കണ്ണൂർ: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചിരിക്കെ ഇടതുമുന്നണിയുടെ കൺവീനറായ ഇ.പി ജയരാജനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നു. സംസ്ഥാനത്തെ ഇരുപതുമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കേണ്ട ഇ.പി ജയരാജൻ കണ്ണൂരിൽ ഒതുങ്ങുന്നുവെന്നാണ് ആരോപണം. സി.പി. എം സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രം പോലെ സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇടതു മുന്നണിയെന്ന നിലയിൽ ഏകോപനമില്ലായ്മ പലയിടങ്ങളിലും ദൃശ്യമാണ്.

നേരത്തെ കൺവീനറായി വൈക്കം വിശ്വനും എ.വിജയരാഘവനും തെരഞ്ഞെടുപ്പ് രംഗത്ത് ചടുലമായ പ്രവർത്തനങ്ങൾ കാഴ്‌ച്ച വെച്ചിരുന്നുവെങ്കിൽ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞു മുഖ്യധാരയിലിറങ്ങാതെ വഴുതി കളിക്കുന്ന ഇ.പി വെറും കണ്ണൂരിലെ നേതാവായി ഒതുങ്ങുകയാണെന്ന അതൃപ്തി പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്. ഭാര്യാസഹോദരിയായ പി.കെ ശ്രീമതിക്ക് സീറ്റു നിഷേധിച്ചതും ചില മണ്ഡലങ്ങളിൽ തന്റെ ഇംഗിതം നോക്കാതെ സ്ഥാനാർത്ഥിയെ നി്ശ്ചയിച്ചതിലും ഇ.പി ജയരാജനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന സൂചന.

ആരോഗ്യപരമായ കാരണങ്ങളാൽ എൽ. ഡി. എഫ് കൺവീനർ സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിയോടും പാർട്ടി സംസ്ഥാന സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതും ഇ.പി ജയരാജനെ ചൊടിപ്പിച്ചിട്ടുണ്ട്. കണ്ണൂർ പാപ്പിനിശേരിയിലെ വീട്ടിൽ നിന്നും പാർട്ടിയെ വെട്ടിലാക്കുന്ന ചില പ്രസ്താവനകൾ ഇ.പി ജയരാജൻ മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി പറയുന്നതിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് അതൃപ്തിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ കൊടുക്കേണ്ടതില്ലെന്നാണ് പാർട്ടി പത്രത്തിന് ലഭിച്ച നിർദ്ദേശം.

എം.വി ഗോവിന്ദൻ സംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം വരുന്ന ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടു തന്നെ ഇടതുമുന്നണി നില മെച്ചപ്പെടുത്തുകയെന്നത് അദ്ദേഹത്തിന് നിർണാകമാണ്. എന്നാൽ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികളാണ് ബിജെപി മുഖ്യ എതിരാളിയാണെന്നു ഇ.പി തുറന്നടിച്ചതിനു പിന്നിലെന്നാണ് എം.വി ഗോവിന്ദനെ അനുകൂലിക്കുന്നവർ കരുതുന്നത്. ഇതു കൂടാതെ മുസ്ലിം ലീഗിനെ നിരന്തരം മുന്നണിയിലേക്ക് ക്ഷണിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്നത് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പൊതുതീരുമാനമല്ലെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ മത്സരം എൽ. ഡി. എഫും യു. ഡി. എഫും തമ്മിലാണെന്നും എൻ.ഡി. എ ഒരു ശക്തിയെയല്ലെന്നു മുഖ്യമന്ത്രി ഇ.പിയെ തിരുത്തി പറഞ്ഞതിനു പിന്നാലെ സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ഇ.പിയെ തള്ളിപ്പറഞ്ഞത് പാർട്ടിയിൽ ഇ.പിക്ക് വീണ്ടും ക്ഷീണം ചെയ്തിട്ടുണ്ട്. പരസ്യമായി കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും ഇ.പിയുടെ മുൻപിൻ നോക്കാതെയുള്ള പ്രതികരണങ്ങളിലുള്ള അതൃപ്തി ഇരുനേതാക്കളുടെ വാക്കുകളിലും ധ്വനിച്ചിരുന്നു. മധുരിച്ചിട്ടു ഇറക്കാനും വയ്യ കയ്ച്ചിട്ടു തുപ്പാനും വയ്യെന്ന അവസ്ഥയിലാണ് സി.പി. എമ്മിന് ഇ.പി ജയരാജന്റെ ഇടങ്കോലിടൽ കൊണ്ടു ഉണ്ടായിരിക്കുന്നത്.

