- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് പ്രതീക്ഷ കൂട്ടി വടക്ക് കിഴക്ക് നിന്നുള്ള അധികാര തുടർച്ച
ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലസൂചനകൾ ശരിവച്ച് സിക്കിമിലേയും അരുണാചൽ പ്രദേശിലേയും ഫലം വരുമ്പോൾ ബിജെപി ക്യാമ്പിൽ പ്രതീക്ഷകൾ ഏറെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണ വിരുദ്ധ വികാരം ഇല്ലെന്നതിന് തെളിവായി അരുണാചലിലെ വിജയത്തെ ബിജെപി കാണുന്നു. സിക്കിമിൽ ബിജെപിക്ക് സീറ്റൊന്നും നേടാനായില്ല. സിക്കിം ക്രാന്തികാരി മോർച്ചയാണ് അവിടെ തൂത്തു വാരിയത്. ദേശീയ തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളി പറയാത്ത പ്രസ്ഥാനമാണ് ഇത്. അതുകൊണ്ട് തന്നെ സിക്കിമിലെ പ്രേം സിങ് തമാംഗിന്റെ ഭരണത്തിലേക്കുള്ള തിരിച്ചു വരവ് ബിജെപിക്കെതിരെയുള്ള ജനവധിയായി എൻഡിഎ കാണുന്നുമില്ല. ഇതിലുപരി രണ്ടിടത്തും എക്‌സിറ്റ് പോൾ പ്രവചനം ശരിയായി എന്നതാണ് ബിജെപിക്ക് ആശ്വാസം. ഇതോടെ കേന്ദ്രത്തിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുകയാണ് പരിവാർ പ്രസ്ഥാനങ്ങൾ.
പ്രമുഖ ഏജൻസികളുടെ സർവേകളെല്ലാം 2014-നും 2019-നും സമാനമായി എൻ.ഡി.എ. മുന്നണിക്ക് മൂന്നാമൂഴം പ്രവചിക്കുന്നുണ്ട്. എന്നാൽ, 400 സീറ്റു നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി.യുടെയും അവകാശവാദത്തിന് തുല്യമായ സീറ്റുനില സർവേകൾ പ്രവചിക്കുന്നില്ല. ബിജെപി. ഇക്കുറി 370 സീറ്റുകളും എൻ.ഡി.എ. സഖ്യം 400 സീറ്റുകളും നേടുമെന്നായിരുന്നു രണ്ടുമാസം മുന്പ് പ്രധാനമന്ത്രിയുടെ പ്രവചനം. എന്നാൽ, എൻ.ഡി.എ. സഖ്യം 350 മുതൽ 390 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാമെന്ന് വിവിധ സർവേകൾ പറയുന്നു. ഇതൊരു ഫല സൂചനയായാണ് ബിജെപി കാണുന്നത്. അരുണാചൽ-സിക്കിം തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിൽ എക്‌സിറ്റ് പോളിനെ വിലയിരുത്തുമ്പോൾ മോദിയുടെ നാന്നൂറ് സീറ്റെന്ന പ്രഖ്യാപനം സത്യമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എക്‌സിറ്റ് പോളുകൾ അരുണാചലിൽ ബിജെപിക്കും സിക്കിമിൽ തമാംഗിനും മുൻതൂക്കം നൽകി. എന്നാൽ ജനമനസ്സിലുള്ളത് ക്ലീൻ സ്വീപ്പാകുമെന്ന് അവർ ആരും പറഞ്ഞിരുന്നില്ല. എല്ലാ പ്രവചനങ്ങൾക്കും അപ്പുറമുള്ള സീറ്റ് നേട്ടം രണ്ടിടത്തും ജയിച്ചവർക്ക് കിട്ടി. ദേശീയ തിരഞ്ഞെടുപ്പിലും ഇത് സംഭവിക്കുമെന്ന് ബിജെപി പറയുന്നു.
