- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി നില മറക്കുമ്പോൾ ഇതെവിടെ ചെന്ന് നിൽക്കുമെന്ന് അണികൾ
തിരുവനന്തപുരം: ആരും വിമർശനത്തിന് അതീതരല്ല എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം മേനി പറയുമ്പോഴും ഈ പറഞ്ഞ കാര്യം തനിക്ക് ബാധകമല്ലെന്ന് പലപ്പോഴായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിച്ചിട്ടുള്ളതാണ്. വിമർശനത്തെ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളുമ്പോഴാണ് ഈ പറഞ്ഞ വാക്ക് അന്വർത്ഥമാകുന്നത്. പക്ഷെ പിണറായി വിജയന്റെ കാര്യത്തിൽ വിമർശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാൻ കഴിഞ്ഞോ എന്നത് ആത്മപരിശോധന നടത്തേണ്ടത് അത്യാവശ്യത്തിനപ്പുറമുള്ള കാര്യമായി കഴിഞ്ഞിരിക്കുന്നു. പാർട്ടിക്ക് മുകളിൽ വ്യക്തി പോകുമ്പോൾ അണികൾ അതിന് മുകളിലേക്ക് ചിന്തിക്കുന്നുവെന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ദൃഷ്ടാന്തം. ഉറച്ച പാർട്ടി കോട്ടകളിൽ പോലും മൂന്നാം സ്ഥാനത്തേക്ക് പാർട്ടി തള്ളപ്പെട്ടിട്ടുണ്ടെങ്കിൽ നേതാക്കന്മാരല്ലാതെ മറ്റാരാണ് വിഷയത്തിൽ പുനർചിന്തനം നടത്തേണ്ടത്? ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് ദൈവത്തിനറിയാമെന്ന് അണികൾ ആത്മഗതം പറയുന്നിടത്ത് വരെ എത്തി കാര്യങ്ങൾ.
പക്ഷെ ഇത്തരത്തിൽ പാർട്ടി പ്രതിസന്ധിഘട്ടങ്ങളിൽ വന്നപ്പോഴൊക്കെ അതിന്റെ കാരണഭൂതനായി പിണറായി ഉണ്ടാകാറുണ്ടെന്നതാണ് വസ്തുത. പിണറായിയുടെ ഭാഷാ പ്രയോഗം തന്നെയാണ് ഇതിന് കാരണവും. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയും മുഴുവൻ പാർട്ടി തന്നെ അതിന്റെ പേരിൽ ജനങ്ങളിൽ നിന്ന് അകലുകയും ചെയ്യുന്ന സാഹചര്യത്തിൽ അണികളിൽ നിന്ന് പോലും നേതൃത്വത്തിന് വിമർശനം നേരിട്ടുതുടങ്ങിയിട്ടുണ്ട്. പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയായി എന്നും പറയുന്ന അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. മേൽഘടകങ്ങളും കുഴങ്ങുകയാണ്.
ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നിൽക്കുന്ന യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിൽ പാർട്ടി നേതാക്കളിലും അണികൾക്കിടയിലും അമർഷം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടേത് വാവിട്ട വാക്കാണെന്നാണ് പൊതുവിൽ നേതാക്കൾ വിലയിരുത്തുന്നത്. പൊതുവേ എല്ലാക്കാര്യത്തിലും പിണറായിയെ അന്ധമായി പിന്തുണയ്ക്കുന്ന സൈബർ സഖാക്കളും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കൈവിട്ട മട്ടാണ്. തങ്ങളുടെ പക്ഷത്തു നിന്നുള്ള ഒരു വ്യക്തി വിമർശനം ഉന്നയിക്കുമ്പോൾ അതിനെ പരിശോധിക്കുന്നതിന് പകരം പൊതുസമൂഹത്തിൽ അവഹേളിക്കുന്ന വിധത്തിൽ പരാമർശം എന്തിനു നടത്തി എന്നതാണ് ചോദ്യം.
