തിരുവനന്തപുരം: ഇന്ത്യയിൽ ജനാധിപത്യ ഉത്സവം തുടരുകയാണ്, പ്രചാരണ കാലം മാത്രമല്ല വോട്ടെണ്ണൽ ദിനത്തിലും അപ്രതീക്ഷിത കാഴ്ചകൾക്ക് ഒരു കുറവും ഇല്ല. അത് ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും എല്ലാം ഒരേ വിധം തുടരുകയാണ്. മധ്യ ദേശമായ മധ്യപ്രദേശും പടിഞ്ഞാറൻ തീരമായ ഗുജറാത്തിലും മാത്രമാണ് അത്ഭുതമില്ലാത്ത കാഴ്ചകൾ നൽകി ജനം ബിജെപിക്ക് ഒപ്പം അരയും തലയും മുറുക്കി നിൽക്കുന്നത്. മറ്റുള്ള മുക്കിലും മൂലയിലും എല്ലാം ജനം വോട്ടു നൽകിയത് വെത്യസ്ത ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കുമാണ് . ഒഡിഷയിലും ആന്ധ്രാപ്രദേശിലും ഉണ്ടായ ജനവിധി ഇതിന്റെ വെക്തമായ തെളിവാണ്. ഭരണ വിരുദ്ധ വികാരം മിക്ക സംസ്ഥാനങ്ങളിലും പ്രകടമാണ് എന്നതിന്റെ സൂചന തന്നെയാണ് കേരളവും നൽകുന്നത്. എന്നാൽ തമിഴ്‌നാട്ടിലും പഞ്ചിമ ബംഗാളിലും ഇപ്പോൾ വന്ന ഫല സൂചനകൾ നൽകുന്ന വികാരം ഭരണ വിരുദ്ധവും അല്ല. ഇത്തരത്തിൽ വിശകലനം നടത്തുമ്പോൾ ഒരു തരത്തിലും പിടി തരാതെ ഒഴിഞ്ഞു മാറുകയാണ് ഇന്ത്യൻ ജനാധിപത്യം . ഒരു പക്ഷെ അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയുടെ മനോഹാരിതയും . ഒരു പാർട്ടിക്കും തങ്ങളുടെ നാളത്തെ ഭാവി എന്തെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യം.

വർഗീയതയാണ് ബിജെപിയെ അധികാരത്തിൽ എത്തിച്ചത് എന്ന് എതിരാളികൾ പറയുമ്പോഴും 2014 ൽ മന്മോഹൻ സർക്കാരിന്റെ രണ്ടാം ഊഴത്തിൽ തെയ്യക്കോലത്തെ പോലെ ഉറഞ്ഞാടിയ അഴിമതികളാണ് ബിജെപിക്ക് കേന്ദ്രഭരണത്തിലേക്കുള്ള ഈസി വാക്കോവറായി മാറിയത് . ഒന്നാം മോദി സർക്കാരിലും രണ്ടാം മോദി സർക്കാരിലും കാര്യമായ തരത്തിൽ അഴിമതി ഉയർത്താൻ പ്രതിപക്ഷം പരാജയപെട്ടിടത്താണ് മൂന്നാം വരവ് സാധ്യമാകും എന്ന പ്രതീക്ഷ ശക്തമാക്കിയത്. എന്നാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന കാലം വരെ തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജം അല്ലാതിരുന്ന പ്രതിപക്ഷം ഇന്ത്യ മുന്നണി എന്ന പേരിൽ സഖ്യം സൃഷ്ടിക്കാൻ അല്പം വൈകിയില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ മോദി സർക്കാരിന്റെ മൂന്നാം വരവിനെ നിഷ്പ്രഭമായി തടയാമായിരുന്നു എന്ന ഫലസൂചനയാണ് ഇപ്പോൾ യുപിയും മഹാരാഷ്ട്രയും അടക്കമുള്ള വലിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റം തെളിയിക്കുന്നത്. രാജ്യത്തിന്റെ നാലു ദിശകളിലേക്കും രണ്ടു തവണയായി രാഹുൽ ഗാന്ധി നടത്തിയ ജോഡോ യാത്രകൾ കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്ത മാറ്റം ജനമനസുകളിൽ സൃഷ്ടിച്ചിരിക്കാം എന്ന വിശകലനവും ഇപ്പോൾ ശക്തമാകുകയാണ് .

