- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീൻ പട്‌നായിക് വീണു; ഒഡീഷയിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം
ഭുവനേശ്വർ: ഒഡീഷാ ഭരണം ബിജെപിക്ക്. നവീൻ പട്‌നായിക്കിനെ തകർത്ത് ബിജെപി ഒഡീഷാ നിയമസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി. 147 സീറ്റിൽ ബിജെപിക്ക് 75 സീറ്റിൽ നേട്ടമുണ്ടാക്കാനായി. ഭരണകക്ഷിയായ ബിജെഡിക്ക് 57 സീറ്റേ ഉള്ളൂ. കോൺഗ്രസിന് 12 സീറ്റുണ്ട്. രണ്ടു സ്വതന്ത്രന്മാരും വിജയിച്ചു. സിപിഎമ്മിനും ഒഡീഷയിൽ ഒരു സീറ്റിൽ മുൻതൂക്കം നേടാനായി.
മുഖ്യമന്ത്രിയായ നവീൻ പട്നായിക്കിന്റെ അനാരോഗ്യമാണ് ബിജെഡിയെ തളർത്തിയത്. ഈ അവസരം മുതലെടുത്ത ബിജെപി സംസ്ഥാനത്ത് ശക്തമായ മത്സരമാണ് കാഴ്ച വച്ചത്. പ്രചരണത്തിൽ ഒട്ടും പിന്നോട്ട് പോവാതിരുന്ന ബിജെപി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് നീങ്ങിയത്. ഇതിന് പുറമെ മറ്റ് പല വിഷയങ്ങളും ബിജെപി ഉന്നയിച്ചു. മോദി തരംഗവും ബിജെപിക്ക് ഗുണകരമായി. ലോക്‌സഭയിൽ 18 സീറ്റുകളിലാണ് ബിജെപി ഇവിടെ വിജയിച്ചത്. ബിജെഡിക്ക് രണ്ടു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോൽ കാണാതായത് ഉൾപ്പെടെ പല വിഷയങ്ങളും ബിജെപി ഉന്നയിച്ചപ്പോൾ. പാർട്ടിയിൽ നവീൻ പട്നായിക്കിന് ശേഷം രണ്ടാമൻ എന്ന് പരക്കെ വിളിക്കപ്പെടുന്ന വികെ പാണ്ഡ്യനോടുള്ള അമിത വിധേയത്വവും വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാൻ. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ബിജെഡിക്കും ഒരേ സീറ്റുനിലയായിരുന്നു ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചത്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി ബിജെപി ഇവിടെ ഒറ്റയ്ക്ക് മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. തൂക്കു നിയമസഭയ്ക്കാണ് സാധ്യത എന്നും സർവേയിൽ പറഞ്ഞിരുന്നു.
2004ന് ശേഷം ബിജെഡിക്ക് ഭൂരിപക്ഷം ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത് എന്നു പോലും പ്രവചനമെത്തി. എന്നാൽ ബിജെപി നിർണ്ണായക ഭൂരിപക്ഷം നേടുകയും ചെയ്തു. 147 നിയമസഭാ മണ്ഡലങ്ങളും 21 ലോക്‌സഭാ മണ്ഡലങ്ങളുമാണ് ഇവിടെയുള്ളത്. നവീൻ പട്‌നായിക് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഒഡീഷയിൽ സർക്കാർ രൂപീകരണം സാധ്യമാക്കുമെന്നായിരുന്നു ബിജെപി വിലയിരുത്തൽ. 2019ൽ ബിജെഡി 12, ബിജെപി എട്ടും കോൺഗ്രസ് ഒരു ലോക്‌സഭാ സീറ്റിലുമാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ബിജെഡി 109, ബിജെപി 23, കോൺഗ്രസ് ഒൻപതും സിപിഐ ഒന്നും നാലു സീറ്റിൽ സ്വതന്ത്രരുമാണ് വിജയിച്ചത്. ഈ കക്ഷി നിലയാണ് മാറിമറിയുന്നത്.
കാൽ നൂറ്റാണ്ടായി തുടരുന്ന നവീൻ പട്‌നായിക് സർക്കാരിനെതിരെ വലിയ ഭരണ വിരുദ്ധ വികാരമാണ് ഒഡീഷയിൽ അലയടിച്ചത്. അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, സമ്പദ് വ്യവസ്ഥ, കൃഷി തുടങ്ങിയ മേഖലകളിൽ മറ്റു സംസ്ഥാനങ്ങൾ മുന്നേറിയപ്പോൾ ഒഡീഷയുടെ സ്ഥിതി പരിതാപകരമാണെന്ന് ബിജെപി വാദിച്ചു. ധാതുക്കൾ കൊണ്ട് സമ്പന്നമാണെങ്കിലും ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ ഒഡീഷ പിന്നോട്ടാണ്. അതേസമയം നവീൻ പട്‌നായിക് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾക്ക് കുറവുമില്ല. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കഴിഞ്ഞ 25 വർഷം ഒഡീഷയുടെ നഷ്ടങ്ങളുടെ വർഷങ്ങളായാണ് ബിജെപി ഉയർത്തിക്കാട്ടിയത്. ഡബിൾ എൻജിൻ സർക്കാരിനുമാത്രമെ ഒഡീഷയിൽ വികസനം കൊണ്ടുവരാനാകൂവെന്നും ബിജെപി വാദിച്ചു. ഇതെല്ലാം വോട്ടായി മാറുകയും ചെയ്തു.