തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ ഇനി സിപിഎം പിടിമുറുക്കും. ഭരണത്തെ ശരിയായ ദിശയിലാക്കാൻ ഏകോപന സമിതിയും വരും. പാർട്ടിയിൽ ചർച്ച ചെയ്യാതെയുള്ള നയപരമായ തീരുമാനമൊന്നും ഇനി നടക്കില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് സർക്കാരിന്റെ പ്രവർത്തനങ്ങളും കാരണമാണെന്ന സിപിഎം. സംസ്ഥാനസമിതിയുടെ വിലയിരുത്തൽ പിണറായിക്ക് തിരിച്ചടിയാണ്. തിരുത്തലിന് നിർദ്ദേശങ്ങളുണ്ടാകും. ഇതിന് സിപിഎം സംസ്ഥാന സമിതി കർമ രേഖയും ഉണ്ടാക്കും. സാധാരണജനങ്ങളുടെ ആവശ്യത്തിനും പ്രശ്‌നങ്ങൾക്കും മുൻഗണന നിശ്ചയിക്കാനാണ് പാർട്ടി തീരുമാനം.

ജനങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങൾക്കു മുമ്പിൽ സമ്മതിച്ചു. രണ്ടുരീതിയിലുള്ള പ്രവർത്തനപദ്ധതിയാണ് സിപിഎം. തയ്യാറാക്കുന്നത്. ഒന്ന് സംഘടനാതലത്തിലും രണ്ടാമത്തെ സർക്കാർതലത്തിലും നടപ്പാക്കേണ്ടതാണ്. സാമ്പത്തിക പരിമിതികൾക്കിടയിൽനിന്നുകൊണ്ട് ജനക്ഷേമസർക്കാരായി മാറണമെന്നതാണ് നിർദ്ദേശം. ക്ഷേമപെൻഷന്റെയും സർക്കാർജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീർക്കലിനാകും മുൻഗണന. എസ് എൻ ഡി പിയേയും സിപിഎം വിമർശിക്കുന്നുണ്ട്. ബിജെപിയുടെ വളർച്ച സിപിഎം തിരിച്ചറിയുന്നു. ഇതിന് പിന്നിൽ സിപിഎം വോട്ടുകളുണ്ടെന്നും മനസ്സിലാക്കുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു തിരിച്ചറിവിൽ കേരളത്തിലെ സിപിഎം എത്തുന്നത്.

പാർട്ടിയുടെ അടിത്തറയായ ഈഴവ വോട്ടുകൾ നഷ്ടപ്പെട്ടതിൽ എസ്എൻഡിപി നേതൃതത്തെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ബലികഴിക്കുന്ന നിലപാടുകളാണ് ഇപ്പോഴത്തെ നേതൃത്വം സ്വീകരിക്കുന്നതെന്നും സാധാരണ പ്രവർത്തകർക്കുള്ള തെറ്റിദ്ധാരണ മാറ്റാൻ സിപിഎം നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. എസ് എൻ ഡി പി നേതൃത്വത്തെ കൈപ്പിടിയിലാക്കാൻ സിപിഎം ശ്രമിച്ചേക്കും. എസ് എൻ ഡി പി ശാഖകളിൽ സജീവമാകാൻ സിപിഎം അനുഭാവികളോട് സിപിഎം ആവശ്യപ്പെടും. എസ് എൻ ഡി പിയിലെ തിരഞ്ഞെടുപ്പ് കേസിലെ അടക്കം നിയമപ്രശ്‌നങ്ങളി സിപിഎം കരുതലോടെ തീരുമാനം എടുക്കും. നവോത്ഥാന സമിതിയുടെ അധ്യക്ഷനായ വെള്ളപ്പാള്ളി നടേശൻ പരസ്യമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നതും സിപിഎം ഗൗരവത്തോടെ എടുക്കുന്നുണ്ട്.

