കണ്ണൂർ: വരുന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി. എഫിന് തിരിച്ചടിയേറ്റാൽ എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജന്റെ രാഷ്ട്രീയ നിലനിൽപ്പുതന്നെ ചോദ്യം ചെയ്തേക്കാം. വൻതിരിച്ചടി നേരിട്ടാൽ കൺവീനർ പദവി ഇ.പി ജയരാജൻ കൺവീനർ സ്ഥാനം രാജിവയ്ക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുവരുന്ന വിവരം. നേരത്തെ ഇ.പി ജയരാജൻ എൽ.ഡി. എഫ് കൺവീനർ സ്ഥാനം പാർട്ടിക്കുള്ളിൽ തനിക്കെതിരെ നടക്കുന്ന ഗൂഡനീക്കങ്ങളിൽ പ്രതിഷേധിച്ചു രാജിസന്നദ്ധ അറിയിച്ചിരുന്നു.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇതിന് അനുവാദം നൽകിയിരുന്നില്ല. സി.പി. എംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി തുടരുന്ന അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ കൺവീനർ സ്ഥാനം വിട്ടൊഴിഞ്ഞു പാർട്ടിയെ പ്രതിരോധത്തിലാക്കാനാണ് ജയരാജന്റെ നീക്കം. തെരഞ്ഞെടുപ്പിൽ പ്രതികൂലമായ വിധി എക്സിറ്റുപോളുകൾ പ്രവചിക്കുന്നത് പാർട്ടി നേതൃത്വവും ഇ.പി ജയരാജനും പുറമേക്ക് തള്ളിക്കളയുന്നുണ്ടെങ്കിലും അങ്ങനെ സംഭവിച്ചാൽ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക സി.പി. എമ്മിനെ തന്നെയായിരിക്കും.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം തന്റെ രാജിയിലൂടെ ഇ.പി ജയരാജൻ ഏറ്റെടുത്താൽ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാർട്ടിക്കുള്ളിൽ ചോദ്യമുനകൾ ഉയരും. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയെന്ന രാഷ്ട്രീയ തന്ത്രമാണ് ഇ.പി ജയരാജൻ സ്വീകരിക്കാൻ സാധ്യതയുള്ളത്. വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുൻപായി പുതിയൊരു എൽ.ഡി. എഫ് കൺവീനറെ നിയോഗിക്കുകയെന്നത് സി.പി. എമ്മിന് അത്ര എളുപ്പമായിരിക്കില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് എൽ.ഡി. എഫിനെ പ്രതിസന്ധിയിലാക്കിയ കൺവീനറാണ് ഇ.പി ജയരാജൻ. ദല്ലാൾ നന്ദകുമാറുമായുള്ള ഇ.പിയുടെ വഴിവിട്ട ബന്ധം മുഖ്യമന്ത്രിയടക്കം തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ കഷ്ടിച്ചു പാർട്ടി നടപടിയിൽ നിന്നും ഒഴിവായ ഇ.പി ജയരാജൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രകമ്മിറ്റിയോഗത്തിൽ ഈ വിഷയം വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ട്.പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നിലനിൽക്കവെ സജീവരാഷ്ട്രീയത്തിൽ നിന്നും പിൻതിരിയാനാണ് ഇ.പി ജയരാജൻ കരുക്കൾ നീക്കുന്നത്. എന്നാൽ ഇ.പി ജയരാജനെപ്പോലുള്ള ഒരു ഉന്നത നേതാവ് മുന്നണിയിൽ നിന്നും മാറി നിൽക്കുന്നത് സി.പി. എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കാൻ സാധ്യതയേറെയാണ്.