മറ്റേതെങ്കിലും നേതാവായിരുന്നുവെങ്കിൽ ഇതിനകം തന്നെ പാർട്ടിയിൽനിന്നും പുറത്തുപോയെനെയെന്ന അഭിപ്രായമാണ് മിക്ക സി.പി. എം നേതാക്കൾക്കുമുള്ളത്. ഇതിനിടെയിൽ ഇ.പിയെ വീണ്ടും ഒതുക്കുന്നതിനായി പഴയ വൈദകംറിസോർട്ട് വിവാദം എതിർവിഭാഗം വീണ്ടും കുത്തിപൊക്കി കൊണ്ടുവന്നിട്ടുണ്ട്. പ്രതിപക്ഷത്തി നും ബൂർഷ്വാമാധ്യമങ്ങൾക്കും ഇത്തരമൊരു വടി പാർട്ടിയിലെ ചിലർ കൊടുക്കുന്നുവെന്നാണ് ഇ.പിയെ അനുകൂലിക്കുന്നവർ പറയുന്നത്.

ഇതാണ് തിരുവനന്തപുരം ലോക്സഭാ എൻ.ഡി. എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം ഇ.പിക്കുണ്ടെന്ന ആരോപണം ഉയരുന്നു. വൈദേകത്തിന്റെ മേജർ ഷെയറുകൾ ഇപ്പോൾ രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള നിരാമയ ട്രസ്റ്റിനാണ്.കോടികൾ മുടക്കിയാണ് ഇ.പിയുടെ ഭാര്യയുടെയും മകന്റെയും പങ്കാളിത്തമുള്ള വൈദേകം നിരാമയ ഏറ്റെടുത്തത്. പാർട്ടിക്കുള്ളിൽ പി.ജയരാജൻ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് വൈദകത്തിൽ നിന്നും ഒഴിയാൻ ഇ.പിയുടെ കുടുംബം തീരുമാനിച്ചത്. ഇപ്പോൾ തനിക്കെതിരെ ഗൾഫിൽ ബിസിനസുകളുണ്ടെന്നുള്ള ചെലവാർത്തകൾക്കു പിന്നിൽ പാർട്ടിക്കുള്ളിലെ ചിലരാണെന്ന് ഇ.പി കരുതുന്നുണ്ട്.

കണ്ണൂരിൽ ഏറ്റവും ഒടുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഈക്കാര്യം ഊന്നിക്കൊണ്ടു പറയാനാണ് ഇ. പി ശ്രമിച്ചത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം ഇ.പി തള്ളിയിട്ടുണ്ട്.

രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, പത്രത്തിൽ പടത്തിൽ കണ്ടത് മാത്രം.ഫോണിലും സംസാരിച്ചിട്ടില്ല.തനിക്ക് ബിസിനസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്.മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം.ഭാര്യക്ക് വൈദേകം രിസോർട്ടിൽ ഷെയറുണ്ട്. എന്നാൽ ബിസിനസൊന്നുമില്ല.തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല.നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നുമാണ് ഇ.പി ജയരാജൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.

തനിക്ക് ഗൾഫിൽ ബിസിനസുണ്ടെന്നു യാതൊരു അടിസ്ഥാനവുമില്ലാതെ വാർത്ത നൽകിയ 24 ന്യൂസിന് എതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകുമെന്നു ഇ.പി മുന്നറിയിപ്പു നൽകി. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്നവാർത്തയാണ് നൽകിയത്. ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്.ഡിജിപിക്ക് പരാതി നൽകി.അതിൽ നടപടി വരാൻ പോവുകയാണ്.കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപിജയരാജൻ പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥികൾ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നൽകാനാണ്.കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തിൽ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്.തോൽക്കാൻ ബിജെപി സ്ഥാനാർത്ഥികളെ കൊണ്ടുനിർത്തുമോ.അവർ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു.മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു ഇ.പി അതിവിദഗ്ദ്ധമായി ചുവടുമാറ്റുകയും ചെയ്തു.