പ്രത്യക്ഷത്തിൽ തന്നെ എസ് എൻ ഡി പി നേതൃത്വത്തെ സിപിഎം വിമർശിക്കുന്നുവെന്നതാണ് വസ്തുത. "സർവമതസമ്മേളനം നടത്തി എല്ലാ മതങ്ങളും ഒന്നാണെന്നു പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ ദാർശനിക കാഴ്ചപ്പാടിൽനിന്നു വ്യത്യസ്തമായ നിലപാടാണ് സംഘപരിവാറിന് അനുകൂലമായി പല സ്ഥലത്തും എസ്എൻഡിപിയുടെ നേൃതനിരയിലുള്ളവർ സ്വീകരിക്കുന്നത്. മതനിരക്ഷേപ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമായ നിലപാടല്ല ഇത്. എസ്എൻഡിപി രൂപീകരണം മുതൽ സ്വീകരിച്ച മതനിരപേക്ഷ ഉള്ളടക്കം ഉണ്ട്. അതിൽനിന്നു വ്യത്യസ്തമായി വർഗിയതയിലേക്കു നീങ്ങാനുള്ള ചില ശ്രമങ്ങൾ നടക്കുന്നു. ആ ശ്രമങ്ങളെ ഫലപ്രദമായി കണ്ടു മുന്നോട്ടുപോകും-ഗോവിന്ദൻ പറയുന്നു.

"വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി, ഇപ്പോൾ ഭാര്യ ഇവരെല്ലാം മെല്ലെ മെല്ല ആർഎസ്എസ്വൽക്കരിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പിന്തുടരുന്നവർ യഥാർഥ എസ്എൻഡിപി പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. "സംഘപരിവാർ കഴിഞ്ഞ കുറേ വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഫലമായി എസ്എൻഡിപിയിലെ ഒരു വിഭാഗം അവർക്കനുകൂലായ നിലപാട് സ്വീകരിച്ചതാണെന്നാണ് സിപിഎം വിലയിരുത്തൽ. ബിഡിജെഎസിലൂടെ എസ്എൻഡിപിയിലേക്ക് ബിജെപി ആസൂത്രിതമായി കടന്നുകയറിയിരിക്കുന്നു. എസ്എൻഡിപിയിൽ വർഗീയവൽക്കരണത്തിനെ പിന്തുണയ്ക്കു വിഭാഗമാണ് ബിജെപിയെ അനുകൂലിക്കുന്നത്" ഗോവിന്ദൻ വ്യക്തമാക്കുന്നു.

രാജ്യസഭ സ്ഥാനാർത്ഥി നിർണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിനു കീഴ്‌പ്പെട്ടിരിക്കുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനം പ്രസ്ഥാനത്തിലുള്ളവർ ഗൗരവമായി കാണണം. കേന്ദ്ര മന്ത്രിസഭയിൽ മുസ്ലിം പ്രതിനിധി ഇല്ലാത്തതിൽ ഒരു പ്രതിഷേധവുമില്ല. ഇവർക്ക് സംഘപരിവാർ അനുകൂല മനസ് രൂപപ്പെട്ടുവരികയാണ്.തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിലൂടെ അവരിലേക്ക് ആർ.എസ്.എസ് കടന്നുചെല്ലുകയാണ്. വെള്ളാപ്പള്ളിയുടെ മകനും അദ്ദേഹത്തിന്റെ ഭാര്യയുമുൾപ്പെടെ ആർ.എസ്.എസിന് വേണ്ടി പ്രവർത്തിക്കുന്നു. ക്രൈസ്തവരിൽ ഒരു വിഭാഗം ഭീഷണിയടക്കം പല കാരണങ്ങൾകൊണ്ട് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ചില മേഖലകളിൽ ബിഷപ്പുമാരുൾപ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തു.

തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് ചോർന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിലപാട് ജനങ്ങളിൽ സ്വാധീനം ചെലുത്തിയെന്നും സിപിഎം സമ്മതിക്കുന്നു.