എന്നാൽ എൽ.ഡി. എഫ് കൺവീനറെന്ന നിലയിൽ ഇ.പി ജയരാജന്റെ പ്രവർത്തനം പരാജയമാണെന്ന വാദം മുന്നണിയിലെ മറ്റു പാർട്ടികൾ ഉന്നയിക്കുന്നുണ്ട്. ദല്ലാൾ നന്ദകുമാർ വിവാദത്തിൽ ഇ.പിയെ വിമർശിച്ചു കൊണ്ടു സി.പി. ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ്് വിശ്വം രംഗത്തുവന്നിരുന്നു. ഇടതു മുന്നണി യോഗങ്ങൾ പോലും ഇ. പി ജയരാജൻ കൃത്യമായി വിളിക്കാറില്ലെന്നും തിരുവനന്തപുരത്തിന് പകരം കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇ.പി ജയരാജൻ പ്രവർത്തിക്കുന്നതെന്ന ആരോപണവും ഘടകകക്ഷികൾക്കുണ്ട്.

ഇതിനിടെ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി മുന്നേറ്റം നടത്തുമെന്ന എക്സിറ്റ് പോൾ ഫലപ്രഖ്യാപനങ്ങൾ തള്ളി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ കണ്ണൂരിൽ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വന്ന എക്സിറ്റ് പോളുകൾ സംശയാസ്പദമാണെന്നും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

എക്സിറ്റ് പോളുകൾ തയ്യാറാക്കിയ ദേശീയ മാധ്യമങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും ബിജെപിയും മോദിയും പറഞ്ഞതുപോലെയുള്ള ഫലമാണ് പുറത്ത് വന്നതെന്നും ഇപി ജയരാജൻ കണ്ണൂരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശാസ്ത്രീയമായ നിഗമനത്തിന്റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോൾ നടത്തുന്നത്. അതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് എൽ.ഡി.എഫ് സംശയിക്കുന്നുണ്ട്.

ബിജെപി നേതാക്കൾ നേരത്തെ പറഞ്ഞതുപോലെയുള്ള പ്രവചനമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ അത് വിശ്വസനീയമല്ല. ഇതുവരെ ബിജെപി പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിലപാടാണ് എല്ലാ എക്സിറ്റ് പോളുകളും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഇന്ത്യ മുന്നണി നേതാക്കൾ പറഞ്ഞതുപോലെ വോട്ടെണ്ണൽ സമയത്ത് അതീവ ജാഗ്രതയുണ്ടാകണം. എല്ലാ മേഖലയിലും ജാഗ്രതയോടെ ചിന്തിക്കേണ്ടതുണ്ടെന്ന ഇന്ത്യ മുന്നണിയുടെ നിലപാട് ശരിവെക്കുന്നതാണ് എക്സിറ്റ് പോൾ ഫലമെന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.

കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാധ്യത വളരെ പരിമിതമാണ്. ജനങ്ങളുടെ പിന്തുണയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുന്നില്ല. കേരളം മതനിരപേക്ഷതയുടെ നാടാണ്. ന്യൂ ജനറേഷൻ വിദ്യാസമ്പന്നരാണ്. ലോക കാര്യങ്ങൾ നിരീക്ഷിക്കുന്നവരാണ്. അവരുടെ നിലപാട് തന്നെ മതനിരപേക്ഷതയാണ്. അതിനാൽ തന്നെ ബിജെപി കേരളത്തിൽ വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. രണ്ടു ദിവസം മാത്രമല്ലേയുള്ളു വോട്ടെണ്ണലിന് ബാക്കിയുള്ളുവെന്നും അപ്പോൾ എല്ലാം വ്യക്തമാകുമെന്നും ഇപി ജയരാജൻ പറഞ്ഞു.

ഇതേ സമയം എക്സിറ്റ് പോൾ ഫല പ്രഖ്യാപനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തു വന്നിരുന്നു. കേരളത്തിൽ എൽ.ഡി.എഫിന്റെ വിജയത്തിൽ ആശങ്കയില്ലെന്നും 12 സീറ്റുകൾ മുന്നണി നേടുമെന്നാണ് എം. വി ഗോവിന്ദൻ തിരുവനന്തപുരത്ത് പ്രതികരിച്ചത്. എക്സിറ്റ് പോൾ നട്ട പ്രാന്താണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ചെയ്തത്.