- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്രം സ്ഥാപിക്കപ്പെടണമെന്ന് രാജീവ് ഗാന്ധിയുടെ സ്വപ്നമാണെന്ന് പറഞ്ഞ കമൽനാഥ്; മധ്യപ്രദേശിൽ പാളിയത് കോൺഗ്രസിന്റെ മൃദുഹിന്ദുത്വം; രാജസ്ഥാനിൽ വില്ലനായ കാലുവാരൽ; ഛത്തീസ്ഗഡിൽ ചാണകം തൊട്ട് മദ്യത്തിൽ വരെ അഴിമതി; ലോക്സഭാ സെമിയിൽ കോൺഗ്രസ് തകർന്നത് ഇങ്ങനെ
''ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന എന്ന ആപ്തവാക്യംപോലെ ഒരേ ഒരു ഇന്ത്യ ഒരൊറ്റ നേതാവ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നരേന്ദ്ര മോദി എന്ന ഒരു നേതാവിനെ കാശ്മീർ മുതൽ കന്യാകുമാരിവരെ എവിടെയും വിറ്റുപോകുന്ന ഒരു ബ്രാൻഡ് ആക്കിമാറ്റാൻ ബിജെപിക്ക് കഴിയുന്നു. മറുഭാഗത്ത് കോൺഗ്രസിൽ എന്താണ് സംഭവിക്കുന്നത്്. അവർക്ക് എടുത്ത് മുന്നോട്ട് വെക്കാൻ കഴിയുന്ന ബിംബമായ രാഹുൽ എന്ന മുഖത്തെ അവർ തന്നെ അംഗീകരിക്കാത്ത അവസ്ഥ.''- അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തിക്കൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ്സർ ദേശായി പറഞ്ഞതാണിത്. ഈ ഒരു പബ്ലിക്ക് സൈക്ക് വെച്ച് അടുത്ത പത്തുവർഷവും ബിജെപിക്ക് ശക്തമായി മുന്നോട്ട് പോവാൻ കഴിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ഇപ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ വെന്നിക്കൊടി പാറിച്ച് ബിജെപിയുടെ അശ്വമേധം നടക്കുമ്പോൾ തിളങ്ങിനിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ മോദി ക്യാപ്റ്റനായി നയിച്ച തിരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയൊലുതുക്കി. കോൺഗ്രസിനാവട്ടെ കൈയിലുള്ള രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു. മധ്യപ്രദേശിൽ നിലമെച്ചപ്പെടുത്താനുമായില്ല. തെലങ്കാനയിലെ ജയം മാത്രമാണ് ആശ്വാസം.
പക്ഷേ യഥാർത്ഥത്തിൽ കോൺഗ്രസും ഇന്ത്യാ മുന്നണിയും നേരിടുന്ന പ്രശ്നങ്ങൾ നേതൃത്വ പ്രതിസന്ധി മാത്രമാണോ. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ ഏറെ സങ്കീർണ്ണമാണ്.
മോദിയും ചൗഹാനും ഡബിൾ എഞ്ചിൻ
വാജ്പേയിയുടെ നാട്ടിൽ വീണ്ടും തിളിക്കത്തോടെ നിൽക്കയാണ് ബിജെപി. ആരും പ്രതീക്ഷിക്കാത്ത വിജയമാണ് മധ്യപ്രദേശിൽ ബിജെപി നേടിയത്. എക്സിറ്റ്പോളുകളിൽ ഇവിടെ കോൺഗ്രസുമായുള്ള ഇഞ്ചോടിച്ച് പോരാട്ടമാണ് പ്രവചിക്കപ്പെട്ടത്. ഹിന്ദി ഹൃദയഭുവിൽ അക്ഷരാർത്ഥത്തിൽ മോദി തരംഗം തന്നെയാണെന്നണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ശിവരാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രിയെങ്കിലും, നരേന്ദ്ര മോദി തന്നെയായിരുന്നു മധ്യപ്രദേശിലെ താര പ്രചാരകൻ. അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യക്ക് കോൺഗ്രസിന്റെ അണികളിലെ വലിയ സ്വാധീനവും ബിജെപി മുതലെടുത്തു. അദ്ദേഹം പാർട്ടിക്ക് പുറത്തേക്ക് പോയത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മാധവറാവു സിന്ധ്യയുടെ മകനെ കോൺഗ്രസിന് പുറത്തേക്ക് വിട്ടത് ചരിത്രപരമായ വിഡ്ഡിത്തരമായിരുന്നുവെന്നു കോൺഗ്രസ് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.