എന്നാൽ കോൺഗ്രസും ഇന്ത്യാ മുന്നണിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. ബീഹാറും മഹാരഷ്ട്രയും ആന്ധ്രയും തെലുങ്കാനയും ഹരിയാനയും കർണ്ണടാകയും ചതിക്കില്ലെന്നും ഇവിടെ എല്ലാം ഭൂരിപക്ഷം സീറ്റുകളും ഇന്ത്യാ മുന്നണി നേടുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പൂർണ്ണ വിജയമാകും. ബംഗാളിൽ മമതാ ബാനർജിയുടെ ജയങ്ങളും ഇന്ത്യാ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അരുണാചലിനും സിക്കിമിനും അപ്പുറത്തേക്കുള്ള രാഷ്ട്രീയ അടിയൊഴുക്കുകൾ മറ്റിടങ്ങളിലുണ്ടെന്നാണ് കോൺഗ്രസ് കണക്കു കൂട്ടൽ. ഡൽഹിയിലും പഞ്ചാബിലുമെല്ലാം ഇന്ത്യാ സഖ്യം കുതിച്ച് കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എക്‌സിറ്റ്‌പോളുകളെ കോൺഗ്രസ് തള്ളുന്നത് ആഭ്യന്ത്ര തലത്തിൽ അവർക്ക് കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇടതു പാർട്ടികളും ഇതേ നിലപാടിലാണ്.
2014ലും 2019-ലും കേന്ദ്രത്തിൽ ബിജെപി. ഭരണം പിടിക്കുമെന്ന കാര്യത്തിൽ എക്‌സിറ്റ് പോളുകൾക്കൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ, ബിജെപി.യുടെ ഭൂരിപക്ഷം ഇത്രത്തോളം വരുമെന്ന് ആരും മനസ്സിലാക്കിയില്ല. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യമുയർത്തി പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട 2004-ലാണ് പ്രവചനങ്ങൾ പാടേ പിഴച്ചത്. ബിജെപി. അധികാരത്തിൽ തുടരുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. 20 കൊല്ലത്തിന് ശേഷവും ഇത് സംഭവിക്കുമെന്നാണ് കോൺഗ്രസ് പറയന്നത്. ബീഹാറിൽ ആർജെഡിയും യുപിയിൽ എസ് പിയും മഹാരാഷ്ട്രയിൽ എൻസിപിയും ശിവസേനയും ഇതേ വിശ്വാസക്കാരാണ്. തമിഴ്‌നാട്ടിൽ ഡിഎംകെയെ എക്‌സിറ്റ്‌പോളും ഉയർത്തിക്കാട്ടുന്നുണ്ട്. തമിഴ്‌നാട്ടിൽ മാത്രമാണ് എക്‌സിറ്റ് പോളുകൾ പ്രാദേശിക രാഷ്ട്രീയ പാർട്ടിയുടെ വലിയ മുന്നേറ്റം പ്രവചിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എക്‌സിറ്റ് പോളിൽ രാജ്യത്തുടനീളം മോദി തരംഗം ദൃശ്യമാണ്. കേരളത്തിൽ പോലും മോദിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് എക്‌സിറ്റ് പോൾ പറയുമ്പോൾ ബിജെപിക്ക് ഒറ്റയ്ക്ക് പോലും 375 സീറ്റ് കിട്ടുമെന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്. ഡൽഹിയിലും രാജസ്ഥാനിലും ബീഹാറിലും മഹാരാഷ്ട്രയിലും ബിജെപിക്ക് സീറ്റ് കുറയില്ലെന്നും അവർ പറയുന്നു. ഒഡീഷയിലേയും ബംഗാളിലേയും ആന്ധ്രയിലേയും തെലുങ്കാനയിലേയും വമ്പൻ വിജയങ്ങൾക്കൊപ്പം തമിഴ്‌നാട്ടിലും കേരളത്തിലും സീറ്റുകൾ നേടുന്നത് ഈ ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്നാണ് ബിജെപിയുടെ നിഗമനം. കർണ്ണാടകയിൽ സീറ്റു കുറയുമെന്ന് ബിജെപിക്ക് അറിയാം. അതും വലിയ തോതിൽ ഉണ്ടാകില്ല. യുപിയിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കി്ട്ടുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിനോടകം തന്നെ അടുത്ത മന്ത്രിസഭാ രൂപീകരണ ചിന്തകൾ പ്രധാനമന്ത്രി മോദി തുടങ്ങി കഴിഞ്ഞു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനകാര്യ മന്ത്രിമാരെ നിശ്ചയിക്കാനാണ് മോദിയുടെ പ്രാഥമിക ആലോചനകൾ. മോദി ഹാട്രിക് തികയ്ക്കുമ്പോൾ സംഘടനാ തലത്തിലും മാറ്റം വരും.