യുപിയിലും ആന്ധ്രായിലും മഹാരാഷ്ട്രയിലും ബംഗാളിലും തമിഴ്‌നാട്ടിലും ഒക്കെ പ്രതിപക്ഷ ഐയ്ക്യം മുന്നേറിപോകുന്ന കാഴ്ച ബിജെപിക്ക് കണ്ടുപഠിക്കാനുള്ള പാഠങ്ങൾ തന്നെയാണ്. ഒരു പക്ഷെ പ്രതിപക്ഷം അല്പം കൂടി ഹോം വർക് ചെയ്ത ശേഷം മുൻകൂട്ടി തയാറാക്കിയ പദ്ധതികളുമായി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെകിൽ ബിജെപിയെ അധികാരത്തിൽ നിന്നും നിഷ്പ്രയാസം മാറ്റി നിർത്തമായിരുന്നു എന്ന സന്ദേശമാണ് ഇന്നത്തെ തിരഞ്ഞെടുപ് ഫലം നൽകുന്നത്. ഇന്ത്യ മഹാസഖ്യം സാധ്യമാക്കാൻ കോൺഗ്രസ് ഒട്ടേറെ വിട്ടുവീഴ്ചകൾക്ക് തയാറായത് തന്നെയാണ് അവരുടെ മടങ്ങി വരവ് സാധ്യമാണ് എന്ന സാഹചര്യം ഇപ്പോൾ സൃഷ്ടിക്കാൻ കാരണമായതും.

അധികാരത്തോട് ഒട്ടി നിൽക്കാൻ ആഗ്രഹമുള്ള ഒട്ടേറെ നേതാക്കൾ പാർട്ടി വിട്ടു പോയതും തിരഞ്ഞെടുപ്പിന് ഫണ്ട് പോലും ഉപയോഗിക്കാൻ സാധിക്കാതെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ട സാഹചര്യവും ഒക്കെ മറികടന്നു തന്നെയാണ് കോൺഗ്രസ് ത്രസിപ്പിക്കുന്ന ഈ വിജയ മുന്നേറ്റം സാധ്യമാക്കിയത് എന്നതതും വിജയത്തിന്റെ പകിട്ട് കൂട്ടുകയാണ് . ഇതുവരെ ലഭ്യമാകുന്ന ട്രെന്റിൽ കോൺഗ്രസ് നൂറു കടക്കുന്നു എന്ന് വക്തമാകുമ്പോൾ അത് രാഹുൽ നടത്തിയ പദയാത്രകളിൽ അദ്ദേഹത്തിന്റെ വീണ്ടു കീറിയ കാല്പാദങ്ങളിൽ ജനങ്ങൾ നൽകിയ സ്‌നേഹലേപനമാണ് എന്ന വിലയിരുത്തലാണ് ഏറ്റവും അനുയോജ്യമാകുക . വെറുപ്പിന്റെ വിപണിയിൽ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് എന്ന സന്ദേശവും ആയി രാഹുൽ നടന്നു തീർത്ത വഴികളിലൂടെ അദ്ദേഹം പോലും അറിയാതെ ജനങ്ങളിലേക്ക് എത്തുകയായിരുന്നു എന്ന് വേണം ഇപ്പോൾ കോൺഗ്രസ് നേടുന്ന വിജയം വഴി അനുമാനിക്കേണ്ടത് .