അതേസമയം ശിവരാജ് സിങ് ചൗഹാൻ ജനമനസ്സ് അറിഞ്ഞ് കൊണ്ടുവന്ന നയങ്ങളും ചെറുതായി കാണാൻ ആവില്ല. ചൗഹാന്റെ ലാഡ്ലി ബെഹനാ പദ്ധതി സ്ത്രീകൾക്കിടയിൽ വലിയ മമതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ കൂടാത്ത, 21-60 പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാസംതോറും ആയിരം രൂപവീതം അക്കൗണ്ടിലേക്ക് നൽകുന്നതാണ് പദ്ധതി. ഒരു വീട്ടിൽനിന്ന് ഒന്നിലേറെ സ്ത്രീകളാകാം. ഇതിന്റെ ജനപ്രീതി തിരിച്ചറിഞ്ഞ കോൺഗ്രസ് അധികാരംകിട്ടിയാൽ 1500 രൂപ നൽകുമെന്ന് കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ചു. അതോടെ മാസം ആയിരം രൂപയെന്നത് 1250 രൂപയാക്കി ഉയർത്തി ചൗഹാൻ മറുപടിനൽകി. 13,000 കോടി രൂപയാണ് ഇതിന് വർഷംതോറും ചെലവാകുക. മാത്രമല്ല, അധികാരത്തിൽ തിരിച്ചെത്തിച്ചാൽ മാസം മൂവായിരം രൂപയാക്കി സഹായം കൂട്ടുമെന്നും അറിയിച്ചു. ഇപ്പോൾ 1.2 കോടി വനിതകൾ പദ്ധതിയിലുണ്ടെന്നാണ് കണക്ക്. 45,000 കോടി രൂപയുടെ ബജറ്റ് വിഹിതം ഇതിന് വേണ്ടിവരും. അങ്ങനെ സ്ത്രീ വോട്ടർമാരെ ചൗഹാൻ പിടിച്ചു.
2018-ൽ 1000 പുരുഷന്മാർക്ക് 917 സ്ത്രീകൾ എന്ന അനുപാതം ഇപ്പോൾ മധ്യപ്രദേശിൽ 945 ആയി ഉയർന്നു. 48 ശതമാനം വോട്ടർമാർ സ്ത്രീകളാണ്. സ്ത്രീകളുടെ അക്കൗണ്ടിലെത്തിയ പണം കൂടുതലും കുട്ടികളുടെ പഠനാവശ്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. ഭാര്യമാർ തങ്ങൾക്ക് പണം നൽകുന്നില്ലെന്ന പുരുഷന്മാരുടെ പരാതി ഈ തിരഞ്ഞെടുപ്പുകാലത്ത് പലയിടത്തും കേട്ടു. ആണുങ്ങൾക്ക് ചൗഹാൻ കണ്ടുമടുത്ത പഴയ മുഖവും പെണ്ണുങ്ങൾക്ക് പ്രിയപ്പെട്ട മാമനും ആയിത്തീർന്നു. 59 വാഗ്ദാനങ്ങളും 101 ഉറപ്പുകളുമായാണ് ചൗഹാൻ ജയിച്ചു കയറുന്നത്. സ്ത്രീകൾക്ക് മാസം 1500 രൂപയ്ക്കുപുറമേ മേരി ബേടീ റാണി യോജന പ്രഖ്യാപിച്ചു. പെൺകുട്ടികൾക്ക് ജനിക്കുമ്പോൾ രണ്ടരലക്ഷം രൂപനൽകുന്ന പദ്ധതിയാണിത്. വിവാഹസമ്മാനമായി 1.01 ലക്ഷം രൂപ, ബസുകളിൽ സൗജന്യയാത്ര, സ്ത്രീകളുടെ തൊഴിൽസംരംഭങ്ങൾക്ക് 25 ലക്ഷം രൂപ വായ്പ തുടങ്ങിയവ ഇതിൽവരും. 500 രൂപയ്ക്ക് ഗ്യാസ് സിലിൻഡർ നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ 450 രൂപയ്ക്ക് ചൗഹാൻ വാഗ്ദാനംചെയ്തു. ഇതെല്ലാം വോട്ടായതായാണ് വിലയിരുത്തൽ.