കുലംകുത്തികൾ കടക്കുപുറത്ത്
പിണറായിയുടെ വാവിട്ട വാക്കിന്റെ നിരതന്നെ കേരളരാഷ്ട്രീയത്തിൽ ചർച്ചവിഷയമാണ്. 2012 മെയ് നാലിന് ആർ.എംപി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടപ്പോൾ അന്നത്തെ സിപിഎം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തന്റെ അണികളെ അഭിസംബോധനചെയ്തു സംസാരിക്കുമ്പോഴായിരുന്നു 'കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ' എന്നു പ്രയോഗം. അതോടെ കേരള രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാവാത്ത പദമായി മാറി കുലംകുത്തി എന്നത്. ആവശ്യത്തിനും അനാവശ്യത്തിനും കുലംകുത്തി നിരന്തരമായി ഉപയോഗിക്കപ്പെട്ടു. ആരുടെയൊക്കെയോ അഭിമാനം വ്രണപ്പെട്ടു, ചിലർ പരിഹസിക്കപ്പെട്ടു. ടി.പിയുടെ ഭാര്യ രമയെ ആശ്വസിപ്പിക്കാൻ പോയ വി എസ്സിന്റെ നെഞ്ചിലേക്കും കൂടിയായിരുന്നു ആ വാക്കിന്റെ മൂർച്ച വന്നുപതിച്ചത്.
പിന്നാലെയെത്തിയ വാക്കായിരുന്നു 'കടക്ക് പുറത്ത്' എന്നത്.സിനിമയിലെ മാസ് ഡയലോഗിനെ വെല്ലുംവിധം ഇത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഹിറ്റായി. 2017 ജൂലൈ മുപ്പത്തിയൊന്നിനാണ് മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന പ്രയോഗം ഉണ്ടായത്. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി.- ആ.ർഎസ്എസ്. പ്രവർത്തകരുമായി സമാധാന ചർച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് ഉണ്ടായത്. കുലംകുത്തിയെപ്പോലെ തന്നെ ഈ വാക്കും അവസരോചിതമായും അല്ലാതെയും അർഥം നോക്കിയും നോക്കാതെയും ആളുകൾ ഏറ്റെടുത്ത് പ്രയോഗിച്ചു.
പരനാറി പ്രയോഗത്തിന്റെ ദുർഗന്ധം
രാഷ്ട്രീയനിലപാടുമായി യോജിക്കാൻ പറ്റില്ലെന്നും പറഞ്ഞ് പാർട്ടി വിട്ടുപോയ എൻ.കെ പ്രേമചന്ദ്രനെ ഉന്നം വെച്ചുകൊണ്ട് നടത്തിയ 'പരനാറി' പ്രയോഗവും പിണറായിയുടേതായ അക്കൗണ്ടിലുള്ളതാണ്. പരനാറി എന്നാൽ അന്യർക്ക് ദുർഗന്ധം വമിപ്പിക്കുന്നവൻ എന്നാണ്. മറ്റൊരു വിവാദ വാക്കായിരുന്നു 'നികൃഷ്ടജീവി' എന്ന പ്രയോഗം. താമരശ്ശേരി ബിഷപ്പിനുനേർക്കായിരുന്നു ഈ അസ്ത്രപ്രയോഗം. 2007-ൽ തിരുവമ്പാടി എംഎൽഎ മത്തായി ചാക്കോയുടെ മരണവും അന്ത്യകൂദാശാവിവാദവുമായി ബന്ധപ്പെട്ടാണ് പിണറായി നികൃഷ്ടജീവി പ്രയോഗം നടത്തിയത്. 2013 ഡിസംബർ ഏഴിന് താമരശ്ശേരി രൂപതയിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ആ പിണക്കം തീർത്തത്.
