തിരുവനന്തപുരം: സിപിഎമ്മിന് കേരളത്തിൽ ഒരു സീറ്റ് മാത്രമേയുള്ളൂ. അഞ്ചു സീറ്റിൽ ജയമുറപ്പിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വി എസ് വിജയരാഘവനായിരുന്നു സ്ഥാനാർത്ഥികളിലെ സംഘടനാ പ്രധാനി. എളമരം കരിമിനേയും കെകെ ശൈലജയേയും തോമസ് ഐസക്കിനേയും എംവി ജയരാജനേയും എല്ലാം മത്സരിപ്പിച്ചതിന് പിന്നിൽ ചില ലക്ഷ്യങ്ങൾ ചിലർക്കുണ്ടെന്ന് വിലയിരുത്തലുകളും ഉയർന്നു. സിപിഎമ്മിൽ ഭാവി മുഖ്യമന്ത്രിയായി കണ്ട ശൈലജ ടീച്ചറും തോറ്റു. ഇതോടെ സിപിഎമ്മിൽ ചിലർ പാർട്ടിക്കുള്ളിൽ ശത്രുവായി കണ്ട എല്ലാവരും 2024ലെ ജനവിധിയിൽ തോറ്റു. മന്ത്രിയായ കെ രാധാകൃഷ്ണനും ഈ പട്ടികയിലുണ്ടെന്ന് ചിലർ പ്രചരിച്ചിരുന്നു. പക്ഷേ തദ്ദേശവാസിയെന്ന ജനകീയ മുഖം ആലത്തൂരിൽ രാധാകൃഷ്ണന് തുണയായി.

മത്സരിക്കാൻ ഒരു താൽപ്പര്യവുമില്ലായിരുന്ന കെകെ ശൈലജയെ പോലും വടകരയിൽ മത്സരിപ്പിച്ചു. അതിന് ശേഷം പാനൂരിൽ ബോംബ് പൊട്ടിച്ചു. ടിപി ചന്ദ്രശേഖരിന്റെ കൊലപാതകികളെ മഹത്വവൽക്കരിച്ചു. ഇതെല്ലാം വടകരയിൽ ഷാഫി പറമ്പിലിന് വലിയ വിജയമൊരുക്കി. അങ്ങനെ കേരളത്തിലെ ഏറ്റവും ജനകീയയായ രാഷ്ട്രീയ നേതാവ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുന്ന സ്ഥിതി വന്നു. ഇതിന് പിന്നിൽ സിപിഎമ്മിലെ ചില അടിയൊഴുക്കുകളും കാരണമായി എന്ന് കരുതുന്നവരുണ്ട്. പിണറായിക്ക് പകരം സിപിഎമ്മിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ശൈലജ. അടുത്ത തവണ രണ്ടു തവണ എംഎൽഎയായെന്ന ന്യായത്തിൽ ശൈലജയ്ക്ക് നിയമസഭാ സീറ്റും നൽകില്ല. അങ്ങനെ ശൈലജ ടീച്ചറുടെ രാഷ്ട്രീയ ജീവിതം തളർച്ചയിലേക്ക് പോകും.