എന്നാൽ ചൗഹാൻ ഭരണം പൂർണ്ണമായും അഴിമതി മുക്തമായിരുന്നില്ല. നിരവധി പ്രതിസന്ധികൾ ഇതിലൂടെ പാർട്ടിക്ക് അതിജീവിക്കേണ്ടി വന്നു. ഇടക്ക് ചൗഹാനെ മാറ്റി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും എന്നുവരെ കേട്ടിരുന്നു. ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് വ്യക്തമാക്കാതെ ആയിരുന്നു ബിജെപി മത്സരിച്ചിരുന്നു. കൈലാഷ് വിജയ്വർഗിയയും ചൗഹാന് ഒപ്പം ജയിച്ചിട്ടുണ്ട്. പക്ഷേ ഈ മിന്നുന്ന വിജയത്തോടെ ചൗഹാനുപകരം മറ്റൊരാളെ തേടാൻ കഴിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. അഞ്ചാം വട്ടവും മുഖ്യമന്ത്രി കസേരയിൽ ചൗഹാൻ തുടരുമെന്നണ് അറിയുന്നത്. 16 വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന ചൗഹാൻ ആ പദം അന്യമായത് രണ്ടു കൊല്ലം മാത്രമാണ്. ജ്യോതിരാതിദ്യ സന്ധ്യയെന്ന കേന്ദ്രമന്ത്രിക്ക് തൽകാലം ഡൽഹിയിൽ തുടരേണ്ടി വരും.
പാളിയത് കമൽനാഥിന്റെ മൃദുഹിന്ദുത്വം
മധ്യപ്രദേശിൽ ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മറുപടി മൃദുഹിന്ദുത്വത്തിലൂടെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കമൽനാഥ് മധ്യപ്രദേശിൽ മൃദുഹിന്ദുത്വം പറഞ്ഞു. പാർട്ടി നയങ്ങളേക്കാളുപരി മധ്യപ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കമൽനാഥായിരുന്നു. മുൻ മുഖ്യമന്ത്രിയായ കമൽനാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ, ഈ കമൽനാഥിന്റെ തന്ത്രങ്ങൾ അമ്പേ പാളി.
ബിജെപിയേക്കാളും ആവേശത്തോടെ രാമക്ഷേത്ര വിഷയം പല ഘട്ടങ്ങളിലും കമൽനാഥ് ഉയർത്തി. തെരഞ്ഞെടുപ്പിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രാമക്ഷേത്രം കോൺഗ്രസ് നേട്ടമായി ഉയർത്തിക്കാട്ടാനായിരുന്നു കമൽനാഥിന്റെ ശ്രമം. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തലേന്ന് ക്ഷേത്ര നിർമ്മാണത്തിന് മധ്യപ്രദേശ് കോൺഗ്രസിന്റെ വക 11 വെള്ളിക്കട്ടകൾ നൽകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ പ്രഖ്യാപനം.ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ തലേന്ന് അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ ഹനുമാൻ ചാലിസയോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് കമൽനാഥ് പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ് അംഗങ്ങൾ നൽകിയ സംഭാവനകളിൽ നിന്നാണ് വെള്ളിക്കട്ടകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശിന്റെ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാൻ ചാലിസ ചൊല്ലിയതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഞങ്ങൾ 11 വെള്ളിക്കട്ടകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാൻ കമൽനാഥിന്റെ പ്രസ്താവനക്കും കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നത്.
