- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
കണ്ണൂർ: മുഖ്യമന്ത്രിയുടെ നവകേരള സദസ് കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിലേക്ക് പ്രയാണമാരംഭിച്ചതോടെ കണ്ണൂരിൽ സി.പി. എം രാഷ്ട്രീയത്തിൽ അടിയൊഴുക്ക് ശക്തമാകുന്നു. പാർട്ടിയിലെ രണ്ടു മുതിർന്ന നേതാക്കളായ ഇ.പി ജയരാജനും കെ.കെ ശൈലജ ടീച്ചറെയും പാർശ്വവൽക്കരിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടാണ് നവകേരള യാത്ര കണ്ണൂർ വിടുന്നത്.
പാർട്ടിക്കുള്ളിൽ സർവാധികാരിയായ മുഖ്യമന്ത്രി പിണറായി വിജയനുമായി അകന്നിരിക്കുകയാണ് ഇരു നേതാക്കളും. തനിക്കെതിരെ വരാനിരിക്കുന്ന നീക്കങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇന്നലെ ഇ.പി ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടു പണം വാങ്ങിയെന്നു പറയുന്ന നേതാക്കളുടെ പട്ടികയിൽ തന്റെ പേരുകൂടി കൂട്ടിച്ചേർത്തത് ബോധപൂർവ്വമാണെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചിരുന്നു. താൻ പണം കൈപ്പറ്റിയെന്നു ഒരാളും പറയില്ല. കേസിലെ പ്രതിയായ സതീഷ് കുമാർ മട്ടന്നൂർ സ്വദേശിയാണ്. തന്റെ മണ്ഡലത്തിലെ ഒരു വ്യക്തിയെന്ന നിലയിൽ അയാളെ അറിയാമെന്നല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.
ഇതിനിടെ നവകേരളയാത്രകഴിഞ്ഞ തോടെ മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് പാത്രമായ കെ.കെ ശൈലജയും പാർട്ടിക്കുള്ളിൽ പരുങ്ങിലിലായി. മട്ടന്നൂരിൽ നടന്ന നവകേരള സദസിൽ അധികമായി പ്രസംഗിച്ച സ്ഥലം എംഎൽഎയായ കെ.കെ ശൈലജയെ വേദിയിൽ വെച്ചു തന്നെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതാണ് പാർട്ടിയിലും പൊതുസമൂഹത്തിലും ക്ളീൻ ഇമേജുള്ള കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ ശൈലജയുടെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാക്കിയത്. ഇഷ്ടമില്ലാത്ത അച്ചിതൊട്ടതെല്ലാം കുറ്റമെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ മണ്ഡലം എംഎൽഎയോടുള്ള സമീപനം പാർട്ടിക്കുള്ളിലും ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞരണ്ടരവർഷമായി പാർട്ടിക്കുള്ളിൽ ഒതുക്കൽ പ്രക്രിയക്കു വിധേയയായ കെ. കെ ശൈലജയ്ക്കു വ്യക്തിപരമായ തിരിച്ചടികൂടിയാണ് മുഖ്യമന്ത്രിയുടെ ഇകഴ്‌ത്തൽ. നവകേരള സദസ് വിജയിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരുമാസക്കാലം രാപകൽ പ്രവർത്തിച്ച കെ.കെ ശൈലജയുടെ പ്രവർത്തനങ്ങളെ വിലകുറച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്. പ്രസംഗം നീണ്ടു പോവുന്നുവെന്നു തോന്നുകയാണെങ്കിൽ അതു അധ്യക്ഷയായ കെ.കെ ശൈലജയെ ഔചിത്വത്തോടെ അറിയിക്കാൻ മറ്റുമാർഗങ്ങളുണ്ടായിരുന്നുവെന്നും പൊതുവേദിയിൽ മണ്ഡലത്തിലെ ജനങ്ങൾ കേട്ടുനിൽക്കവെ തുറന്നടിച്ചു സംസാരിച്ചത് ശരിയായില്ലെന്ന വാദം ഒരു വിഭാഗം ജില്ലാ നേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ പാർട്ടിയിലും ഭരണത്തിലും സർവാധികാരിയായ മുഖ്യമന്ത്രിയെ വിമർശിക്കാൻ ഈക്കാര്യത്തിൽ ഭയം കൊണ്ടു പലരും തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ടരവർഷക്കാലമായി പാർട്ടിയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ജയിച്ചുവന്ന കെ.കെ ശൈലജയെ ഒതുക്കുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കോവിഡ്കാലത്ത് അവർ നടത്തിയ പ്രതിരോധപ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ പ്രശംസ നേടിയിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ കരടായി കെ.കെശൈലജ മാറിയത്്.
ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജയ്ക്കു ആരോഗ്യമന്ത്രി സ്ഥാനം കിട്ടിയില്ലെന്നു മാത്രമല്ല ഭരണഘടനാപദവിയിലൊന്നും അടുപ്പിക്കാതെ അവർ എംഎൽഎയായി ഒതുങ്ങേണ്ടിയും വന്നു. വ്യക്തിപൂജാവിവാദത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും ഒതുക്കപ്പെട്ട പി.ജയരാജന്റെ വഴിയെ തന്നെയാണ് കെ.കെ ശൈലജയുടെയും രാഷ്ട്രീയ ജീവിതം സഞ്ചരിക്കുന്നു. രണ്ടാം പിണറായ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയെ നിയോഗിക്കണമെന്നു പാർട്ടി കേന്ദ്രകമ്മിറ്റിയിലെ വൃന്ദാകാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലെ ഒന്നാം ഗേറ്റിൽ നടന്ന നവകേരളസദസ് മട്ടന്നൂർ മണ്ഡലം തല പരിപാടിയിലെ അധ്യക്ഷയായ കെ.കെ ശൈലജ വിശദമായ പ്രസംഗം നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയിൽ നീരസമുണ്ടാക്കിയത്. കെ. കെ ശൈലജ കൂടുതൽ സമയം സംസാരിച്ചതുകൊണ്ടു മന്ത്രിമാർക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളയാത്രയിൽ ഞങ്ങൾ 21- പേരുണ്ടെങ്കിലും മൂന്നു പേർക്ക് സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്കു നിങ്ങളെ കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി.
സമയം കുറച്ചു കൂടുതലായി പോയിയെന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ചു ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരിലെ പരിപാടി അത്രവലിയ പരിപാടിയായി തോന്നിയില്ലെന്നു തന്റെ പ്രസംഗത്തിനിടെ കൊട്ടാനും മുഖ്യമന്ത്രി മറന്നില്ല. സൗഹൃദസംഭാഷണത്തിനിടെ ഭാസ്‌കരന്മാഷ് ( കെ.കെ ശൈലജയുടെ ഭർത്താവ്) എന്നോട് ചോദിച്ചു. എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയ പരിപാടിയാണെന്ന് ഞാൻ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വലിയ പരിപാടികളൊക്കെ കണ്ടു ഇപ്പോൾ ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്നു താൻ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
എല്ലായിടത്തും ജനങ്ങൾ തിങ്ങി നിറയുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മട്ടന്നൂർ നിയോജകമണ്ഡലം നവകേരളസദസ്‌കണ്ണൂർ വിമാനത്താവളത്തിലെ ഒന്നാംഗേറ്റ് പരിസരത്താണ് വൻപന്തൽ നിർമ്മിച്ചു ഒരുക്കിയത്. വൻജനക്കൂട്ടമാണ് നവകേരളസദസിൽ പങ്കെടുത്തത്. എംഎൽഎയെന്ന രീതിയിൽ മികച്ച പ്രവർത്തനം നടത്തുന്ന കെ.കെശൈലജയെ മനഃപൂർവ്വം ഇകഴ്‌ത്താനാണ് മുഖ്യമന്ത്രി ബോധപൂർവ്വം പ്രസംഗിച്ചതെന്ന വിമർശനം പരിപാടിയിൽ പങ്കെടുത്ത സാധാരണക്കാരായ പാർട്ടി അനുഭാവികളിൽ നിന്നും ഉയർന്നിട്ടുണ്ട്.