വെറുപ്പിന്റെയും പരിഹാസത്തിന്റെയും രാഷ്ട്രീയം പറഞ്ഞവർക്ക് തൃശൂരിന്റെ മറുപടി

തൃശൂർ തുടക്കത്തിൽ സുരേഷ് ഗോപിക്ക് അനുകൂലം എന്ന് ഏവരും വിലയിരുത്തി തുടങ്ങിയ ഘട്ടത്തിലാണ് തന്നെ അപമാനിച്ചു എന്ന പരാതിയുമായി വനിതാ മാധ്യമ പ്രവർത്തക എത്തുന്നത് . തുടർന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ തീരെ ചെറുതായിരുന്നില്ല . വെറുപ്പിന്റെയും പരിഹാസത്തിന്റെ കടുത്ത ആക്രമണം ഉണ്ടായതോടെ സുരേഷ് ഗോപി വക്തിപരമായും അവരുടെ പാർട്ടി സംവിധാനവും പരുങ്ങുന്ന കാഴ്ചയും തൃശൂർ പ്രചാരണത്തിന്റെ തുടക്കത്തിൽ നൽകി . മലയോര ഗ്രാമമായ വെള്ളികുളങ്ങരക്ക് അടുത്ത് അദ്ദേഹം എത്തിയപ്പോൾ പ്രവർത്തകർ കുറഞ്ഞു പോയതിൽ അദ്ദേഹം ക്ഷുഭിതനാകുന്ന വിഡിയോ പോലും എതിരാളികൾ നന്നായി ഉപയോഗിച്ചു.

തുടർന്ന് പ്രധാന എതിരാളി എന്ന നിലയിൽ കെ മുരളീധരൻ കൂടി എത്തിയതോടെ സുരേഷ് ഗോപിയുടെ പ്രഭാവം മങ്ങി എന്നും തൃകോണ മത്സരമാണ് എന്നും മാധ്യമങ്ങൾ വിധി എഴുതി . എന്നാൽ ത്രികോണ മത്സരം പോലും ഇല്ലായിരുന്നു എന്ന് വക്തമാക്കുന്ന തികച്ചും സുവക്തമായ ജനവിധിയാണ് തൃശൂർ ഇപ്പോൾ നൽകുന്നത് . കഴിഞ്ഞ തവണ സുരേഷ് ഗോപിയെ ജയിപ്പിക്കാതെ വിട്ടതിൽ ഉള്ള ക്ഷമാപണത്തോടെ ജനം ഇത്തവണ വോട്ടു ചെയ്തു എന്ന സൂചന അദ്ദേഹത്തിന്റെ ഭൂരിപക്ഷം നൽകുന്നുണ്ട് . വെറുപ്പിന്റെയും പരിഹാസത്തിന്റെയും രാഷ്ട്രീയം ആര് പറഞ്ഞാലും അതിനു മറുപടി വോട്ടിലൂടെ നൽകും എന്ന ശക്തമായ താക്കീതാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം നൽകുന്നത് . തൃശൂരിന്റെ സാംസ്‌കാരിക മണ്ണ് വർഗീയതയെ താലോലിക്കുമോ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ജനം വോട്ടിലൂടെ നൽകുന്നത് . ഒരാളെയും താറടിക്കാൻ രാഷ്ട്രീയം ഉപയോഗിക്കേണ്ട എന്നാണ് തൃശൂരുകാർ ഇടത് , വലതു മുന്നണികൾക്ക് സുരേഷ് ഗോപിക്ക് നൽകിയ വോട്ടിലൂടെ നൽകുന്ന മുന്നറിയിപ്പ് .

കെ സി വേണുഗോപാലിന് വഴി ഒരുക്കിയത് ശോഭയുടെ സാന്നിധ്യം

കോൺഗ്രസ് ദേശീയമായി തകരും എന്ന് വോട്ടെടുപ്പിന് മുൻപ് വിശ്വസിച്ചിരുന്നവരിൽ പ്രധാനിയാണ് കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസിനെ പ്രതിപക്ഷത്തു ഇരുത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു എന്ന ആരോപണം നേരിടുന്ന കെ സി വേണുഗോപാൽ . കഴിഞ്ഞ തവണ ഒരു തരി കനലായി മാറിയ ആരിഫിനെ നേരിടാൻ വേണുഗോപാൽ വരണം എന്ന് കേരള നേതാക്കൾ പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞത് വേണുഗോപാൽ തന്നെ ആയിരുന്നു . പരാജയ ഭീതി തന്നെ ആയിരുന്നു ഈ വാക്കുകളിൽ നിറഞ്ഞതു . എന്നാൽ സുധാകരനും സതീശനും ശക്തമായി രാഹുൽ ഗാന്ധിയിൽ സമ്മര്ദമായി മാറിയപ്പോൾ വേണുഗോപാലിന് വേറെ വഴി ഇല്ലാതായി . കരുത്തുള്ള ഒരു സ്ഥാനാർത്ഥി ആലപ്പുഴയിൽ വേറെ ഇല്ലെന്നതും വേണുവിന്റെ വരവിൽ പ്രദാനമായിരുന്നു . എന്നാൽ ഇതൊന്നും അല്ല വേണുഗോപാലിന് ഇന്ന് വിജയം ഒരുക്കിയത് . മറിച്ചു ബിജെപ്പിക്ക് ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ പോലെ ഉള്ള സീനിയർ നേതാവിനെ പാർട്ടി രംഗത്ത് ഇറക്കിയപ്പോൾ ബിജെപിയെ പോലും ഞെട്ടിച്ചു ശോഭ നേടിയ വോട്ടുകളാണ് വേണുഗോപാലിനെ ഇപ്പോൾ എംപി യാക്കിയത് എന്ന് ഉറപ്പിക്കാം .

സാധാരണ ബിജെപി നേടുന്ന അധിക വോട്ടുകൾ കോൺഗ്രസ് പക്ഷത്തു നിന്നും ഒഴുകുന്നതാണ് എന്ന സിപിഎം വായ്ത്താരി ഇല്ലാതാക്കുകയാണ് ആലപ്പുഴയിലെ വോട്ടിങ് പാറ്റേൺ . കഴിഞ്ഞ തവണ നാലര ലക്ഷം വോട്ടു നേടിയ ആരിഫിന്റെ പങ്കിൽ നിന്നും ഇത്തവണത്തെ ചോർച്ച ഒരു ലക്ഷം വോട്ടുകളാണ് . കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി നേടിയ 1.89 ലക്ഷം വോട്ടുകളുടെ സ്ഥാനത്തു ശോഭ സുരേന്ദ്രൻ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തന്നെ 2.91 ലക്ഷം വോട്ടുകൾ നേടിക്കഴിഞ്ഞു എന്ന് വക്തമാകുമ്പോൾ അച്യുദാനന്തന്റെ പ്രശസ്തമായ ഡയലോഗ് ഒരിക്കൽ കൂടി പറഞ്ഞു പോകേണ്ടി വരും , അരിയാഹാരം കഴിക്കുന്നവർക്ക് കാര്യങ്ങൾ ബോധ്യപ്പെടും എന്ന വസ്തുത . എസ ഡി പി ഐ ബന്ധവും ജി സുധാകരൻ ഉയർത്തുന്ന ഒറ്റയാൾ പോരാട്ടവും ഒക്കെ സിപിഎമ്മിനെ വിഷമിപ്പിക്കുന്ന വോട്ടുകളായി ശോഭയുടെ പേരിലേക്ക് എത്തുക ആയിരുന്നു എന്ന് ഉറപ്പിക്കാവുന്ന തരത്തിലാണ് ആരിഫ് പിന്നിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത് .

രമ്യ വീണത് ബിജെപി എത്തി ഇരട്ടി വോട്ടു പിടിച്ചപ്പോൾ

ഏകദേശം ആലപ്പുഴയിലെ സാഹചര്യം തന്നെയാണ് ആലത്തൂരിൽ രെമ്യ ഹരിദാസിനെ ഇടറി വീഴ്‌ത്തിയതും . ഇവിടെ തുണയായി മാറിയത് സിപിഎമ്മിന്റെ എക്കാലത്തെയും ഇലക്ഷൻ പടക്കുതിര ആയ നിലവിലെ മന്ത്രി കെ രാധാകൃഷ്ണനാണ് എന്ന് മാത്രം . കഴിഞ്ഞ തവണ മണ്ഡലത്തിൽ ഒരു സ്വാധീനവും ഇല്ലാത്ത ബിഡിജെഎസിന് സീറ്റ് നൽകി പിന്നിലേക്ക് മാറി നിന്ന ബിജെപി ഇത്തവണ സീറ്റു ഏറ്റെടുത്തു ടി എൻ സരസു എന്ന പ്രൊഫസറെ രംഗത്തിറക്കിയപ്പോൾ അവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ബിജെപിക്കാർ മാത്രമല്ല എന്ന് തെളിയിക്കുകയാണ് ഇതുവരെ കിട്ടിയ ഒന്നേമുക്കാൽ ലക്ഷം വോട്ടുകൾ . കഴിഞ തവണ തൃശൂരിൽ സുരേഷ് ഗോപി സൃഷ്ടിച്ച രാഷ്ട്രീയ സാഹചര്യമാണ് അത്രക്കൊന്നും പ്രശസ്ത അല്ലാത്ത സരസു ടീച്ചർ ആലത്തൂരിൽ സാധ്യമാക്കിയത്.