1985ൽ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാർഥത്തിൽ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. ''രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ജി 1989ൽ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ വളരെയേറെ സന്തോഷിക്കുമായിരുന്നു' -കമൽനാഥ് പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുമ്പോൾ തന്നെ കമൽനാഥിന്റെ പ്രചാരണം ഏശിയില്ലെന്നതാണ് തെളിയിക്കുന്നത്. തീവ്ര ഹിന്ദുത്വയെ ഒരിക്കലും മൃദുഹിന്ദുത്വം കൊണ്ട് നേരിടാൻ കഴിയില്ലെന്ന് മധ്യ പ്രദേശിലെ ഫലങ്ങൾ തെളിയിക്കുന്നു.
രാജസ്ഥാനിൽ കാലുവാരിത്തോറ്റവർ
എന്തുകൊണ്ടാണ് കോൺഗ്രസ് ഇന്ത്യയിൽ ഗതിപിടിക്കാതെ പോകുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് രാജസ്ഥാൻ. അധികാരം കിട്ടിയാൽ, തമ്മിൽ തല്ല്, കുതിൽകാൽവെട്ട് എന്നിവയിലാണ കോൺഗ്രസിന് കമ്പം. അതുകൊണ്ടുതന്നെ രാജസ്ഥാനിൽ കോൺഗ്രസ് പരാജയം, പാർട്ടി ദേശീയ നേതൃത്വവും ഏറെക്കുറെ പ്രതീക്ഷിരുന്നതാണ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും, യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ പാർട്ടിയുടെ താഴെ തട്ടിലേക്ക് വ്യാപിച്ചിരുന്നു.
സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കാൾ കോൺഗ്രസിലെ വിഭാഗീയതയാണ് ജനങ്ങളിലേക്കെത്തിയത്. അശോക് ഗെഹ്ലോട്ടിനെ മാറ്റി പ്രതിഷ്ഠിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയി. എന്നാൽ കരുത്തുറ്റ കേന്ദ്ര നേതൃത്വമുള്ള ബിജെപിക്ക്, ഇതേപോലെ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയത വസുന്ധരാജ് സിന്ധ്യയെ മെരുക്കാൻ കഴിഞ്ഞു. പാർട്ടിയിൽ പിന്തുണയുണ്ടെങ്കിലും ഗെഹലോട്ടിന്റെ ജനപിന്തുണ അനുദിനം കുറഞ്ഞുവരികയായിരുന്നു. ഇത് കോൺഗ്രസ് നേതൃത്വം മനസിലാക്കിയിരുന്നെങ്കിലും ഗെഹലോട്ടിനെ മാറ്റാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കോൺഗ്രസ് ഹൈക്കമാൻഡ്. അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പുകൾ പരസ്പരം കാലുവാരിയെന്നും വ്യക്തമാണ്. അഞ്ചുശതമാനം വോട്ട് രാജസ്ഥാനിലുള്ള വിഭാഗമാണ് സച്ചിൻ ഉൾപ്പെട്ട ഗുജ്ജാർ വിഭാഗം. കോൺഗ്രസിനൊപ്പം നിന്ന വിഭാഗമായിരുന്നു ഇവരെങ്കിലും നിലവിൽ ബിജെപിക്കായിരിക്കും തങ്ങളുടെ വിഭാഗത്തിന്റെ വോട്ടുകളെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വോട്ടുകൾ നഷ്ടമാക്കിയത് കോൺഗ്രസ് ഗ്രൂപ്പിസമാണ്. എന്നാൽ ബിജെപിയാവട്ടെ എല്ലാ വിധ സാമുദായികഘടകങ്ങളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി. മോദിയും അമിതഷായും ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചു.
കോൺഗ്രസ് തമ്മിലടിച്ച് കളിക്കുമ്പോൾ, ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാതെ മോദിയെ മുൻനിർത്തിയായിരുന്നു രാജസ്ഥാനിലും ബിജെപി പ്രചാരണം. വസുന്ധര രാജെയും, ദിയ കുമാരിയും, രാജ്യവർധൻ സിങ്ങും, രാജേന്ദ്രർ സിങ് റാത്തോഡ് അടക്കമുള്ളവർ കൂട്ടായി സംസ്ഥാന നേതൃത്വമായി. വസുന്ധരയിലേക്ക് സംസ്ഥാനത്തിന്റെ നിയന്ത്രണം എത്തുമോ എന്നതിന്റെ ആശങ്കയിൽ തന്നെ ആകണം ആദ്യ മൂന്ന് ഘട്ട പട്ടികയിൽ നിന്നും വസുന്ധരയെ ഉൾപ്പെടുത്താതിരുന്നത്. ഇത് വലിയ തോതിൽ ചർച്ചയാവുകയും ചെയ്തു. കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും വസുന്ധരയുമായി സ്വരചേർച്ചയിലല്ലാത്തതും ബിജെപിക്ക് വലിയൊരു തലവേദന തന്നെയായിരുന്നു. മാറ്റിനിർത്തിയാൽ അത് വലിയ തിരിച്ചടിയാകുമെന്നതുകൊണ്ട് തന്നെയാണ് വസുന്ധരെയെ കൂടെ നിർത്തുന്നത് എന്ന് വേണം കരുതാൻ. രാജസ്ഥാനിലും പ്രചാരണത്തിലുടനീളം മോദി മയം തന്നെയായിരുന്നു. ഇതുപോലെ വിമതരാണെന്ന് തോനുന്ന നേതാക്കളെ മെരുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
ഇവിടെ ചാണകത്തിൽപോലും അഴിമതി
ഛത്തീസ്ഗഡിൽ ഈ രീതിയിലുള്ള ഒരു വിജയം ബിജെപി നേതാക്കൾപോലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം എക്സിറ്റുപോളുകളിലും അവിടെ കോൺഗ്രസിനാണ് മുൻ തൂക്കം പ്രവചിക്കപ്പെട്ടത്. കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് എതിരെ ശക്തമായ ഒരു സമരം നയിക്കാൻ പോലും ബിജെപിക്ക് ആയിരുന്നില്ല. എന്തിന് പ്രതിപക്ഷ നേതാവായ ബിജെപിയിലെ രമൺസിങ് വീടിന് പുറത്തിറങ്ങാത്ത ആളാണെന്നുവരെ പഴി കേട്ടു. അങ്ങനെ ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന ചത്തീസ്ഗഡിൽ പോലും ബിജെപി ജയിച്ചു കയറി.
മോദി, അമിത്ഷാ, ജെപി നദ്ദ ഈ മൂന്നുപേരാണ് ഛത്തീഗ്ഗഡിൽ ബിജെപി ക്യാമ്പയിന് നേതൃതൃ കൊടുത്തത്. ഭൂപേഷ് ബാഗലിന്റെ അഴിമതിയും, നക്സലിസത്തിന്റെ വളർച്ചയുമാണ് അമിത്ഷാ ആയുധമാക്കിയത്. ഭൂപേഷ് ബാഗലിന് മഹാദേവ വാതുവെപ്പ് ആപ്പ് കമ്പനി പ്രെമോട്ടർമാർ 508 കോടി രൂപ നൽകിയതായുള്ള എൻഫോഴ്സ്മെന്റ് ആരോപണം ഇ ഡി ആന്വേഷിക്കയാണ്. ഇത് എടുത്തിട്ടാണ് അവസാനനിമിഷം മോദി ഇവിടെ കാടിളക്കി കാമ്പയിൻ നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ചാണകത്തിൽപോലും അഴിമതി നടത്തിയ സർക്കാർ എന്നാണ് ബാഗേൽ സർക്കാറിനെ വിശേഷിപ്പിച്ചത്.
