ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്കായിരുന്നു നവംബറിലെ തിരഞ്ഞെടുപ്പ്. അതിൽ ഇടതു കനൽതിരി തെലുങ്കാനയിൽ മാത്രം. അതും ജയിച്ചത് കോൺഗ്രസ് പിന്തുണയിൽ സിപിഐ. തെലങ്കാനയിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു സിപിഐ മത്സരിച്ചത്. കോതഗുഡം മണ്ഡലത്തിൽ സിപിഐയുടെ കുനംനേനി സാംബശിവ റാവു ആണ് ഇവിടെ വൻ വിജയം നേടിയത്. 26541 വോട്ടിന്റെ വിജയം. തോൽപ്പിച്ചത് ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്കിലെ സ്ഥാനാർത്ഥിയേയും. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലെ യുഡിഎഫിലാണ് ഫോർവേർഡ് ബ്ലോക്ക് എന്നതാണ് വസ്തുത. ഇടതുപക്ഷ സ്വഭാവമുള്ള ഫോർവേർഡ് ബ്ലോക്കിനെ തോൽപ്പിച്ച് സിപിഐ കനൽ തിരിയാകുന്നു.

തെലുങ്കാനയിൽ സി പി എമ്മുമായും കോൺഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജന ചർച്ചകളിൽ പരാജയപ്പെടുകയായിരുന്നു. 17 സീറ്റിൽ സി പി എം സംസ്ഥാനത്ത് തെലുങ്കാനയിൽ സ്ഥാനാർത്ഥിയെ നിർത്തി. എല്ലാവരും തോറ്റു. സഖ്യത്തിന് പോയ സിപിഐ ജയിക്കുകയും ചെയ്തു. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോതഗുഡം സീറ്റിൽ കോൺഗ്രസാണ് ജയിച്ചത്. കോൺഗ്രസിലെ വനമ വെങ്കിടേശ്വര റാവു ടിആർഎസിലെ ജലഗം വെങ്കട്ട് റാവുവിനെ 4,139 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ പിന്നീട് വനമ വെങ്കിടേശ്വര റാവു ബി ആർ എസിലേക്ക് കൂറുമാറിയിരുന്നു. ഇത്തവണ വനമ വെങ്കിടേശ്വര റാവു ബി ആർ എസ് സ്ഥാനാർത്ഥിയായാണ് ജനവിധി തേടിയത്. പക്ഷേ അദ്ദേഹം മൂന്നാം സ്ഥാനത്തായി. ജനസേന-ബിജെപി സഖ്യത്തിന്റെ എൽ.സുരേന്ദർ റാവു വെറും 1922 വോട്ടുമായി നാലാമതും.

കേരളവും ത്രിപുരയും ബംഗാളും കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ 'രണ്ടക്കം' കടന്നിരുന്ന സംസ്ഥാനമായിരുന്നു അവിഭക്ത ആന്ധ്രാപ്രദേശ്. 1994 തിരഞ്ഞെടുപ്പിലാണ് ഇടത് പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയത്. സിപിഐ 19 ഇടത്തും സിപിഎം 15 സീറ്റിലും വിജയിച്ചു. 2009വരെ ആന്ധ്ര നിയമസഭയിൽ ഇടത് പാർട്ടികൾക്ക് സാന്നിധ്യമുണ്ടായിരുന്നു. തെലങ്കാന രൂപീകരണ ശേഷം, തെലുഗ് മണ്ണിൽ തിരിച്ചുവരവിന് ശ്രമിച്ച ഇടതുപക്ഷം തളർന്നു. 2014ൽ സിപിഎമ്മും സിപിഐയും ഓരോ സീറ്റിൽ വിജയിച്ചു. 2018ൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും സംപൂജ്യരായി. ഇപ്പോൾ കോൺഗ്രസ് പിന്തുണയിൽ ഒരു കനൽതിരിയും.

