തിരുവനന്തപുരം: എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനെ സിപിഎം ഇനിയും ചേർത്തു പിടിക്കുമോ? അതോ നടപടികൾക്ക് വിധേയനാക്കി ഒതുക്കി നിർത്തുമോ? രാഷ്ട്രീയ കേരളത്തിൽ ആകാംക്ഷ മുഴുവൻ ഇക്കാര്യത്തിലാണ്. തിരഞ്ഞെടുപ്പു ദിനത്തിൽ മുഖ്യമന്ത്രിയുടെ പരസ്യശാസന ഏൽക്കേണ്ടി വന്നത് തന്നെ ഇ.പിയെ പോലൊരു നേതാവിന് ലഭിക്കാവുന്ന വലിയ ശിക്ഷയാണ്. അതുകൊണ്ട് തന്നെ അതിന് അപ്പുറത്തേക്ക് എന്ത് നടപടി എടുക്കും എന്നതാണ് ഉയരുന്ന ചോദ്യം.

ഇ പി ബിജെപിയുടെ പ്രലോഭനത്തിൽ വീണുവെന്ന വിലയിരുത്തലുകൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഇനി അത്രയ്ക്ക് എളുപ്പമല്ല. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. നാളെയാണ് സിപിഎം സംസ്ഥന സെക്രട്ടറിയേറ്റ് യോഗം നടക്കുക.

മുഖ്യമന്ത്രി ബിജെപി ചർച്ചയിലെ ഇടനിലക്കാരൻ മാത്രമാണ് ജയരാജൻ എന്ന ആരോപണവുമായി പ്രതിപക്ഷം പിണറായി വിജയനിലേക്കു മുന കൂർപ്പിച്ചു കഴിഞ്ഞു. ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം - ബിജെപി അന്തർധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി.

നന്ദകുമാറിനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിച്ചു വൻ കെണിയിൽ പോയി ജയരാജൻ ചാടിക്കൊടുത്തെന്ന നിഗമനമാണ് സിപിഎമ്മിനുള്ളിൽ ഉള്ളത്. ജയരാജന്റെ ദുർബലമായ വിശദീകരണം അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ പാർട്ടിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ ഗൗരവത്തോടെയാണ് നേതാക്കൾ കാണുന്നത്. ഇ.പിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതോടെ അദ്ദേഹം ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.

ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തുക എളുപ്പമാകില്ല. പാർട്ടിയിൽ തരംതാഴ്‌ത്തപ്പെടുകയോ മറ്റോ ചെയ്താലും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജൻ എന്ന വികാരവും സിപിഎമ്മിലുണ്ട്. പാർട്ടിയുടെ ഫണ്ട് റെയ്‌സറായിരുന്നു ഒരു കാലത്ത് ഇ പി. അതുകൊണ്ട് തന്നെയാണ് പല അവിശുദ്ധ കൂട്ടുകെട്ടിലും അദ്ദേഹം വീണത്.

കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ജയരാജനെതിരെ സംഘടനാ നടപടി ഇവിടെ സാധ്യമാകില്ല. എന്നാൽ, സംസ്ഥാന കമ്മിറ്റിക്കു ശുപാർശ ചെയ്യാം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് അതിനുള്ള അധികാരമില്ല. പാർട്ടി കമ്മിറ്റികളിൽനിന്നു വിട്ടുനിൽക്കുന്ന രീതിയുള്ള ഇ.പി നാളത്തെ യോഗത്തിന് എത്തിച്ചേരുമോ എന്നു വ്യക്തമല്ല.

അതിനിടെ തൃശൂർ ലോകസഭാ മണ്ഡലത്തിൽ ബിജെപിക്ക് വോട്ടു മറിക്കാനായിരുന്നു ഇപിയുടെ കൂടിക്കാഴ്‌ച്ച എന്ന വികാരവും ഉയരുന്നുണ്ട്. പാർട്ടിയിൽ വിഭാഗീയത കത്തി നിൽക്കുന്ന കാലത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ അഡ്ഹോക്ക് സെക്രട്ടറിയായിരുന്ന ഇ പി ജയരാജന് ജില്ലയിലെ വ്യാപാര പ്രമുഖരുമായും മത സമുദായ നേതാക്കളുമായും പാർട്ടി നേതാക്കളും പ്രവർത്തകരുമായും അഭേദ്യമായ ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട.

ഇ പിയെ ഉപയോഗിച്ചു തൃശുരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായി സിപിഎം അയ്യായിരത്തിലേറെ ക്രോസ് വോട്ടു ചെയ്യാൻ നീക്കം നടത്തിയെന്നാണ് ആരോപണം. എന്നാൽ ഇതു നടന്നുവോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിലും പോളിങ് കഴിഞ്ഞപ്പോൾ സി പി എം സുരേഷ് ഗോപി ക്കായി വോട്ടു മറിച്ചുവെന്നു യു ഡി എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ആരോപിച്ചിരുന്നു.

അതേസമയം, പോളിങ് ദിവസം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ താൻ കണ്ടിരുന്നുവെന്ന ഇ പിയുടെ വെളിപ്പെടുത്തലിൽ, സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ജാവദേക്കറെ കണ്ടത് ജയരാജൻ മൂടി വച്ചത് അതീവ ഗൗരവത്തോടെ സിപിഎം ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയെടുക്കുന്ന കാര്യം കേന്ദ്ര കമ്മിറ്റി ആലോചിക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തു വരുന്ന വിവരം.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം, ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തി എന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് കേന്ദ്ര നേതാക്കൾക്കുള്ളത്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചോരുന്നത് പാർട്ടി ആയുധമാക്കുമ്പോൾ ഈ ചർച്ച വോട്ടെടുപ്പിൽ വൻ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് സാധാരണമാണ്. എന്നാൽ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടിൽ വന്ന് കാണുന്നത് അസാധാരണമാണ്.

അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജൻ പാർട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് മൂടിവച്ചത്് പാർട്ടിവിരുദ്ധമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമികവിലയിരുത്തൽ. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജനെതിരെ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ കണ്ണരിൽ പരസ്യ വിമർശനം നടത്തിയത് അനതിസാധാരണമായിട്ടാണ്. ഇതിന് പരസ്യ ശാസനയുടെ സ്വഭാവമുണ്ടെന്നാണ് പാർട്ടി പ്രവർത്തകർ കരുതുന്നത്.