'' ബാഗേൽ അഴിമതിയിൽനിന്ന് ചാണകത്തെപ്പോലും ഒഴിവാക്കിയില്ല. ചാണക കുംഭകോണത്തിൽ അയാൾ ഉൾപ്പെട്ടില്ലേ? സംസ്ഥാനത്ത് മദ്യവിൽപ്പന നിരോധിക്കുമെന്ന് ബാഗേൽ വാഗ്ദാനം ചെയ്തിരുന്നോ? ഇപ്പോൾ മദ്യം ഓൺലൈനിൽ ലഭ്യമാണ്. 2161 കോടി രൂപയുടെ മദ്യ അഴിമതിയിൽ അയാൾ ഉൾപ്പെട്ടില്ലേ? 5000 കോടിയുടെ അരി കുംഭകോണത്തിൽ ഏർപ്പെട്ടില്ലേ? 5040 കോടിയുടെ കൽക്കരി അഴിമതി നടന്നോ? അംഗൻവാടി ജീവനക്കാരുടെ സാരി തട്ടിപ്പ് ആരാണ് നടത്തിയത്''- ഇങ്ങനെ ചോദിച്ചായിരുന്നു നദ്ദയുടെ പ്രചാരണം. എന്നാൽ കോൺഗ്രസ് ആവട്ടെ അഴിമതി ആരോപണങ്ങളെ കാര്യമായി കണ്ടില്ല. ഭൂപേഷ് ബാഗലിന്റെ ബഡായികൾക്ക് അപ്പുറം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധർ ഇപ്പോൾ പറയുന്നത്.
ആദിവാസികൾ വലിയ ഭൂരിപക്ഷമുള്ള ഛത്തീസ്ഗഡിൽ കോൺഗ്രസിനെ ഗോത്ര വർഗപാർട്ടികളും ചതിച്ചു. അരവിന്ദ് നേതം എന്ന മുൻ കോൺഗ്രസ് നേതാവിനെ മുൻ നിർത്തി ബിജെപി ഉണ്ടാക്കിയ ഹമാർ രാജ് പാർട്ടിയാണ് യഥാർത്ഥത്തിൽ ചത്തീസ്ഗഡിൽ കോൺഗ്രസിന്റെ അടിവേര് തോണ്ടിയത്. ഗോത്ര വർഗ പാർട്ടികളെ മുന്നിൽ നിർത്തി കോൺഗ്രസിന്റെ വോട്ടു ബാങ്കുകളെ ചോർത്തിയെടുക്കുക എന്ന ബിജെപി തന്ത്രം വിജയിച്ചു. ആദിവാസി മേഖലകളിൽ കോൺഗ്രസ് വലിയ തോതിൽ പിന്നോട്ട് പോയി. പതിനഞ്ചുവർഷം ബിജെപി ഭരിച്ച സംസ്ഥാനത്തെയാണ് കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ചെടുത്തത്. അത് ഇത്തവണ ബിജെപി തിരിച്ചുപിടിച്ചു.
