- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിയുടെ ഗ്യാരണ്ടിയിൽ' കേരളത്തിൽ താമര വിരിയുമോ?
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടി എന്ന പ്രചരണ മുദ്രാവാക്യവുമായാണ് ബിജെപി കേരളത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം കൊഴുപ്പിക്കാൻ ഒരുങ്ങുന്നത്. എന്നാൽ, എ ക്ലാസ് മണ്ഡലങ്ങൾ എന്നു കരുതിയിടത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥികളെയാണ് ബിജെപി രംഗത്തിറങ്ങിയത്. ഇതോടെ ബിജെപിക്ക് ത്രികോണ പോരാട്ടം നടത്താൻ ശേഷിയുള്ളത് പ്രധാനമായും മൂന്ന് മണ്ഡലങ്ങളിലാണ്. തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ഇക്കുറി പ്രധാനമായും പ്രതീക്ഷയുള്ള സീറ്റുകൾ. ഈ സീറ്റുകളിൽ ബിജെപി രംഗത്തിറക്കിയത് കരുത്തരെ തന്നെയാണ്. രണ്ട് കേന്ദ്രമന്ത്രിമാരെയും ഒരു മുൻ രാജ്യസഭാംഗത്തെയും കളത്തിലിറക്കി. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും വി മുരളീധരൻ ആറ്റിങ്ങലും സുരേഷ് ഗോപി തൃശ്ശൂരിലുമാണ് മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലാണ് താമര വിരുയുമെന്ന പ്രതീക്ഷ പ്രധാനമായും ബിജെപിക്കുള്ളത്.
എ ക്ലാസ് മണ്ഡലമെന്ന് വിലയിരുത്തുന്ന പത്തനംതിട്ടയിൽ ഇക്കുറി ശബരിമല വികാരം ഇല്ലെന്നതാണ് പ്രത്യേകത. ഇതോടെ ദേശീയ തലത്തിൽ ചൂണ്ടിക്കാട്ടാൻ കഴിയുന്ന സ്ഥാനാർത്ഥി എന്ന നിലയിലാണ് അനിൽ ആന്റണിയെ രംഗത്തിറക്കിയത്. എന്നാൽ പ്രാദേശികമായി വോട്ടു സമാഹരിക്കാൻ ശേഷിയുള്ള പി സി ജോർജ്ജിനെയും മകൻ ഷോൺ ജോർജ്ജിനെയും തഴയുകയും ചെയ്തു. അനിലിനെ മണ്ഡലത്തിൽ ഉള്ളവർക്ക് പരിചയപ്പെടുത്തേണ്ടി വരുമെന്ന് പറഞ്ഞ് പി സി ജോർജ്ജ് രംഗത്തുവന്നത് ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ കല്ലുകടിയായി മാറി.
അനിലിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിന് ഒപ്പം ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ മത്സരിക്കാൻ എത്തിയതാണ് ഏറെ പ്രത്യേക. ഇവിടെ നിലവിൽ സിറ്റിങ് എംഎൽഎ എ എം ആരിഫ് ആണ. ഇവിടെ കോൺ്ഗ്രസിൽ നിന്നും സ്ഥാനാർത്ഥി ആയിട്ടില്ല. എ എ ഷുക്കൂർ, ഷാനിമോൾ, രാഹുൽ മാങ്കൂട്ടത്തിൽ, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ പേരാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന് ശക്തമായ മത്സരം കാഴ്‌ച്ചവെക്കാൻ ശോഭക്ക് കഴിയുമെന്നാണ് കണക്കൂകൂട്ടൽ.
കാലങ്ങളായി ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ് തിരുവനന്തപുരം. ബിജെപി രണ്ടാം സ്ഥാനത്ത് എത്താറുള്ള മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി. പ്രഥമ പരിഗണന നൽകിയ സീറ്റാണ് തിരുവനന്തപുരം. ശശി തരൂരിനോട് ഏറ്റുമുട്ടിയ കുമ്മനം രാജശേഖർ ഇവിടെ രണ്ടാമതെത്തിയിരുന്നു. ഇവിടെയാണ് ഇത്തവണ നിലവിലെ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ പോരിനിറക്കുന്നത്. കർണാടകയിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം.
എന്നാൽ, കാലാവധി അവസാനിച്ചെങ്കിലും രാജ്യസഭയിലേക്ക് അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയിരുന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി ശശി തരൂർ തന്നെയെത്തുമെന്ന് ഏതാണ്ട് ഉറപ്പായ മണ്ഡലത്തിൽ എൽ.ഡി.എഫിൽ സിപിഐയുടെ ജനകീയ മുഖം, പന്ന്യൻ രവീന്ദ്രനാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇരുവരോടും മികച്ച പോരാട്ടം കാഴ്ചവെക്കുന്നതിനപ്പുറം വിജയംതന്നെയാണ് ബിജെപി. ലക്ഷ്യമിടുന്നത്. വീണ്ടും അധികാരത്തിലെത്തിയാൽ, തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്രമന്ത്രിസ്ഥാനവും നൽകുമെന്ന പ്രചാരണവും ബിജെപി. നടത്തിയേക്കും. നിലവിൽ എൻ.ഡി.എയുടെ സംസ്ഥാന വൈസ് ചെയർമാനാണ് രാജീവ് ചന്ദ്രശേഖർ.
നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ബിജെപിയുടെ ദേശീയ വക്താവായും എൻഡിഎയുടെ കേരള ഘടകം വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ 2018 വരെ കർണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കൾ മലയാളികളാണ്.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം. ഇതിൽ കോവളം മണ്ഡലം മാത്രമാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. ഇതാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കേന്ദ്ര ഭരണം ലഭിച്ചശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ വോട്ടുവിഹിതത്തിൽ തുടർച്ചയായി വർധയുണ്ടാക്കിയത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഹൈന്ദവ വോട്ടുകളും സമുദായ സംഘടനകളുടെ പിന്തുണയുമാണ് ബിജെപിയുടെ മണ്ഡലത്തിലെ ശക്തി. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ മുന്നേറ്റം തടയുന്നത് തീരദേശ മേഖലയിലെ ക്രിസ്ത്യൻ, മുസ്ലിം വോട്ടുകളാണ്. ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി.
ആറ്റിങ്ങലിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എത്തുമെന്ന് നേരത്തെതന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. അതുകണ്ട് കുറച്ചു കാലമായി തന്നെ മണ്ഡലം കേന്ദ്രീകരിച്ചു അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭ വഴിയാണ് മുരളീധരൻ കേന്ദ്രമന്ത്രിയായത്. ആറുവർഷം കാലാവധി പൂർത്തിയാക്കിയ അദ്ദേഹത്തിന് വീണ്ടും രാജ്യസഭാംഗത്വം നൽകിയിരുന്നില്ല.
ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേരത്തെതന്നെ കേന്ദ്രനേതൃത്വം അദ്ദേഹത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ ചെറുതും വലുതുമായ എല്ലാപരിപാടികളിലും പങ്കെടുത്തു വരികയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായിരിക്കെ കേരളത്തിലെത്തുമ്പോൾ മണ്ഡലത്തിലെ പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ രണ്ടുലക്ഷത്തിലേറെ വോട്ടുകൾ നേടിയിരുന്നു ആറ്റിങ്ങലിൽ. ഈവോട്ടു വിഹിതം മറികടക്കുക എന്നതാണ് വി മുരളീധരൻ ഉന്നമിടുന്നത്. വിജയിച്ചാൽ കേന്ദ്രമന്ത്രിയാകും എന്നതും പ്രചരണ വിഷയമാക്കും. മണ്ഡലത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്നാണ് മുരളീധരൻ അവകാശപ്പെടുന്നത്. അടൂർ പ്രകാശ് തന്നെയാകും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.
ബിജെപി. അനൗദ്യോഗികമായി ആദ്യമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ മണ്ഡലമാണ് തൃശ്ശൂർ. ഇത്തവണ ബിജെപി. ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലം. 2019-ൽ സുരേഷ്‌ഗോപി മത്സരിച്ചപ്പോൾ തൊട്ടുമുൻവർഷത്തേക്കാൾ 1,91,141 വോട്ടുകളാണ് അധികം നേടിയത്. അങ്ങനെയെങ്കിൽ മണ്ഡലം കേന്ദ്രീകരിച്ച് വലിയ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ്‌ഗോപിക്ക് ഇത്തവണ മണ്ഡലം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നത്. തിരഞ്ഞെടുപ്പിനും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും വളരേ മുമ്പേ തന്നെ പ്രധാനമന്ത്രി രണ്ടുവട്ടം മണ്ഡലത്തിൽ വന്നുപോയി.
ഇതിലൊന്ന് സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിലായിരുന്നതെന്നും ശ്രദ്ധേയം. മോദിയുടെ സന്ദർശനവും ഗ്യാരന്റി പ്രഖ്യാപനവും സുരേഷ്‌ഗോപിയുടെ സ്ഥാനാർത്ഥിത്വവും ചേർന്ന് മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കുറച്ചു കാലമായി തന്നെ സുരേഷ് ഗോപി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. ഇവിടെ ക്രൈസ്തവ വോട്ടുകൾ സുരേഷ്‌ഗോപിക്ക് അനുകൂലമായി മാറിയാൽ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാനും സാധ്യതയുണ്ട്.
മണ്ഡലത്തിലെ സിറ്റിങ് എംപി ടി എൻ പ്രതാപനെതിരെ നിലനിൽക്കുന്ന വികാരം ബിജെപിക്ക് തുണയാകുമെന്ന് കണക്കുകൂട്ടുന്നു. അതേസമയം മണ്ഡലത്തിൽ സുപരിചിതനായ വി എസ് സുനിൽകുമാർ കടുത്ത വെല്ലുവിളിയാണ് ബിജെപിയുടെ മോഹങ്ങൾക്ക് മേൽ ഉയർത്തുന്നത്. എറണാകുളം, കൊല്ലം, ആലത്തൂർ, ഇടുക്കി സീറ്റുകളിൽ ബിജെപി ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുണ്ട്. വയനാട്, കോട്ടയം, ചാലക്കുടി, മാവേലിക്കര സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിക്കാനാണ് സാധ്യത.