- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
കോഴിക്കോട്: പോളിങ്ങ് ദിനത്തിലും കേരളത്തിലെ ചർച്ച ഇപ്പോൾ ഒരേ ഒരു നേതാവിനെ ചൊല്ലിയാണ്. അതാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ ഇ പി ജയരാജൻ. രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയിൽനിന്ന് രക്ഷപ്പെട്ട്, 30 വർഷംമുമ്പ് കണ്ണൂരിൽ അയാൾ അർധപ്രാണനായി വന്നിറങ്ങിയപ്പോൾ അയാൾ പാർട്ടിയുടെ ഹീറോ ആയിരുന്നു. ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ ഇമേജാണ് പിന്നീടുള്ള കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കഴുത്തിൽ കോളറിട്ട, വെടിയുണ്ടയുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിൽ ഇ പിയുടെ ജൈത്രയാത്രയായിരുന്നു. ഒന്നാം പിണറായി സർക്കാറിൽ അദ്ദേഹം മന്ത്രിയുമായി.
പക്ഷേ പിന്നീടുള്ള കാലം ജയരാജന് അത്ര നല്ലതായിരുന്നില്ല. 2021-ൽ മറ്റ് ഒരുപാട് നേതാക്കൾക്ക് ഒപ്പം ഇ പിക്കും സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ മുതിർന്ന നേതാവ് എന്ന നിലയിൽ ഇ പി തനിക്ക് ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഇതോടെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന പരസ്യ പ്രഖ്യാപനമാണ് ഇ പി നടത്തിയത്. ഒരു ആറുമാസക്കാലത്തോളം അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാക്കളുമായും എന്തിന് പ്രവർത്തകരുമായിപ്പോലും മിണ്ടാതെയാണ് കഴിച്ചുകൂട്ടിയത്. കോടിയേരിയുമായി ഇ പിക്ക് ഊഷ്മള ബന്ധമായിരുന്നെങ്കിലും, കോടിയേരിയുടെ പിൻഗാമിയായി ചുമതലയേറ്റ, എം വി ഗോവിന്ദനുമായി ഇ പിക്ക് അത്ര നല്ല ബന്ധമല്ലായിരുന്നു.
എം വി ഗോവിന്ദൻ സെക്രട്ടറിയായതോടെ പാർട്ടിയിലും സർക്കാറിലും ഇ പിക്ക് യാതൊരു റോളുമില്ലാതെയായി. ഇടതുമുന്നണി കൺവീനറായ ഇ പി, എം വി ഗോവിന്ദൻ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാതെ ദല്ലാൾ നന്ദുകമാറിന്റെ അമ്മയെ പൊന്നാട അണിയിക്കാൻ പോയതും വിവാദമായിരുന്നു. പക്ഷേ ഇതിനെല്ലാം ഇടയാക്കിയത് പാർട്ടിയിൽനിന്നുണ്ടായ തുടർച്ചയായ അവഗണയാണെന്നാണ്, ഇ പിയുമായി ചേർന്ന് നിൽക്കുന്നവർ പറയുന്നത്. ഒരുവേള പാർട്ടി വിടുന്നതിനെപ്പറ്റിയൊക്കെ ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതേ കാരണം തന്നെയാണെന്നാണ് ഇ പിയുടെ അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
പിണറായിയും ഇ പിക്കെതിരെ
പിണറായി ഭക്തിയിൽ സുഗ്രീവനാണ്, ഇ പിയെന്ന് അഡ്വ ജയശങ്കർ അടക്കമുള്ളവർ വിമർശിക്കുന്ന നേതാവായിരുന്നു ഇ പി. പക്ഷേ അടുത്തകാലത്ത് അദ്ദേഹവും പിണറായിയുമായുള്ള ബന്ധം മികച്ചതല്ല. പാർട്ടിയുടെ സാമ്പത്തിക നാഡിയാണ് ഇ പി. പാർട്ടിയിൽ കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നുവെന്ന് നേരത്തെ പറഞ്ഞ ഇ പിയാണ് ഇന്നും പാർട്ടിയുടെ മികച്ച ഫണ്ട റെയ്സർ.പാർട്ടിക്കും മുതലാളിമാർക്കും ഇടയിലുള്ള പാലമാണ് ഇ പി എന്ന്, അധിനിവേശ പ്രതിരോധ സമിതിയും, അതിന്റെ നേതാക്കളായ കെ സി ഉമേഷ് ബാബുവിനെപ്പോലുള്ളവരും ആരോപിക്കുന്നണ്ട്. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിന്റെ ആശയം ഇ പിയുടേതായിരുന്നു. കണ്ണൂർ തെക്കിബസാറിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്‌നേഹാർദ്രമായ കൈയൊപ്പു കാണാം. നായനാർ ഫുട്ബോളിൽ ഫാരീസ് അബൂബക്കറിൽനിന്ന് അടക്കം ലക്ഷങ്ങളുടെ സംഭാവന ഇ പി നേടിയെടുത്തു.
ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണൽ മികവിലേക്ക് നയിച്ചതിൽ ഇ.പിയുടെ പങ്ക് വലുതാണ്. ഇ പി മാനേജർ ആയിരിക്കുന്ന സമയത്ത് ദേശാഭിമാനി സാമ്പത്തികമായി മെച്ചപ്പെട്ടു. പക്ഷേ ലോട്ടറി പരസ്യങ്ങളുടെ പേരിൽ സാന്റിയാഗോ മാർട്ടിനിൽനിന്ന് രണ്ടുകോടി വാങ്ങിയെന്നത്, വലിയ ചർച്ചയായി. വി എസ് പക്ഷം ആഞ്ഞടിച്ചതോടെ, പണം മാർട്ടിന് തിരികെകൊടുത്തു. ഇ പിയുടെ സ്ഥാനവും പോയി. അതുപോലെ സിപിഎം പ്ലീനത്തിന് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജിൽ കൊടുപ്പിച്ചതിന്റെയും സുത്രധാരൻ ഇ പിയാണെന്ന് ആരോപണമുണ്ട്. എന്തായാലും രവിപിള്ളവരെയുള്ള വ്യവസായികൾ അദ്ദേഹത്തിന്റെ അടുപ്പക്കാരാണെന്നതിൽ സംശയമില്ല.
അതായത് ഇ പിക്ക് ദല്ലാൾ നന്ദകുമാർ അടക്കമുള്ളവരുമായുള്ള ബന്ധം വരുന്നത് പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ്. പക്ഷേ പിണറായി വിജയൻ ഇപ്പോൾ ഇ പിയെ വീണ്ടും ശാസിച്ചിരിക്കയാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! ഇതാണ് ഇപി ജയരാജന് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമല്ല. ഞാനും ജാവ്‌ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയിൽ. എന്നാൽ ഇപിയും ജാവ്‌ദേക്കറും കണ്ടപ്പോൾ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യൻ എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളിൽ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്-ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. ഇപിക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചനയാണ് പിണറായി നൽകുന്നത്. ഇടതു കൺവീനർ സ്ഥാനം ഇപിക്ക് നഷ്ടമാകാൻ ഇടയുണ്ട്.
വിജയ- ജയരാജ യുഗത്തിന്റെ അന്ത്യം
ഇതോടെ ഒരുകാര്യം വ്യക്തമാവുകയാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ ഇ പി യുഗം അവസാനിക്കയാണ്. ജയരാജന്റെ കൂസലില്ലായ്മയും, ചൊടിയും തൻേറടവം, വാക്ചാതുരിയും, അതിജീവനത്വരയും, കണ്ട് മലയാള മനോരമ പോലും എഴുതി ഇത് ശരിക്കും 'ഗജരാജനാ'ണെന്ന്. തിടമ്പേറ്റിയ ഒരു കൊമ്പന്റെ ശൈലിയായിരുന്നു അദ്ദേഹത്തിന് പ്രസംഗങ്ങളിൽ. കഴിഞ്ഞകാല സിപിഎം രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് വിജയ- ജയരാജന്മാർ ആയിരുന്നു. ഇ പി, എം വി, പി എന്നീ മൂന്ന് ജയരാജന്മാരും, പിണറായി വിജയനും ചേർന്നാൽ, കേരള സിപിഎം ആയി എന്ന ഒരു ചൊല്ല് അക്കാലത്ത് ഉണ്ടായിരുന്നു. ഇതിൽ പി ജയരാജൻ നേരത്തെ സൈഡായിക്കഴിഞ്ഞു. ഇപ്പോഴിതാ ഇ പിയും. പക്ഷേ മസിലുപിടിച്ചു നിൽക്കുന്ന സിപിഎം നേതാക്കളിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു ഇ പി. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവരുമായി സൗഹൃദം പങ്കിടും.അണികളുടെ തോളിൽ കൈയിട്ട് ലോഹ്യം ചോദിക്കുന്ന രാഷ്ട്രീയ മുഖമാണ് അദ്ദേഹം.
പിണറായി വിജയനെ ലക്ഷ്യമിട്ട് എതിരാളികൾ തൊടുത്ത വെടിയുണ്ടകളിലൊന്ന് ഇ പി ജയരാജന്റെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. ഈ വെടിയുണ്ട നീക്കം ചെയ്താൽ ജീവൻ അപകടത്തിലാകുമെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോൾ കഴുത്തിൽ തന്നെ അത് സൂക്ഷിച്ചാണ് താൻ ജീവിക്കുന്നത് എന്നാണ് ഈ നേതാവ് പറയുന്നത്. 1995 ഏപ്രിൽ 12നു ന്യൂഡൽഹി-ചെന്നൈ രാജധാനി എക്സ്പ്രസിൽ മുഴങ്ങിയ വെടിയൊച്ച ഇന്നും കേരളത്തിന്റെ മനസ്സിൽ പ്രതിധ്വനിക്കുന്നുണ്ട്. ചണ്ഡീഗഢിൽ സിപിഎം പതിനഞ്ചാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഇ പി ജയരാജനെ ഇല്ലാതാക്കാനുള്ള ശ്രമമുണ്ടായത്. അതിനുശേഷം
ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽ നിന്ന് ഇ പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തിൽ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകൾ തൊട്ടുമുന്നിൽ പാർട്ടി പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്. ഈ രീതിയിലുള്ള വലിയ ചരിത്രമുള്ള നേതാവിന് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്.