കഴിഞ്ഞ തവണ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എതിരാളി പികെ ബിജുവിന്റെ മുന്നിൽ കയറി പോകാൻ രമ്യ പാടിയ പാട്ടുകൾ മാത്രം മതിയായിരുന്നു എങ്കിൽ ഇത്തവണ രാധാകൃഷ്ണന്റെ പ്രായോഗിക രാഷ്ട്രീയവും സീനിയോറിറ്റിയും മണ്ഡലത്തിലെ ബന്ധങ്ങളും മാത്രമല്ല ബിജെപിയുടെ വരവും കാരണമായി എന്ന് വെക്തം . കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഒന്നേമുക്കാൽ ലക്ഷം വോട്ടുകൾ കൈവെള്ളയിൽ നിന്നും രമ്യക്ക് ഒഴുകി പോയപ്പോൾ സിപിഎമ്മിന് വോട്ടു ചോർച്ച ഉണ്ടായില്ല എന്നാണ് വക്തമാകുന്നത് . ആലത്തൂരിൽ രമ്യക്ക് നഷ്ടമായ വോട്ടുകൾ നേരെ ചെന്ന് വീണത് ബിജെപി ചിഹ്നത്തിൽ ആണെന്ന് മാത്രം.

ഇതുകൊണ്ടാണ് ആലപ്പുഴയും ആലത്തൂരും ഇത്തവണ വോട്ടു ഷിഫ്റ്റിംഗിൽ സമാനതകൾ കാഴ്ച വയ്ക്കുന്നത് . രണ്ടിടത്തും നിലവിലെ എംപിമാരെ വീഴ്‌ത്തിയതും ഈ സമാനത തന്നെയാണ് . രണ്ടിടത്തും അപ്പോൾ യഥാർത്ഥ വിജയി ആയി മാറുന്നത് അധികമായി ഒരു ലക്ഷത്തോളം വോട്ടു പിടിച്ചെടുത്ത ബിജെപി തന്നെ . ഇതിനർത്ഥം കേരളത്തിൽ എവിടെയും ബിജെപി യാതാർത്ഥ രാഷ്ട്രീയ ശക്തിയായി സിപിഎമ്മിനും കോൺഗ്രസിനും ഒപ്പം വളർന്നു എന്ന് തന്നെയാണ് . ഭാവി തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പഴയ കണ്ണിൽ കണ്ടാൽ ആരിഫും രമ്യയും പോലെ ഒട്ടെറെ ഉദാഹരണങ്ങൾ സൃഷ്ടിക്കപ്പെടും എന്നുറപ്പ് .

