തിരുവനന്തപുരം: പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ മൗനം പാലിച്ച പാണ്ഡവരെപ്പോലെയാകാതെ, പാർട്ടിനേതൃത്വം വിദുരരെ പോലെയാകണമെന്ന് മലപ്പുറത്തുനിന്നുള്ള അജിതുകൊളോടിയുടെ ഓർമ്മപ്പെടുത്തലും കാനം രാജേന്ദ്രനെ ഉണർത്തുന്നില്ല. പിണറായി സർക്കാരിന്റെ വീഴ്ചകൾ തിരിച്ചറിയുന്നുണ്ടെങ്കിലും അത് പറഞ്ഞ് നാണക്കേടുണ്ടാക്കാൻ കാനം തയ്യാറല്ല. 'ഇന്ന് വാഴ്‌ത്തിപ്പാടുന്ന പഴയ സർക്കാരുകൾക്കെതിരെയും അന്നു വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയും അനുബന്ധമായ പരിമിതികളും ഈ സർക്കാർ നേരിടുന്നുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ നിൽക്കുമ്പോൾ സിപിഐക്ക് അതിനൊപ്പം ചേരാനാകില്ല. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐക്ക് ഉപദേശിക്കാനുമാവില്ല. ബന്ധപ്പെട്ടവർ സ്വയം മനസ്സിലാക്കേണ്ട കാര്യമാണത്' -കാനം പറയുന്നു.

മുഖ്യമന്ത്രിയുടേതടക്കം സർക്കാരിന്റെ മുഖം വികൃതമായെന്നും സർവത്ര അഴിമതി നിറഞ്ഞ ഭരണം നിയന്ത്രിക്കുന്നതു ഭൂമി, ക്വാറി മാഫിയകളും കോർപറേറ്റുകളുമാണെന്നും സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചിരുന്നു. ' ഈ മുഖവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു മണ്ഡലങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചിട്ടു പ്രയോജനവുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നതായിരുന്നു സിപിഐ യോഗത്തിന്റെ പൊതു വികാരം. തിരുത്തൽ ശക്തിയായി ഇടതുപക്ഷത്ത് സിപിഐ മാറണമെന്നും അഭിപ്രായം ഉയർന്നു. ഇതിന് മറുപടിയായാണ് ഒന്നും എവിടേയും പറയില്ലെന്ന് കാനം വിശദീകരിച്ചത്. എന്നാൽ സർക്കാരിനെതിരായ ആരോപണങ്ങളെ തള്ളിയതുമില്ല. ഫലത്തിൽ സിപിഎം നേതൃത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ് പരിഹാസം ഏറ്റുവാങ്ങാനില്ലെന്ന പരോക്ഷ സൂചനയാണ് കാനവും നൽകുന്നത്.

ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ. സിപിഎമ്മിനെ എന്നും തിരുത്തുന്ന ചരിത്രമായിരുന്നു സിപിഐയ്ക്ക്. എന്നാൽ ഇന്ന് അതിന് തീരെ സാധ്യതയില്ലെന്നാണ് കാനത്തിന്റെ വിലയിരുത്തൽ. സിപിഐയുടെ പിന്തുണയില്ലെങ്കിലും സിപിഎമ്മിന് ഭരണവുമായി മുമ്പോട്ട് പോകാം. ഈ സാഹചര്യത്തിൽ തെറ്റു തിരുത്തലിനായി മുമ്പോട്ട് വയ്ക്കുന്നതൊന്നും സിപിഎം അംഗീകരിക്കില്ലെന്നാണ് കാനം അടക്കമുള്ളവരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ തെറ്റു തിരുത്താൻ ശ്രമിക്കാതെ ഭരണവുമായി മുമ്പോട്ട് പോകാനാണ് സിപിഐയുടെ നേതൃത്വത്തിന്റെ തീരുമാനം.

