- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎയുടെ മൂന്നാം ഊഴത്തിനും അടിത്തറയിട്ടത് മോദി-അമിത്ഷാ കോമ്പോ
ന്യൂഡൽഹി: കഴിഞ്ഞ വർഷം മാർച്ചിൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ, ( ത്രിപുര, നാഗാലാൻഡ്, മേഘാലയ) കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ, കോൺഗ്രസിനെ ടെലിസ്‌കോപ് വച്ച് നോക്കിയാലും, കാണാനില്ലെന്നാണ് അമിത്ഷാ പരിഹസിച്ചത്. അങ്ങനെയൊരു പാർട്ടിക്ക് കർണാടകത്തിൽ അധികാരത്തിലേറാൻ സാധ്യമല്ലെന്നും, ഇന്ത്യയിൽ എല്ലായിടത്തും, വടക്ക്-കിഴക്കായാലും, ഗുജറാത്തായാലും, യുപിയായാലും, കർണാടക ആയാലും മോദി മാജിക് പ്രവർത്തിക്കുമെന്നും ആണ് അമിത്ഷാ അന്നുവാചാലനായത്. എന്നാൽ, ഷായുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് അധികാരത്തിലേറി.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഇന്ത്യ സഖ്യം, മോദി-ഷാ സഖ്യത്തിനെ ഞെട്ടിച്ചുവെങ്കിലും, പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പറഞ്ഞ ഒരുകാര്യം വളരെ പ്രസക്തം. പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടിയിട്ട് പോലും, ബിജെപി സ്വന്തമായി നേടിയ സീറ്റുകൾക്കൊപ്പം എത്താനായില്ലെന്ന് മോദി ഓർമ്മിപ്പിച്ചു.
'ഇതു ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനയിൽ വിശ്വാസം ഉണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അഭിമാനം തോന്നുന്നു. 1962നുശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിൽ വരുന്നത്. ഒഡീഷയിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും. ആദ്യമായാണ് അവിടെ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നു. നിരവധി പാർട്ടി പ്രവർത്തകരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലും മധ്യപ്രദേശിലും മികച്ച നേട്ടമുണ്ടാക്കിയതിൽ സന്തോഷം.', പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതത്തിനുള്ള മോദിയുടെ ദർശനത്തിൽ ജനം വിശ്വാസം അർപ്പിച്ചതിന്റെ നിദർശനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ജനങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്നത് മോദിയിൽ മാത്രമെന്നാണ് തുടർച്ചയായ മൂന്നാം ജയവും സൂചിപ്പിക്കുന്നതെന്ന് അമിത്ഷാ എക്‌സിൽ കുറിച്ചു.
മോദിയുടെ നയങ്ങളുടെ വിജയവും, പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിലുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയുമാണ് വിജയകാരണമെന്ന് രാജ്‌നാഥ് സിങ്് അഭിപ്രായപ്പെട്ടു. രാജ്യത്തെ കൂടുതൽ വികസനത്തിലേക്ക് നയിക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ കാര്യശേഷിയിൽ വിശ്വാസം അർപ്പിച്ചതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ
അബ് കി ബാർ 400 പാർ
ലോക്‌സഭയിലാണ് ബിജെപിയുടെ ഈ പ്രചാരണ മുദ്രാവാക്യം മോദി ആദ്യം തുറന്നിട്ടത്. ഇക്കുറി ബിജെപി 400 സീറ്റ് കടക്കും. പ്രവർത്തകരിൽ ആത്മവിശ്വാസം ഉയർത്താനും, എതിർപാളയത്തിലേക്ക് പട നയിക്കാനും ലക്ഷ്യമിട്ടാണ് മോദി നീട്ടിയെറിഞ്ഞത്. ഏഴുഘട്ടങ്ങളിലായി നീണ്ട പ്രചാരണ ഘട്ടത്തിലും അജണ്ട നിശ്ചയിച്ചത് മോദി തന്നെയായിരുന്നു. മോദി ഗ്യാരണ്ടിയും വികസനവും തൊഴിലും, മംഗളസൂത്രയും ആട്ടിൻസൂപ്പും മുജ്‌റയും ഹിന്ദു മുസ്ലിം സംവരണവും ഒക്കെ ചർച്ചയായി.
ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മുന്നേ വികാസ് ഭാരത്, ശ്രേഷ്ഠ ഭാരത്, മോദി ഗ്യാരണ്ടി എന്നിവയ്ക്കാണ് മോദി ഊന്നൽ നൽകിയതെങ്കിൽ, രണ്ടാം ഘട്ടം മുതൽ മംഗളസൂത്ര, ആട്ടിൻസൂപ്പ്, മുജ്‌റ, ഹിന്ദു-മുസ്ലിം തുടങ്ങിയ വിഷയങ്ങളിലേക്ക് മാറി. വോട്ടെടുപ്പിന്റെ രണ്ടാംഘട്ടത്തിലെത്തിയപ്പോൾ നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിതുറന്നത്. മുൻപ് കോൺഗ്രസ് അധികാരത്തിൽവന്നപ്പോൾ രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞിരുന്നെന്നും അതിനിർഥം അവർ ഈ സ്വത്തുക്കൾ മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മാത്രമല്ല, അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പ്രിയങ്ക ഗാന്ധി ചുട്ട മറുപടി നൽകുകയും ചെയ്തു.
പ്രതിപക്ഷ കക്ഷി നേതാക്കൾ നവരാത്രി ദിവസം സസ്യേതര ഭക്ഷണം കഴിച്ച് ഭൂരിപക്ഷ ഹിന്ദു വികാരം വ്രണപ്പെടുത്തി എന്നതിന് പുറമേ, പ്രതിപക്ഷ നേതാക്കളെ മുഗൾ കാലത്തേക്ക് ഉപമിച്ചു. സകല മാംസാദികളും വർജിച്ച് വ്രതത്തിലും പൂജയിലും കഴിയുന്ന ഹിന്ദുക്കളെ നോക്കി ആട്ടിൻസൂപ്പ് കഴിക്കുന്നത് ആരെ തൃപ്തിപെടുത്താനാണ് എന്ന ചോദ്യത്തിലൂടെ രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ വികാരപരമായി തങ്ങളോടൊപ്പം നിർത്തുകയായിരുന്നു മോദിയുടെ ലക്ഷ്യം
സാമൂഹികമായും സാമ്പത്തികമായുമുള്ള അരക്ഷിതാവസ്ഥയിൽ മടുത്ത് ബിജെപിയോട് അകലത്തിലായ താഴെക്കിടയിലുള്ള മനുഷ്യരെ പ്രതിപക്ഷ കക്ഷികൾക്ക് നേരെ അണിനിരത്തുകയായിരുന്നു മുജ്‌റ പ്രയോഗത്തിന്റെ ലക്ഷ്യം. എസ് സി - എസ്ടി ഒബിസി വിഭാഗക്കാരുടെ സംവരണം രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരും കൂടുതൽ കുട്ടികളെ ഉണ്ടാക്കുകയും ചെയ്യുന്നവരായ മുസ്ലിംകൾക്ക് നൽകും എന്നതായിരുന്നു അത്. ദേശീയ കായിക ടീമിൽ വരെ കോൺഗ്രസ് മുസ്ലിംകൾക്ക് അമിത പ്രാധാന്യം നൽകും എന്നും മോദി പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി, ഖർഗെ, മമത അടക്കമുള്ള നേതാക്കൾ ഇതിന് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയപ്പോൾ താൻ ഉദേശിച്ചത് മുസ്ലിംകളെ അല്ലെന്നും പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും പറഞ്ഞ് മോദി തന്നെ രംഗത്തെത്തി
.കോൺഗ്രസ് പത്രികയിൽ സംവരണമെല്ലാം മുസ്ലിംകൾക്ക് നൽകുകയാണെന്ന ആരോപണവും മോദി ഉന്നയിച്ചു. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനം ദളിത് വിഭാഗങ്ങളെ സ്വാധീനിക്കുമെന്നത് കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുമെന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. ഒടുവിൽ കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ ധ്യാനത്തിലൂടെ അവസാനഘട്ട തിരഞ്ഞെടുപ്പിലും നിശ്ശബ്ദ സാന്നിധ്യമായി.