സിപിഎമ്മിൽ ഇനി ആത്മപരിശോധനയുടെ കാലമാകും. ശൈലജ അടക്കം പരാതികൾ നേതൃത്വത്തിന് മുന്നിൽ വയ്ക്കാൻ സാധ്യതയുണ്ട്. വടകരയിലും കണ്ണൂരിലുമെല്ലാം സിപിഎമ്മിൽ പലവിധ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. ഇപി ജയരാജൻ അടക്കമുള്ളവരുടെ വിവാദമുണ്ടാക്കലും ശൈലജയെ പോലുള്ളവരെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. തോൽവിയെല്ലാം ഈ വിഷയങ്ങൾ നേതൃത്വത്തിന് മുന്നിലേക്ക് എത്തും. കൂടുതൽ ഉൾപാർട്ടി ചർച്ചകൾ സിപിഎമ്മിൽ ആവശ്യമാണെന്ന തിരിച്ചറിയൽ ഈ തോൽവിയിൽ നിന്നും സിപിഎമ്മിന് അകത്തുണ്ടാകുന്നുണ്ട്. എന്നാൽ ലോക്‌സഭയിലെ ദേശീയ രാഷ്ട്രീയമാണ് തോൽവിക്ക് കാരണമെന്ന വിലയിരുത്തൽ ചർച്ചയാക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കത്തി നിന്ന സിപിഎം നേതാവായിരുന്നു എംഎ ബേബി. കുണ്ടറയിൽ നിന്നും ഉജ്ജ്വല വിജയം നേടിയ ബേബി. പക്ഷേ കൊല്ലത്ത് എൻകെ പ്രേമചന്ദ്രനെതിരെ മത്സരിച്ച ബേബി ക്ലച്ചു പിടിക്കാതെ പോയി. പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചത് ബാധിച്ചത് ബേബിയെയായിരുന്നു. സിപിഎമ്മിന്റെ ഭാവി മുഖ്യമന്ത്രിയായി പലരും കണ്ട ബേബിയുടെ രാഷ്ട്രീയത്തിൽ അങ്ങനെ ട്വിസ്റ്റുണ്ടായി. പിന്നീടൊരിക്കലും തിരഞ്ഞെടുപ്പിൽ പോലും ബേബി മത്സരിച്ചില്ല. പോളിറ്റ്ബ്യൂറോ അംഗമായി ഡൽഹിയിൽ ഒതുങ്ങി. 2019ലും സിപിഎമ്മിലെ ഔദ്യോഗിക പക്ഷക്കാരുടെ കണ്ണിലെ കരടുകൾ തോറ്റു. ചെന്താരകമെന്ന് ഏവരും വിശേഷിപ്പിക്കുന്ന പിജെ ജയരാജൻ തോറ്റതോടെ പാർട്ടിക്കുള്ളിലെ സംഘടനാ കരുത്തെല്ലാം ചോർന്നു.

എംബി രാജേഷും കെ എൻ ബാലഗോപാലും പി രാജീവും വിഎൻ വാസവനും തോറ്റു. ഇതിൽ പലരും നേതൃത്വത്തിന് മുകളിൽ വളർന്നവരായിരുന്നു. അവർ പാർട്ടിക്ക് വിധേയരായി. അങ്ങനെ അവർ നിയമസഭയിൽ മത്സരിച്ചു എല്ലാവരും മന്ത്രിമാരായി. എന്നാൽ നേതൃത്വത്തിന് താൽപ്പര്യമില്ലാത്ത എ പ്രദീപ് കുമാറിന് എന്തു സംഭവിച്ചുവെന്നതും ചരിത്രം. മലബാറിൽ ചിലരുടെ വളർച്ചയ്ക്ക് തടസ്സമായി പലരും കണ്ടത് പ്രദീപ് കുമാറിനേയും പി ജയരാജനേയുമായിരുന്നു. ആ ലക്ഷ്യം അവർ 2019ൽ ഈ ജനകീയരെന്ന് ഏവരും കരുതിയ സിപിഎം നേതാക്കളെ തോൽപ്പിച്ച് നേടി.

2024ൽ പട്ടിക വിപുലമായിരുന്നു വടക്ക് നിന്നുള്ള വിജയരാഘവനും ശൈലജയും എളമരവും എംവി ജയരാജനും അങ്ങനെ സ്ഥാനാർത്ഥികളായി. തോൽവിയോടെ ഇവരെല്ലാം ജനകയീരല്ലാതെയാകുകയാണ്. ആസൂത്രിത ഗൂഢാലോചന ഇവരുടെ തോൽവിക്ക് പിന്നിൽ ചില കേന്ദ്രങ്ങളിൽ നടന്നുവെന്ന ആരോപണം ശക്തമാണ്.