തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഇടതു കൺവീനർ ഇപി ജയരാജന് ഏറ്റെടുക്കേണ്ടി വരും. ദല്ലാൾ നന്ദകുമാറുമായി പ്രകാശ് ജാവ്‌ദേക്കറിനെ കണ്ടതാണ് ഇതിന് കാരണം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ വിഷയം സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഈ വിവാദം എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാൻ പോലും കഴിയാത്ത സാഹചര്യം സിപിഎമ്മിനുണ്ടായി. ഇതുകൊണ്ടാണ് വോട്ട് ചെയ്ത ശേഷം ഇപിയെ പരസ്യമായി മുഖ്യമന്ത്രി തള്ളി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അതൃപ്തനാണ്. ഇപിയ്‌ക്കെതിരെ അതിശക്തമായ പാർട്ടി നടപടിക്കും സാധ്യതയുണ്ട്. വടകരയിൽ അടക്കം ഇപിയുടെ പ്രസ്താവനയെ ഉയർത്തി കെകെ ശൈലജ ടീച്ചറും സിപിഎമ്മിന് പരാതി നൽകിയിരുന്നു. സഖാവ് പിണറായി പറഞ്ഞത് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്ന് എംവി ഗോവിന്ദനും പറയുന്നു.

ജാവദേക്കറും ജയരാജനും കൂടിക്കാഴ്ച നടത്തിയതിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവർ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയിൽ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാൻ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.' -പിണറായി വിജയൻ പറഞ്ഞു. ഇതിൽ തന്നെ എല്ലാമുണ്ട്.

ബിജെപിയിൽ ചേരാൻ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ വോട്ടെടുപ്പിന്റെ തലേദിനം എത്തുമ്പോൾ കേരളത്തിലെ രാഷ്ട്രീയ ചർച്ചകൾക്ക് വീര്യം കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദം. ടിപി ചന്ദ്രശേഖരന്റെ വധത്തിൽ പ്രതികളെ പുകഴ്‌ത്തി ഇപി ആദ്യ തലവേദനയുണ്ടാക്കി. ബിജെപിയുടെ അഞ്ചു സ്ഥാനാർത്ഥികൾ മികച്ചതാണെന്ന് പറഞ്ഞ് മോദി ഗാരന്റിയും ഇപി ഏറ്റുപിടിച്ചു. ഇതോടെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാൻ ഇപിയോട് സിപിഎം ആവശ്യപ്പെട്ടു. പ്രചരണത്തിലും ഇടതു കൺവീനർ കൂടിയ ഇപി കരുതലോടെ നീങ്ങി. ഇതിനിടെയാണ് ബിജെപി സ്ഥാനാർത്ഥികളായ അനിൽ ആന്റണിക്കും ശോഭാ സുരേന്ദ്രനും എതിരെ ദല്ലാൾ നന്ദകുമാർ രംഗത്തു വന്നത്. ശോഭയുമായുള്ള നന്ദകുമാറിന്റെ ആരോപണ പ്രത്യാരോപണങ്ങൾ ഇപിയെ കൂടി വിവാദങ്ങളിലേക്ക് കൊണ്ടു വന്നു.

ശോഭ പുറത്തു വിട്ട തെളിവുകൾക്ക് മൂർച്ഛയും കൂടുതലാണ്. ഇതിനെ ഇപി പ്രതിരോധിച്ചു. അപ്പോഴാണ് ജാവ്‌ദേക്കർ വിഷയം എത്തിയത്. ജയരാജനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് സുധാകരനായിരുന്നു. ഇതിന് പിന്നാലെ ഇപി നിഷേധവുമായി എത്തി. എന്നാൽ പ്രകാശ് ജാവദേക്റുമായി ജയരാജൻ ചർച്ച നടത്തിയിരുന്നുവെന്ന് ദല്ലാൾ നന്ദകുമാറും പറഞ്ഞു വച്ചു. അതിന് ശേഷമായിരുന്നു ശോഭയുടെ വെളിപ്പെടുത്തലുകളും തെളിവ് പുറത്തേക്ക് കാണിക്കലും. ഇത് വോട്ടെടുപ്പ് ദിനത്തിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ചർച്ച ചെയ്യുന്ന വിഷയമായി മാറുകയും ചെയ്തു. തൽകാലം ചർച്ചകളിൽ നിന്നും സിപിഎം വിട്ടു നിൽക്കും. ഉണ്ടായില്ലാ വെടിയെന്ന് പറയുകയും ചെയ്യും. എന്നാൽ ഇപിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്ന് സിപിഎമ്മിന് പരിശോധിക്കേണ്ട സാഹചര്യവും വരും.

ഇപിയുടെ നിയന്ത്രണത്തിലുള്ള വൈദേകം റിസോർട്ടിന്റെ നടത്തിപ്പിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനുള്ള പങ്കും നേരത്തെ ചർച്ചയായിരുന്നു. ഇതും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു.