- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെ തോൽപ്പിച്ചത് 'മരുമകൻ ഇഫക്ട്'!
തിരുവനന്തപുരം: സിപിഎമ്മിനെ തോൽപ്പിച്ചത് 'മരുമകൻ ഇഫക്ട്' എന്ന വിലയിരുത്തൽ സജീവം. മലബാറിൽ ന്യൂനപക്ഷത്തിന് പിറകെ പോയതോടെ പരമ്പരാഗത വോട്ട് ബാങ്ക് സിപിഎമ്മിനെ കൈവിട്ടു. അഞ്ചു കൊല്ലമുമ്പും സംഭവിച്ചത് ഇതാണ്. പാർട്ടി ഇടപെട്ട് തിരുത്തലുകൾ നടത്തി. ഇതോടെ തദ്ദേശത്തിലും നിയമസഭയിലും സിപിഎമ്മിനും ഇടതുപക്ഷത്തിനും നേട്ടമുണ്ടാക്കി. എന്നാൽ ഇതിനെ വീണ്ടും 'മുസ്ലിം ലീഗിനെ' അടക്കം പ്രീതിപ്പെടുത്തുന്ന നടപടികളുമായി തുലച്ചു. ഇതോടെ വീണ്ടും പരമ്പരാഗത വോട്ടർമാർ കൈവിട്ടു പോയി. സമസ്തയിൽ അടക്കം ഇടപെട്ട് നടത്തിയ നീക്കങ്ങൾ ദോഷമായി. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ മുസ്ലിം ലീഗിന് കരുത്ത് കൂടുകയും ചെയ്തു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ കോൺഗ്രസിന് അനുകൂലമായി. ഇതിന് തെളിവായി സിപിഎം കാണുന്നത് ഗുരുവായൂരിലെ വോട്ട് കണക്കാണ്.
ഇതിനൊപ്പം സൈബർ സഖാക്കക്കളുടെ അമിത ഇടപെടലുകളും വിനയായി. സുരേഷ് ഗോപിയെ കിട്ടുന്ന അവസരത്തിലെല്ലാം സൈബർ സഖാക്കൾ കളിയാക്കി. ഇത ്യഥാർത്ഥത്തിൽ സുരേഷ് ഗോപിക്ക് അനുകൂലമായ തരംഗമുണ്ടാക്കി. ഇത്തരം ഇടപെടലുകൾ പാടില്ലെന്ന് പലവട്ടം സിപിഎം സൈബർ സഖാക്കൾക്ക് നിർദ്ദേശം നൽകി. ശബരിമല പ്രക്ഷോഭ കാലത്തേതിന് സമാനമായ വീരവാദങ്ങൾ ഇത്തവണയും ഉണ്ടായി അത് ഇനി ആർത്തിച്ചാൽ തദ്ദേശത്തിലും നിയമസഭയിലും തിരിച്ചടിയുണ്ടാകും. അതുകൊണ്ട് തന്നെ തോൽവിയുടെ യഥാർത്ഥ കാരണം കണ്ടെത്തി തെറ്റിതിരുത്താനാണ് നീക്കം. സൈബർ സഖാക്കളിൽ നിന്നും കൃത്യമായ അകലം പാലിച്ച മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ ജയിക്കുകയും ചെയ്തു.
തൃശൂരിൽ ബിജെപിയുടെ സുരേഷ് ഗോപിയാണ് ഒന്നാമൻ. വി എസ് സുനിൽ കുമാർ രണ്ടാമതും എത്തി. തൃശൂരിൽ മുസ്ലിം വോട്ടുകൾ കൂടുതലുള്ളത് ഗുരുവായൂരിലാണ്. ഈ മണ്ഡലത്തിൽ ഒന്നാമത് എത്തിയത് കെ മുരളീധരനും. ഇതിൽ നിന്ന് തോറ്റു തുന്നംപാടിയ മുരളീധരന് അനുകൂലമായി പോലും മുസ്ലിം സമുദായത്തിൽ വികാരം ഉണ്ടായി. എന്തുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അനുകൂലമായി വന്നില്ലെന്ന ചോദ്യം പ്രസക്ത ചർച്ചകൾക്ക് വഴിവയ്ക്കും. കണ്ണൂരിലും വടകരയിലും കാസർഗോഡും കോഴിക്കോടും പാലക്കാടും വമ്പൻ വിജയങ്ങൾ കോൺഗ്രസിന് കിട്ടി. ഇവിടെയെല്ലാം മുസ്ലിം ന്യൂനപക്ഷം കോൺഗ്രസിനൊപ്പമായി. മലപ്പുറത്തും പൊന്നാനായിലും മുസ്ലിം ലീഗിന് റിക്കോർഡ് വിജയവുമുണ്ട്. കേരളത്തിലെ എല്ലാ മുസ്ലിം ന്യൂനപക്ഷ മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നണിക്ക് തന്നെയായിരുന്നു നേട്ടം.
