- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായതിന് പിന്നാലെ, ബിഹാറിലെ ആർജെഡി നേതാവ് തേജസ്വി യാദവ് ബിജെപിയെ ഉന്നമിട്ട് ചില പരിഹാസങ്ങൾ തൊടുത്തുവിട്ടു. ബിജെപിയുടെ 400 ക്ക് മേലേ സിനിമ ആദ്യ ദിവസം തന്നെ സൂപ്പർ ഫ്‌ളാപ്പായി എന്നാണ് തേജസ്വി പറഞ്ഞത്. 'ഇത്തവണ ബിഹാറിൽ നിന്ന് ഞെട്ടിക്കുന്ന ഫലങ്ങൾ വരും. ആദ്യഘട്ടത്തിലെ നാല് സീറ്റുകളും മഹാഘട്ബന്ധൻ ജയിക്കും. ബിഹാറിലെ ജനങ്ങൾ ബിജെപിയെ പാഠം പഠിപ്പിക്കും. 2014ലും, 2019 ലും മോദിജി നടത്തിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. ആളുകൾ പ്രസ്താവനകളും, വ്യാജ വാഗ്ദാനങ്ങളും കേട്ടുമടുത്തു'-തേജസ്വി പറഞ്ഞു
ബിഹാറിലെ നാലു സീറ്റുകളിൽ 48.50 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 54 ശതമാനമായിരുന്നു. 2019 ൽ 61.88 ശതമാനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡിൽ 54.06 ശതമാനം മാത്രം. ഉത്തരേന്ത്യൻ മേഖലകളിൽ മുൻ തെരഞ്ഞെടുപ്പുകൾ പോലെ ആവേശം പ്രകടമാകാത്തത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തരംഗം ദൃശ്യമാകുന്നില്ല എന്ന റിപ്പോർട്ടുകൾ വന്നതോടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ യോഗം ചേർന്നു.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന 102 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 62.4 ശതമാനമാണ് പോളിങ് നിരക്ക്. അന്തിമ കണക്കുകളിൽ 65 ശതമാനം വരെയാകാം. 2019 ൽ 69.43 ശതമാനമായിരുന്നു പോളിങ്. അഞ്ചുശതമാനത്തോളം വ്യത്യാസം വന്നേക്കാം. ഇതാണ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത്.
ഇന്നലെ രാത്രി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിലാണ് ഉയർന്ന പോളിങ്: 77.57 ശതമാനം. ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്‌ഗഡും ഒഴിച്ചാൽ, ബിഹാർ, യുപി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ആദ്യ ഘട്ടത്തിൽ ശരാശരിയേക്കാൾ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്.
2019 ൽ 61.88 ശതമാനം രേഖപ്പെടുത്തിയ ഉത്തരാഖണ്ഡിൽ ഇന്നലെയുള്ളത് 54.06 ശതമാനം മാത്രം. രാജസ്ഥാനിൽ കഴിഞ്ഞ തവണ 25 സീറ്റുകളിലും ബിജെപി ജയിച്ചിരുന്നു. ഇത്തവണ ആദ്യഘട്ടത്തിൽ 5ദ.95 ശതമാനമാണ് പോളിങ്. യുപി: 57.61 %. മധ്യപ്രദേശിലും ( 63.33%), ഛത്തീസ്‌ഗഡിലും (63.41%) മികച്ച പോളിങ് രേഖപ്പെടുത്തിയത് ബിജെപിക്ക് ആശ്വാസകരമാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലും നാല് മാസം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ബിജെപി സ്ഥാനാർത്ഥികൾ മികച്ച പ്രകടനം നടത്തുമെന്ന് നരേന്ദ്ര മോദി പ്രതീക്ഷ പ്രകടിപ്പിക്കുന്ന തമിഴ്‌നാട്ടിൽ 62.19 % പോളിങ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പോളിങ് ശതമാനം താരതമ്യേന കൂടുതലായിരുന്നു. ത്രിപുരയിലായിരുന്നു ഏറ്റവും കൂടുതൽ പോളിങ്: 79.90%, അസം-71.38%, മേഘാലയ-68.62%, സിക്കിം-68.06%, നാഗാലാൻഡ്-56.77%, അരുണാചൽ പ്രദേശ്-65.46%. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനത്തിൽ മാറ്റം വരാം. കടുത്ത ചൂട് പോളിങ് ശതമാനത്തെ ബാധിച്ചുവെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.