യോഗത്തിന്റെ വിവരമറിയിച്ചു. ഇന്ത്യ മുന്നണിയുടെ യോഗം നടന്നിട്ട് മൂന്നുമാസം കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം യോഗത്തിൽ വിലയിരുത്തും. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ചർച്ചയാകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തെ നേരിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച കൂട്ടായ്മയാണ് 'ഇന്ത്യ' മുന്നണി. 2023 ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