മേൽപ്പറഞ്ഞ വാക്കുകൾ ഒക്കെ അമർഷത്തിൽ നിന്നുണ്ടായതാണെങ്കിൽ, എതിരഭിപ്രായക്കാരെ ട്രോളാനും പിണറായിക്ക് സാധിച്ചിരുന്നു. അങ്ങനെ ഹിറ്റടിച്ച വാക്കായിരുന്നു ഒക്കച്ചങ്ങായി. 2018 നവംബർ ഇരുപതിന് ശബരിമല വിഷയത്തിൽ കോൺഗ്രസ് പാർട്ടിയുടെ നിലപാടിനെ പിണറായി ട്രോളിയത് ഈ വാക്കുപയോഗിച്ചായിരുന്നു. കോൺഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഒക്കച്ചങ്ങായി എന്നത് ഉത്തരകേരളത്തിൽ കല്യാണച്ചടങ്ങുമായി ബന്ധപ്പെട്ട പദമാണ്. തലശ്ശേരി, പാനൂർ പ്രദേശങ്ങളിലാണ് പൊതുവായി ഈ പ്രയോഗം കണ്ടുവരുന്നത്. വിവാഹത്തിനുപോകുമ്പോൾ വരനൊപ്പം അനുഗമിക്കുന്ന ഒരു ഉറ്റ സുഹൃത്തുകൂടി ഉണ്ടാവും. ആ കുട്ടുകാരനെയാണ് ഇങ്ങനെ വിശേഷപ്പിക്കുക. മറ്റു സുഹൃത്തുക്കളെക്കാൾ കൂടുതൽ സ്വാതന്ത്ര്യവും അധികാരവും ഒക്കച്ചങ്ങായിക്ക് ഉള്ളതാണ്. ശബരിമല വിഷയത്തിൽ ബിജെപിയുടെ ഒക്കച്ചങ്ങായിയാണ് കോൺഗ്രസ് എന്നു പ്രസ്താവിച്ചതിലൂടെ കേരളത്തിലെ കക്ഷിരാഷ്ടീയത്തിന്റെ അന്തർധാരയെയാണ് മുഖ്യമന്ത്രി പരിഹസിച്ചുകാട്ടിയത്.
തൃക്കാക്കരയിലെ 'സൗഭാഗ്യം'
വാക്കുകളുടെ മൂർച്ച മാത്രമല്ല സാധാരണ ഉപയോഗിക്കുന്ന അർത്ഥം മറ്റൊന്നായ വാക്കുകളും അനവസരത്തിലുള്ള പിണറായിയുടെ പ്രയോഗം മൂലം പാർട്ടിക്ക് തിരിച്ചടി വാങ്ങിക്കൊടുത്തിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇതിന്റെ നേർസാക്ഷ്യം. പ്രയോഗിച്ചത് സൗഭാഗ്യം എന്ന വാക്കാണെങ്കിലും അതുണ്ടാക്കിയത് നേർവിപരീത ഫലമായിരുന്നു. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പിണറായി പറഞ്ഞത് ഇങ്ങനെയായിരുന്നു: 'കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തിൽ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതിൽ ജനങ്ങൾ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കു ജനങ്ങളെ പൂർണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു.
അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷൻ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്" എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
മുഖ്യമന്ത്രിയുടെ ഈ പരാമർശവും വൻവിവാദത്തിന് വഴിവെച്ചു. മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നായിരുന്നു പി.ടി.തോമസിന്റെ ഭാര്യയും സ്ഥാനാർത്ഥിയുമായ ഉമ തോമസിന്റെ പ്രതികരണം. പി.ടി.തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും അവർ ചോദിച്ചു.ഫലമോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മിന്നുന്ന ജയവും. പരനാറി പ്രയോഗത്തിന്റെ തനിയാവർത്തനമായിരുന്നു സൗഭാഗ്യമെന്നാണ് അന്നുണ്ടായ വിലയിരുത്തൽ.