ബിജെപിയുടെ കിങ്ങ്‌മേക്കർ
അതേസമയം,. വാചകമടികളല്ല, പ്രവർത്തിയാണ് അമിത് ഷായെ വ്യത്യസ്തനാക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കണ്ണും കാതുമായിരുന്നു
അമിത്ഷാ. ഗുജറാത്തിലെ കൂട്ടുകുടുംബ ഭദ്രതയിൽ ജീവിതം പഠിച്ച അമിത് ഷാ ഘടകകക്ഷികളെ മെരുക്കി നിർത്തുകയും എതിരാളികൾക്കെതിരേ തന്ത്രം മെനയുകയും ചെയ്ത് ജാഗ്രത പാലിച്ചതോടെയാണ് മോദിക്ക് ഇത്രയും കാലം തടസങ്ങളേതുമില്ലാതെ സർക്കാറിനെ നയിക്കാൻ സാധിച്ചത്. ചെറുപ്രായത്തിലേ സ്വായത്തമാക്കിയ കുടുംബ ബിസിനസിന്റെ സങ്കീർണഘടനയിലൂന്നി തന്നെയാണ് അമിത്ഷാ രാഷ്ട്രീയ മേഖലയിലും തന്ത്രങ്ങൾ മെനയുന്നതും പ്രാവർത്തികമാക്കുന്നതും. സഹകരണപാഠങ്ങളുടെ പിൻബലത്തിൽ സംസ്ഥാന ഭരണം ഒന്നൊന്നായി അമിത് ഷാ വെട്ടിപ്പിടിച്ചു. ആശയപരമായ സാഹചര്യങ്ങളാൽ അടുക്കാൻ കൂട്ടാക്കാത്തവരെ പണമെറിഞ്ഞ് കൂടെ നിർത്തി.
കുടുംബ ജീവിതം ത്യജിച്ച് ഒറ്റയാനായ മോദിക്ക് വെട്ടൊന്ന് മുറി രണ്ടെന്നതാണ് തീരുമാനം. എന്നാൽ കൂട്ടുകുടുംബ സമവാക്യങ്ങൾ സ്വായത്തമാക്കിയ അമിത്ഷായാകട്ടെ വിട്ടുവീഴ്ചകളിലൂടെയും ഒത്തുതീർപ്പിലൂടേയും ആത്യന്തിക വിജയം നേടാനാണ് താൽപ്പര്യപ്പെടുന്നത്. ഈ രണ്ടുപേരുടെയും കോമ്പോയായിരുന്നു ബിജെപിയുടെ വിജയം.
ഇത്തവണയും മോദിക്കുവേണ്ടിയാണ് അദ്ദേഹം വോട്ടുചോദിച്ചത്. ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തിരക്കേറിയ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുമ്പോഴും ഗാന്ധിനഗർ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു എംപിയാണ് അമിത്ഷാ. സജീവ സാന്നിധ്യവും ഇടപെടലുകളും ഗാന്ധിനഗറിൽ എന്നും ഓളമുണ്ടാക്കുന്നുണ്ട്. ഷാ തന്റെ നിയോജക മണ്ഡലത്തിൽ വന്ന് ഒരു പരിപാടി ഉദ്ഘാടനം ചെയ്യാത്തതോ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടുകയോ ചെയ്യാത്ത ഏതെങ്കിലും മാസമില്ല എന്നാണ് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എല്ലാ ഉത്സവങ്ങൾക്കും അദ്ദേഹം ഗാന്ധി നഗറിൽ എത്തും.
ഈ തിരഞ്ഞെടുപ്പ് റാലിയിലും ഗുജറാത്തിലുടനീളം അമിത് ഷാ പറഞ്ഞത് അതാണ്. -'കഴിഞ്ഞ 30 വർഷമായി ഈ മണ്ഡലവുമായി എനിക്ക് ബന്ധമുണ്ട്. എംപിയാകുന്നതിന് മുമ്പ്, ഈ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ നിന്നുള്ള ഒരു എംഎൽഎയായിരുന്നു ഞാൻ. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി, ഒരു എളിയബൂത്ത് കാര്യകർത്താവിൽ നിന്ന് ഞാൻ ഒരു പാർലമെന്റ് അംഗമായി ഉയർന്നു. എബിവിപി പ്രവർത്തകനെന്ന നിലയിൽ നരൻപുരയുടെ ചുവരുകളിൽ താമര ചിഹ്നം വരച്ചത് ഞാൻ ഓർക്കുന്നു. ഞാൻ വോട്ട് തേടിയപ്പോഴെല്ലാം ഗാന്ധിനഗറിലെ ജനങ്ങൾ എനിക്ക് അനുഗ്രഹം നൽകി."- അമിത് ഷാ പറയുന്നു.
എന്തായാലും ഒരുകാര്യം ഉറപ്പാണ്, അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉണ്ടാവും. പക്ഷേ അമിത് ഷാ എന്ന മനുഷ്യനെ അവഗണിച്ച് ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അദ്ദേഹത്തെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.