തെലങ്കാനയിലെ കുടുംബവാഴ്ച
കോൺഗ്രസിന് ആകെയുള്ള ആശ്വാസം തെലങ്കാനായാണ്. ബി ആർ എസിനെയും ചന്ദ്രശേഖർ റാവുവിന്റെയും കുടുംബ ഭരണം ജനങ്ങൾ അത്രയേറെ വെറുത്തതുകൊണ്ടാണ് തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചുവരാൻ കഴിഞ്ഞത്. റാവുവിന്റെ മക്കളും, മരുമക്കളും, സ്വന്തക്കാരും ചേർന്നുള്ള ഒരു കറക്കുകമ്പിനയാണ് സംസ്ഥാനം ഭരിച്ചിരുന്നത്. എന്തിനും ഏതിനും അഴിമതി വ്യാപകമായി. റാവു കുടുംബത്തിന് പണം കൊടുക്കാതെ ഒരു പെട്ടിക്കടപോലും തെലങ്കാനയിൽ തുടങ്ങാനാവില്ല എന്നാണ് പറയുക. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ നാണിപ്പിക്കുന്ന അഴിമതിയും, സ്വജനപക്ഷപാതവുമാണ് ചന്ദ്രശേഖർ റാവു നടത്തിയത്. എന്നാൽ അതിശക്തമായ പി ആർ വർക്കുകൾ കൊണ്ട് തെലങ്കാന തിളങ്ങുന്ന എന്ന വ്യാജ പ്രചാരണം ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയുടെ തന്ത്രങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്. ബിആർഎസിന്റെ വോട്ട് ബാങ്കായ റെഡ്ഡി സമുദായത്തിൽ മാറ്റം വരുത്തിയത് ഇദ്ദേഹമാണ്. കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം തെലങ്കാനയിൽ കോൺഗ്രസിനോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തിലും മാറ്റം വരുത്തി. കർണ്ണാടകയിലെ കോൺഗ്രസ് കിങ്ങ് മേക്കറായ ഡി കെ ശിവകുമാർ തന്നെയാണ് തെലുങ്കാനയിലും തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കർണ്ണാടകയിൽ നടപ്പാക്കിയതുപോലുള്ള വികസനം ഇവിടെയും നടപ്പാക്കും എന്ന കോൺഗ്രസ് പ്രചാരണം ഇവിടെ നിർണ്ണായകമായി. തെലങ്കാനയിൽ ആറിന വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണ വാർഷികത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. മഹാലക്ഷ്മി സ്കീമിന്റെ കീഴിൽ സ്ത്രീകൾക്ക് മാസം 2,500 രൂപവീതം ധനസഹായം നസൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകും. തെലങ്കാന സ്റ്റേറ്റ് ആർടിസിയിലെ ബസുകളിൽ സംസ്ഥാനമൊട്ടാകെ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നൽകും. കർഷകർക്ക് പ്രതിവർഷം 15,000 രൂപവീതവും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും ധനസഹായം നൽകുമെന്നും സോണിയ പ്രഖ്യാപിച്ചു. ഇതിന് പിന്നിൽ പൾസ് അറിഞ്ഞുള്ള രേവന്ത് റെഡ്ഡിയുടെ നീക്കമായിരുന്നു. സ്ത്രീകൾക്കൊപ്പം കർഷകരേയും ചേർത്തു നിർത്തി. ഇതോടെ ഗ്രാമ മേഖലയിലെ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകിയെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കോൺഗ്രസിന് വലിയ ആശ്വസമാണ് തെലങ്കാന ഫലം നൽകുന്നത്. തെലങ്കാനയിലെ വിജയം ദക്ഷിണേന്ത്യയിൽ കോൺഗ്രസിന് അടിയുറച്ച് നിൽക്കാനുള്ള കരുത്ത് നൽകുമെന്ന കാര്യം ഉറപ്പാണ്. ഉത്തരേന്ത്യയിൽനിന്ന് വേരറ്റുപോവുന്ന, കോൺഗ്രസ് നിലനിൽക്കുന്നത് ദക്ഷിണ്യേന്ത്യയിലാണ്.
വാൽക്കഷ്ണം: പണ്ട് രാജസ്ഥാനിലൊക്കെ ശക്തമായ വേരുകളുള്ള പാർട്ടിയായിരുന്നു സിപിഎം. ഇപ്പോൾ എന്താണ് അവസ്ഥയെന്ന് ലെൻസ്വെച്ച നോക്കേണ്ടിവരും. കോൺഗ്രസിന്റെ തകർച്ചയിൽ തുള്ളുന്ന സൈബർ സഖാക്കൾ സ്വന്തം കണ്ണിലെ കോൽ എടുത്തിരുന്നെങ്കിൽ!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