- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരമൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണെത്തിയതെങ്കിൽ മാസപ്പടിയിൽ അതു കുടുംബത്തിലേക്ക് എത്തുന്നു. ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല. ഇഡി അറസ്റ്റിലേക്ക് കടന്നാൽ അത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും വലിയ തരിച്ചടിയാണ്. ഇതിനിടെ വീണയുടെ അറസ്റ്റൊഴിവാക്കാൻ എല്ലാ നിയമ സാധ്യതയും പരിശോധിക്കും. മുൻകൂർ ജാമ്യാപേക്ഷ കൊടുത്താൽ അത് കുരുക്കാകുമോ എന്ന ചിന്ത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് ആലോചന. ചോദ്യം ചെയ്യലിന് വീണയ്ക്ക് നോട്ടീസ് നൽകുമെന്നാണ് പ്രതീക്ഷ. അതുകിട്ടിയ ശേഷം മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും. വീണയ്ക്ക് മുന്നിൽ അറസ്റ്റ് ഭീതിയുണ്ടെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎൽ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങിയത്. ഇതേ കേസിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്.
ഇ.ഡി അന്വേഷണത്തെ ആഘോഷിക്കേണ്ടതില്ലെന്നാണു പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ നിലപാട്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിൽ സിപിഎമ്മും ബിജെപിയുമായി ഒത്തുതീർപ്പുണ്ടായെന്ന് അവർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്തെ ഇ.ഡി നടപടിയിൽ അതിനപ്പുറമുള്ള ആത്മാർഥത പ്രതിപക്ഷം കാണുന്നില്ല. എന്നാൽ, ഇ.ഡിയെ പേടിച്ചു ചില മണ്ഡലങ്ങളിൽ സിപിഎം ബിജെപിയെ സഹായിച്ചേക്കുമെന്ന പ്രചാരണം ഉയർത്തും. ഈ പ്രചരണം കോൺഗ്രസ് തുടങ്ങി കഴിഞ്ഞു. എന്നാൽ ഇതിന് പിന്നിലും ബിജെപിയേയും കേന്ദ്ര സർക്കാരിനേയും പ്രകോപിപ്പിക്കലാണെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ഈ കളിയാക്കൽ കാരണം ഇഡിയുടെ നടപടികൾ വേഗത്തിലാകാനാണ് സാധ്യത. സിപിഎമ്മുമായി അന്തർധാര ഇല്ലെന്ന് വരുത്താൻ ബിജെപി ഈ കേസിൽ ശക്തമായ ഇടപെടലിന് ഇഡിയെ പ്രേരിപ്പിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസിയും എക്‌സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു പരാജയപ്പെട്ടതാണ്. കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണക്കടത്ത് കേസിലുൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല. ആ നിലയ്ക്ക് ഇ.ഡിയെ നിയമപരമായി നേരിടുന്നതിനെക്കാൾ രാഷ്ടീയമായി എതിർക്കാനാകും സിപിഎം ശ്രമം. തിരഞ്ഞെടുപ്പുകാലത്തെ നടപടി എന്നത് ഉയർത്തിക്കാണിക്കും. ആദായനികുതി തർക്കപരിഹാര ബോർഡ് മുൻപാകെ സിഎംആർഎൽ കമ്പനി സമർപ്പിച്ച രേഖകൾ പ്രകാരം 135 കോടി രൂപ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും നിയമവിരുദ്ധമായി കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിൽ 1.72 കോടി രൂപ ലഭിച്ചത് എക്‌സാലോജിക് കമ്പനിക്കാണ്. ഇതാണ് അന്വേഷണങ്ങളുടെ തുടക്കം.
അതുകൊണ്ട് തന്നെ മാസപ്പടി വാങ്ങിയ എല്ലാ നേതാക്കൾക്കെതിരേയും അന്വേഷണ സാധ്യത നിലനിൽക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും മാസപ്പടി പുസ്തകത്തിൽ പേരുള്ള ആളാണ്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരും ആരോപണ നിഴലിലാണ്. എന്നാൽ ഇവർക്കൊന്നും പണം കൈമാറിയതിന് തെളിവില്ല. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ കുരുക്ക് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണ്. മാസപ്പടി ഡയറിയിൽ പിവി എന്ന് രേഖപ്പെടുത്തിയത് പിണറായി വിജയന്റെ ചുരുക്കെഴുത്താണെന്ന ആരോപണവും ശക്തമാണ്.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)