ന്യൂഡൽഹി: വീണ്ടും സിപിഎമ്മും സിപിഐയും രണ്ടഭ്ര്രപായത്തിൽ. 'ഇന്ത്യ' പ്രതിപക്ഷമുന്നണിയുമായി ബന്ധപ്പെട്ട നിലപാടുകളിൽ സിപിഎമ്മും സിപിഐ.യും വിരുദ്ധധ്രുവങ്ങളിൽ നിലയുറപ്പിക്കുമ്പോൾ കേരളത്തിൽ എന്തു സംഭവിക്കുമെന്നതാണ് നിർണ്ണായകം. കോൺഗ്രസിനെതിരെ കേരളത്തിൽ സിപിഐ സ്ഥാനാർത്ഥിയെ നിർത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. തിരുവനന്തപുരത്തും തൃശൂരും ഇടതു മുന്നണിക്കായി മത്സരിക്കുന്നത് സിപിഐയാണ്. രണ്ടിടത്തും ബിജെപി സ്വാധീന ശക്തിയും. ബിജെപി ജയിക്കുന്നില്ലെന്ന് ഉറപ്പിക്കാൻ രണ്ടിടത്തും കോൺഗ്രസുമായി സിപിഐ കൈകോർക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

'ഇന്ത്യ' പ്രതിപക്ഷപാർട്ടികൾക്കിടയിലെ ധാരണ മാത്രമാണെന്നും തിരഞ്ഞെടുപ്പ് സഖ്യമല്ലെന്നുമുള്ള സിപിഎം. നിലപാട് സിപിഐ. തള്ളിയിരുന്നു. 'ഇന്ത്യ' എന്ന പേരിൽത്തന്നെ സഖ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡൽഹിയിൽ സമാപിച്ച രണ്ടുദിവസത്തെ പാർട്ടി ദേശീയനിർവാഹകസമിതിയോഗത്തിനുശേഷം സിപിഐ. ജനറൽസെക്രട്ടറി ഡി. രാജ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യമാകുന്നതിൽ തെറ്റില്ലെന്നും എന്നാൽ, തിരഞ്ഞെടുപ്പുധാരണകൾ സംസ്ഥാനതലത്തിലാകും സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമിതികളിൽ ചേരുന്നതുമായി ബന്ധപ്പെട്ടും സിപിഐ.ക്ക് വ്യത്യസ്ത നിലപാടാണ്.

ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ് എന്നാണ് 'ഇന്ത്യാ' സഖ്യത്തിന്റെ മുഴുവൻ പേര്. അതായത് പേരിൽ തന്നെ സഖ്യം എന്ന വാക്ക് സൂചിപ്പിക്കുന്ന അലയൻസ് ഉണ്ട്. എന്നിട്ടും സിപിഎം പറയുന്നു ഇന്ത്യാ എന്നത് സഖ്യമല്ലെന്ന്. ഇതാണ് സിപിഐ തുറന്നു കാട്ടുന്നത്. 'ഇന്ത്യ' സഖ്യത്തിൽ അംഗമാകുകയും ഏകോപനസമിതിയിൽനിന്ന് വിട്ടുനിൽക്കുകയുംചെയ്യാനുള്ള സിപിഎമ്മിന്റെ തീരുമാനം വീണ്ടും ഇടതുപക്ഷത്ത് ഭിന്നാഭിപ്രായത്തിന് വഴിവെക്കുന്നുവെന്നതാണ് വസ്തുത.

സിപിഐയുടെ ദേശീയ നേതൃത്വത്തിന്റെ വിശദീകരണത്തിലും കേരളത്തിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കുമെന്ന സൂചനയാണുള്ളത്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യത്തിലുള്ള സിപിഐ എങ്ങനെ കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ മത്സരിക്കുമെന്നത് വലിയ ചർച്ചയാകും. 'ഇന്ത്യ' മുന്നണിയിൽ വിവിധ സമിതികൾ രൂപവത്കരിക്കാൻ മുംബൈയിൽ ചേർന്ന യോഗത്തിൽ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും ഏകോപനസമിതിയിൽനിന്ന് സിപിഎം. പിന്മാറിയാലും അതു പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.

സിപിഎം ദേശീയ നേതൃത്വം 'ഇന്ത്യാ' സഖ്യത്തിന് അനുകൂലമാണ്. എന്നാൽ കേരളത്തിലെ സിപിഎം അതിനെ എതിർത്തു. കോൺഗ്രസുമായുള്ള പ്രത്യക്ഷ സഖ്യം കേരളത്തിൽ ഇടതു പക്ഷ്ത്തിന് ദോഷം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ നിലപാട്. ഇതോടെയാണ് 'ഇന്ത്യാ' മുന്നണിയിൽ നിന്നും സിപിഎം അകലത്തിലാകുന്നത്. എന്നാൽ സിപിഐ സഖ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇടതു പക്ഷത്തെ വിരുദ്ധതയെയാണ് ഇത് വെളിച്ചത്തു കൊണ്ടു വരുന്നത്.

ഇപ്പോഴത്തെ ഏകോപനസമിതിയിൽ കൂടുതൽ പാർട്ടികളെ ഉൾപ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്. ബിജെപി.യെ പരാജയപ്പെടുത്താൻ മുന്നണിയിലെ സമിതികളുമായെല്ലാം സഹകരിച്ചു പ്രവർത്തിക്കണമെന്ന് ദേശീയ എക്സിക്യുട്ടീവും തീരുമാനിച്ചു. സമിതിയിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് സിപിഎമ്മാണ് മുന്നണിയിൽ വ്യക്തത വരുത്തേണ്ടതെന്നും രാജ പറഞ്ഞു. സിപിഎമ്മിന്റെ നിലപാടുമാറ്റം അവരുടെ ആഭ്യന്തരവിഷയം മാത്രമാണെന്നാണ് സിപിഐ. കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.

ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ വിഷയംവന്നപ്പോൾ, ഏകോപനസമിതിയുടെ പ്രസക്തി സംബന്ധിച്ചും ചർച്ചകൾ നടന്നതായാണ് വിവരം. മുന്നണിയുടെ പ്രവർത്തനം സുഗമമാക്കാൻവേണ്ടി മാത്രമുള്ള സമിതിയാണതെന്നും പ്രധാന തീരുമാനങ്ങളെല്ലാം കക്ഷിനേതാക്കൾ ഒന്നിച്ചിരുന്നായിരിക്കും കൈക്കൊള്ളുകയെന്നും വിലയിരുത്തലുണ്ടായി. ഇടതുപക്ഷം എന്ന നിലയിൽ ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണിയിൽ ശക്തമായ സാന്നിധ്യമാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഇതാണ് സിപിഎം എതിർപ്പു മൂലം നടക്കാതെ പോകുന്നത്.