നിലവിൽ ബിആർഎസിന്റെ കൈവശമുള്ള ഖമ്മം ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് കോതഗുഡെം നിയമസഭാ മണ്ഡലം. ബി ആർ എസിന്റെ വലിയ റാലി നടന്നത് ഖമ്മം എന്ന സ്ഥലത്താണ്. ഇവിടെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗിക്കാൻ എത്തി. ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് കെ ചന്ദ്രശേഖര റാവു നടത്തിയ നീക്കമായിരുന്നു റാലിയും പൂജയുമെല്ലാം. ഈ മേഖലയിലാണ് കോൺഗ്രസിന്റെ പിന്തുണയിൽ സിപിഐ ജയിച്ചു കയറുന്നത്. ഇടതുപാർട്ടികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളല്ലെങ്കിലും നാല് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോൾ സിപിഎമ്മിന് വമ്പൻ നിരാശയാണ് ഫലം. സിപിഎമ്മിന് രാജസ്ഥാനിൽ കൈയിലുണ്ടായിരുന്ന രണ്ട് സീറ്റും നഷ്ടമായി.

2009ൽ അവിഭക്ത ആന്ധ്രാപ്രദേശായിരുന്നപ്പോഴും കൊത്തഗുഡെം മണ്ഡലത്തിൽനിന്ന് സാമ്പശിവ റാവു വിജയിച്ചിരുന്നു. ഛത്തീസ്‌ഗഡിലെ കോണ്ട മണ്ഡലത്തിൽ സിപിഐയുടെ മനിഷ് കുഞ്ചം മുന്നിലെത്തിയെങ്കിലും പിന്നീട് പിന്നിലായി. ഛത്തീസ്‌ഗഡിൽ സിപിഐ 16 സീറ്റിലാണ് മത്സരിച്ചത്. ഒ്ന്നും കിട്ടിയില്ല. കർഷക പ്രക്ഷോഭത്തിന്റെ ബലത്തിൽ 2018ലെ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ സിപിഎം രണ്ട് സീറ്റ് നേടിയിരുന്നു. കർഷക മുന്നേറ്റങ്ങൾ വീണ്ടും തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടറി അമ്രാ റാമിന്റെ നേതൃത്വത്തിൽ പാർട്ടി 17 സീറ്റുകളിൽ മത്സരിച്ചത്. നാലു തവണ നിയമസഭാംഗമായിരുന്ന അമ്രാ റാമും ഇത്തവണ ബിജെപി തരംഗത്തിൽ തോറ്റു. കോൺഗ്രസുമായുള്ള സഖ്യനീക്കങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് സിപിഎം രാജസ്ഥാനിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ബാദ്രയിൽ ബൽവൻ പുനിയയും ദന്താഘറിൽ ഗിരിധരി ലാലും സിപിഎമ്മിനു വേണ്ടി ശക്തമായ പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല.

1957ൽ സിപിഐ നേടിയ ഒരു സീറ്റിലൂടെയായിരുന്നു രാജസ്ഥാനിൽ ഇടതുപക്ഷം സാന്നിധ്യമറിയിച്ചത്. 2008-ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് മൂന്നു സീറ്റ് ലഭിച്ചു. ധോദ്, അനുപ്ഘർ, ഡൂംഗർഘർ മണ്ഡലങ്ങൾ സിപിഎമ്മിന് ശക്തിയുള്ള മേഖലകളായിരുന്നു. കിസാൻ സഭയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്ന പ്രദേശങ്ങളാണിവ. സിപിഎമ്മിന് ഇവിടെ പരമ്പരാഗത വോട്ട് ബാങ്കുകളുണ്ടായിരുന്നു. ഇതെല്ലാം നഷ്ടമായി. തെലുങ്കാനയിൽ ബിആർഎസിനൊപ്പം സഖ്യമുണ്ടാക്കാനായിരുന്നു ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ആദ്യ ശ്രമം. എന്നാൽ അവസാനനിമിഷം, കെസിആർ ഇടതുപാർട്ടികളെ തഴഞ്ഞു. പിന്നീട് കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും സിപിഎം ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറായില്ല. തുടർന്ന് പാർട്ടി 19 സീറ്റിൽ ഒറ്റയ്ക്ക് മത്സരിച്ചു. ഒരിടത്തും ജയിക്കാൻ സാധിച്ചില്ല.

മധ്യപ്രദേശിലും സിപിഐയും സിപിഎമ്മും അപ്രസക്തമാണ്. അവിഭക്ത മധ്യപ്രദേശിൽ 1980ലും (രണ്ട് സീറ്റ്) 1990ലും (മൂന്നു സീറ്റ്) വിജയിച്ചതൊഴിച്ചാൽ പിന്നീട് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. നാല് സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചത്. നാലിടത്തും തോറ്റു.