എൻ.ഡി.എ. ഇക്കുറി ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയമേഖല നിലനിർത്തുകയും ദക്ഷിണേന്ത്യയിലേക്കു കടന്നുകയറുകയും ചെയ്യുമെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. കർണാടകയിൽ ബിജെപി.യുടെ അംഗബലം താഴേക്കു പോകുമെങ്കിലും തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ അക്കൗണ്ട് തുറക്കുകയും ആന്ധ്രയിൽ ടി.ഡി.പി.യുമായുള്ള സഖ്യത്തിലൂടെ നില മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പൊതുനിരീക്ഷണം. അരുണാചലിലെ ഫലത്തോടെ നോർത്ത് ഈസ്റ്റിലും ബിജെപി തളരുന്നില്ലെന്ന് അവർ ഉറപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയാകെ വേരുകളുള്ള പാർട്ടിയായി ബിജെപി മാറുന്നുവെന്ന വിലയിരുത്തൽ പരിവാർ പ്രസ്ഥാനങ്ങൾ ഉയർത്തുന്നുണ്ട്. ബിജെപിയുടെ ഭരണ കരുത്തിനൊപ്പം ആർ എസ് എസിന്റെ സംഘടനാ മികവും ഈ സാഹചര്യത്തിന് കാരണമായി. മോദി ഉയർത്തിയ തിരഞ്ഞെടുപ്പ് അജണ്ടകളുടെ വിജയമായും ഇതിനെ വിലയിരുത്തുന്നു. അയോധ്യ വിഷയം ഉത്തരേന്ത്യയിൽ മാത്രമായിരുന്നില്ല ചലനമുണ്ടാക്കിയതെന്നും ബിജെപി പറയുന്നു.
അതിനിടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കോൺ?ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തു വന്നിട്ടുണ്ട്. ഇന്ത്യ സഖ്യം തോൽക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് എക്‌സിറ്റ് പോളുകൾ. ഇത് ഒരു 'സൈക്കോളജിക്കൽ ഗെയിം' ആണ്. വിഷയത്തെ സഖ്യം കൃത്യമായി എതിർക്കുമെന്നും ജയറാം രമേശ് എ.എൻ.ഐയോട് പറഞ്ഞു. ജൂൺ നാലിന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുടെ ഗൂഢാലോചനയാണ് എക്‌സിറ്റ് പോളുകൾ. ജൂൺ നാലിലെ ഫലവും എക്‌സിറ്റ് പോൾ ഫലങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടാകും. ശനിയാഴ്ച ഇന്ത്യ സഖ്യത്തിലെ നേതാക്കൾ യോഗം ചേർന്നിരുന്നു. ഇന്ത്യ സഖ്യത്തിന് 295-ലും താഴെ സീറ്റുകൾ നഷ്ടപ്പെടുന്നത് അസാധ്യമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. മുന്നൂറിനുമുകളിൽ സീറ്റുനേടി ബിജെപി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം.400 സീറ്റുനേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ഭൂരിഭാഗം സർവേകളും പിന്തുണയ്ക്കുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാരുണ്ടാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.