ജോഡോ യാത്രകൾ മാത്രമല്ല കരുവന്നൂരിലും പാലക്കാട്ടും പദയാത്രകൾ ഫലം ചെയ്തപ്പോൾ

ദേശീയമായി രാഹുൽ ഗാന്ധി നടത്തിയ ജോഡോ യാത്രകൾ ഇനിയുള്ള കാലം ഇന്ത്യൻ രാഷ്ട്രീയം കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യാൻ സാധ്യതയുണ്ട് . മാധ്യമങ്ങളിൽ നിറയുന്നതിനേക്കാൾ ഉപരിയായി ജനമനസിനോട് സംവദിക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് നിര്ണായകമാകുന്നത് . ഇതിനുള്ള ഉദാഹരണം ഇപ്പോൾ കേരളത്തിലും ലഭ്യമാണ് . തൃശൂരിൽ സുരേഷ് ഗോപിയുടെയും പാലക്കാട് വികെ ശ്രീകണ്ഠന്റെയും വിജയം പദയാത്രകളുടേതു കൂടിയാണ് . സാധാരണ ഇലക്ഷൻ കടന്നു വരുമ്പോൾ രാഷ്ട്രയ പാർട്ടികൾ തെക്കു വടക്ക് പല പേരുകളിൽ നടത്തുന്ന വാഹന ജാഥകൾ പദയാത്രയാകാതെ പണയാത്ര ആയി മാറുന്നതും ജനം നന്നായി മനസ്സിലാക്കുന്ന കാര്യമാണ് . അതിനാൽ അത്തരം യാത്രകൾ ഒന്നും ജന ഹൃദയങ്ങളിൽ ഒരു ചലനം പോലും സൃഷ്ടിക്കുന്നുമില്ല . അത്തരം യാത്രകൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്ന് മാത്രമല്ല ഒരു വോട്ടു പോലും പിടിച്ചെടുക്കുന്നുമില്ല .

എന്നാൽ കരുവനൂരിൽ ബാങ്ക് കുംഭകോണത്തിൽ ഞാൻ നിങ്ങൾക്കൊപ്പമാണ് എന്ന സന്ദേശവുമായി സുരേഷ് ഗോപി നടന്നപ്പോൾ അദ്ദേത്തിന്റെ കാൽ പൊട്ടിയെന്നും കിതപ്പിൽ വായിൽ നിന്നും പത വന്നെന്നും ഒക്കെയാണ് എതിരാളികൾ പറഞ്ഞത് . എന്നാൽ ആ പരിഹാസം ജനത്തിന് ഇഷ്ടപ്പെട്ടില്ല എന്ന് ഇന്ന് തെളിയുകയാണ് . ജനങ്ങളെ കഷ്ട്ടപെടുത്തിയവർ തന്നെ വീണ്ടും പരിഹാസം ഉയർത്തിയപ്പോൾ അതിനുള്ള മറുപടി അന്നേ ജനം മനസ്സിൽ കരുതിയിരിക്കണം . മുൻപ് ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് ഒപ്പം നിന്നവർ ഇപ്പോൾ അതിനെ പരിഹസിക്കുന്നത് എന്തുകൊണ്ട് എന്ന് ജനം സ്വയം ചോദിച്ചിരിക്കണം . സുരേഷ് ഗോപിയുടെ നടപ്പ് ശ്രദ്ധിച്ച ആദ്യ എതിരാളി ടി എൻ പ്രതാപൻ സ്‌നേഹയാത്ര എന്ന പേരിൽ മറുപടിയായി തൃശൂർ മണ്ഡലം മുഴുവൻ നടക്കാൻ ഇറങ്ങിയെങ്കിലും അതിലെ രാഷ്ട്രീയ കുതന്ത്രവും ജനം തിരിച്ചറിയുക ആയിരുന്നു . അഞ്ചു വര്ഷം മണ്ഡലത്തിൽ ഏറെക്കുറെ അന്യനായി പോയ പ്രതാപന്റെ രാഷ്ട്രീയ ജീവിതവും ഇനി ചോദ്യചിഹ്നം ആകുന്നുണ്ട് .

കോൺഗ്രസിന്റെ ഏറ്റവും തിളക്കമുള്ള വിജയം പാലക്കാട്ടേത്

തൃശൂരിലെ സമാന കാഴ്ചയാണ് വികെ ശ്രീകണ്ഠൻ പാലക്കാട് നടത്തിയതും . കഴിഞ്ഞ തവണയും ശ്രീകണ്ഠൻ മണ്ഡലം പിടിച്ചെടുത്തത് മണ്ഡലം മുഴുവൻ നടന്നു തീർത്താണ് . താൻ കഷ്ട്ടപെടാനും ജനങളുടെ വാക്കുകൾ കേൾക്കാനും അവരുടെ അരികിലേക്ക് നടന്നെത്തുകയാണ് എന്ന സന്ദേശം ശ്രീകണ്ഠൻ നൽകിയപ്പോൾ എല്ലാ മാധ്യമങ്ങളും പ്രവചിച്ചത് അദ്ദേഹത്തിന്റെ കനത്ത തോൽവി ആണ് . എക്‌സിറ്റ് പോൾ വന്നപ്പോഴും ചില മാധ്യമങ്ങൾ അദ്ദേഹത്തിന്റെ തോൽവി ആവർത്തിച്ചു . എന്നാൽ മാധ്യമങ്ങൾ പറയുന്നതല്ല ജനം കേൾക്കുന്നത് എന്നതിന്റെ ത്രസിപ്പിക്കുന്ന ഉദാഹരണം ആണ് ഇപ്പോൾ പാലക്കാട് ശ്രീകണ്ഠൻ നേടുന്ന വിജയം . മറ്റെല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും പോളിങ് കുറഞ്ഞതിന്റെ പേരിൽ ആകെ നേടിയ വോട്ടുകളിൽ പതിനായിരക്കണക്കിന് കുറവ് വരുത്തിയപ്പോൾ ശ്രീകണ്ഠൻ പതിനായിരക്കണക്കിന് വോട്ടുകൾ അധികം നേടിയാണ് മറുപടി നൽകിയത് .

