ന്യൂഡൽഹി: കുതിരക്കച്ചവടം നടത്തി അധികാരം പിടിച്ചെടുക്കുന്നതിനോട് കോൺഗ്രസിന് താൽപ്പര്യമില്ല. ഇന്ത്യാ മുന്നണി യോഗത്തിൽ ഈ നിലപാടാകും കോൺഗ്രസ് എടുക്കുക. ഇന്ത്യാ മുന്നണിയുടെ കരുത്ത് ചോർന്നു പോകാതെ കാക്കാനായാൽ താമസിയാതെ തന്നെ എൻഡിഎ മുന്നണി ശിഥിലമാകുമെന്നാണ് കോൺഗ്രസ് നിലപാട്. ടിഡിപിയും ജെഡിയുവും താമസിയാതെ എൻഡിഎ മുന്നണി വിട്ട് സ്വയം പുറത്തു വരുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. നല്ല പ്രതിപക്ഷമായി മാറാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും ആഗ്രഹം. ഇന്ത്യാ മുന്നണി ആവശ്യപ്പെട്ടാൽ പ്രതിപക്ഷ നേതൃസ്ഥാനവും രാഹുലിന് ഏറ്റെടുക്കേണ്ടി വരും. എന്നാൽ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്നതാണ് ഇപ്പോഴും രാഹുലിന്റെ പരസ്യ നിലപാട്. പക്ഷേ രാഹുൽ തന്നെ നേതാവാകണമെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തിപ്പെടുന്നുണ്ട്.

ഇന്ത്യാസഖ്യവും മന്ത്രിസഭാ രൂപീകരണ സാധ്യതകളാരായുന്നുണ്ട്. ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിർന്ന നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തിയത് കൗതുകമുണർത്തിയിട്ടുണ്ട്. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യാസഖ്യം യോഗം ചേരും. അട്ടിമറികളും കുതിരക്കച്ചവടവും വേണ്ടെന്ന് തന്നെയാണ് ഖാർഗെയുടേയും നിലപാട്. അതു ഭാവിയിൽ ദോഷമുണ്ടാക്കുമെന്നാണ് ഖാർഗെയും പറയുന്നത്. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പേരുദോഷമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബിജെപി ഏറെ കൊട്ടിഘോഷിച്ച മോദി പ്രഭാവം അസ്തമിച്ചതിന്റെ സൂചനയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ വെളിവാകുന്നത്. 2019ൽ 6,74,644 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ വിജയിച്ച മോദി ഇത്തവണ 1,52,513 വോട്ടിന് കടന്നു കൂടുകയായിരുന്നു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് കടുത്ത പോരാട്ടമാണ് നടത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മോദിയെക്കാൾ 12000 വോട്ടിന് അജയ് റായ് മുന്നിട്ട് നിന്നിരുന്നു. മോദിയുടെ ഭൂരിപക്ഷം വീണ്ടും ഉയർത്താനായി അമിത് ഷായുടെ നേതൃത്വത്തിൽ ക്യാമ്പ് ചെയ്തു ബിജെപി പ്രചരണം നടത്തിയെങ്കിലും ബിജെപി ക്യാമ്പിനെ വിറപ്പിച്ചാണ് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായി കീഴടങ്ങിയത്.

അതേസമയം രാഹുൽ ഗാന്ധി മത്സരിച്ച രണ്ട് സീറ്റിലും മൂന്നു ലക്ഷത്തിൽപരം വോട്ടിലെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുപിയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുൽ ഗാന്ധിക്കാണ്. റായ്ബറേലിയിൽ 3,88,742 വോട്ടിന്റെ ലീഡുമായാണ് രാഹുൽ ഗാന്ധിയുടെ വിജയം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വിജയം 364422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.

240 സീറ്റുകളുമായി ബിജെപി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കക്ഷിയായി. എൻഡിഎ ഘടകകക്ഷികളെയും ഒപ്പം കൂട്ടി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന സൂചനകൾ പുറത്തു വന്നിട്ടുണ്ട്. ഛത്രപതി ശിവാജി സ്ഥാനമേറ്റ് ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയതിന്റെ 350ാം വാർഷികം വരുന്ന എട്ടാം തീയതി സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റുവിനു ശേഷം തുടർച്ചയായി മൂന്നാം തവണ അധികാരമേൽക്കുന്ന പ്രധാനമന്ത്രിയാകും മോദി.

രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ കേന്ദ്രമന്ത്രിസഭാ യോഗം ഇന്നു രാവിലെ 11.30നു ചേരുന്നുണ്ട്. അടുത്ത മന്ത്രിസഭയുടെ 100 ദിവസത്തെ പരിപാടികൾ സംബന്ധിച്ച് ആലോചനയുണ്ടാകുമെന്നാണു സൂചന. 2019 ൽ 303 സീറ്റുകളോടെ ഒറ്റയ്ക്കു ഭരിക്കാമെന്ന നിലയിലായിരുന്നു ബിജെപി. 2014 ലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്നു: 282 സീറ്റ്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. അതുകൊണ്ട് തന്നെ ബിജെപിക്ക് അധികകാലം ഭരണത്തിലെത്തിയാലും തുടരാനാകില്ലെന്നാണ് നിലപാട്.