സമസ്തയെ ഭിന്നിപ്പിച്ചും മുസ്ലിംലീഗിനെ അടുപ്പിച്ചും യുഡിഎഫിനെ തകർക്കാനുള്ള നീക്കമൊന്നും വോട്ടിൽ പ്രതിഫലിച്ചില്ല. ഈ നീക്കത്തെ 'മരുമകൻ ഇഫക്ട്' എന്നാണ് സിപിഎമ്മിലുള്ളവർ തന്നെ വിശേഷിപ്പിക്കുന്നത്. ഇതു കാരണം പരമ്പരാഗത ഹിന്ദു വോട്ടുകൾ കൈവിട്ടു പോവുകയും ചെയ്തു. ആലപ്പുഴയിലും ആറ്റിങ്ങലിലും ഇത് വലിയ തോതിൽ ദൃശ്യമായി. ആറ്റിങ്ങലിൽ അടൂർ പ്രകാശ് ജയിച്ചു കയറിയത് വടക്കുള്ള 'മരുമകൻ പരീക്ഷണത്തിന്റെ' തിരിച്ചടിയാണെന്ന വിലയിരുത്തൽ സജീവമാണ്. വടകരയിലും കണ്ണൂരും കാസർഗോഡും ന്യൂനപക്ഷ വോട്ടുകളെല്ലാം കോൺഗ്രസിന് മികച്ച വിജയങ്ങളും നൽകി. ഇതോടെ വെളുക്കാൻ തേച്ചതു പാണ്ടായി എന്ന അവസ്ഥയും വന്നു.
2019ൽ സിപിഎമ്മിന് കിട്ടിയതിനേക്കാൾ ഒരു ശതമാനം വോട്ട് മാത്രമേ കുറഞ്ഞുള്ളൂവെന്നാണ് സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. എന്നാൽ ശബരിമല ഇഫക്ടിൽ സിപിഎമ്മിന്റെ അടിത്തറ മുഴുവൻ അഞ്ചു കൊല്ലം മുമ്പത്തെ തിരഞ്ഞെടുപ്പിൽ ഇളകിയിരുന്നു. അവിടെ നിന്നും വീണ്ടും ഒരു ശതമാനം കുറയുകയാണ്. അതായത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇത്തവണയുണ്ടായതെന്ന വിലയിരുത്തൽ സജീവമാണ് സിപിഎമ്മിനുള്ളിൽ തന്നെ. വടകരയിലെ കെകെ ശൈലജയുടെ വമ്പൻ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലുള്ളവരാണെന്ന വാദവും സജീവമാണ്. ഷാഫി പറമ്പിലിനെതിരെ ആളിക്കത്തിക്കാൻ ചിലർ വർഗ്ഗീയതയെ കൂട്ടു പിടിച്ചു. അതും പൊളിഞ്ഞു.
അനാവശ്യ വിവാദങ്ങളുണ്ടാക്കിയ ഇപി ജയരാജനെതിരേയും സിപിഎമ്മിൽ വികാരമുണ്ട്. എന്നാൽ അതിലെല്ലാം ഉപരി അടിസ്ഥാന വോട്ട് ബാങ്കിനെ പിണക്കിയതാണ് തിരിച്ചടിയായതെന്ന വിലയിരുത്തലാണ് സിപിഎമ്മിലെ വലിയൊരു വിഭാഗത്തിനുമുള്ളത്.