പാലക്കാട് നിശ്ചയമായും തോൽക്കും എന്ന് കെപിസിസി യിൽ വിലയിരുത്തൽ ഉണ്ടായപ്പോൾ അതിനുള്ള മറുപടിയും സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം കോൺഗ്രസിന് പാലക്കാട് സമ്മാനിച്ചാണ് ശ്രീകണ്ഠൻ ഇപ്പോൾ ചിരിക്കുന്നത് . കഴിഞ്ഞ തവണ സിപിഎം സ്റ്റാർ സ്ഥാനാർത്ഥി ആയി എത്തി ഇപ്പോഴത്തെ മന്ത്രി എംബി രാജേഷിനോട് കഷ്ട്ടിച്ചു 11000 വോട്ടുകൾ അധികം നേടി കടന്നു കൂടിയ ശ്രീകണ്ഠൻ ഇത്തവണ കൂടുതൽ കരുത്തനായ സിപിഎം പോളിറ്റ് ബ്യുറോ അംഗം വിജയരാഘവനെ മറികടക്കുന്നത് അധികമായി മുക്കാൽ ലക്ഷം വോട്ടുകൾ നേടിയാണ് . എംബി രാജേഷ് നേടിയതിനേക്കാൾ അരലക്ഷം വോട്ടുകൾക്ക് എങ്ങനെ വിജയരാഘവൻ പിന്നിൽ പോയി എന്നതാണ് സിപിഎം വിയർത്തേ മറുപടി നൽകാനാവൂ.

കാരണം ബിജെപി ഏറ്റവും ശക്തം എന്ന് കരുതപ്പെടുന്ന പാലക്കാട് കഴിഞ്ഞ തവണയും ഇത്തവണയും അവരുടെ ഏറ്റവും മികച്ച പ്രാദേശിക നേതാവായ കൃഷ്ണകുമാർ തന്നെ മത്സരിക്കുമ്പോഴും വോട്ടിങ്ങിൽ പറയത്തക്ക മാറ്റം പ്രകടമല്ല . ഇവിടെയാണ് ശ്രീകണ്ഠൻ ഇത്തവണ കോൺഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും തിളക്കമുള്ള വിജയമാണ് സ്വന്തമാക്കിയത് എന്ന് പറയേണ്ടി വരുന്നത് . എ വി ഗോപിനാഥിനെ പോലെ വിമതരുടെ ശബ്ദമൊന്നും ഇപ്പോഴും കോൺഗ്രസിനെ ഇല്ലാതാക്കാൻ കരുത്തുള്ളത് അല്ലെന്ന തെളിവായി മാറുമ്പോൾ പാലക്കാട് നിയമ സഭ ഉപതെരെഞ്ഞുപിൽ ഷാഫി പറമ്പിലിന് പകരം ആരെന്ന ചോദ്യത്തിലും കോൺഗ്രസിന് വലിയ അസ്വസ്ഥതകൾ ഇല്ലാതെ ആളെ കണ്ടെത്താനാകും . ഉപ തിരഞ്ഞെടുപ്പിലും ശ്രീകണ്ഠൻ തന്നെ മുന്നിൽ നിന്ന് നയിക്കേണ്ടി വരും എന്ന് മാത്രം .