കൊച്ചി: സിപിഎം ജില്ലാ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിമർശനങ്ങളിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി.വീണ്ടും പാർട്ടിയിൽ വിഭാഗീയതയുണ്ടാകുന്നുവെന്ന വിലയിരുത്തലിലാണ് പിണറാ3യി ക്യാമ്പ്. ഇതിനെ സംഘടനാ കരുത്തിൽ മുളയിലേ നുള്ളാനാണ് തീരുമാനം. സിപിഎമ്മിന് തുടർഭരണം നൽകിയ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നത് ചിലരാണ്. കെകെ ശൈലജയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനാണ് ശ്രമം. പിണറായിയുടെ നേതൃത്വമുണ്ടെങ്കിലേ വീണ്ടും അധികാര തുടർച്ച കിട്ടൂവെന്നാണ് സിപിഎമ്മിലെ പിണറായിസ്റ്റുകളുടെ നിലപാട്. എറണാകുളത്തും പത്തനംതിട്ടയിലും കണ്ണൂരിലും ലോക്‌സഭാ തോൽവിയുടെ ഉത്തരവാദി പിണറായി ആണെന്ന തരത്തിലാണ് ചർച്ചകളുയർന്നത്. കണ്ണൂരിലേത് അതിരുവിട്ട പ്രതികരണമാണെന്ന നിലപാടും മുഖ്യമന്ത്രിക്കുണ്ട്.

കെകെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന ജനമുണ്ടെന്ന് സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ പറഞ്ഞിരുന്നു. ഇതും വ്യാപകമായി ചർച്ചയായി. പാർട്ടിയിൽ വീണ്ടും വിഭാഗീയത തലപൊക്കാനുള്ള സാധ്യതയായാണ് ഇതിനെ പിണറായി വിഭാഗം കാണുന്നത്. അതുകൊണ്ട് തന്നെ മുമ്പ് വിഭഗീയത ഇല്ലാതാക്കാനായി നടത്തിയതിന് സമാനമായ വെട്ടിനിരുത്തലുകൾ വീണ്ടും ഉണ്ടായേക്കും. വിമർശനമുന്നയിക്കുന്നവരെ എല്ലാം നിരീക്ഷിക്കാനും സംവിധാനം വരും. വിഭാഗീയത ഇല്ലാതായതു കൊണ്ടാണ് തുടർഭരണം സാധ്യമായത്. ലോക്‌സഭയിൽ തോറ്റെങ്കിലും നിയമസഭയിൽ ജയിക്കാം. അതിനുള്ള സാധ്യത ഉൾപാർട്ടി ചർച്ചകൾ തിരിച്ചറിയണമെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. പാർട്ടി ചർച്ചകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ കണ്ടെത്താനും സംവിധാനം വരും.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും വിമർശനം ശക്തമായിരുന്നു. തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെയുള്ള വികാരമെന്ന് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചു. മുഖ്യമന്ത്രിയുടെ ആ മൗനത്തിന് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. കോടിയേരി ബാലകൃഷ്ണൻ കാട്ടിയ മാതൃക മുഖ്യമന്ത്രി കാണിച്ചില്ലെന്നും വിമർശനം ഉയർന്നു. മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ മുന്നിൽ നിർത്തിയാണ് മുഖ്യമന്ത്രിയെ യോഗത്തിൽ ഒരു വിഭാഗം വിമർശിച്ചത്. മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്നും സർക്കാരിനെ കുറിച്ച് അവമതിപ്പുണ്ടാക്കാൻ അത് കാരണമായെന്നും യോഗം വിലയിരുത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ല. ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് അതിരുവിട്ട വാക്കുകളാണെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. 30 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. അഞ്ച് പേർ അഭിപ്രായം എഴുതി നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇത് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതിന് തെളിവാണ്. ഈ സാഹചര്യത്തെ ഗൗരവത്തോടെ കാണണം. ബിഷപ്പിനെതിരായ പരാമർശം പാർട്ടി തന്നെ ചർച്ചയാക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തലുകൾ. കണ്ണൂരിലെ വിമർശനങ്ങൾ മറ്റ് ജില്ലകളിൽ പല രീതിയിൽ പടരുന്നു. സിപിഎമ്മിൽ പിണറായി പിടമുറുക്കിയ ശേഷം ആദ്യമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നതാണ് വസ്തുത. സിപിഎം സംസ്ഥാന കമ്മറ്റിയിലും പിണറായിയ്‌ക്കെതിരെ കുറ്റപ്പെടുത്തലുണ്ടായി.

മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ കമ്യൂണിസ്റ്റുകാരനു ചേർന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളിൽനിന്ന് അകറ്റുമെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മറ്റി വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം ഇടത് വോട്ടുകൾ പത്തനംതിട്ടയിൽ ചോർന്നു. മന്ത്രിമാർക്ക് പാർട്ടി കത്തുകൊടുത്തിട്ട് പോലും തുടർനടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിമർശിച്ചു.

തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ പ്രവർത്തിച്ചുവെന്നും തോൽവിയിൽ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. അതിനിടെ ശൈലജ വികാരം ചർച്ചയാക്കാൻ പാർട്ടിക്ക് പുറത്തുള്ളവരും ശ്രമിക്കുന്നുണ്ട്. കെ.കെ. ശൈലജയെ വടകരയിൽ ജനം തോൽപ്പിച്ചത് മുഖ്യമന്ത്രിയാക്കാനാണെന്നാണ് പി.ജയരാജന്റെ കണ്ടെത്തൽ എന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.

പിണറായി വിജയനെ മാറ്റണമെന്നാണ് സിപിഎമ്മിലെ നേതാക്കൾ പരസ്യമായി പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാർത്ഥിയാക്കിയതെന്ന് അവർ പറയട്ടെ. തിരഞ്ഞെടുപ്പിലെ വൻ പരാജയം സിപിഎം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.