മൂന്ന് ദിവസമായി നടന്ന നിർവാഹക സമിതി, സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമുയർന്നു. പാർട്ടിനേതൃത്വം തിരുത്തൽ ശക്തിയാകാതെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തെറ്റായ നിലപാടുകൾക്ക് അടിമപ്പെടുകയാണ്.നേതൃത്വം ഒക്കത്തും തോളിലുമിരുത്തി പാർട്ടി മന്ത്രിമാരെ വഷളാക്കി അംഗങ്ങൾ വിമർശിച്ചു. സിപിഎം നേതൃയോഗങ്ങളും മുറ തെറ്റാതെ നടക്കുന്നുണ്ട്. പക്ഷേ അവിടെ സിപിഐയെ പോലെ വിമർശനം ഉയരാറില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യമാണ് ഇതിന് കാരണം. പക്ഷേ സിപിഐയിൽ നേതാക്കൾ എല്ലാം തുറന്നു പറയുന്നു. അത് ഇടതുപക്ഷത്ത് ചലനമുണ്ടാക്കാൻ പോകുന്നില്ലെന്നാണ് കാനം നൽകുന്ന സൂചനകളും.

വൻ അകമ്പടിയോടെ സഞ്ചരിക്കുന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ രീതികൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു, കമ്യൂണിസ്റ്റ് ഭരണാധികാരിക്കുവേണ്ട ലാളിത്യം മുഖ്യമന്ത്രി കാട്ടുന്നില്ല, കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല, മണ്ഡലങ്ങളിൽ ജനസദസ്സ് നടത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതെന്തിന്? മുന്നണിയെ ഭരണത്തിലേറ്റിയതു സാധാരണക്കാരാണ്. അവരെയാണു പരിഗണിക്കേണ്ടത്-ഇതൊക്കെയാണ് പ്രധാനമായും ഉയരുന്ന ആരോപണം. നെല്ലു സംഭരിച്ചതിന്റെ പണം പോലും കർഷകർക്കു നൽകാതെ ജനസദസ്സ് നടത്തിയിട്ടെന്തു കാര്യമെന്ന ചോദ്യവും ഉയർന്നു.

രണ്ടര വർഷമായി ജനക്ഷേമപ്രവർത്തനമൊന്നും നടക്കുന്നില്ല. സഹകരണബാങ്കുകളിലെ തട്ടിപ്പുകൾ സർക്കാരിനെയും മുന്നണിയെയും കാര്യമായി ബാധിക്കും. ഏതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഇടതുമുന്നണി ജയിക്കുമായിരുന്നു. ആ വിശ്വാസ്യത നഷ്ടമാവുകയാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്കെതിരെ വിമർശനം ഉയരുന്നത് സ്വാഭാവികമെന്നു സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലെ രൂക്ഷവിമർശനങ്ങൾക്കു കാനം മറുപടി നൽകി. വിമർശനങ്ങളെ അദ്ദേഹം തള്ളിയില്ല; മറുപടിയും പറഞ്ഞില്ലെന്നതാണ് വസ്തുത. ഫലത്തിൽ ഈ വികാരമൊന്നും ഇടത് യോഗത്തിൽ പറയില്ലെന്ന് കൂടി പരോക്ഷമായി പറയുകയാണ് കാനം.

സ്വന്തം പാർട്ടി നേതൃത്വത്തിനും മന്ത്രിമാർക്കുമെതിരെയും കടുത്ത വിമർശനമാണു സിപിഐ നിർവാഹകസമിതി, സംസ്ഥാന കൗൺസിൽ യോഗങ്ങളിലുണ്ടായത്. സിപിഐ മന്ത്രിമാരുടെ ഓഫിസുകളിൽ ഒന്നും നടക്കുന്നില്ലെന്നും ആരും അവിടേക്കു പോകാറില്ലെന്നും വിമർശനമുണ്ടായി. റവന്യു, കൃഷി മന്ത്രിമാർ ഒരിക്കലും തലസ്ഥാനത്തുണ്ടാകാറില്ലെന്നു തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുറന്നടിച്ചു. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കുവേണ്ട പണം ധനവകുപ്പ് അനുവദിക്കുന്നില്ലെന്നും വിമർശനമുയർന്നു.

തിരുവനന്തപുരം കാട്ടാക്കടയിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കണ്ടല സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നിട്ടും നേതൃത്വത്തിന് ഇടപെടാൻ കഴിഞ്ഞോ? സഹകരണരംഗത്തു സിപിഎമ്മിനെ പോലെ സിപിഐയും അഴിമതിക്കാരെന്ന് ജനം പറയില്ലേ അംഗങ്ങൾ ചോദിച്ചു.