പിപ്പിടി വിദ്യ വിലപ്പോയില്ല
അതേ വർഷം വീണ്ടും പിണറായിക്ക് നാക്കിടറി. 2022 മാർച്ച് ഇരുപത്തിയൊന്നിനാണ് കണ്ണൂരിലെ പാനൂരിൽ നടന്ന പൊതുയോഗത്തിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള സംസാരം പിപ്പിടി വിദ്യയിലേക്കെത്തിയത്. പിപ്പിടി വിദ്യ എന്നതിന്റെ അർഥം പേപ്പിടി എന്നാണ്. പേപ്പിടി എന്നാൽ ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക എന്നൊക്കെയാണ്. ഭയപ്പെടുത്താനായി പറഞ്ഞുകൂട്ടുന്ന പൊയ്വാക്കുകളെയാണ് പിപ്പിടി വാക്കുകൾ എന്നു പറയുന്നത്. കെ.റെയിലിന്റെ പേരും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പിപ്പിടിവിദ്യ തന്റെയടുക്കൽ ചെലവാകില്ലെന്നാണ് പിണറായി അർഥമാക്കിയിരുന്നത്.
സിനിമാ ആസ്വാദകൻ കൂടിയായ പിണറായി വിജയൻ ചില മാസ് സിനിമ ഡയലോഗുകളും തന്റെ പ്രസംഗത്തിൽ പ്രയോഗിക്കാറുണ്ട്. തമിഴ് സിനിമാ 'ഐ' യിലെ വിക്രമിന്റെ നായകകഥാപാത്രമാണ് ആദ്യമായി 'അതുക്കും മേലെ' എന്ന ഡയലോഗ് അനശ്വരമാക്കുന്നത്.
ഈ പ്രയോഗവും ഒരിക്കൽ പിണറായി തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചു. മലയാളമാക്കി സ്വന്തമാക്കിക്കളഞ്ഞ തമിഴ് വാക്കിന്റെ അർത്ഥം അതിനും മീതെ എന്നാണ്.
'വിവരദോഷി' പ്രയോഗം
ഇതിനൊക്കെ സമാനമാണ് കഴിഞ്ഞ ദിവസം പാർട്ടി ഇത്രയും പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ നാളിത്രയും തങ്ങളെ പിന്തുണച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ പരാമർശത്തോടുള്ള നീരസം മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം.ഇതിനെതിരെയാണ് സൈബർ സഖാക്കൾ ഉൾപ്പടെ പരസ്യമായി രംഗത്ത് വരുന്നത്. എപ്പോഴൊക്ക പിണറായിയുടെ പരാമർശങ്ങൾ നിലവിട്ടിട്ടുണ്ടോ അപ്പോഴൊക്കെയും ഏതെങ്കിലും തരത്തിൽ പാർട്ടി അതിന്റെ തിക്തഫലം അനുഭവിച്ചിട്ടുമുണ്ട്.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തെത്തിയപ്പോൾ മുഖത്ത് ഒരു ചിരിയും പിടിപ്പിച്ചാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. അനുകൂല ഘടകങ്ങൾ കൂടി വന്നപ്പോൾ രണ്ടാംഘട്ടത്തിൽ എൽഡിഎഫ് സർക്കാർ എന്നതിൽ നിന്ന് രണ്ടാം പിണറായി സർക്കാർ എന്നായി പ്രയോഗം. മുഖത്തെ ചിരി മാഞ്ഞുതുടങ്ങിയതിനൊപ്പം കാർക്കശ്യം പാർട്ടി സെക്രട്ടറി നിലയും വിട്ട് മുകളിലേക്ക് പോയി. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ളത് തനിയെ പുറത്ത് ചാടും എന്നതിന്റെ തെളിവാണ് ഈ കുറിലോസ് വിഷയവും.പാർട്ടിയും പ്രവർത്തകരും നിരാശയുടെ ചുഴിയിൽപ്പെട്ട് വലയുമ്പോൾ പ്രസക്തമാകുന്നത് അണികളുടെ ആത്മഗതം തന്നെയാണ് ഇത് എവിടെ ചെന്ന് നിൽക്കുമെന്ന്..