തിരുവനന്തപുരം: പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടെയിലാണ് കാലിക്കറ്റിലും കേരളാ യൂണിവേഴ്‌സിറ്റിയിലും എസ് എഫ് ഐയ്ക്ക് തിരിച്ചടികളുണ്ടാകുന്നത്. ഏറെ കാലമായി എസ് എഫ് ഐ ഏകപക്ഷീയ വിജയങ്ങൾ നേടിയ മലബാറിലെ കോളേജുകളിൽ കെ എസ് യു നേട്ടമുണ്ടാക്കി. എസ് എഫ് ഐയുടെ സംഘടനാ കുരത്തിനെ എത് ചോദ്യമാക്കി നിർത്തി. ഇതിന് ശേഷമാണ് കേരളയിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടത്തിയത്. എല്ലാ കരുതലുമെടുത്തിട്ടും നിർണ്ണായക കോളേജുകളിൽ മാറ്റം വിരകിയാണ്.

സ്വാതന്ത്ര്യം.. സോഷ്യലിസം.... ജനാധിപത്യം സിന്ദാബാദ് എന്ന എസ് എഫ് ഐ മുദ്രാവാക്യം ഇപ്പോൾ പഴയതു പോലെ ഏൽക്കുന്നില്ല. തുടർച്ചയായ ഭരണമാണ് പിണറായി സർക്കാരിന്റേത്. മുമ്പ് ഇടതുപക്ഷം ഭരണത്തിൽ ഇരുന്നാലും വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എഫ് ഐ പ്രതികരിക്കുമായിരുന്നു. എന്നാൽ ഇന്ന് എസ് എഫ് ഐ ഭരണത്തിലെ വിദ്യാർത്ഥി വിരുദ്ധത ചർച്ചയാക്കുന്നില്ല. പൊരി വെയിലത്ത് കുട്ടികളെ മന്ത്രിസഭയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ നിർത്ത്ിയാലും മിണ്ടുന്നു പോലുമില്ല. ഇതോടെ കേരളത്തിലെ വിദ്യാർത്ഥി സമൂഹവും മാറി ചിന്തിക്കുകയാണ്. അതിന്റെ സൂചനകളാണ് എസ് എഫ് ഐയ്ക്കുള്ള തിരിച്ചടി.

പ്ലസ് ടുവരെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പരിധിയിലാണ്. അതുകൊണ്ട് തന്നെ പതിനെട്ട് കഴിഞ്ഞവരാണ് കോളേജുകളിൽ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്ന ബഹുഭൂരിഭാഗം പേരും. അവരാണ് എസ് എഫ് ഐയെ വിട്ട് മാറി ചിന്തിക്കുന്നതെന്നതാണ് വസ്തുത. അടുത്ത കൊല്ലമെങ്കിലും ഈ തിരിച്ചടികൾ മറികടക്കാനുള്ള പ്രാപ്തി എസ് എഫ് ഐ നേടിയെടുക്കണമെന്ന നിലപാടിലാണ് ഈ ഘട്ടത്തിൽ സിപിഎം. സംഘടനാ അടിത്തറയിൽ നിർണ്ണായകമായ വിദ്യാർത്ഥികളെ ചേർത്തു നിർത്താൻ അടവു നയങ്ങൾ എസ് എഫ് ഐ സ്വീകരിച്ചേക്കും.

കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പിന്നാലെ കേരള സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയങ്ങളുമായി കെ.എസ്.യു. എസ്.എഫ്.ഐയുടെ അധീനതയിലുണ്ടായിരുന്ന പല കോളേജുകളുടെയും ഭരണം കെ.എസ്.യു. പിടിച്ചെടുത്തു. 24 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ കെ.എസ്.യു. വിജയിക്കുന്നത്. ഇത് മാറ്റത്തിന്റെ തുടക്കമാണെന്ന് കെ എസ് യു കരുതുന്നു. കാലിക്കറ്റിലെ തോൽവിക്ക് പിറകെ എസ് എഫ് ഐയോട് കരുതൽ വേണമെന്ന് സിപിഎം നേരിട്ട് ആവശ്യപ്പെട്ടിരുന്നു. കേരളയിൽ തിരിച്ചടിയുണ്ടാകരുതെന്നായിരുന്നു ആവശ്യം.

എന്നിട്ടും മാർ ഇവാനിയസ് പോലുള്ള പ്രധാന കോളേജ് എസ് എഫ് ഐയ്ക്ക് കൈമോശം വന്നു. നെടുമങ്ങാട് ഗവ. കോളേജും ദീർഘകാലത്തിന് ശേഷം കെ.എസ്.യു. പിടിച്ചെടുത്തു. 14 വർഷത്തിന് ശേഷമാണ് ഈ കോളേജ് ഭരണം കെ.എസ്.യുവിന്റെ കൈകളിലെത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയർമാൻ സ്ഥാനവും കെ.എസ്.യു. പിടിച്ചെടുത്തു. ഇതും എസ് എഫ് ഐയ്ക്ക് വമ്പൻ തിരിച്ചടിയാണ്. ഗവ ലോ കോളേജിൽ എന്നും ആധിപത്യം എസ് എഫ് ഐയ്ക്കായിരുന്നു. അതിനും ഇളക്കമുണ്ടാകുന്നു. കേരളത്തിൽ ഇടതുപക്ഷത്തെ കരുത്താണ് എന്നും വിദ്യാർത്ഥി രാഷ്ട്രീയം. അത് വലത്തേക്ക് ചായാനുള്ള സാധ്യതയാണ് കേരളയിലേയും കാലിക്കറ്റിലേയും ഫലങ്ങൾ ചർച്ചയാക്കുന്നത്.

അതേസമയം സർവ്വകലാശാലയിലെ ഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐ. തന്നെയാണ് വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. വിമൻസ് കോളേജ്, ഗവ. ആർട്സ് കോളേജ്, കാര്യവട്ടം ഗവ. കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, ചെമ്പഴന്തി എസ്.എൻ. കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ് എന്നീ കോളേജുകളിൽ എസ്.എഫ്.ഐ. വിജയിച്ചു. പക്ഷേ വിമൻസ് കോളേജ് അടക്കമുള്ള കോളേജുകളിൽ പല സീറ്റിലും കെ എസ് യു ജയിച്ചു. ഇതൊന്നും മുമ്പ് പതിവില്ലാത്തതാണ്. എന്തു കൊണ്ട് തോറ്റുവെന്നതിൽ എസ് എഫ് ഐ നേതൃത്വത്തിനോട് വീണ്ടും സിപിഎം വിശദീകരണം ചോദിക്കും. വലിയ തരത്തിലെ തിരുത്തലുകൾക്കും എസ് എഫ് ഐയെ വിധേയമാക്കാൻ സാധ്യത ഏറെയാണ്.

പാങ്ങോട് മനാനിയ കോളേജ്, ഇഖ്ബാൽ കോളേജ്, എ.ജെ. കോളേജ് തോന്നയ്ക്കൽ, ശ്രീശങ്കര കോളേജ് എന്നീ കോളേജുകളിൽ കെ.എസ്.യു. വിജയിച്ചു. അതേസമയം ധനുവച്ചപുരം കോളേജ് എ.ബി.വി.പി. നിലനിർത്തി.